കിസ്മത്തിനെ കൂവി തോല്‍പ്പിക്കാനാവില്ല

വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തിയ കിസ്മത്ത് എന്ന കൊച്ചു ചിത്രത്തെ ചിലര്‍ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി.

കിസ്മത്തിനെ കൂവി തോല്‍പ്പിക്കാനാവില്ല

കൊച്ചി: വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തിയ കിസ്മത്ത് എന്ന കൊച്ചു ചിത്രത്തെ ചിലര്‍  കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി.

പ്രശസ്ത മിമിക്ക്രി ആര്‍ട്ടിസ്റ്റ് അബിയുടെ മകന്‍ ഷെയിന്‍ നിഗവും മോഡലും അഭിനേത്രിയുമായ ശ്രുതി മേനോനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. 22കാരനായ മുസ്ലീം യുവാവും 28കാരിയായ ദളിത് യുവതിയും തമ്മിലുള്ള പ്രണയകഥ പ്രമേയമാക്കിയ ചിത്രം പൊന്നാനിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്.


സംവിധായകന്‍ രാജീവ് രവി നിര്‍മ്മിച്ച് ലാല്‍ ജോസ് വിതരണം ചെയ്യുന്ന ചിത്രം മികച്ച അഭിപ്രായത്തോടെ മുന്നേറുന്നതിനിടെയാണ് ബോധപൂര്‍വം ചിത്രത്തെ പരാജയപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന പരാതിയുമായി സംവിധായകന്‍ രംഗത്ത് വന്നിരിക്കുന്നത്.

കോഴിക്കോട് കോറണേഷനും എറണാകുളം പത്മയും അടക്കമുള്ള തീയറ്ററുകളില്‍ ചിത്രം തുടങ്ങിയപ്പോള്‍ തന്നെ ഒരു വിഭാഗം കൂവലുമായി രംഗത്ത് വന്നുവെന്ന് സംവിധായകന്‍ പറഞ്ഞു. ഈ തീയറ്ററുകളില്‍ നിന്ന് ചിത്രം കണ്ടിറങ്ങിയവര്‍ തന്നെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ചിത്രത്തിന്‍റെ ടൈറ്റില്‍ കാര്‍ഡ് കാണിക്കുമ്പോള്‍ മുതല്‍ കൂവല്‍ തുടങ്ങിയതായി ചിത്രം കണ്ടിറങ്ങിയവര്‍ പറഞ്ഞതായും ഇവര്‍ പറഞ്ഞു.

ചിത്രത്തിന് നേരെ ചിലര്‍ ഇത്തരം ആക്രമണങ്ങള്‍ ചിലയിടത്ത് ഉണ്ടാവുന്നുണ്ട് എങ്കിലും കേരളത്തിലെ ഒട്ടുമിക്ക തീയറ്ററുകളിലും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആളെ കയറ്റി കൂവിച്ചത് കൊണ്ട് മാത്രം നല്ല ഒരു ചിത്രത്തെ പരാജയപ്പെടുത്താന്‍ സാധിക്കുകയില്ലയെന്ന്‍ മലയാളി പ്രേക്ഷകര്‍ തെളിയിക്കുകയാണ്.