താടി വടിക്കാത്ത വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തു

കോഴിക്കോട് കളംതോട് കെഎംസിടി പോളിടെക്നിക്ക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ താടി വടിക്കാതെ കോളേജില്‍ എത്തിയെന്നാരോപിച്ചു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തുവെന്ന് പരാതി

താടി വടിക്കാത്ത വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തു

കോഴിക്കോട്: കളംതോട് കെഎംസിടി പോളിടെക്നിക്ക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ താടി വടിക്കാതെ കോളേജില്‍ എത്തിയെന്നാരോപിച്ചു സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തുവെന്ന് പരാതി.

കഴിഞ്ഞ ദിവസം രണ്ടാം വര്‍ഷ ഡി.ആര്‍ക്ക് വിദ്യാര്‍ത്ഥിയായ മുഹമ്മദ് നിസ്മല്‍ എന്ന വിദ്യാര്‍ത്ഥിയോടു താടി വടിച്ച് കോളേജില്‍ വരണമെന്ന് ഒരു സംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. താടി വടിക്കാതെ മുഹമ്മദ് നിസ്മല്‍ കോളേജിലെത്തിയപ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്നാണ് പരാതി.


സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ മുഹമ്മദ് നിസ്മല്‍ മന്‍സൂറിനെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല്‍പ്പതോളം പേരടങ്ങുന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം പറഞ്ഞ് വളഞ്ഞിട്ട് മര്‍ദ്ദിച്ചെന്ന് മുഹമ്മദ് നിസ്മല്‍ പറയുന്നു. മര്‍ദ്ദനമേറ്റ മുഹമ്മദ് നിസ്മല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലെത്തിയെങ്കിലും രാത്രിയോടെ അവശനായി. തുടര്‍ന്ന് മുഹമ്മദ് നിസ്മലിനെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ടാലറിയാവുന്ന നാല്‍പ്പതോളം സീനിയര്‍ വിദ്യാര്‍ത്ഥികളാണ് തന്നെ റാഗ് ചെയ്തതെന്ന് നിസ്മല്‍ പറഞ്ഞു. മുഹമ്മദ് നിസ്മലിന്‍റെ ബന്ധുക്കള്‍ കോളേജ് അധികൃതര്‍ക്കും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. കളന്‍തോട് കെഎംസിടി പോളിടെക്നിക്ക് കോളേജിലെ രണ്ടാം വര്‍ഷ ഡി.ആര്‍ക്ക് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് നിസ്മല്‍ മന്‍സൂര്‍.

Read More >>