കബാലി കാണാത്ത ഒരു ആരാധകന്റെ 'രജിനികാന്ത് ഓർമ്മകൾ'

ആറാം വയസുമുതൽ രജിനികാന്ത് ആരാധകനായ ഒരാൾ എഴുതുന്ന രജിനികാന്ത് ഓർമ്മകൾ. രജിനികാന്തിന് ഇത്രമേൽ ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ സാധിച്ചതെങ്ങനെ. മലയാളികൾ എപ്പോഴാണ് രജിനിയുടെ ആരാധകരായത്. നിവാസ് ബാബു സെൽവരാജ് എഴുതുന്നു.

കബാലി കാണാത്ത ഒരു ആരാധകന്റെ

നിവാസ് ബാബു സെൽവരാജ്

രജിനികാന്ത് ഒരു പ്രതിഭാസമാണു ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു അത്ഭുത പ്രതിഭാസം. ലോകമെമ്പാടുമായി ഇത്രയും തീവ്രമായി ആരാധിക്കപ്പെടുന്ന ഒരു സിനിമാ നടൻ ഇന്ന് വേറെയില്ല. നേരത്തേ എൻ.ടി.ആറും, എം.ജി ആറും മാത്രമേ ഇത്രക്കും തീവ്രമായ ഒരു ഫാൻ ബെയ്‌സിനെ കൊണ്ട് നടന്നിട്ടുള്ളൂ പക്ഷെ ഇവർ രണ്ട് പേർക്കും അതത് ഭാഷകൾ സംസാരിക്കുന്ന അതിർത്തികൾക്കുള്ളിൽ മാത്രമായിരുന്നു ആരാധകവൃന്ദം. ഇക്കാര്യത്തിൽ രജിനികാന്ത് എൻ.ടി.ആറിനെയും കടത്തിവെട്ടിയിരിക്കുന്നു. തമിഴ്‌നാടിനു പുറമേ കേരളം, കർണ്ണാടക, ആന്ധ്ര എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഹിന്ദി ഹൃദയഭൂമിയിലും രജിനിക്ക് ആരാധകർ ഏറെ. മാത്രമല്ല ജപ്പാൻ മുതൽ അങ്ങ് ജർമ്മനിയിൽ വരെ രജിനി സിനിമകൾ ഹൗസ് ഫുള്ളായി ഓടുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള വിശേഷണങ്ങൾ ഇനിയും തുടർന്ന് പോകാം. ഇത്രയും ആരാധന നേടാൻ മാത്രം രജനി എന്ന സൂപ്പർ സ്റ്റാറിൽ നിന്നും എന്താണു ജനങ്ങൾക്ക് കിട്ടുന്നത്?


ഒരു സൂപ്പർ സ്റ്റാർ ഫാനിന്റെ ജനനം

ഏത് വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോഴും അറിയാതെത്തന്നെ ആത്മാംശം കേറിവരും, ഒരു ആരാധകൻ തന്റെ സൂപ്പർ സ്റ്റാറിനെക്കുറിച്ച് സംസാരിക്കുമ്പോൾ അതിൽ സ്വന്തം അനുഭവങ്ങൾ വന്നില്ലെങ്കിലാണു അത്ഭുതം. നന്നെ കുട്ടിക്കാലത്ത് തന്നെ രജിനികാന്ത് ഫാക്റ്റർ എന്നെ ബാധിച്ചു എന്ന് പറയാം. രജിനികാന്തിനെക്കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മ അദ്ധേഹത്തിന്റെ വേലൈക്കാറൻ എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ നിന്നാണു തുടങ്ങുന്നത്. കൃത്യമായി പറഞാൽ ആറാം വയസ്സ് മുതൽ ഞാൻ രജിനിഫാൻ ആണു. എന്നെ അദ്ധേഹത്തിന്റെ സിനിമകളുടെ ഫാൻ ആക്കിയതിൽ പല സാമൂഹ്യ സാഹചര്യങ്ങളും തുണയായി പ്രവർത്തിച്ചിട്ടുണ്ട് എന്ന് പിന്നോട്ട് നോക്കി മനസ്സിലാക്കുന്നു.

ദാരിദ്ര്യം നിറഞ കുട്ടിക്കാലത്ത് എല്ലാം റേഷനായി മാത്രമാണു കിട്ടിയിരുന്നത്, ഇഷ്ടപ്പെട്ട വസ്ത്രമോ ഭക്ഷണമോ മാത്രമല്ല ചുറ്റുമുണ്ടായിരുന്ന മറ്റ് പിള്ളേർക്ക് കിട്ടിയിരുന്ന മിനിമം ഭൗതിക സാഹചര്യങ്ങളെല്ലാം തന്നെ ലക്ഷ്വറി ആയിരുന്ന ഒരു കുട്ടിക്ക്, സ്‌കൂളിൽ വിനോദയാത്രകളിൽ പോകാനോ എന്തിനു അദ്ധ്യാപനവർഷാവസാനത്തിൽ അഞ്ച് രൂപ കൊടുത്ത് ഗ്രൂപ്പ് ഫോട്ടോ വാങ്ങാൻ പോലുമോ പറ്റാത്തത്രയും വിഷമസ്ഥിതിയിൽ ജീവിച്ചിരുന്ന ഒരു ബാലന്റെ അക്കാലത്തെ ഏറ്റവും വലിയ ലക്ഷ്വറിയായിരുന്നു സിനിമ. വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രം അനുവദനീയമായ സാഹചര്യത്തിൽ അവൻ തിരഞെടുത്തിരുന്നത് സൂപ്പർസ്റ്റാറിന്റെ സിനിമകളെയാണു. അന്ന് എന്നെ സംബന്ധിച്ച് സിനിമകാണൽ എന്നത് ഒരുമാസത്തോളം നീളുന്ന ഒരു പ്രോസസ്സാണു.

കന്നഡ, തമിഴ്, മലയാളം, തെലുഗ് എന്നീ ഭാഷകൾ സംസാരിക്കുന്നവരുടെ നൈബർഹുഡ്ഡിൽ ആണു ഞങ്ങളുടെ താമസം. അവിടെ, കേരളത്തിലെ അന്നത്തെ കാലത്തെ ഒരു കുഗ്രാമത്തിൽ രജിനിയുടെ സിനിമ തിയേറ്ററിൽ എത്തുക എന്നാൽ അഘോഷം തന്നെയായിരുന്നു. ഒരുമാസം എങ്കിലും ആ സി ക്ലാസ്സ് തിയേറ്ററിൽ രജിനി സിനിമകൾ കളിച്ചിരുന്നു. ഒരു വെള്ളിയാഴ്ച കാലത്ത് ഒട്ടിക്കുന്ന പോസ്റ്റർ കണ്ടത് മുതൽ സിനിമ കാണാനുള്ള പ്ലാനുകൾക്ക് തുടക്കമാവും. ആദ്യഘട്ടം അനുനയത്തിന്റേതാണു വീട്ടിൽ അമ്മ പറയുന്ന ജോലികൾ എല്ലാം ചെയ്ത് സോപ്പിടൽ തുടങ്ങും. സ്‌കൂളിൽ കൂടെ പഠിച്ചിരുന്നവർ എല്ലാം ആദ്യ രണ്ടാഴ്ച്ചക്കുള്ളിൽ സിനിമ കണ്ടിരിക്കും, ചിലരൊക്കെ രണ്ടാം തവണ. സിനിമക്ക് പോണമെന്നും പറഞ് മൂന്നാം ആഴ്ചമുതൽ വീട്ടിൽ നിസ്സഹകരണം ആചരിച്ച്, നാലാം ആഴ്ച നിരാഹാര സമരത്തിലേക്ക് കടക്കുമ്പോഴായിരിക്കും അമ്മ സമ്മതം മൂളുന്നത്. മിക്കവാറും ഒരു വ്യാഴാഴ്ചയാവും ഞങ്ങൾ സിനിമക്ക് പോകുന്നത് പിറ്റേന്ന് മുതൽ വേറെ സിനിമ ആവും എന്ന കരക്കമ്പി കേട്ട് ഓരിയിട്ട് കരയുന്ന എന്നെയും കൊണ്ട് അമ്മ പലപ്പഴും കടം വാങ്ങി പോലും സിനിമക്ക് കൊണ്ട് പോയിട്ടുണ്ട്.

Rajinikanthതറ ടിക്കറ്റിൽ (തേഡ് ക്ലാസ്സിനു അങ്ങനൊരു പേരു അപ്പോൾ ഉണ്ടായിരുന്നു) സ്‌ക്രീനിനു തൊട്ട് താഴെ ബെഞ്ചിലിരുന്നാണു സിനിമ കാണാറ്, അടുത്ത കൊല്ലം വരേക്കും ഈ കാഴ്ചകൊണ്ട് തൃപ്തിപ്പെടണം എന്നതിനാൽ വളരെ ശ്രദ്ധയോടെ ഒരു സീൻ പോലും വിടാതെ, അങ്ങോട്ടുമിങ്ങോട്ടും നോട്ടം പോകാതെ ഇരുന്ന് സിനിമ കണ്ട ഓർമ്മകൾ ഇപ്പോഴും ഉണ്ട്. കണ്ട് തിരിച്ച് വന്ന് കഴിഞാൽ ആഴ്ചകളോളം പിന്നെ സൂപ്പർസ്റ്റാർ ആവാഹിച്ച പോലാണു നടത്തവും സംസാരവും, ആക്ഷനുകളും ഒക്കെ. ജീവിതത്തിലെ തടസ്സങ്ങളെയൊക്കെ സിനിമയിൽ രജിനി നേരിടുന്ന പോലെ നമ്മളും നേരിടും എന്ന സ്വപ്നം കുട്ടിക്കാലത്ത് എനിക്ക് തന്ന ആത്മവിശ്വാസം ചില്ലറയല്ല. രജിനിയുടെ സിനിമകളെക്കുറിച്ച് മറ്റ് എന്ത് വിമർശനങ്ങൾ വരുമ്പോഴും അതിനെയൊന്നും ശ്രദ്ധിക്കാതെ പോയി കാണുക എന്ന ശീലം എന്നെപ്പോലെ പലർക്കും ഒരു പക്ഷെ ഒരു പേ ബാക്ക് ആണു.

തമിഴ്‌നാട്ടിൽ മുഴുവനായും, മറ്റ് തമിഴ് നൈബർഹുഡുകൾ ഉണ്ടായിരുന്ന സ്ഥലങ്ങളിലുമൊക്കെ എന്റെ തലമുറയിലെ ഒരു ശരാശരി ദരിദ്ര ബാലന്റെ സിനിമാ സങ്കല്പങ്ങൾ ചുറ്റിക്കറങ്ങിയത് സൂപ്പർ സ്റ്റാർ രജിനികാന്തിനൊപ്പമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. വർഷത്തിൽ ഒരു സിനിമ മാത്രം കാണാൻ പാങ്ങുണ്ടായിരുന്ന എന്നെപ്പോലുള്ള പിള്ളേരുടെ ഷുവർ ബെറ്റായിരുന്നു രജിനികാന്തിന്റെ സിനിമകൾ, കുട്ടിക്കാലത്ത് അവ ഒരിക്കലും എന്നിലെ സിനിമാ പ്രേമിയെ നിരാശപ്പെടുത്തിയിട്ടില്ല.

പിന്നീട് ടിവിയുടെ വരവോടെ കൗമാരക്കാലത്താണു മലയാളം സിനിമകളും മറ്റ് ഭാഷാസിനിമകളും ദൂരദർശനിലൂടെ കാണാൻ കഴിഞിരുന്നത്. അക്കാലങ്ങളിൽ, 90കളുടെ തുടക്കത്തിൽ കേരളത്തിലെ പൊതുബോധത്തിനു തമിഴന്മാരെ പുച്ഛമായിരുന്നു. സ്വയം ബുദ്ധിജീവി ചമഞുള്ള മലയാളിയുടെ ആ പുച്ഛത്തിൽ ഏറ്റവും കൂടുതൽ മുഴച്ച് നിന്നിരുന്നത് രജിനി സിനിമകളെ പരാമർശിച്ചുള്ള കളിയാക്കലുകളായിരുന്നു. ഇത്തരം കളിയാക്കലുകളെയൊക്കെ തൃണവത്കരിച്ച് ഫാനായി തുടർന്നവൻ ബാഷ എന്ന സൂപ്പർ ഹിറ്റ് സിനിമയോടെ മലയാളിക്ക് രജിനിയോടുള്ള മനോഭാവത്തിൽ വന്ന പല മാറ്റങ്ങളും കണ്ടു. കേരളത്തിലും രജിനിക്ക് ഫാൻസ് അസോസിയേഷനുകൾ ഉണ്ടായി, ആദ്യമൊക്കെ തമിഴ്‌പേശുന്നവർ മാത്രമായിരുന്നു അംഗങ്ങൾ എങ്കിലും പോകെപ്പോകെ മലയാളികളും അണ്ണന്റെ ഫാനുകൾ ആയി. ഇക്കാലത്ത് മലയാള സിനിമ നേരിട്ട തളർച്ചകളും, ഇവിടത്തെ സൂപ്പർ സ്റ്റാറുകൾക്ക് സാധിക്കാത്ത പലതും ബിഗ് ബഡ്ജറ്റ്/മാർക്കറ്റിംഗ് സ്ട്രാറ്റജികൾ എന്നിവയൊക്കെ രജനികാന്ത് സിനിമകൾക്ക് നേടിക്കൊടുത്ത ആഗോള ശ്രദ്ധയും ഒക്കെ കേരളത്തിലെ മിഡിൽ ക്ലാസ്സിനു രജിനിയോടുള്ള സമീപനത്തിൽ മാറ്റം വന്നു. ഇപ്പോൾ കബാലി റിലീസ് പ്രമാണിച്ച് മലയാളത്തിലുള്ള ഓൺലൈൻ എഴുത്തുകൾ വായിച്ചതിൽ നിന്നും മനസ്സിലായത് തമിഴ്‌നാട്ടിൽ കിട്ടുന്ന അത്രയും ആരാധനയും സപ്പോർട്ടും രജനി സിനിമകൾക്ക് കേരളത്തിലും കിട്ടുന്നുണ്ട് എന്നതാണു, ഒരു പക്ഷെ കേരളത്തിലെ സൂപ്പർ/മെഗാസ്റ്റാറുകൾക്ക് കിട്ടുന്നതിനേക്കാൾ സ്‌ക്രീനിംഗ് രജിനിയുടെ സിനിമക്കുണ്ട് എന്ന് ദിനം പ്രതി 2000 ഷോ എന്ന കണക്ക് സൂചിപ്പിക്കുന്നു.

ഓർമ്മകൾ

ആദ്യമായി ഒരു രജിനി സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്നത് പടയപ്പയാണു, ഷൊർണൂർ മേളം തിയേറ്ററിൽ വെച്ചായിരുന്നു അത്. സിനിമാ ആഘോഷം എന്നാൽ എന്തെന്ന് നേരിട്ട് കണ്ടു, അതിൽ പിന്നെ നാട്ടിൽ ഉള്ളവരെ ആദ്യ ദിനം തന്നെ സൂപ്പർ സ്റ്റാറിന്റെ സിനിമകാണൽ പതിവാക്കി. പിന്നീട് ഫ്രാൻസിൽ താമസിക്കുമ്പോഴാണു, 2007ൽ രജിനി-ശങ്കർ ടീമിന്റെ ശിവാജി എന്ന സിനിമ സ്ട്രാസ്ബർഗ്ഗിൽ ഒരു ഷോ വരുന്നുണ്ടെന്ന് അറിഞ്ഞ് പോയത്. അന്ന് 300 കിലോമീറ്ററോളം താണ്ടി ഫ്രാൻസിലെ വേഗമേറിയ തീവണ്ടിയായ ടി.ജി.വിയിൽ സഞ്ചരിച്ച് ശിവാജി കണ്ടത് അന്നത്തെ യൂറോപ്പിലെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സിലിരുന്നാണു, ശ്രീലങ്കൻ തമിഴ്മക്കൾക്കൊപ്പം. തമിഴ്‌നാട്ടിലെ ഒരു തിയേറ്ററിലാണോ ഞാനിരിക്കുന്നത് എന്ന് തോന്നും വിധമായിരുന്നു സ്ത്രീപുരുഷ ഭേദമെന്യേ ആബാലവൃദ്ധം ജനങ്ങൾ അന്ന് സിനിമ ആഘോഷിച്ചത്. പണ്ട് 25 രൂപ ഇല്ലാ എന്ന കാരണത്താൽ സ്‌കൂളിൽ നിന്നും മലമ്പുഴയ്ക്ക് വിനോദയാത്ര പോകാനായി പറ്റാതിരുന്ന പയ്യനും അന്ന് അവരോടൊപ്പം ആഘോഷിച്ചു എന്നതിൽ ഒരു രജിനിത്തം ഇൻഫ്‌ലുവൻസ് ഉണ്ട്, ഇത്തരത്തിൽ എന്നെപ്പോലുള്ള അനേകം ഫാനുകൾ സൂപ്പർസ്റ്റാറിന്റെ കഥാപാത്രങ്ങൾ സംഭാവന ചെയ്ത ഭാവനയ്ക്ക് പുറത്തേറി മുന്നോട്ട് പോയിട്ടുണ്ട്.

Rajinikanth_1ലോകോത്തര ആർട്ട് സിനിമകളെ പരിചയപ്പെട്ടിട്ടും, എന്റർടെയ്‌ന്മെന്റ് ഒഴിച്ച് പ്രത്യേകിച്ച് ഒരു ക്വാളിറ്റിയും അങ്ങേർ പോലും അവകാശപ്പെടാത്ത രജിനികാന്ത് എന്ന സൂപ്പർ സ്റ്റാറിന്റെ സിനിമകൾ ഇന്നും ആ പഴയ ബാലന്റെ ആവേശത്തോടെ തന്നെ പോയി ഞാൻ കാണുന്നു. ഇന്ന് ലോകത്തിന്റെ മറ്റൊരു ഭാഗത്ത്, വാസ്‌കോ ദ ഗാമയുടെ നാട്ടിലിരുന്ന് ഇത് എഴുതുമ്പോൾ കബാലി കാണാൻ പറ്റാത്തതിലുള്ള വിഷമം മറച്ച് വെക്കുന്നില്ല.