പരിസ്ഥിതി പ്രവര്‍ത്തകന്‍ വിനോദിന്റേത് അപകട മരണമാണെന്ന് പോലീസ്‌

സുഹൃത്തിനൊപ്പം കാറിലാണ് വിനോദ് എരിപുരത്തെ ടയര്‍ കടയ്ക്ക് മുന്നിലെത്തിയത്. സുഹൃത്ത് കാറില്‍ നിന്നിറങ്ങി ടയര്‍ കടയ്ക്കുള്ളിലേക്ക് പോയി. പിന്നാലെ കാറില്‍ നിന്നിറങ്ങിയ വിനോദ് അബദ്ധത്തില്‍ ഓടയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

പരിസ്ഥിതി പ്രവര്‍ത്തകന്‍ വിനോദിന്റേത് അപകട മരണമാണെന്ന് പോലീസ്‌

കണ്ണൂർ: പഴയങ്ങാടിയില്‍ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ തോട്ടത്തില്‍ വിനോദിന്റേത് അപകട മരണമെന്ന് പോലീസ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിനോദിനെ കാണാതായത്. അന്നേ ദിവസം വിനോദ് ഓടയിലേക്ക് വീഴുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സമീപത്തെ ടയര്‍ കടയിലെ സി സി ടി വിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞതെന്ന് പോലീസ് പറയുന്നു.

സുഹൃത്തിനൊപ്പം കാറിലാണ് വിനോദ് എരിപുരത്തെ ടയര്‍ കടയ്ക്ക് മുന്നിലെത്തിയത്. സുഹൃത്ത് കാറില്‍ നിന്നിറങ്ങി ടയര്‍ കടയ്ക്കുള്ളിലേക്ക് പോയി. പിന്നാലെ കാറില്‍ നിന്നിറങ്ങിയ വിനോദ് അബദ്ധത്തില്‍ ഓടയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കടയില്‍ നിന്നു പുറത്തിറങ്ങിയ സുഹൃത്ത് വിനോദിനെ കാണാതിരുന്നതിനെ തുടര്‍ന്ന്  മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും ഫോണ്‍ വീട്ടിലായിരുന്നു. ഇതേതുടര്‍ന്ന് വിനോദിനെ കാണാനില്ലെന്ന് വീട്ടുകാരും സുഹൃത്തുക്കളും സ്ഥിരീകരിക്കുകയായിരുന്നു.  വ്യാഴാഴ്ച പുലര്‍ച്ചെയാണ് വഴിയാത്രക്കാര്‍ ഓടയില്‍ വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുന്നനങ്ങാട് വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.


ജീവിതത്തിലുടനീളം പുരോഗമനാശയങ്ങള്‍  സൂക്ഷിച്ച വ്യക്തിയായിരുന്നു വിനോദ്. സെലിബ്രിറ്റി പൊതുപ്രവര്‍ത്തനമോ സമര ശൈലിയോ സ്വീകരിക്കാതിരുന്ന വിനോദ് ഭൂമി കയ്യേറ്റമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശക്തമായ പോരാട്ടങ്ങള്‍ നടത്തി. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പതിവായി കവിതകളും കഥകളും എഴുതാറുണ്ടായിരുന്നു. മാവോയിസ്‌റ് ബന്ധം ആരോപിച്ച് മുന്‍പ് പോലീസ് വിനോദിനെ ചോദ്യം ചെയ്യുകയും വീട് പരിശോധിക്കുകയും ചെയ്തത് വിവാദമായിരുന്നു.

സമീപകാലത്ത് പഴയങ്ങാടിയില്‍ പൊതു വാട്ടര്‍ടാങ്ക് തകര്‍ത്തുകൊണ്ട് റിസോര്‍ട്ട് മാഫിയ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിനോദ് നിയമപോരാട്ടത്തില്‍ ഏര്‍പ്പെടുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിനോദിനെതിരെ വധഭീഷണി ഉയരുകയും പോസ്റ്ററുകള്‍ പതിപ്പിക്കുകയും ഉണ്ടായി. രണ്ടു തവണ തനിക്ക് വധഭീഷണി ഉണ്ടെന്നു കാട്ടി വിനോദ് പോലീസില്‍ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പോലീസ് കാര്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. വിനോദിന്റെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുകയും കൊലപാതകമാണെന്ന സംശയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എസ് ബി ടി ജീവനക്കാരന്‍ കൂടിയായ വിനോദിന്റെ മരണത്തിലെ ദുരൂഹത നീങ്ങിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ വ്യക്തത വരുമെന്നുമുള്ള നിലപാടിലാണ് പോലീസ്.

രാഷ്ട്രീയവ്യവസ്ഥയ്ക്കും കൊള്ളക്കും എതിരായി  എഴുതുകയും പോരാടുകയും ചെയ്ത വിനോദ് മികച്ച ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു. വിനോദിന്റെ മരണത്തോടെ ഒരു നീണ്ട പോരാട്ടത്തിനുകൂടിയാണ് അവസാനമാകുന്നത്.

Read More >>