ആ 'ശങ്ക' പരിഹരിച്ചു; പൊതു ശുചിമുറികൾക്ക് 50 കോടി പ്രഖ്യാപിച്ച് തോമസ് ഐസക്

പൊതുശുചിമുറികൾക്ക് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത് 50 കോടി രൂപയാണ്. ഇതുൾപ്പെടെ സ്ത്രീക്ഷേമ പദ്ധതികൾക്കായി 91 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പൊതുയിടങ്ങളിലെ ശുചിമുറികൾക്കായി സൈബറിടങ്ങളിൽ മാധ്യമ പ്രവർത്തകരും ആക്ടിവിസ്റ്റുകളും മറ്റ് പല മേഖലകളിലുള്ള സ്ത്രീകളും നടത്തിയ പ്രചരണങ്ങൾക്കാണ് ഫലമുണ്ടായിരിക്കുന്നത്.

ആപൊതു ശുചിമുറികൾക്ക് 50 കോടി വകവെച്ച ധനമന്ത്രി തോമസ് ഐസക് സൈബർ ഇടങ്ങളിലെ പ്രചരണങ്ങൾക്ക് വലിയ പ്രാധാന്യമാണ് ബജറ്റിൽ നൽകിയിരിക്കുന്നത്. പെട്രോൾ പമ്പുകളിലും റസ്റ്റോറന്റുകളിലും പൊതു സ്ഥാപനങ്ങളിലും പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന പൊതു ശുചിമുറികൾ നിർമ്മിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. കുടുംബശ്രീയുടെ മൈക്രോ സംരംഭമെന്ന നിലയിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതുൾപ്പെടെ 91 കോടി രൂപയാണ് സ്ത്രീക്ഷേമത്തിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. സ്‌കൂളുകളിൽ സ്ത്രീസൗഹൃദ ടോയ്‌ലെറ്റ്, സ്ത്രീക്ഷേമം ലക്ഷ്യമാക്കി പ്രത്യേക വകുപ്പ് എന്നിവയുടെ ബജറ്റ് പ്രഖ്യാപനങ്ങളിൽ ശ്രദ്ധേയ കാര്യങ്ങളാണ്.

ഇടതുപക്ഷ സർക്കാരിന്റെ പ്രകടനപത്രികയിലെ പ്രധാനപ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു സ്ത്രീക്ഷേമത്തിനായി പ്രത്യേക വകുപ്പ്. ബജറ്റ് പ്രഖ്യാപനത്തോടെ സ്ത്രീക്ഷേമ വകുപ്പ് സാധ്യമായിരിക്കുന്നു. കൂടാതെയാണ് പൊതുശുചിമുറികൾക്കായി മാറ്റിവെച്ചിരിക്കുന്ന 50 കോടി രൂപ. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഓൺലൈൻ ഇടങ്ങളിലെ മാധ്യമ പ്രവർത്തകരും ആക്ടിവിസ്റ്റുകളും ചേർന്ന നടത്തിയ ക്യാമ്പെയ്‌നാണ് പൊതുയിടങ്ങളിൽ ശുചിമുറികൾ വേണമെന്ന ആവശ്യം ശക്തമാക്കിയത്.

ബജറ്റ് അവതരണത്തിന് മുമ്പുതന്നെ കേരളത്തിലെ സ്ത്രീകളുടെ ആവശ്യം പരിഗണിക്കുമെന്ന സൂചനയും ധനമന്ത്രി തോമസ് ഐസക് നൽകിയിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പുതന്നെ മാധ്യമ പ്രവർത്തക സുനിത ദേവദാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സജീവ ചർച്ചയായിരുന്നു. ഇതോടെയാണ് കേരളത്തിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ സജീവ ചർച്ചയായത്.  ഞങ്ങള്‍ക്ക് മൂത്രമൊഴിക്കാനുള്ള സ്ഥലം ഒരുക്കി തരുന്നവര്‍ക്കാണ് ഞങ്ങളുടെ വോട്ട് എന്നു പറയാന്‍ എന്നാണ് നമുക്കു കഴിയുക? മാർച്ച് പതിനഞ്ചിന്  ഇട്ട പോസ്റ്റിൽ സുനിത ദേവദാസ് ചോദിച്ചു.
ഈ ചോദ്യം പലവഴിക്ക് പലരീതിയിൽ ആവർത്തിക്കുന്നത് കേരളം കണ്ടു. എഴുത്തുകാരികളും രാഷ്ട്രീയ രംഗത്തെ സ്ത്രീകളും ഈ ചോദ്യം ഉന്നയിച്ചു. പുരുഷന്മാരും ഈ ചോദ്യത്തിന്റെ മറ്റൊരു വശം ഉയർത്തി രംഗത്തെത്തി.   

കേരളത്തിലെ സ്ത്രീകള്‍ വീടിനു പുറത്തു പോവുമ്പോള്‍ നേിടുന്ന ഏറ്ററ്വും വലിയ ദുരിതം എന്തെന്നു ചോദിച്ചാല്‍ എന്‍െറ ഉത്തരം മ...

Posted by Sunitha Devadas on 15 March 2016


അന്നുതന്നെ മാധ്യമ പ്രവർത്തക അനുപമയും പൊതുയിടങ്ങളിലെ ശുചിമുറികളെക്കുറിച്ച് പോസ്റ്റിട്ടിരുന്നു. സുനിത ദേവദാസിന്റെയും അനുപമയുടെയും പോസ്റ്റുകൾ വലിയ ചർച്ച ആകുകയും തോമസ് ഐസക് ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.

എല്ലാ ആഴ്ചയും കോഴിക്കോട്ടേക്ക് നെമ്മാറയിൽ
നിന്ന് ആദ്യം പ്രൈവറ്റ് ബസിലും കണക്ഷനായി കെഎസ്ആ൪ടിസിയിലും യാത്ര ചെയ്തിരുന്ന വ്...

Posted by Anupama Venkitesh on 15 March 2016


ഈ പോസ്റ്റുകൾക്കുള്ള പ്രതികരണമെന്ന നിലയിലാണ് എൽഡിഎഫിന്റെ പ്രകടന പത്രികയിൽ വിഷയം ഉൾപ്പെടുത്തുമെന്ന് പിണറായി വിജയൻ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയത്.

സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകളുടെ / പൊതുജനങ്ങളുടെ ടോയിലറ്റ് പ്രശ്നം സജീവമായി ചർച്ച ചെയ്യുന്നത് സഖാക്കൾ ശ്രദ്ധയിൽ പെടുത്തി. നിരവധി അഭിപ്രായ പ്രകടനങ്ങളും നിർദേശങ്ങളും കണ്ടു.


നിലവിൽ നമ്മുടെ നാട്ടിൽ പൊതു ടോയിലറ്റുകളുടെ അവസ്ഥയും എണ്ണവും ദയനീയമാണ്. വളരെ ഗൌരവമായി പരിഗണിക്കപ്പെടേണ്ട വിഷയമാണിത്.

പൊതുസ്ഥലത്തെ ടോയിലേറ്റ് വിഷയം മാത്രമല്ല, കേരളത്തിലെ മിക്ക കോളേജുകളിലും സ്കൂളുകളിലും ഇതൊരു പ്രധാന പ്രശ്നമായി ഉണ്ട്. മുതിർന്ന കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളും സ്ത്രീസൗഹൃദമാകണം. ശുചിയായ ടോയിലറ്റുകൾ, നാപ്കിൻ വെൻഡിംഗ് മെഷീനുകൾ, വിശ്രമ കേന്ദ്രങ്ങൾ, സ്വയം പ്രതിരോധത്തിനുള്ള പരിശീലനങ്ങൾ, ആരോഗ്യ പരിപാലന സൗകര്യങ്ങൾ എന്നിവ വിദ്യാലയങ്ങളിൽ ഉറപ്പാക്കണം.
ഇതാണ് പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. 


സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകളുടെ / പൊതുജനങ്ങളുടെ ടോയിലറ്റ് പ്രശ്നം സജീവമായി ചർച്ച ചെയ്യുന്നത് സഖാക്കൾ ശ്രദ്ധയിൽ പെടുത്തി...

Posted by Pinarayi Vijayan on 16 March 2016


ബജറ്റിന് മുന്നോടിയായും പൊതുവിടങ്ങളിലെ ശുചിമുറി വീണ്ടും സൈബറിടങ്ങളിൽ ചർച്ചയായിരുന്നു. ബജറ്റിൽ ശുചിമുറികൾ അനുവദിക്കുന്നത് സംബന്ധിച്ച് ധനമന്ത്രിയെ ഓർമ്മിപ്പിക്കുന്ന പോസ്റ്റുകളാണ് വീണ്ടും വിഷയം ചർച്ചയാക്കിയത്.

ഓ൪മ്മപ്പെടുത്തുന്നു വീണ്ടും
(1)പൊതുസ്ഥലങ്ങളിലെ ശൌചാലയം എന്നത് പൌരനു കിട്ടേണ്ട സൌജന്യമല്ല, അവന്റെ അവകാശമാണ്.മനുഷ്യാവകാശമാ...

Posted by Anupama Venkitesh on 27 June 2016


ബജറ്റ് തയ്യാറാക്കുന്ന ധനകാര്യ വകുപ്പ് മന്ത്രിക്ക് കേരളത്തിലെ സ്ത്രീകൾ സമർപ്പിക്കുന്ന നിവേദനം എന്ന ഫെയ്സ്ബുക്കിൽ പോസ്റ്റിൽ മാധ്യമ പ്രവർത്തക അനുപമ മോഹൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ബജറ്റ് തയ്യാറാക്കുന്ന ധനകാര്യമന്ത്രിക്ക് മുന്നില്‍ കേരളത്തിലെ പെണ്‍കുഞ്ഞുങ്ങളും സഹോദരിമാരും അമ്മമാരും വലതുകയ്യിലെ കുഞ്ഞുവിരല്‍ ഉയര്‍ത്തിപ്പിടിച്ചു നല്‍ക്കുകയാണ്. ഞങ്ങളോട് കാലങ്ങളായി കാണിച്ചുകൊണ്ടിരിക്കുന്ന അനീതി അങ്ങ് മറക്കരുത് എന്ന് ഓര്‍മ്മിപ്പിക്കുകയാണ്.

പ്രിയപ്പെട്ട ധനകാര്യമന്ത്രിക്ക് ഒരു നിവേദനം..

വിഴിഞ്ഞം ഐബിയില്‍ ബജറ്റ് തയ്യാറാക്കുന്ന തിരക്കിലാണ് ശ്രീ. തോമസ് ഐസക്ക്...

Posted by Anupama Mohan on 27 June 2016


പൊതുവിടങ്ങളിൽ ശുചിമുറികൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടും കഴിഞ്ഞ സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടും ഇടതുപക്ഷ അക്കാദമിക് സൈബർ മാഗസിൻ ആയ ബോധികോമൺസിൽ വന്ന റിപ്പോർട്ടും തോമസ് ഐസക്കിന്റെ ബജറ്റ് നിർദ്ദേശത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൂചന.

സൈബറിടങ്ങളിലെ ആവശ്യങ്ങളോട് ഭരണകൂടം ഇത്ര അനുഭാവപൂർവ്വം പ്രതികരിക്കുന്നത് ആദ്യമാകും. പൊതുവിടങ്ങളിലെ ശുചിമുറികളെക്കുറിച്ചുള്ള പ്രചരണം തുടങ്ങിയതിന് തൊട്ട് പിന്നാലെ തന്നെ പിണറായി വിജയനും തോമസ് ഐസക്കും വിഷയത്തിൽ ഇടപെട്ട് വലിയ സമ്മർദ്ദത്തിന്റെ തുടർച്ചയായി തീരുമാനമെടുത്തു എന്ന വാദത്തിനുള്ള സാധ്യത ഇല്ലാതാക്കി. ക്രിയാത്മകമായി ഇടപെടുന്ന ഒരു സമൂഹത്തിന് യോജിച്ച സർക്കാർ എന്ന പ്രതീതി ഉണ്ടാക്കുന്നതും ഇത് കാരണമായി.

നവമാധ്യമങ്ങളിലെ ഇടപെടൽ സ്വാധീനം ചെലുത്തിയ ബജറ്റ് എന്ന പ്രത്യേകതയും ധനമന്ത്രി ഇന്നവതരിപ്പിച്ച ബജറ്റിനുണ്ടാകും.

Read More >>