രജനികാന്ത് കാത്തിരിക്കുന്ന കബാലി റിവ്യൂ

തന്‍റെ ഏതു ചിത്രം പുറത്തിറങ്ങിയാലും ചിത്രം കണ്ടു രാജ് ബഹദൂര്‍ തന്നെ വിളിച്ചു അഭിപ്രായം അറിയിക്കണം എന്നുള്ളത് രജനിക്ക് നിര്‍ബന്ധമാണ്‌.രാജ് ബഹദൂറിനെ തങ്ങളുടെ തീയറ്ററില്‍ സൗജന്യമായി ചിത്രം കാണിക്കാനുള്ള തത്രപ്പാടിലാണ് തീയറ്റര്‍ ഉടമകള്‍

രജനികാന്ത് കാത്തിരിക്കുന്ന കബാലി റിവ്യൂ

ചെന്നൈ: രാജ്യമെങ്ങും കബാലിയെക്കുറിച്ചുള്ള ചര്‍ച്ചകളും ആഘോഷങ്ങളും കൊണ്ടാടുമ്പോള്‍ അതിലൊന്നും ഭാഗമാകാതെ മാറിനില്‍ക്കുകയാണ് രജനികാന്ത്. ചിത്രത്തിന്റെ ടിക്കറ്റിനായി പല പ്രമുഖരും കാത്തിരിക്കുന്നു. ടിക്കറ്റ് കിട്ടാനായി പലരും മന്ത്രിമാരുടെ ശിപാര്‍ശ വാങ്ങി കാത്തിരിക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള റിവ്യൂകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുകവിയുന്നു. എന്നാല്‍, രജനികാന്ത് കാത്തിരിക്കുന്ന റിവ്യൂ ഇവരുടെയാരുടെയും അല്ല. രാജ് ബഹദൂര്‍ എന്ന വ്യക്തിയുടെതാണ്.


രാജ് ബഹദൂര്‍ നിരൂപകനോ മാദ്ധ്യമപ്രവര്‍ത്തകനോ ചലച്ചിത്രമേഖലയുമായി ബന്ധമുള്ള ആളോ ഒന്നുമല്ല. ചെന്നൈ ബിഎംടിസിയിലെ റിട്ടയേഡ് ബസ് ഡ്രൈവറാണ്. വര്‍ഷങ്ങള്‍ക്കു മുന്പ് അദ്ദേഹത്തിന്റെ ബസ്സില്‍ കണ്ടക്റ്റര്‍ ആയി ജോലി ചെയ്തിരുന്ന ആളാണ്‌ ശിവാജി റാവു ഗെയ്ക്വാദ് എന്ന രജനികാന്ത്. രജനികാന്തിന്റെ സിനിമയോടുള്ള പ്രണയം മനസ്സിലാക്കി അദ്ദേഹത്തെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടുവര്‍ഷത്തെ കോഴ്‌സ് പഠിക്കാന്‍ സഹായിച്ചതും എല്ലാ വിധ പ്രോത്സാഹനങ്ങളും നല്കിയതും രാജ് ബഹദൂര്‍ ആയിരുന്നു. നടനായപ്പോഴും പിന്നീട് താരമായപ്പോഴും ഒന്നും അദ്ദേഹത്തെ രജനികാന്ത് മറന്നില്ല. അന്ന് മുതല്‍ തന്‍റെ ഏതു ചിത്രം പുറത്തിറങ്ങിയാലും ചിത്രം കണ്ടു രാജ് ബഹദൂര്‍ തന്നെ വിളിച്ചു അഭിപ്രായം അറിയിക്കണം എന്നുള്ളത് രജനിക്ക് നിര്‍ബന്ധമാണ്‌.ബെംഗളൂരുവിലെ തന്‍റെ വീട്ടില്‍ താങ്ങാന്‍ പല തവണ അദ്ദേഹം രാജ് ബഹദൂറിനെ ക്ഷണിച്ചിട്ടുണ്ട്. കൂടാതെ വര്‍ഷങ്ങളായി നിരവധി സഹായ വാഗ്ദാനങ്ങള്‍ രജനി രാജ് ബഹാദൂറിന് നല്‍കിയിട്ടുമുണ്ട്.

എന്നാല്‍, സൌഹൃദത്തെ ചൂഷണം ചെയ്യാന്‍ ആഗ്രഹിക്കാത്ത രാജ് ബഹദൂര്‍ ഇവയെല്ലാം നിരസിക്കുന്നു. രജനിയുടെ എല്ലാ സിനിമയും തീയറ്ററില്‍ പോയി കാണാറുണ്ട്‌.സിനിമ കണ്ടു എന്ന ഹൃദയത്തില്‍ നിന്നുള്ള അഭിപ്രായം കേട്ടാല്‍ രജനിക്ക് മനസ്സ് നിറഞ്ഞത് പോലെയാണ് എന്ന് രാജ് ബഹദൂര്‍ പറയുന്നു. പതിവുപോലെ കബാലിയുടെ ആദ്യ ഷോ കാണുമെന്നും രജനിയെ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ അപൂര്‍വ്വ സൌഹൃദത്തെക്കുറിച്ചറിയാവുന്ന തീയറ്റര്‍ ഉടമകള്‍ രാജ് ബഹദൂറിനെ തങ്ങളുടെ തീയറ്ററില്‍ സൗജന്യമായി ചിത്രം കാണിക്കാനുള്ള തത്രപ്പാടിലാണ്. അദ്ദേഹം തങ്ങളുടെ തിയറ്ററില്‍ വന്ന് കബാലി കണ്ടാല്‍ രജനികാന്ത് വന്ന് സിനിമ കാണുന്നതുപോലെ തന്നെയാണെന്നാണ് തിയറ്റര്‍ ഉടമകളുടെ വാദം.