റംസാൻ വിടപറയുകയല്ല, ചിലത് സമ്മാനിക്കുകയാണ്

റംസാൻ അവസാന നാളുകളിലേക്കു കടന്നിരിക്കെ ആയിരം നാളുകളേക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദറിനെ പ്രതീക്ഷിച്ചു സുകൃതങ്ങളിൽ കർമ്മനിരതരാകാൻ ജാഗരൂഗരാണ് വിശ്വാസികൾ . അതോടൊപ്പം നരകമോചനത്തിനു ഈ നാളുകളിൽ പ്രത്യേക പ്രാർത്ഥന പോലുമുണ്ട് . അവസാനത്തെ പത്തു രാവുകളിൽ പതിനായിരക്കണക്കിന് മനുഷ്യർക്കാണ് നരകമോചനം ലഭ്യമാവുകയെന്ന് ഹദീസ് ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നു.

റംസാൻ വിടപറയുകയല്ല, ചിലത് സമ്മാനിക്കുകയാണ്

സുഹൈൽ അഹമ്മദ്


ഉള്ളിലൊന്ന് , പുറത്തൊന്ന് വാക്കിലൊന്ന് പ്രവർത്തിയിൽ മറ്റൊന്ന്.  മനുഷ്യ സഹജമായ ന്യൂനതയാണ് ഇവയൊക്കെ. റംസാൻ മാസം വിശ്വാസികൾ ഇത്തരം ന്യൂനതകളിൽ നിന്നൊക്കെ അകന്നു നിൽക്കാനുള്ള സുവർണാവസരമായി കരുതുന്നു. മനുഷ്യ സഹജമായ കപടമുഖത്തിൽ നിന്നു നേരും നന്മയും ജീവിത യാഥാർത്ഥ്യമാക്കാൻ ശീലിപ്പിക്കുന്ന മാസം.


ഏറ്റവും അനിവാര്യമായ  ആവശ്യങ്ങളെപ്പോലും ഒഴിവാക്കാൻ ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനം  നമ്മോട്  ആവശ്യപ്പെടുകയായിരുന്നു. ഇതിലൂടെ ഓരോരുത്തരും  സ്വാർത്ഥതയെ കീഴടക്കാനും  വൈകാരിക തൃഷ്ണകളെ നിയന്ത്രണ വിധേയമാക്കാനുമുള്ള പരിശീലനം കൂടെ നേടുന്നു. പട്ടിണി കിടന്നുള്ള അനുഭവം കാഴ്ചകളെ സമൂഹത്തിലെ നിലാരംബരിലേക്കു കൂടെ നയിക്കപ്പെടാൻ റംസാൻ വഴിയൊരുക്കുന്നുണ്ട്. എല്ലാത്തിനും അപ്പുറം ഭൗതിക-  സാമൂഹിക കാര്യങ്ങളിലെ മിതത്വത്തിന്റെയും ലാളിത്യത്തിന്റെയും രൂപകൽപ്പനകൾ റംസാനോടെ നമ്മുടെ വ്യക്തി ജീവിതത്തിന്റെ ഭാഗമായി മാറണം.


മറിച്ചാണ് വ്രതകാലത്തെ ഉപയോഗിച്ചതെങ്കിൽ, കഴിഞ്ഞ പതിനൊന്നു മാസക്കാലത്തിൽ നിന്നു യാതൊരു വ്യത്യാസവുമില്ലാതെ ഒരു ഗുണവും റംസാനിൽ നിന്നു നേടാനാവാത്ത അവസ്ഥയാണ് ഉണ്ടായതെങ്കിൽ വ്രതകാലം  പൂർണ പരാജയമായിരുന്നു എന്നു വിധിയെഴുതേണ്ടി വരും. ഒരു വ്യക്തിയുടെ വ്രതകാലം ദൈവസന്നിധിയിൽ സ്വീകര്യമായിരുന്നോ അല്ലയോ  എന്നു വ്യക്തമാവണമെങ്കിൽ  വ്രതാനന്തരം അദ്ദേഹത്തിന്റെ ജീവിത രീതി വീക്ഷിച്ചാൽ  മതിയാവുമെന്നാണ് പണ്ഡിത പ്രവചനം.


റംസാൻ അവസാന നാളുകളിലേക്കു കടന്നിരിക്കെ  ആയിരം നാളുകളേക്കാൾ പുണ്യമുള്ള  ലൈലത്തുൽ ഖദറിനെ പ്രതീക്ഷിച്ചു സുകൃതങ്ങളിൽ കർമ്മനിരതരാകാൻ ജാഗരൂഗരാണ് വിശ്വാസികൾ .  അതോടൊപ്പം നരകമോചനത്തിനു ഈ നാളുകളിൽ പ്രത്യേക പ്രാർത്ഥന പോലുമുണ്ട് . അവസാനത്തെ പത്തു രാവുകളിൽ പതിനായിരക്കണക്കിന് മനുഷ്യർക്കാണ് നരകമോചനം ലഭ്യമാവുകയെന്ന് ഹദീസ് ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നു.


വിശുദ്ധിയുടെ വ്രതനാളുകൾ എണ്ണി പൂർത്തിയാക്കി സൻമാർഗം  കൈവരിക്കാൻ  കഴിയുമെന്ന ആഹ്ലാദത്തോടേയും  പ്രതീക്ഷയോടെയും തക്ബീർ മുഴക്കി ശവ്വാലമ്പിളിയെ
വരവേൽക്കാൻ കൂടെ തയ്യാറാവുകയാണ്  വിശ്വാസി സമൂഹം. എന്നാൽ റംസാനെ വിട്ടു പിരിയുന്നതിന്റെ ദുഃഖവും വിശ്വാസികളിൽ പ്രകടമാണ്.


ശവ്വാൽ മാസപ്പിറവി കാണുന്നതോടെ റംസാൻ മാസം അവസാനിക്കുമെങ്കിലും  റംസാനുമായി ബന്ധപ്പെട്ട ഒരു കർമ്മം  പെരുന്നാൾ ദിനത്തിലാണ് ചെയ്യേണ്ടത് .ഓരോ വ്യക്തിയും തന്റെ ശരീരത്തിന്റെ ബാധ്യതയെന്നോണം (ഫിത്‌റ് സകാത്ത്) നിശ്ചിത തൂക്കം ( 2.5 കിലോയിലും  3 കിലോയിലും ഇടയിൽ തൂക്കമുള്ള) ധാന്യം ദാനം ചെയ്യണം.  അതത് നാട്ടിലെ സാധാരണ ഭക്ഷണമാവണം ദാനം ചെയ്യേണ്ടത്. വ്രതകാലത്തെ  ഭക്തിയിലും ആരാധനാ കർമ്മങ്ങളിലും വന്ന പോരായ്മകളിലെ പ്രതിവിധിയാണെന്നു ഇതിനെ വ്യാഖാനിക്കാം.  എന്നാൽ പെരുന്നാൾ നമസ്‌കാരത്തിനു മുന്നെ ഇൗ വ്യക്തി ബാധ്യത  നിറവേറ്റണമെന്നാണ് പ്രവാചകാധ്യാപനം. ഒരു ആഘോഷ ദിനത്തിൽ അന്നത്തിനു വകയില്ലാത്തവരായി ആരും ഉണ്ടാവരുത് എന്നു കൂടെ ഇതിനു ഉദ്ദേശമുണ്ടെന്നും വ്യാഖ്യാനമുണ്ട്. ഹിജ്‌റ രണ്ടാം വർഷമാണ്  ഫിത്വ്‌റ് സകാത്ത് നിർബന്ധമാക്കിയത്. പെരുന്നാൾ ദിനത്തിൽ ഗൃഹനാഥന്റെയും ആശ്രിതരുടെയും ചിലവു കഴിഞ്ഞു മിച്ചം വരുന്നതിൽ നിന്നുമാണ് ഈ ബാധ്യത വീട്ടേണ്ടതെന്നാണ് പ്രവാചകൻ പഠിപ്പിക്കുന്നത്.


വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനും  ഉപയോഗിച്ചു തീർക്കാനുമുള്ള ത്വര മനുഷ്യരുടെ ഉള്ളിലുള്ള ആർത്തിയുടെ ബഹിസ്ഫുരണമാണ് എന്നിരിക്കെ ഇത്തരം കർമ്മങ്ങളെ നമ്മെ കൂടുതൽ മാനുഷികമായി രുപപ്പെടുത്തുകയാണെന്നു പറയാം. ഹൃദയ ശുദ്ധിയും  വിശ്വാസ ദാർഢ്യവും നിർമ്മല മനസാക്ഷിയും ഒത്തിണങ്ങിയ ഒരു വ്യക്തിയായി ഈ റംസാൻ നമ്മെ രൂപപ്പെടുത്തട്ടെ..

Story by
Read More >>