വീഴ്ച പറ്റിയെന്ന് പോലീസ് ഉദ്യോഗസ്ഥന്റെ കുറ്റ സമ്മതം

സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് കോഴിക്കോട് ടൌണ്‍ പോലീസ് സ്റ്റേഷനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു

വീഴ്ച പറ്റിയെന്ന് പോലീസ് ഉദ്യോഗസ്ഥന്റെ കുറ്റ സമ്മതം

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസ് പരിഗണിക്കുന്ന ജുഡീഷ്യല്‍ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അതിക്രമിച്ചുകയറി എന്നാരോപിച്ച് ക്യാമറമാന്മാര്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് കോഴിക്കോട് ടൌണ്‍ പോലീസ് സ്റ്റേഷനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ബിനുരാജ് അടക്കം നാല് പേരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്നും ഇത് സംബന്ധിച്ച കാര്യങ്ങള്‍ ബിനു രാജിന് മുന്നില്‍ വിശദീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.


പോലീസ് കസ്റ്റഡിയില്‍ നിന്ന് പുറത്തു വന്ന ബിനു രാജ്, പോലീസിന്റെ അമിതാവേശം കാരണമാണ് പ്രശ്നങ്ങള്‍ ഉണ്ടായത് എന്നും കോഴിക്കോട്ടൌണ്‍ എസ്ഐക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.


നേരത്തെ, കോടതി റിപ്പോര്‍ട്ടിംഗിനായി എത്തിയ മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഹൈക്കോടതി ഉത്തരവുണ്ടെന്നായിരുന്നു ആദ്യ വിശദീകരണം. എന്നാല്‍ പിന്നീട് ജില്ലാ ജഡ്ജ് വ്യക്തിപരമായി വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നായിരുന്നു ടൗണ്‍ എസ്‌ഐ  പറഞ്ഞത്. പക്ഷെ ഇത്തരമൊരു ഉത്തരവുള്ളതായി പോലീസോ കോടതിയോ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നില്ല.