ചാരിറ്റിയുടെ രാഷ്ട്രീയം രൂപപ്പെടുത്തിയ ആഖ്യാനങ്ങൾ

ജനാധിപത്യത്തോടുള്ള ഒരു ബ്യൂറോക്രാറ്റിന്റെ പുച്ഛം ഭരത്ചന്ദ്രൻ ഐപിഎസ് മോഡലിൽ പുറത്തു ചാടുന്നത് ഒരു രോഗ ലക്ഷണമാണ്. എം കെ രാഘവൻ 'മോശം' രാഷ്ട്രിയക്കാരനും കളക്ടർ പ്രശാന്ത് 'നല്ല ' ഉദ്യോഗസ്ഥനുമാവാം (അല്ലെങ്കിൽ തിരിച്ചും). വ്യക്തിപരമായ നന്മ തിന്മകൾ തുടങ്ങിയ ആപേക്ഷികതകൾ ഭരണ നിർവഹണ പ്രക്രിയയിൽ ഒരു പരിധിക്കപ്പുറം പ്രസക്തമേ അല്ല. സാബ്ലു തോമസ് എഴുതുന്നു.

ചാരിറ്റിയുടെ രാഷ്ട്രീയം രൂപപ്പെടുത്തിയ ആഖ്യാനങ്ങൾ

സാബ്ലു തോമസ്

എം കെ രാഘവൻ എംപിയും കോഴിക്കോട് കളക്റ്റർ എൻ പ്രശാന്തും പ്രധാന കഥാപാത്രങ്ങളായി വരുന്ന ആഖ്യാനങ്ങൾ നമ്മുടെ ലിബറൽ ജനാധിപത്യത്തിന്റെ ആന്തരിക വൈരുദ്ധ്യം തുറന്നു കാട്ടുന്നു. ഇവിടെ പ്രത്യേകം പറയട്ടെ. ആ തർക്കത്തിലേക്ക് നയിച്ച സംഭവ വികാസങ്ങൾ അല്ല, അതിനെ കുറിച്ചുള്ള ആഖ്യാനങ്ങളിലാണ് എന്റെ കൗതുകം. ഓരോരുത്തരുടെയും നിലപാടുകൾ അനുസരിച്ചു നായകനും പ്രതിനായകനും മാറി മാറി വരുന്ന ഒരു രീതിയിലാണ് ഈ ആഖ്യാനങ്ങൾ വികസിക്കുന്നത്. ഭരണ നിർവഹണത്തിന്റെ സാമൂഹിക ഉള്ളടക്കം മാറ്റി വ്യക്തി കേന്ദ്രികൃതമായ വായനകൾ മാത്രമായി ചുരുക്കുന്ന വർത്തമാന സാഹചര്യങ്ങളാണ് ഇത്തരം ഒരു ആഖ്യാനം സാധ്യമാക്കുന്നത്.


സ്‌റ്റേറ്റിന്റെ ഉത്തരവാദിത്വങ്ങളെ വെറും ചാരിറ്റിയുടെ എക്‌സ്‌റ്റെൻഷനായി ചുരുക്കുന്നതാണ് വർത്തമാന കാലത്തെ വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയത്തിന്റെ കാതൽ. ഉമ്മൻ ചാണ്ടി ജനസമ്പർക്കപരിപാടി വഴിയൊക്കെ മുന്നോട്ട് വെക്കുന്ന ഫിലോസഫി ഇതു തന്നെയാണ്. എല്ലാ സേവനങ്ങളും 'ഭരണാധികാരി' കാരുണ്യവാനായ രക്ഷകർത്താവിനെ പോലെ മുകളിൽ നിന്നും താഴോട്ട് 'വിതരണം' ചെയ്യുന്ന കാരുണ്യം മാത്രമാണ് എന്ന ബോധത്തിൽ നിന്നാണ് ഇത് ഉണ്ടാവുന്നത്. രാജ സദസിൽ എത്തി രാജാവിനെ നേരിട്ട് മുഖം കാട്ടുന്നവർക്ക് തന്റെ ഇഷ്ടാനുസരണം അനുവദിക്കുന്ന കൈനീട്ടം പോലെയുള്ള ഇടപെടൽ ജനാധിപത്യത്തിന്റെതല്ല. സേവന മേഖലയെന്നത് ഒരു ചാരിറ്റിയല്ലെന്നും അത് സ്‌റ്റേറ്റിന്റെ ഭരണഘടനപരമായ ഒബ്ലിഗേഷനാണ് എന്നും കരുതുന്നവർക്ക് അത്ഭുത രോഗ ശാന്തിയോ, മറ്റും പോലുള്ള 'വിശുദ്ധ ഇടപെടലിനെ' കുറിച്ചുള്ള വാചാടോപം ഒരു കുളിരും നൽകാനിടയില്ല. ഭരണ നിർവഹണം ചാരിറ്റിയല്ല. അത് വ്യക്തി കേന്ദ്രീകൃതമായ ഒരു ഇടപെടലുമല്ല.

എം പി ഫണ്ടിൽനിന്നും റോഡു പണിക്ക് കോടി രൂപ അനുവദിച്ച എം പി ക്ക് അഭിവാദനങ്ങൾ അർപ്പിക്കുന്ന ഫ്‌ളക്‌സുകൾ എല്ലാം അത്തരം ഒരു കാരുണ്യത്തിന്റെ രാഷ്ട്രീയം ഉത്‌ഘോഷിക്കുന്നുണ്ട്. അത് കണ്ടാൽ തോന്നുക മറ്റാരുടെയോ ചുമതല തന്റെ കാരുണ്യം കൊണ്ടു സ്വന്തം പോക്കറ്റിൽ നിന്നും ചെലവഴിച്ച് എം പി നിർവഹിച്ചു എന്നു തന്നെയാണ്.

കുളം കുഴിക്കൽ, റോഡ് നിർമാണം, സാമൂഹികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഭക്ഷണം ഉറപ്പാക്കൽ തുടങ്ങി ഭരണകൂടങ്ങളുടെ ഉത്തരവാദിത്വങ്ങൾ ശ്രമദാനം പോലുള്ള സന്നദ്ധ പ്രവർത്തനം മാത്രമായി ചുരുക്കുന്ന ചില ബ്യൂറോക്രാറ്റിക്ക് ഇടപെടലും അക്ഷരാത്ഥത്തിൽ ലെജിറ്റിമൈസ് ചെയ്യുന്നത് ഇത്തരം ഒരു ചാരിറ്റിയുടെ രാഷ്ട്രീയത്തെയാണ്. എം കെ രാഘവൻ 'മോശം' രാഷ്ട്രിയക്കാരനും കളക്ടർ പ്രശാന്ത് 'നല്ല ' ഉദ്യോഗസ്ഥനുമാവാം (അല്ലെങ്കിൽ തിരിച്ചും). വ്യക്തിപരമായ നന്മ തിന്മകൾ തുടങ്ങിയ ആപേക്ഷികതകൾ ഭരണ നിർവഹണ പ്രക്രിയയിൽ ഒരു പരിധിക്കപ്പുറം പ്രസക്തമേ അല്ല.

എം പി ഫണ്ടിൽ നിന്നും പണം ചെലവിട്ട് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കോൺട്രാക്ടർമാർക്ക് ബിൽ പാസാക്കി തുക നൽകുന്നതിന് മുൻപ് ജില്ലാ കലക്ടർ പരിശോധന നടത്തണം എന്ന് നിയമത്തിലെ വ്യവസ്ഥ മറികടക്കാൻ എം പി ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് ചോദ്യം ചെയ്യേണ്ടതുമാണ്. അതിലൊന്നും തർക്കമില്ല. എന്നാൽ ജനാധിപത്യത്തോടുള്ള ഒരു ബ്യുറോക്രാറ്റിന്റെ പുച്ഛം ഭരത്ചന്ദ്രൻ ഐപിഎസ് മോഡലിൽ പുറത്തു ചാടുന്നത് ഒരു രോഗ ലക്ഷണമാണ്. അത് കാണുമ്പോൾ 'ബ്യുറോക്രാറ്റുകളുടെ സാഹസങ്ങൾ' നമ്മളെ രക്ഷിക്കും എന്ന് കരുതുന്നവരുടെ പൊതുബോധം കൈയ്യടിക്കുന്നത് കാണുമ്പോൾ എനിക്ക് ചില ആശങ്കകൾ ഉണ്ട്.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഉത്തരവാദിത്വങ്ങളിൽ നിന്നും സ്‌റ്റേറ്റ് പിൻവാങ്ങുകയും അവ കാരുണ്യവാൻമാരായ ഏതാനം വ്യക്തികളുടെ ദയാപൂർവമായ ഇടപെടലാക്കുകയും ചെയ്യുമ്പോഴാണ് ചാരിറ്റിയുണ്ടാവുന്നത്. 1986 ലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി രാജീവ് ഗാന്ധിയുടെ കീഴിലുള്ള സർക്കാർ നടപ്പാക്കിയ സാമ്പത്തിക നയം, സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നൽകുക, ആരോഗ്യം പരിപാലനം ഉറപ്പു വരുത്തുക, എന്ന ഉത്തരവാദിത്വത്തിൽ നിന്നുള്ള ഭരണകൂടത്തിന്റെ ചുവടുമാറ്റത്തിനു കാരണമായി. സ്വാശ്രയമായ ഒരു വിദ്യാഭ്യാസ പദ്ധതിയുടെ രൂപപ്പെടൽ, 'അൺ ഇക്കണോമിക്' എന്ന മാനദണ്ഡമുപയോഗിച്ച് സർക്കാർ/ എയിഡഡ് വിദ്യാലയങ്ങൾ
അടച്ചുപൂട്ടുന്ന സാഹചര്യം എന്നിവയൊക്കെ അതിന്റെ അനന്തരഫലമായിരുന്നു. ഇവയൊക്കെ കൂടെ രൂപപ്പെടുത്തിയ എക്സ്ക്ലൂഷന്റെ പുതിയ ഇടങ്ങൾ സൃഷ്ടിച്ച വിവേചനങ്ങളുടെ പുതിയ തുറസ്സുകൾ ഇപ്പോൾ ചർച്ചയിൽ വന്നിട്ടുണ്ട്.

കാരുണ്യവാന്മാരുടെ ഇടപെടലുകൾ മോശമാണ് എന്നല്ല പറയുന്നത്. വ്യക്തിപരമായ ഇത്തരം ഇടപെടലുകൾക്ക് പരിമിതിയുണ്ട് എന്ന് മാത്രമാണ്. അതിന് എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങളെ പൂർത്തികരിക്കാനാവില്ല. അപ്പോൾ സ്‌റ്റേറ്റിന്റെ പിൻവാങ്ങൽ ഒഴിച്ചിടുന്ന ശൂന്യതയിൽ പിന്നെ ആരാണ് കടന്നു വരുന്നത്? മൂലധന താല്പര്യങ്ങൾ. ഇത്തരം താല്പര്യങ്ങളെ തടഞ്ഞു നിർത്താൻ വ്യക്തിപരമായ തലത്തിലുള്ള കാരുണ്യവാന്മാർക്കാവില്ല. ചാരിറ്റിയുടെ രാഷ്ട്രിയം സേവന മേഖലയിൽ നിന്നുള്ള സ്‌റ്റേറ്റിന്റെ പിൻമാറ്റത്തിന്റെ കൂടി രാഷ്ട്രീയമാണ്. ഇത്തരം വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയമാണ് പുതിയ മിശിഹാകളെ തേടുന്നുത്.

ഒരു മിശിഹായും വന്നു നിങ്ങളെ രക്ഷിക്കുകയില്ലെന്നും അതിനു സാമൂഹിക ഉള്ളടക്കമുള്ള ഇടപെടലുകൾ തന്നെ വേണം എന്നുമുള്ള തിരിച്ചറിവുള്ളതു കൊണ്ടാണ് ഇത്തരം മൂപ്പിളമതർക്കത്തിൽ വലിയ താല്പര്യം തോന്നാത്തത്. ജനാധിപത്യത്തെക്കാൾ ബ്യുറോക്രാറ്റിക് ഇടപെടലുകളിൽ വിശ്വാസമുള്ളവരോട് ഒരു വാക്ക്. ജനാധിപത്യത്തിന്റെ സാധ്യത അത് തെറ്റു തിരുത്താൻ നിങ്ങൾക്ക് രണ്ടാമതും മൂന്നാമതും ഒക്കെ അവസരങ്ങൾ തരുന്നുണ്ട് എന്നുള്ളതാണ്. എന്നാൽ ബ്യൂറോക്രാറ്റിക് ഹൈറാർക്കിയിൻ കീഴിലുള്ള ഭരണത്തിൽ ആദ്യത്തെ അവസരം തന്നെയാവാം നിങ്ങളുടെ അവസാനത്തെ അവസരം. അത് തിരിച്ചറിയാൻ ഏതെങ്കിലും പട്ടാള ഭരണം നിലനിന്നിരുന്ന രാജ്യങ്ങളുടെ ചരിത്രം പഠിച്ചാൽ മതിയാവും.