പാക് മോഡലിന്റെ കൊലപാതകം: കുറ്റം സമ്മതിച്ച് സഹോദരന്‍

കന്ദീല്‍ ഫെയസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വലിയ വിവാദമായിരുന്നു. ഇത് തങ്ങളുടെ കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നും അതിനാലാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നുമാണ് വസീം പോലീസിനോട് പറഞ്ഞത്.

പാക് മോഡലിന്റെ കൊലപാതകം: കുറ്റം സമ്മതിച്ച് സഹോദരന്‍

പ്രശസ്ത പാകിസ്ഥാന്‍ മോഡല്‍ കന്ദീല്‍ ബലോചിന്റെ കൊലപാതകത്തില്‍ സഹോദരന്‍ കുറ്റം സമ്മതിച്ചു. കന്ദീലിന്റെ സഹോദരന്‍ മുഹമ്മദ് വസീമിനെ പോലീസ് അറസ്റ്റ് ചെയ്തു.

കന്ദീല്‍ സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം ചിത്രങ്ങള്‍ പ്രചരിപ്പിച്ചതാണ് കൊലപാതക കാരണമെന്ന് വസീം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംഭവം ദുരഭിമാനക്കൊലയാണെന്ന് നേരത്തേ സംശയം ഉയര്‍ന്നിരുന്നു.

കന്ദീല്‍ ഫെയസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വലിയ വിവാദമായിരുന്നു. ഇത് തങ്ങളുടെ കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നും അതിനാലാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നുമാണ് വസീം പോലീസിനോട് പറഞ്ഞത്.

വീട്ടിലെ മറ്റെല്ലാവരും ഉറങ്ങിയ സമയത്ത് രാത്രി 11.30 ഓടെ കന്ദീലിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വസീമിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും വസീം വ്യക്തമാക്കി.

ശനിയാഴ്ച്ചയാണ് കന്ദീല്‍ ബലൂച്ചിനെ വീട്ടില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫൗസിയ അസീം എന്നാണ് കന്ദീലിന്റെ യഥാര്‍ത്ഥ പേര്. ഈദ് ആഘോഷിക്കാനായി നാട്ടിലെത്തിയതായിരുന്നു കന്ദീല്‍.

'ബാന്‍' എന്ന കന്ദീലിന്റെ ഏറ്റവും ഒടുവിലത്തെ സംഗീത ആല്‍ബം കഴിഞ്ഞ ആഴ്ച്ചയാണ് പുറത്തിറങ്ങിയത്. ഇന്റര്‍നെറ്റില്‍ വൈറലായ വീഡിയോയ്ക്കെതിരെ പാകിസ്ഥാനില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.

Read More >>