നര്‍സിംഗ് യാദവിന്റെ ഭക്ഷണത്തില്‍ ഉത്തേജകം കലര്‍ത്തി എന്ന് സംശയിക്കപ്പെടുന്നയാളെ തിരിച്ചറിഞ്ഞു : നര്‍സിംഗിന് പകരം പ്രവീണ്‍ റാണ ഒളിമ്പിക്സില്‍ മത്സരിക്കും

ഒരു പ്രമുഖ അന്താരാഷ്ട്ര ഗുസ്തി താരത്തിന്റെ സഹോദരനും, ജൂനിയര്‍ 65 കിലോ ഗ്രാം വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുമുള്ള ഒരു 17കാരനാണ് നര്‍സിംഗിനെ കുടുക്കിയതെന്ന് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

നര്‍സിംഗ് യാദവിന്റെ ഭക്ഷണത്തില്‍ ഉത്തേജകം കലര്‍ത്തി എന്ന് സംശയിക്കപ്പെടുന്നയാളെ തിരിച്ചറിഞ്ഞു : നര്‍സിംഗിന് പകരം പ്രവീണ്‍ റാണ ഒളിമ്പിക്സില്‍ മത്സരിക്കും

ഡല്‍ഹി:ഗുസ്തി താരം നര്‍സിംഗ് യാദവിന്റെ ഭക്ഷണത്തില്‍ ഉത്തേജകം കലര്‍ത്തി എന്ന് സംശയിക്കപ്പെടുന്നയാളെ തിരിച്ചറിഞ്ഞെന്ന് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ.

ലാസ് വേഗസിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയാണ്‌ നര്‍സിംഗ് യാദവ് ഒളിമ്പിക് യോഗ്യത നേടിയത്. ഈ വര്‍ഷം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നര്‍സിംഗ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യാണ് കണ്ടെത്തിയത്. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നടത്തിയ പരിശോധനയില്‍ നര്‍സിംഗിന്റെ രണ്ടു സാമ്പിളുകളും പോസിറ്റീവാണെന്നു തെളിയുകയായിരുന്നു. എന്നാല്‍, താന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തി ആരോ തന്നെ കുടുക്കുകയായിരുന്നുവെന്നുമാണ് നര്‍സിംഗിന്റെ വിശദീകരണം. ഇതോടനുബന്ധിച്ച് നര്‍സിംഗ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.


നര്‍സിംഗ് പറയുന്നത് ശരിയാണെന്നും അദ്ദേഹത്തിന്റെ ഭക്ഷണത്തില്‍ ഉത്തേജകം കലര്‍ത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞതായും റെസ്ലിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിംഗ്  മാധ്യമങ്ങളോട് വ്യക്തമാക്കി. ഒരു പ്രമുഖ അന്താരാഷ്ട്ര ഗുസ്തി താരത്തിന്റെ സഹോദരനും, ജൂനിയര്‍ 65 കിലോ ഗ്രാം വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുമുള്ള ഒരു 17കാരനാണ് നര്‍സിംഗിനെ കുടുക്കിയതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നര്‍സിംഗ് ഇന്ത്യന്‍ ടീമിനൊപ്പം ബള്‍ഗേറിയയിലേക്ക് പോയ സമയത്ത് കെഡി ജാദവ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ നര്‍സിങിന്റെ റൂമിന് പരിസരത്ത് ഇയാള്‍ ചുറ്റിതിരിയുന്നത് കണ്ടവരുണ്ടെന്നും, നര്‍സിംഗിന്റെ റൂമിന്റെ താക്കോല്‍ ഇയാള്‍ ഹോസ്റ്റല്‍ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹിയിലെ ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി വരുന്ന ഈ ഗുസ്തി താരം ഇടയ്ക്ക് സോനാപ്പേട്ടിലെ സായി സെന്ററിലും സന്ദര്‍ശനം നടത്താറുണ്ടെന്നും വാര്‍ത്തകളുണ്ട്. സംഭവത്തില്‍ പോലീസ് എഫ് ഐ ആര്‍ രെജിസ്റ്റെര്‍ ചെയ്തുകഴിഞ്ഞു.

അതേസമയം, റെസ്ലിംഗ് ഫെഡറേഷന്‍റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നര്‍സിംഗിന്‍റെ ഒളിമ്പിക് യോഗ്യത റദ്ദാക്കിയ വിഷയം പുന:പരിശോധനക്ക് വിധേയമാക്കില്ല എന്നാണു ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ നിലപാട്. നര്‍സിംഗിന് പകരം പ്രവീണ്‍ റാണ റിയോ ഒളിമ്പിക്സില്‍ 74 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കും എന്ന് അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

Read More >>