യൂറോ കപ്പ് ക്വാര്‍ട്ടര്‍: ഷൂട്ടൗട്ടില്‍ പോളിഷ് കണ്ണീര്‍, പറങ്കികള്‍ സെമിയിലേക്ക്

കളി തുടങ്ങിയ രണ്ടാം മിനിറ്റില്‍ തന്നെ ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയിലൂടെ പോളണ്ട് മുന്നിലെത്തി. മിഡ് ഫീല്‍ഡര്‍ കാമില്‍ ഗ്രോസിക്കിയുടെ സഹായത്തോടെയായിരുന്നു ക്യാപ്റ്റന്റെ ഗോള്‍ പിറന്നത്. എന്നാല്‍ 33-ആം മിനിറ്റില്‍ മിഡ് ഫീല്‍ഡര്‍ റെനാറ്റോ സാഞ്ചസിലൂടെ പോര്‍ച്ചുഗല്‍ തിരിച്ചടിച്ചു. സ്ട്രൈക്കര്‍ നാനിയുടെ സഹായത്തോടെയായിരുന്നു ആ ഗോള്‍. പിന്നീട് രണ്ടാം പകുതിയിലും അധികസമയത്തും ഒന്നും ഇരുടീമുകളുടെയും വല കുലുങ്ങിയില്ല. ഇതോടെ ഷൂട്ടൗട്ടിലേക്ക്.

യൂറോ കപ്പ് ക്വാര്‍ട്ടര്‍: ഷൂട്ടൗട്ടില്‍ പോളിഷ് കണ്ണീര്‍, പറങ്കികള്‍ സെമിയിലേക്ക്

പോര്‍ച്ചുഗലും പോളണ്ടും തമ്മില്‍ ഏറ്റുമുട്ടിയ യൂറോ കപ്പ് ആദ്യ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടില്‍ വിധിയെഴുത്ത്. നിശ്ചിത സമയത്തും അധികസമയത്തും 1-1 എന്ന നിലയില്‍ സമനില പാലിച്ചതിനെ തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ 3-5നായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ജയിച്ചത്.

കളി തുടങ്ങിയ രണ്ടാം മിനിറ്റില്‍ തന്നെ ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയിലൂടെ പോളണ്ട് മുന്നിലെത്തി. മിഡ് ഫീല്‍ഡര്‍ കാമില്‍ ഗ്രോസിക്കിയുടെ സഹായത്തോടെയായിരുന്നു ക്യാപ്റ്റന്റെ ഗോള്‍ പിറന്നത്. എന്നാല്‍ 33-ആം മിനിറ്റില്‍ മിഡ് ഫീല്‍ഡര്‍ റെനാറ്റോ സാഞ്ചസിലൂടെ പോര്‍ച്ചുഗല്‍ തിരിച്ചടിച്ചു. സ്ട്രൈക്കര്‍ നാനിയുടെ സഹായത്തോടെയായിരുന്നു ആ ഗോള്‍. പിന്നീട് രണ്ടാം പകുതിയിലും അധികസമയത്തും ഒന്നും ഇരുടീമുകളുടെയും വല കുലുങ്ങിയില്ല. ഇതോടെ ഷൂട്ടൗട്ടിലേക്ക്.

ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് എടുക്കാന്‍ എത്തിയത് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നു. മെസിക്ക് പറ്റിയ പിഴവും കണ്ണീരും യൂറോപ്പ്യന്‍ സൂപ്പര്‍ താരത്തിനും ആവര്‍ത്തിക്കുമോയെന്ന് ഒരു നിമിഷം ഗാലറി ചിന്തിച്ചെങ്കിലും ഒന്നിനും ഇടം നല്‍കാതെ പന്ത് പോളിഷ് ഗോളി ലൂക്കാസ് ഫാബിയാന്‍സ്‌കിയെയും കബളിപ്പിച്ച് വലയില്‍. പോളണ്ടിന് വേണ്ടി ആദ്യം കിക്കെടുത്തത് ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയായിരുന്നു. പിഴവില്ലാതെ ബയേണ്‍ ഫോര്‍വേഡ് കൂടിയായ പോളിഷ് ക്യാപ്റ്റന്‍ പറങ്കികളുടെ വലയുടെ മൂലയ്ക്ക് പന്ത് തുളച്ചു കയറ്റി. പിന്നീട് കിക്കെടുത്ത പോര്‍ച്ചുഗല്‍ താരങ്ങളായ റെനാറ്റോ സാഞ്ചസ്, ജാവോ മൗട്ടിന്യോ, നാനി എന്നിവര്‍ പോളിഷ് വലയും കുലുക്കി. പോളണ്ടിന്റെ സ്ട്രൈക്കര്‍ അര്‍ക്കേഡിയസ് മിലിക്ക്, പ്രതിരോധ താരം കാമില്‍ ഗ്ലിക്ക് എന്നിവര്‍ തിരിച്ച് പോര്‍ച്ചുഗലിന്റെ വലയിലേക്ക് പന്ത് എത്തിച്ചെങ്കിലും നാലാം കിക്ക് എടുക്കാനെത്തിയ മിഡ് ഫീല്‍ഡര്‍ യാക്കൂബ് ബ്ലാവിസ്‌കോവ്സ്‌ക്കിക്ക് പിഴച്ചു. പോസ്റ്റ് ലക്ഷ്യമിട്ട് ഗോളിയുടെ ഇടതുഭാഗത്തേക്ക് ഉയര്‍ത്തിയടിച്ച പന്ത് പോര്‍ച്ചുഗല്‍ ഗോളി റൂയി പട്രീഷ്യോ ഉയര്‍ന്നുപൊങ്ങി പുറത്തേക്ക് തള്ളിയിട്ടു. ഇതോടെ പോളണ്ട് താരങ്ങളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. കിക്കെടുത്ത ബ്ലാവിസ്‌കോവ്സി മുഖം പൊത്തി ആകാശത്തേക്ക് നോക്കിനിന്നു. ഇതിനിടെ അഞ്ചാം കിക്കെടുത്ത റിക്കാര്‍ഡോ ക്വാറെസ്മ പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ പറങ്കികള്‍ സെമിയിലേക്ക്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ക്വാറെസ്മ പോര്‍ച്ചുഗലിനെ വിജയവഴിയിലേക്ക് നയിച്ചു.

4-4-2 എന്ന ലൈനപ്പിലായാരുന്നു പോര്‍ച്ചുഗലിനെ കോച്ച് ആദം നവാല്‍ക്ക ടീമിനെ കളത്തിലിറക്കിയത്. പോളണ്ടും ഈ ലൈനപ്പില്‍ തന്നെയായിരുന്നു. 52 ശതമാനം പൊസഷനോടെ 649 പാസുകള്‍ പരസ്പരം നല്‍കിയ പോളണ്ട് ആയിരുന്നു ഫീല്‍ഡില്‍ നിറഞ്ഞുനിന്നത്. ഇതേസമയം 575 പാസുകള്‍ കൈമാറാനേ പറങ്കികള്‍ക്ക് കഴിഞ്ഞുള്ളൂ. അഞ്ചു തവണ പോസ്റ്റിലേക്ക് ഇരുടീമുകളും പന്ത് പായിച്ചെങ്കിലും ഓരോ തവണ മാത്രമാണ് ലക്ഷ്യം കാണാനായത്. ഇരുടീമുകളും മൂന്നു വീതം മഞ്ഞക്കാര്‍ഡുകളും കളിക്കിടെ കണ്ടു. ഒടുവില്‍ അന്തിമജയം പോര്‍ച്ചുഗലിനൊപ്പം നിന്നു. യൂറോ കപ്പിന്റെ അവസാന നാലു ടീമുകളിലൊന്നായി പോര്‍ച്ചുഗല്‍ ഇനി സെമിയിലേക്ക്.