ജോണ്‍ ബ്രിട്ടാസിന്റെ അനന്തിരവൾ ഓടിച്ച വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു; കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് ശ്രമം

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ടി വി എം ഡിയുമായ ജോണ്‍ ബ്രിട്ടാസിന്റെ അനന്തിരവൾ ഓടിച്ച വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസ് നീക്കം.

ജോണ്‍ ബ്രിട്ടാസിന്റെ അനന്തിരവൾ ഓടിച്ച വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു;  കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് ശ്രമം

കണ്ണൂർ: മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവും കൈരളി ടി വി എം ഡിയുമായ ജോണ്‍ ബ്രിട്ടാസിന്റെ അനന്തിരവൾ ഓടിച്ച വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസ് നീക്കം. കഴിഞ്ഞ ബുധനാഴ്ചയാണ് ജോണ്‍ ബ്രിട്ടാസിന്റെ സഹോദരീപുത്രി സ്റ്റെല്‍ന ജോസ് ഓടിച്ച വാഹനം വഴിയാത്രക്കാരനായ ഇരിട്ടി പായം മുക്കിലെ കണ്ണമ്പള്ളി പൗലോസിനെ ഇടിച്ച് തെറുപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പൗലോസ് കഴിഞ്ഞ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെടുകയായിരുന്നു.


ജോണ്‍ ബ്രിട്ടാസിന്റെ സഹോദരീപുത്രി കാക്കയങ്ങാട് പാലായിലെ സ്റ്റെല്‍ന, കുടുംബാംഗത്തെ ബംഗളൂരുവിലേക്ക് ബസ് കയറ്റിവിടാനായി പോകവേ രാത്രി ഒമ്പതുമണിയോടെ പയഞ്ചേരി മുക്കില്‍ വച്ചാണ് പൗലോസിനെ ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പൗലോസിനെ ശ്രദ്ധിക്കുകപോലും ചെയ്യാതെ സ്റ്റെല്‍ന ഇരിട്ടിയിലേക്ക് ഡ്രൈവിങ് തുടരുകയായിരുന്നു. തുടര്‍ന്ന് ഇരിട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും കുടുംബാംഗത്തെ ബെംഗളുരുവിലേക്ക് ബസ് കയറ്റിയതിനു ശേഷമാണ് വിവരം പോലീസില്‍ അറിയിക്കുന്നത്. ഇരിട്ടി പോലീസിനോട് താന്‍ ഒരാളെ ഇടിച്ചിട്ടുണ്ട് എന്ന് വ്യക്തമായി സ്റ്റെല്‍ന പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. തുടര്‍ന്നാണ് പോലീസ് ആംബുലന്‍സുമായി അപകട സ്ഥലത്തെത്തുകയും പൗലോസിനെ ഇരിട്ടിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുന്നത്. ഒരു മണിക്കൂറോളം കനത്തമഴയില്‍ രക്തം വാര്‍ന്നു കിടന്ന പൗലോസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

പോലീസ് സ്റ്റേഷനിലേക്ക് ലഭിച്ച ഫോണ്‍ സന്ദേശത്തെ കുറ്റസമ്മതമൊഴിയായി എടുത്ത് കേസ് രെജിസ്റ്റര്‍ ചെയ്യാമെന്നിരിക്കെ ഉന്നത ബന്ധമുള്ള പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പൊലീസിന് വിവരം ലഭിച്ചെങ്കിലും പൗലോസിന്റെ മരണശേഷം മാത്രമാണ് അപകടമുണ്ടാക്കിയ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. സംഭവ ദിവസം ഉണ്ടായ കനത്ത മഴയുടെ മറവില്‍, കാര്‍ കഴുകി വൃത്തിയാക്കിയ ശേഷമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നും ആരോപണമുണ്ട്. ദൃക്സാക്ഷികള്‍ ഇല്ലാത്ത വാഹനാപകടക്കേസില്‍ കാറിലെ രക്തക്കറയുള്‍പ്പെടെയുള്ള ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. ബന്ധുക്കള്‍ ആരുമില്ലാത്ത ഒറ്റമുറിയില്‍ കഴിയുന്ന അനാഥനാണ് കൊല്ലപ്പെട്ട പൗലോസ് എന്നതും പൊലീസിന് കേസ് അട്ടിമറിക്കാന്‍ സഹായകമാകുന്നു.

കേസിന്റെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ച നാട്ടുകാരോട് സ്റ്റെല്‍നയെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് സ്റ്റേഷനില്‍ നിന്നും മറുപടി ലഭിച്ചതത്രേ. സംഭവത്തെക്കുറിച്ച് പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു കേസിലെ പ്രതിയെക്കുറിച്ചുള്‍പ്പെടെ കൃത്യമായ വിവരവും ലഭിക്കുന്നില്ല. വാഹനമോടിച്ചിരുന്ന സ്റ്റെല്‍നയെ മാറ്റി മറ്റൊരാളെ പ്രതിയായി കാട്ടാനുള്ള സാധ്യത പോലും ഉണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികളോ മാധ്യമങ്ങളോ സംഭവം ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നിയമപോരാട്ടം നടത്താനുള്ള നീക്കത്തിലാണ് ഒരുകൂട്ടം പ്രദേശവാസികള്‍.

Read More >>