ഒരു ശരാശരി കമ്യൂണിസ്റ്റുകാരന്റെ ചോദ്യങ്ങൾ

എന്തുകൊണ്ടാണ് ശരാശരി പാർട്ടിക്കാരൻ പാർട്ടി കൊലപാതകങ്ങളെ ന്യായീകരിക്കാനെത്തുന്നത്. കമ്യൂണിസ്റ്റുകൾക്കെതിരെ ചരിത്രം പറയുകയും കമ്യൂണിസ്റ്റുകൾ ചരിത്രം പറഞ്ഞാൽ അത് ന്യായീകരണ തൊഴിലുമാവുന്ന യുക്തിയെന്ത്? പികെ ശ്രീകാന്ത് എഴുതുന്നു.

ഒരു ശരാശരി കമ്യൂണിസ്റ്റുകാരന്റെ ചോദ്യങ്ങൾ

പി കെ ശ്രീകാന്ത് 

V For Vendettaയും കേരളത്തിലെ കമ്യൂണിസ്റ്റ് ഹത്യകളും എന്ന തലക്കെട്ടിൽ പി ജിംഷാർ നാരദാ ന്യൂസിൽ എഴുതിയ ലേഖനം വായിക്കാനിടയായി. പയ്യന്നൂർ നടന്ന രാഷ്ട്രീയ കൊലപാതകത്തെ ന്യായീകരിച്ച പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് പറയാൻ ശ്രമിക്കുക വഴി കേരളത്തിലെ കമ്യൂണിസ്റ്റ് ഹത്യകളെക്കുറിച്ചുള്ള ഒരു ചുരുക്കെഴുത്തും ലേഖകൻ നടത്തുകയുണ്ടായി.

അലൻ മുറെ എഴുതുകയും ഡേവിഡ് ലോയ്ഡ് ചിത്രീകരണം നിർവഹിക്കുകയും ചെയ്ത ഒരു ഗ്രാഫിക് നോവലാണ് വി ഫോർ വെൻഡെറ്റ. ഒരു ആണവ യുദ്ധത്തിനുശേഷം ബ്രിട്ടനുൾപ്പെടെയുള്ള ചില രാജ്യങ്ങൾ മാത്രം അവശേഷിച്ചു. നോർസ്ഫയർ എന്നൊരു ഫാസിസ്റ്റ് പാർട്ടി ബ്രിട്ടന്റെ അധികാരത്തിലേക്കുയർന്നു. ഈ സർക്കാരിനെ നശിപ്പിക്കാനായി അരാജകത്വവാദിയായ വി എന്ന വിപ്ലവകാരി വിപുലവും അക്രമാസക്തവുമായ പടയോട്ടങ്ങൾ നടത്തുന്നു. 2006-ൽ വി ഫോർ വെൻഡെറ്റയുടെ ചലച്ചിത്രരൂപം പുറത്തിറങ്ങി. വി എന്ന വ്യക്തി അക്രമണങ്ങളിലൂടെ ബ്രിട്ടനിലെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പോരാടുന്നതാണ് ചലച്ചിത്രത്തിന്റെ ഇതിവൃത്തം.


പി ജിംഷാറിന്റെ ലേഖനം: V For Vendettaയും കേരളത്തിലെ കമ്യൂണിസ്റ്റ് ഹത്യകളും

'People should not fear their government, their government should fear the people'
V for Vendetta. ലേഖകൻ ഈ വാചകം ഉദ്ധരിച്ച് കൊണ്ട് വിപ്ലവകാലത്ത് ഈ മുദ്രാവാക്യത്തെ നെഞ്ചേറ്റിയവർ തന്നെ പ്രതിവിപ്ലവകാലത്ത് ഈ മുദ്രാവാക്യത്തിന് ഘടകവിരുദ്ധമായി പ്രവർത്തിക്കും എന്നതിന് ചരിത്രത്തിലെ ഉദാഹരണങ്ങൾ ചൂണ്ടി കാട്ടി തന്റെ വിഷയത്തിലേക്ക് വരുകയാണ്. അതെന്തെങ്കിലുമാകട്ടെ. ജനം ഗവൺമെന്റിനെ ഭയക്കാതെ ഗവൺമെന്റുകൾ ജനങ്ങളെ ഭയപ്പെട്ട് തന്നെ മുന്നോട്ട് പോകട്ടെ, അതാണ് ശരിയും.

ലേഖകൻ കേരളത്തിലെ ഇടതു രാഷ്ട്രീയ/രാഷ്ട്രീയേതര കൊലപാതകകങ്ങളെ പ്രശ്‌നവല്ക്കരിക്കുകയും ഏറ്റവും ഒടുവിൽ രണ്ടുനാൾ മുന്നേ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ വ്യസ്ത്യസ്ഥ രാഷ്ട്രീയ കക്ഷികളിൽ പെട്ട രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തെ വരെ പരമാർശിക്കുന്നു. രണ്ടാമത്തെ കൊലപാതകത്തോട് മുഖ്യമന്ത്രി സ്വീകരിച്ച സമീപനത്തെ ഒരു മുഖ്യമന്ത്രിക്ക് ചേർന്ന സമീപനമല്ല എന്ന് പറയുകയും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തിനു യോഗ്യനല്ല എന്ന് പറഞ്ഞു വെക്കുകയും ചെയ്യുന്നു.

തീർച്ചയായും ലേഖകന്റെ അഭിപ്രായ സ്വതന്ത്രത്തേയും നിരീക്ഷണത്തേയും അങ്ങേയറ്റം മാനിക്കുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനോ അയോഗ്യനോ എന്നത് അവിടെ ഇരിക്കട്ടെ. കമൂണിസ്റ്റ് പാർട്ടി ഉൾപ്പെടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടിയും 916 വിശുദ്ധിയുള്ള പാർട്ടിയുമല്ല. അതും അവിടെ നില്ക്കട്ടെ. ലേഖകൻ കണക്കിട്ടു നിരത്തിയ ഹത്യകൾക്കും കൊലപാതകങ്ങൾക്കും അക്കമിട്ട് മറുവാദം നിരത്തി ബാലൻസ് ഷീറ്റ് ടാലി ആക്കാൻ ഉദ്ദേശിക്കുന്നില്ല. അങ്കമാലി വെടിവെപ്പിൽ തുടങ്ങി ബീമാ പള്ളി സംഭവം, ചെങ്ങറ ഭൂസമരം, ഭാഷാ സമരത്തെ തുടർന്നുണ്ടായ വെടിവെപ്പ്, ജയകൃഷ്ണൻ മാസ്റ്റർ, ടിപി ചന്ദ്രശേഖരൻ തുടങ്ങിയവരിലൂടെ സഞ്ചരിക്കുന്ന ലേഖകൻ കമ്യൂണിസ്റ്റ് പാർട്ടി കൊലപാതകങ്ങളെ തങ്ങളുടെ കോളത്തിലെ രക്തസാക്ഷികളുടെ എണ്ണം കാട്ടി പ്രതിരോധിക്കുക മാത്രമാണ് ചെയ്യാറെന്നു പറയുന്നു.

പി ജിംഷാറിന്റെ ലേഖനം: V For Vendettaയും കേരളത്തിലെ കമ്യൂണിസ്റ്റ് ഹത്യകളും

പോരാത്തതിന് രക്തസാക്ഷികളെ സംബന്ധിച്ച പൊതുബോധം കമ്യൂണിസ്റ്റ് പാർട്ടിക്ക് അനുകൂലവുമാണത്രേ. ലേഖകൻ പറഞ്ഞുവെച്ച സമരങ്ങളോ അതിനെ തുടർന്നുണ്ടായ വെടിവെപ്പുകളോ ഒന്നിനെപോലും ന്യായീകരിക്കുന്നില്ല. തീർച്ചയായും അത് ചോദ്യം ചെയ്യപ്പെടേണ്ടതും, അന്നത്തെ ഭരണകർത്താക്കളെ വിമർശിക്കേണ്ടതുമാണ്. ലേഖകൻ അവതരിപ്പിച്ച ഒട്ടുമിക്ക കാര്യങ്ങൾക്കും മറുപടിപറയാൻ ഞാൻ ആളല്ല.
എങ്കിലും ഒരേ ഒരു കാര്യത്തോട് മാത്രം ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. ഒരു ശരാശരി കമ്യൂണിസ്റ്റുകാരന്റെ ചോദ്യങ്ങൾ.


ഇവിടെ ലേഖകൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു പോയ ഒരു കാര്യമുണ്ട്. കമ്യൂണിസ്റ്റുകാർ പ്രതിസ്ഥാനത്ത് വരുമ്പോൾ തങ്ങളുടെ കോളത്തിലെ രക്തസാക്ഷികളുടെ എണ്ണം കാണിച്ച് പ്രതിരോധിക്കുകയാണ് പതിവെന്നും ഞങ്ങൾ കൊല്ലുമ്പോൾ നിങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ കുപ്പായമണിയുകയും ചെയ്യുകയാണ് എന്നുമാണല്ലോ വാദം. എന്തുകൊണ്ടാണ് ശരാശരി പാർട്ടിക്കാരൻ പാർട്ടി കൊലപാതകങ്ങളെ ന്യായീകരിക്കാനെത്തുന്നത്. ശരാശരിയോ ശരാശരിക്ക് താഴ്ന്നതോ ഒരു കമ്യൂണിസ്റ്റ്കാരൻ ഈ ചോദ്യം ചോദിക്കുമ്പോൾ എന്താണ് ലേഖകന്റെ ഉത്തരം? കമ്യൂണിസ്റ്റുകാരുടെ കോളത്തിൽ രക്തസാക്ഷികളുടെ എണ്ണം കൂടിയത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാലിനിസ്റ്റ് ഫാസിസ്റ്റ് ചെയ്ത്തികൾക്കുള്ള തിരിച്ചടിയാണ് എന്നാണോ?
അതോ പാർട്ടി മനഃപൂർവ്വം രക്തസാക്ഷികളെ സൃഷ്ടിക്കുകയാണ് എന്നാണോ?
ഏതു പൊതുബോധമാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് അനുകൂലം? ഏതു കാലത്താണ് അക്രമരാഷ്ട്രീയത്തെ കുറിച്ചുള്ള പൊതുബോധം കമ്യൂണിസ്റ്റ് പാർട്ടിക്ക് അനുകൂലമായിട്ടുള്ളത്? ലേഖകൻ തന്നെ പറഞ്ഞു വെക്കുന്ന ഒരു കാര്യമുണ്ട്. ഞങ്ങൾ കൊല്ലപ്പെടുമ്പോൾ നിങ്ങൾ എന്ത് ചെയ്യുന്നു എന്ന വാദം ശരാശരി പാർട്ടിക്കാരൻ ഉയർത്തുന്നു എന്ന്.

ശരാശരിയിലും താഴ്ന്ന പാർട്ടിക്കാരാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളിൽ അധികവും. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച് പഠിച്ചോ ബൗദ്ധിക വ്യായാമങ്ങളിലൂടെയോ മറ്റു പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിലൂടെയോ സഞ്ചരിക്കാത്തവർ. അവർ അങ്ങനെ ഒരു ചോദ്യം ഉന്നയിക്കുമ്പോൾ ഉത്തരം പറയേണ്ട ബാധ്യത കൂടി നിങ്ങൾക്കില്ലേ. ഉണ്ട്. അവർ എന്നും ഉത്തരം പറയേണ്ടവർ മാത്രമല്ലല്ലോ. അവർക്കും ചില ചോദ്യങ്ങൾ ബാക്കിയുണ്ട്.

പി ജിംഷാറിന്റെ ലേഖനം: V For Vendettaയും കേരളത്തിലെ കമ്യൂണിസ്റ്റ് ഹത്യകളും

കമ്യൂണിസ്റ്റ്കാർ വെട്ടേറ്റു വീഴുമ്പോൾ കേരളത്തിന്റെ പൊതുസമൂഹം എങ്ങനെ പ്രതികരിക്കുന്നു? കമ്യൂണിസ്റ്റ്കാർ പ്രതിസ്ഥാനത്ത് വരുമ്പോൾ ഇതേ പൊതുസമൂഹം എങ്ങനെ പ്രതികരിക്കുന്നു? അക്രമ രാഷ്ട്രീയത്തിന്റെ കുത്തക ആർക്ക് പതിച്ചു നല്കി? എന്തുകൊണ്ട്? എങ്ങനെ വർഗ്ഗീയ അക്രമ രാഷ്ട്രീയത്തിന്റെ അപ്പോല്‌സ്തരായ സംഘപരിവാർ പോലും കമ്യൂണിസ്റ്റ് അക്രമരാഷ്ട്രീയത്തിനെതിരെ സംസാരിക്കുമ്പോൾ സ്വീകാര്യത ലഭിക്കുന്നു? കമ്യൂണിസ്റ്റുകാരൻ കൊല്ലപ്പെടുമ്പോൾ വാർത്ത പത്രങ്ങളിൽ അഞ്ചാം പേജിലെ മൂന്നിഞ്ച് കോളത്തിൽ ഒതുങ്ങുന്നതെങ്ങനെ? അഞ്ചു വർഷം മുന്നേ ക്രൂരമായി കൊല്ലപ്പെട്ട ടിപി ചന്ദ്ര ശേഖരനെ കൊച്ചുകുട്ടി പോലും ഓർക്കുന്നത് ആ കൊലപാതകത്തിലെ ക്രൂരതകൊണ്ട് മാത്രമാണോ? ടിപി ചന്ദ്രശേഖരന് ശേഷം കേരളത്തിൽ നടന്ന എത്ര രാഷ്ട്രീയ കൊലപാതകങ്ങളെകുറിച്ച് കേരളത്തിന്റെ പൊതുസമൂഹത്തിനു അറിവുണ്ട്?

അതിനുശേഷം പതിനഞ്ചിലധികം കമ്യൂണിസ്റ്റുകാർ കൊല്ലപ്പെട്ടതറിയാത്ത ജനം കതിരൂർ മനോജ് കൊലപാതകത്തെ മാത്രം എങ്ങനെ അറിയുന്നു? ഈ അഞ്ചു വർഷ കാലയളവിൽ കൊല്ലപ്പെട്ട മൂന്നു കമ്യൂണിസ്റ്റുകാരുടെ പേര് പറയാൻ പറഞ്ഞാൽ കമ്യൂണിസ്റ്റ് അനുഭാവികൾ അടക്കം എത്ര പേർക്ക് പറയാൻ കഴിയും? എന്തുകൊണ്ട്? കേരളത്തിൽ ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരു എംഎൽഎ കൊല്ലപ്പെട്ടത് പോലും കമ്യൂണിസ്റ്റ്കാരനാകുമ്പോൾ അത് പറയുന്നത് എങ്ങനെ കോളം നിരത്തലാകും? കേരളത്തിലെ ഏറ്റവും വലിയ കേഡർ പാർട്ടിയുടെ സംസ്ഥാന സമിതി അംഗം കുത്തേറ്റു മരിച്ചത് അക്രമരാഷ്ട്രീയം കൊണ്ടായിരുന്നോ? കമ്യൂണിസ്റ്റുകൾക്കെതിരെ ചരിത്രം പറയുകയും കമ്യൂണിസ്റ്റുകൾ ചരിത്രം പറഞ്ഞാൽ അത് ന്യായീകരണ തൊഴിലുമാവുന്ന യുക്തിയെന്ത്?

കമ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷ സംഘടനകളും പ്രതിസ്ഥാനത്ത് വരുന്ന ഇഷ്യൂകൾ എത്ര എണ്ണം കേരളത്തിന്റെ പൊതുസമൂഹം ചർച്ച ചെയ്യാതെ വിട്ടു? ഇടതുപക്ഷ സംഘടകൾ പ്രതിസ്ഥാനത്ത് വരാത്ത എത്ര സംഭവങ്ങൾ കേരള സമൂഹം ചർച്ച ചെയ്യാതെ വിട്ടു? ആദിവാസി ഗോത്ര മഹാസഭാ നേതാവ് സി കെ ജാനു NDA സ്ഥാനാർഥി ആയത് കമ്യൂണിസ്റ്റ് പാർട്ടിയുടെ കുഴപ്പമാണെന്ന് ചർച്ച ചെയ്യുന്ന നമ്മൾ സികെ ജാനുവിനെ തള്ളിപറഞ്ഞ അതേ സംഘടനയുടെ നേതാക്കളുടെ നിലപാടുകൾ എത്ര പ്രാധാന്യത്തോടെ ചർച്ച ചെയ്തു? ആദിവാസികൾ മാസങ്ങളോളം സമരം ചെയ്ത നിൽപ്പ് സമരത്തിൽ എന്തുകൊണ്ട് അന്നത്തെ സർക്കാറിനെ പ്രതിസ്ഥാനത്ത് നിർത്താൻ പൊതുസമൂഹം തയ്യാറായില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആക്രമണങ്ങൾ ദേശീയതലത്തിൽ വാർത്തയാക്കുന്ന സംഘപരിവാറിനെ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രതിരോധിക്കുമ്പോൾ ആരൊക്കെ കൂടെ നിന്നു?അതോ സംഘപരിവാറിനെ പ്രതിരോധിക്കൽ കമ്യൂണിസ്റ്റുകാരുടെ മാത്രം ജോലിയാണോ?

പി ജിംഷാറിന്റെ ലേഖനം: V For Vendettaയും കേരളത്തിലെ കമ്യൂണിസ്റ്റ് ഹത്യകളും

ഈ അഞ്ചു വർഷം എത്ര കമ്യൂണിസ്റ്റുകാരൻ കൊല്ലപ്പെട്ടപ്പോൾ ചാനലുകളുടെ ന്യൂസ് നൈറ്റ് ചർച്ച ചെയ്തു? ഇങ്ങനെ തുടങ്ങി ലേഖകന്റെ ഭാഷയിലെ ശരാശരി പാർട്ടിക്കാരന്റെ മനസ്സിൽ ഉരുത്തിരിഞ്ഞു വരുന്ന ഈ സംശയങ്ങളെ കൂടി ദുരീകരിക്കേണ്ട ചുമതല പൊതുസമൂഹത്തിനില്ലെങ്കിലും ലേഖകനെങ്കിലുമില്ലേ. പ്രത്യേകിച്ച് 'ഞങ്ങൾ നടത്തുന്ന ഹിംസകളെല്ലാം നന്മയുടേയും വിപ്ലവത്തിന്റേയും പേരിൽ തങ്കലിപികളാൽ എഴുതപ്പെടുകയും, മറ്റുള്ളവരുടെ ഏതൊരു പ്രവർത്തനവും രാജ്യദ്രോഹവും സാമൂഹ്യതിന്മയുമായി എണ്ണപ്പെടുകയും ചെയ്യും' എന്ന് പറഞ്ഞു വെക്കുന്ന ലേഖകന്.

ഒരു ചർച്ചയിൽവച്ച് എം സ്വരാജ് എംഎൽഎ ഉന്നയിച്ച ഒരു ചോദ്യമുണ്ട്. ഒരു കൊലപാതകത്തെയും ന്യായീകരിക്കുന്നില്ല. കൊലപാതകങ്ങൾ ആര് ചെയ്താലും അത് ന്യായീകരിക്കാനാവാത്ത ക്രൂരകൃത്യം തന്നെയാണ്. ഞങ്ങളും കൊല്ലപ്പെടരുത് നിങ്ങളും കൊല്ലപ്പെടരുത്. പക്ഷെ ഞങ്ങൾ കൊല്ലപ്പെടുമ്പോൾ എവിടെയാണ് നിങ്ങളുടെ നാവ്? എവിടെയാണ് നിങ്ങളുടെ തൂലിക? സിപിഐഎം അടക്കമുള്ള കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി തെറ്റ് കുറ്റങ്ങൾ ഏതുമില്ലാത്ത പാർട്ടിയാണെന്ന് ആർക്കും അഭിപ്രയപ്പെടാനാവില്ല. ഒരുപാട് കുറ്റങ്ങളും കുറവുകളുമുള്ള വിമർശന വിധേയമായ ചെയ്തികൾ ഉള്ള, വിമർശിക്കപ്പെടെണ്ട പാർട്ടി തന്നെയാണ്. വിമർശനത്തിനു ഞാനും കൂടെയുണ്ട്. പക്ഷെ അതേ ബാധ്യത അവർ ആക്രമിക്കപ്പെടുമ്പോൾ സംരക്ഷിക്കാനുമില്ലേ? കമ്യൂണിസ്റ്റ് പാർട്ടി ആക്രമിക്കപെടുമ്പോൾ അതവരുടെ സ്വന്തം കാര്യവും കമ്യൂണിസ്റ്റ് പാർട്ടിയെ വിമർശിക്കേണ്ട ഘട്ടംവരുമ്പോൾ അത് എന്റെ കാര്യവും മാത്രമായി ഒതുങ്ങുന്നതിലെ യുക്തിയെന്ത്? ഇനി പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിന്റെ സാങ്കേതികകതയിലാണ് ന്യായീകരണമെങ്കിൽ അങ്ങനെ മാത്രമാണോ കാര്യങ്ങൾ നടക്കുന്നത്?

പി ജിംഷാറിന്റെ ലേഖനം: V For Vendettaയും കേരളത്തിലെ കമ്യൂണിസ്റ്റ് ഹത്യകളും

കേരളത്തിലെ കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസം ഒന്നും ലഭിക്കാത്ത ഒരാളോട് അക്രമ രാഷ്ട്രീയ പാർട്ടി ഏതാണെന്ന് ചോദിച്ചാൽ എന്താണ് ഉത്തരം കിട്ടുക? ആ കിട്ടുന്ന ഉത്തരം കമ്യൂണിസ്റ്റ് പാർട്ടി തങ്ങളുടെ അക്രമണങ്ങളിലൂടെ സമ്പാദിച്ചത് മാത്രമാണോ? എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു? മൂർഖൻ പാമ്പിനെ കൊല്ലാൻ അതിന്റെ് തലക്കടിക്കണം. സിപിഐഎംനെ തകർക്കാൻ കണ്ണൂരിൽ നിന്ന് തുടങ്ങണം എന്ന് ഇരുപത്തിയഞ്ച് വർഷം മുന്നേ പ്രഖ്യാപിച്ച സംഘടനയെ എങ്ങനെയാണ് കണ്ണൂരിലെ കമ്യൂണിസ്റ്റുകാർ പ്രതിരോധിക്കേണ്ടത് എന്ന് പറഞ്ഞു തരണം. സിപിഐഎമ്മുകാരെ തെരുവിൽ നേരിടുമെന്ന പറഞ്ഞ ഒരു പാർട്ടിയുടെ ദേശീയ സെക്രട്ടറി ആയിരിക്കുന്ന ആളെ ആരൊക്കെ ചോദ്യം ചെയ്തു? സംഘപരിവാർ വിട്ടു പുറത്തു വന്ന പഴയ ആർഎസ്എസ് നേതാക്കൾ സംഘപരിവാരിനെതിരെ ഉന്നയിച്ച കൊലപാതകങ്ങളും കലാപങ്ങളും പീപ്പിൾ ടിവി അല്ലാതെ എത്ര ചാനലുകൾ ചർച്ച ചെയ്തു?

നേരെ മറിച്ച് സിപിഐഎം വിട്ട് പുറത്തു വന്ന ബ്രാഞ്ച് കമ്മറ്റി മെമ്പർമാരെ ദിനംപ്രതി നമ്മൾ കണ്ടതോർക്കുന്നുണ്ടോ? നേരം ഇരുട്ടി വെളുക്കുമ്പോൾ ബിജെപി ആയ വിരലിൽ എണ്ണിയാൽ തീരാത്ത കോൺഗ്രസ് എംഎൽഎമാരെകുറിച്ചും, പഴയ കോൺഗ്രസ് മന്ത്രിയെക്കുറിച്ചുമൊക്കെ നമ്മളിൽ എത്ര പേർക്ക് ബോധ്യമുണ്ട്? എത്ര ചാനലുകൾ ചർച്ച ചെയ്തു? പറഞ്ഞു വരുമ്പോൾ ലേഖകൻ വിവരിച്ച വിഷയവുമായി ബന്ധമില്ലെന്ന് തോന്നാം. പക്ഷെ, പറയുവാൻ ശ്രമിച്ചത് രാഷ്ട്രീയമായ ഒരു പോതുബോധവും കമ്യൂണിസ്റ്റ് പാർട്ടിക്ക് അനുകൂലമായിരുന്നില്ല എന്നാണു. പ്രതികൂല സാംസ്‌കാരിക സാഹചര്യങ്ങളിലൂടെ മാത്രം സഞ്ചരിച്ച ചരിത്രമേ കമ്യൂണിസ്റ്റ് പാർട്ടിക്ക് കേരളത്തിൽ ഉള്ളൂ. വികസനവിരുദ്ധ കുപ്പായം കമ്യൂണിസ്റ്റുകൾക്ക് തുന്നി കൊടുത്ത അതേ പൊതുബോധയുക്തി തന്നെയാണ് രാഷ്ട്രീയ കൊലപാതകങ്ങളുടെ കുപ്പായവും അവർക്ക് തുന്നി കൊടുത്തത്.

അക്രമിക്കപ്പെടുമ്പോൾ വിമർശകർ ആരും എത്തി നോക്കാത്ത സ്ഥിതിവിശേഷം ഉള്ളപ്പോൾ അവർ എന്താണ് ചെയ്യേണ്ടത്? സത്യമായിട്ടും അറിയാൻ പാടില്ലാഞ്ഞിട്ടാണ്. പറഞ്ഞു തരണം. ഇപ്പോൾതന്നെ പലരെ കൊണ്ടും തൂലിക ചലിപ്പിക്കാൻ കാരണമായ സംഭവമെന്താണ്? മൂന്നുനാൾ മുന്നേ പയ്യന്നൂരിൽ സ: ധനരാജൻ മാത്രമായിരുന്നു കൊല്ലപ്പെട്ടിരുന്നുവെങ്കിൽ ഒരുനാളിലെ ഫേസ്ബുക്ക് സ്റ്റാറ്റസ്സിനപ്പുറം എത്ര പേർ പ്രതികരിക്കും? ഇന്നിവിടെ തൂലിക ചലിപ്പിച്ചതിൽ എത്രപേർ കൊല്ലപ്പെട്ട കമ്യൂണിസ്റ്റുകാരനുവേണ്ടി വാദിച്ചു? എത്രപേർ സംഘപരിവാർ അക്രമത്തെക്കുറിച്ചു വാചാലരായി? എന്ത് പ്രകോപനത്തിന്റെ പേരിലായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്? ധനരാജൻ കൊല്ലപ്പെട്ടപ്പോൾ ഫേസ്ബുക്കിൽ ഒരു ഡിങ്ക മതാനുയായിയായ യുക്തിവാദി പറഞ്ഞത് ധനരാജൻ മരിക്കുന്നുവെങ്കിൽ പാർട്ടിക്ക് വേണ്ടി മരിക്കണമെന്ന് പറഞ്ഞിരുന്നു. ഇത്തരം ചിന്തകളെ പുച്ഛത്തോടെ കാണുന്നുവെന്നും അതുകൊണ്ട് തന്നെ കമ്യൂണിസത്തെ എതിർക്കേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നുമാണ്. അതെ ചില യുക്തികൾ അങ്ങനെയാണ്. മറ്റൊരു നിഷ്പക്ഷൻ പറഞ്ഞത് ഒന്നും ചെയ്യാതെ വെറുതെ ഒരാളെ വെട്ടികൊല്ലില്ലലോ എന്നാണ്. അതേ ചില നിഷ്പക്ഷ നിരീക്ഷണങ്ങൾ അങ്ങനെയാണ്.

പി ജിംഷാറിന്റെ ലേഖനം: V For Vendettaയും കേരളത്തിലെ കമ്യൂണിസ്റ്റ് ഹത്യകളും

ഷിബിൻ വധക്കേസിലെ കോടതി വിധിയെ തുടർന്ന് പ്രതികളെ വെറുതെ വിട്ട സാഹചര്യവും അതിനെ തുടർന്നുണ്ടായ ചർച്ചകളും ഉണ്ടായപ്പോൾ ഫേസ്ബൂക്കില്ലേ ഒന്നാംനിര ട്രോൾ ചെയ്തത് ചാവുന്നെങ്കിൽ വളർത്തി വലുതാക്കിയ വീട്ടുകാർക്ക് വേണ്ടി ചാവണം. അല്ലാതെ നാലാംകിട പാർട്ടികൾക്ക് വേണ്ടി ചത്തിട്ട് അതിന്റെ പേരും പറഞ്ഞു ഇറങ്ങരുതെന്നാണ്. അതെ ചില ട്രോളുകൾ അങ്ങനെയാണ്. പതിനായിരങ്ങൾ ലൈക്കടിച്ച് പ്രോത്സാഹിപ്പിച്ച ട്രോളുകൾ. എന്തുകൊണ്ടോ ഇതുപോലെയുള്ള പൊതുബോധം കമ്യൂണിസ്റ്റുകാർക്ക് വളരെ അനുകൂലമായി തന്നെ നില്ക്കുന്നുണ്ട്.

ലേഖനത്തിൽ യഥാർത്ഥത്തിൽ ലേഖകൻ അല്പ്പം തലതിരിഞ്ഞാണ് പൊതുബോധത്തെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് തോന്നി. ലേഖകൻ തന്നെ പറയുന്നു വലതിനെയും ഇടതിനെയും ഒരുപോലെ ചോദ്യം ചെയ്യണമെന്നു. എന്നിട്ടെന്തേ ചോദ്യം ചെയ്യൽ ഇടത്തിൽ മാത്രമൊതുങ്ങുന്നു? ഒതുങ്ങുന്നില്ല എന്നാണ് മറുപടിയെങ്കിൽ അതൊരു വലിയ തമാശ മാത്രമാണ്. പറഞ്ഞത് ലേഖകനെ മാത്രമല്ല കേരള പൊതുസമൂഹം വലതുപക്ഷത്തെ എത്ര കണ്ടു ചോദ്യം ചെയ്യുന്നു? ഇടതും വലതും മാറിമാറി ഭരിക്കുന്ന കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ കമ്യൂണിസ്റ്റ് ഹിംസക്ക് സമാനതകൾ അവകാശപ്പെടാത്ത ലേഖകൻ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. തങ്ങളുടെ നിഘണ്ടുവിലെ ഹത്യകൾ മാത്രമേ തങ്ങൾ കണക്കിലെടുക്കൂ എന്ന ചിന്തയിൽ നിന്നാണ് അത് ഉയരുന്നത്. ഒരുപക്ഷെ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കേണ്ടിയിരുന്ന കോൺഗ്രസ് പാർട്ടി പൊതുബോധത്തിന്റെ കൂടെ സമാധാനത്തിന്റെ വെള്ളരി പ്രാവായി പറക്കും. ലേഖനത്തിൽ പറയാതെ പറയുന്ന കമ്യൂണിസ്റ്റുകളുടെ ന്യൂനപക്ഷ വിരോധമൊക്കെ ഭംഗിയായി പറഞ്ഞാൽ യാഥാർത്ഥ്യങ്ങളോട് ചെയ്യുന്ന നീതികേടാണ്. അത് രാഷ്ട്രീയ കേരളം വിലയിരുത്തട്ടെ.

പയ്യന്നൂരിൽ സിപിഐഎം പ്രവർത്തകൻ ധനരാജൻ കൊല്ലപ്പെട്ടത്തിന്റെ അന്നുതന്നെ ബിജെപി പ്രവർത്തകൻ രാമചന്ദ്രൻ കൊല്ലപ്പെടുന്നു. സംസ്ഥാനത്തു ക്രമസമാധാന നില തകർന്നെന്നുകാട്ടി കെ മുരളീധരൻ എംഎൽഎ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കുന്നു. നോട്ടീസിനു മറുപടി പറയവേയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്നത് രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് സമ്മതിക്കുന്നു. എന്നുവച്ചാൽ ധനരാജൻ കൊല്ലപ്പെട്ടതും രാമചന്ദ്രൻ കൊല്ലപ്പെട്ടതും രാഷ്ട്രീയവൈര്യം മൂലം തന്നെയാണെന്ന്. സിപിഐ(എം) പ്രവർത്തകനായ ധനരാജിനെ 10 ബിജെപി പ്രവർത്തകർ ചേർന്നു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും ഈ കൊലപാതകത്തിന്റെ വിരോധമാണ് ബിജെപി പ്രവർത്തകൻ രാമചന്ദ്രന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം പ്രദേശത്ത് ഇപ്പോൾ സമാധാനസ്ഥിതിയാണുള്ളതെന്നും പിണറായി കൂട്ടിച്ചേർത്തു.

പി ജിംഷാറിന്റെ ലേഖനം: V For Vendettaയും കേരളത്തിലെ കമ്യൂണിസ്റ്റ് ഹത്യകളും

ഇതാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞ കാര്യം. സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ രാഷ്ട്രീയ വൈര്യമാണ് ബിജെപി പ്രവർത്തകൻ കൊല്ലപ്പെടാൻ കാരണമെന്ന് അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി പറയുന്നു. ഇത് കൊലപാതകത്തെ ന്യായീകരിക്കുന്ന കമന്റ് ആണോ എന്ന് എനിക്കറിയില്ല. ഒരുപക്ഷെ ന്യായീകരണ തൊഴിലാളി ആയതു കൊണ്ട് തോന്നാത്തതാകും. ഇതിൽ എവിടെയാണ് ലേഖകൻ പറയുന്ന രീതിയിൽ കൊലപാതകത്തെ ന്യായീകരിക്കുകയും കുറ്റകരമായ ഗൂഡാലോചനയിൽ പങ്കാളിയാവുകയും ചെയ്തത്? ഏറ്റുപറച്ചിലോ? മുഖ്യമന്ത്രി പറഞ്ഞത് സത്യമല്ല എന്നാണോ അഭിപ്രായം? കൊന്നത് എന്റെ പാർട്ടിക്കാർ അല്ല എന്നല്ല മുഖ്യമന്ത്രി പറഞ്ഞത്. അവർ കുറ്റം ചെയ്തു എന്ന് തന്നെയാണ്. അറിയിച്ചത് നിയമസഭയെയാണ്. കളവു പറയുകയല്ല മുഖ്യമന്ത്രി ചെയ്തത്. വിഷയത്തെ ലഘൂകരിക്കുകയും ചെയ്തില്ല. എന്നാൽ മുഖ്യമന്ത്രി കുറച്ചുകൂടി പക്വമായി മറുപടി പറയണമായിരുന്നു എന്നാണെങ്കിൽ ശരി. സത്യം മുഖ്യമന്ത്രി പറഞ്ഞതാണ്. ധനരാജനെ കൊന്നവരും രാമചന്ദ്രനെ കൊന്നവരും പിടിക്കപ്പെടണം. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചുള്ള പരവാമാധി ശിക്ഷയും ലഭിക്കണം.

പക്ഷേ കമ്യൂണിസ്റ്റുകൾ മരിച്ചു വീഴുമ്പോൾ മഷി പുരളാത്ത കടലാസുകളും തുറക്കാത്ത വായകളും കമ്യൂണിസ്റ്റുകൾ പ്രതിസ്ഥാനത്ത് വരുമോൾ തുറക്കുന്നതിനെ മാത്രമേ ചോദ്യം ചെയ്യുന്നുള്ളൂ. അത് ഒരു കൊലപാതകത്തെയും ന്യായീകരിക്കലല്ല. ആ ചോദ്യം ചെയ്യലിനുള്ള അവകാശം അവർക്കുണ്ട്. അങ്ങനെ ചോദ്യം ചെയ്യുന്നവരെ ന്യായീകരണ തൊഴിലാളിയാക്കാൻ എളുപ്പമാണ്. വേണ്ടത് അവരുടെ ചോദ്യങ്ങളുടെ ഉത്തരമാണ്. നിങ്ങളും കൊല്ലപ്പെടാൻ പാടില്ല നിങ്ങളെ കൊല്ലുന്നവർക്കെതിരെ പ്രതികരിക്കാൻ ഞങ്ങളുമുണ്ട് എന്ന് അവരോടു പറയാനെങ്കിലും കഴിയണം.

പി ജിംഷാറിന്റെ ലേഖനം: V For Vendettaയും കേരളത്തിലെ കമ്യൂണിസ്റ്റ് ഹത്യകളും

ജയകൃഷ്ണൻ മാസ്റ്റർക്കും ടിപി ചന്ദ്രശേഖരനും വേണ്ടി നിങ്ങളോഴുക്കുന്ന കണ്ണീർ ആത്മാർത്ഥമാണെങ്കിൽ കൊല്ലപ്പെടുന്ന കമ്യൂണിസ്റ്റുകാരനും വേണ്ടി ഒഴുക്കണം അതേ കണ്ണീർ. കമ്മ്യൂണിസ്റ്റുകാരൻ പ്രതിസ്ഥാനത്ത് വരുമ്പോൾ രാഷ്ട്രീയ ഫാസിസത്തെക്കുറിച്ച് വാചാലരാവുകയും കമ്യൂണിസ്റ്റുകാരൻ കൊല്ലപ്പെടുമ്പോൾ 'ആർക്കു നഷ്ടം കൊല്ലപ്പെട്ടവന്റെ കുടുംബത്തിനു, ആർക്കു ലാഭം പാർട്ടിക്ക്' എന്ന കോപ്പി പേസ്റ്റ് വാചകം കൊണ്ട് വരരുത്. കമ്യൂണിസ്റ്റുകാരൻ കൊല്ലപ്പെടുമ്പോൾ വെട്ടുവഴി കവിതകൾ എഴുതുകയോ കിട്ടിയ വെട്ടിന്റെ എണ്ണം എടുക്കുകയോ വേണ്ട. പകരം കൊന്നവരെ വിമർശിച്ച് രണ്ടു വരി എഴുതിയാൽ എങ്കിലും മതിയാകും.

പിണറായി മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചാലും ഇല്ലെങ്കിലും കമ്യൂണിസ്റ്റുകാരൻ വെട്ടേറ്റു കൊണ്ടേയിരിക്കും. അതാരും അറിയുകയുമില്ല. അറിയുന്നത് കമ്യൂണിസ്റ്റ്കാരന്റെ വെട്ടുകൾ മാത്രമാകും. അതിനെ പറ്റി പറഞ്ഞാലോ പറയുന്നവൻ ന്യായീകരണ തൊഴിലാളിയുമാകും. ലേഖകൻ പറഞ്ഞത് പോലെ തന്നെ കമ്യൂണിസ്റ്റ്കാരൻ ഇടുന്ന വള്ളി ട്രൗസർ എപ്പോഴും എല്ലാവരും കൂടി ബർമുഡ ആക്കി കൊടുക്കും. ബാക്കിയുള്ളവർ ഇടുന്ന ബർമുഡ ഇതേ ആൾക്കാർ വള്ളി ട്രൗസർമാത്രമാക്കി വെക്കും

അവസാനമായി ലേഖകന്റെ് വാക്കുകൾ കടമെടുത്തു കൊണ്ട് തന്നെ പറയട്ടെ ''ആയിരംപേരായാലും ഒരാളായാലും കൊല്ലുന്ന രാജാവും തിന്നുന്ന മന്ത്രിയും ജനാധിപത്യത്തിന് ഭൂഷണമല്ല. വിപ്ലവകാലത്തായാലും പ്രതിവിപ്ലവകാലത്തായാലും വിയോജിപ്പുകളെ കൊന്നുകളയുന്നത് ശരിയല്ല. അധികാരത്തിന്റെ കൂടംകൊണ്ട് ജനങ്ങളുടെ തലക്കടിച്ചുകൊല്ലുന്ന ഭരണകൂടങ്ങൾ ഇടതായാലും വലതായാലും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.'' നിർഭാഗ്യവശാൽ ഇന്ന് ആ ചോദ്യം ചെയ്യപ്പെടലുകൾ ഇടത്തിൽ മാത്രമൊതുങ്ങുന്നു. വരൂ ചോദ്യം ചെയ്യാം, ഇടതിനെയും വലതിനെയും. ഒരേ യുക്തിയോടെ ഓരോ ശക്തിയോടെ. ഉട്ട്യോപ്യൻ ആണെങ്കിലും ഉഗാണ്ട ആണെങ്കിലും വസന്തം വരും എന്ന് കരുതുന്ന കാല്പ്പനികർ ആണെങ്കിലും. വസന്തം വരാൻ പൂക്കൾ പൂക്കുന്ന ചെടികൾ എങ്കിലും ബാക്കിയുണ്ടാകണം എന്നേ അവർ ആഗ്രഹിക്കുന്നുണ്ടാകൂ.