റഷ്യ പോളണ്ടിനോട് കാണിച്ച ക്രൂരതകൾ

സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ സോവിയറ്റ് യൂണിയൻ പോളണ്ടിനോട് കാണിച്ച ക്രൂരതകൾ വേണ്ടവിധം മനസ്സിലാക്കുന്നതിൽ അധികം പേർ വിജയിച്ചിട്ടില്ല എന്ന പരാതിയാണ് ഭൂരിപക്ഷം പോളണ്ടുകാർക്കുമുള്ളത്. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ പോളിഷുകാർക്കെതിരെ പോളണ്ടിലും ചുറ്റുമുള്ള മറ്റ് കമ്മ്യൂണിസ്റ്റ് നാടുകളിലും നടന്ന ജനവിരുദ്ധ പ്രവർത്തനങ്ങളിൽ ചിലവയെ പോളിഷ് ജനതയുടെ കണ്ണിലൂടെ കണ്ട് നോക്കാം. നിവാസ് എഴുതുന്നു.

റഷ്യ പോളണ്ടിനോട് കാണിച്ച ക്രൂരതകൾ

നിവാസ് ബാബു സെൽവരാജ്

പോളണ്ടിലെ കമ്മ്യൂണിസ്റ്റ് വാഴ്ച്ചക്കാലത്തെ കുറിച്ച് ഒരു ചർച്ച നടത്തിയാൽ പൊതുവേ വരുന്ന അഭിപ്രായങ്ങൾ ബൈനറി ആണെന്ന് കാണാം. കറുപ്പും വെളുപ്പും മാത്രമടങ്ങിയ ചിത്രങ്ങൾ കമ്മ്യൂണിസ്റ്റ് വിരുദ്ധരോ അനുകൂലരോ ആയവരിൽ നിന്നും ലഭിച്ചേക്കാം. യാഥാർത്ഥ്യം അതിനിടയിലെവിടെയോ നരച്ച് മറഞ്ഞ് കിടക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മതിയാകും. പോളണ്ടിലെ ജീവിത കാലത്തിനിടക്ക് കണ്ടുമുട്ടിയ പൊതുജനങ്ങളുമായുള്ള ഇടപെടലുകളിൽ നിന്നും, അവരുടെ മുൻ തലമുറകളിൽ നിന്നും അവർക്ക് പകർന്ന് നൽകപ്പെട്ട അറിവുകളിൽ നിന്നും ഒക്കെ ലഭിച്ച ആ നരച്ച ചിത്രത്തിൽ നിന്നും പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണ കാലത്തെ മനസ്സിലാക്കാനുള്ള ശ്രമമാണു ഈ കുറിപ്പ്.


polandറോട്ടുണ്ട- സോവിയറ്റ് ജർമ്മൻ ഉടമ്പടി പ്രകാരം നാസികൾ പിടിച്ചെടുത്ത സാമോഷ് നഗരത്തിൽ അതിനെ എതിർത്ത് പോരാടി നാസികളാൽ കൊല്ലപ്പെട്ട എണ്ണായിരത്തോളം പേരുടെ ഭൗതീക അവശിഷ്ടങ്ങൾ സംസ്‌കരിക്കപ്പെട്ട മണ്ണ്


എന്റെ സുഹൃത്ത് മാത്യൂസിന്റെ അഭിപ്രായത്തിൽ ഭൂമിശാസ്ത്രപരമായി ചെകുത്താനും കടലിനും (ജർമ്മനിക്കും, റഷ്യക്കും) ഇടയിൽ പെട്ട ഒരു രാജ്യമായിരുന്നു ഭൂതകാല പോളണ്ട്, അതാണു അവരുടെ ഏറ്റവും വലിയ ശാപവും. ഒരു പരിധിവരെ പോളിഷ് പൊതുബോധത്തിന്റെ ചിന്തയും ഈ അഭിപ്രായത്തിനോട് ചേർന്ന് പോകുന്നതാണു. ഇതിൽ ജർമ്മനി പോളിഷ് ജനതയോട് ചെയ്ത ക്രൂരതകൾ വളരെ വ്യക്തമായി ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്, അവയൊക്കെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്, ലോക ചരിത്രം പഠിക്കുന്ന ഏതൊരു സ്‌കൂൾ വിദ്യാർത്ഥിക്ക് പോലും നാസി ജർമ്മനിയുടെ ക്രൂരതകളെക്കുറിച്ചും കോൺസന്റ്രേഷൻ ക്യാമ്പുകളെക്കുറിച്ചും, ഗൊസ്താപ്പോകളെക്കുറിച്ചും ഒക്കെ കേട്ടറിവെങ്കിലും കാണും. പക്ഷെ സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ സോവിയറ്റ് യൂണിയൻ പോളണ്ടിനോട് കാണിച്ച ക്രൂരതകൾ വേണ്ടവിധം മനസ്സിലാക്കുന്നതിൽ അന്യദേശക്കാർ, അധികം പേർ വിജയിച്ചിട്ടില്ല എന്ന പരാതിയും മാത്യൂസിനുണ്ട്. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ പോളിഷുകാർക്കെതിരെ പോളണ്ടിലും ചുറ്റുമുള്ള മറ്റ് കമ്മ്യൂണിസ്റ്റ് നാടുകളിലും നടന്ന ജനവിരുദ്ധ പ്രവർത്തനങ്ങളിൽ ചിലവയെ പോളിഷ് ജനതയുടെ കണ്ണിലൂടെ കണ്ട് നോക്കാം.

പോളിഷ് ഓപ്പറേഷൻ

സോവിയറ്റ് യൂണിയന്റെ കുപ്രസിദ്ധ രഹസ്യപോലീസ് സംവിധാനമായിരുന്ന എൻ.കെ.വി.ഡി എന്ന സംഘത്തെ ഉപയോഗിച്ച് 1937-38 കാലയളവിൽ ഗ്രേറ്റ് പർജ്ജിൽ ഉൾപ്പെടുത്തി റഷ്യ നടത്തിയ ഗൂഡാലോചനയും കൊലകളും ആരെയും നടുക്കുംവിധം ക്രൂരമാണു. ഈ ഓപ്പറേഷനിൽ മോസ്‌ക്കോയിലും മറ്റ് സോവിയറ്റ് നഗരങ്ങളിലും, സാറ്റലൈറ്റ് രാജ്യങ്ങളിലുമായി ഒന്നരലക്ഷത്തിൽ പരം പോളിഷ് വംശജരെ അറസ്റ്റ് ചെയ്യുകയും അതിൽ ഒരുലക്ഷത്തിൽ പരം പേരെ നിർദ്ധാക്ഷിണ്യം കൊന്നൊടുക്കുകയുമായിരുന്നു. ബാക്കിയുള്ളവരെ ലേബർ ക്യാമ്പിലേക്കയച്ചു, അവിടെ വെച്ച് മതിയായ ഭക്ഷണമില്ലാതെയും, അതികഠിനാദ്ധ്വാനത്തിനു നിർബന്ധിക്കപ്പെട്ടും ഒക്കെ എല്ലാവരും പതിയെ ഇല്ലാതായി (ഡ്രൈ ഗില്ലറ്റിൻ എന്നറിയപ്പെട്ടിരുന്ന മെല്ലെക്കൊല). ഇതുവഴി സോവിയറ്റ് യൂണിയന്റെ ചരിത്രത്തിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ നടന്ന വംശഹത്യയായി (ഇതിൽ പല ചരിത്രകാരന്മാർക്കും ഭിന്നാഭിപ്രായങ്ങളുണ്ട്) പോളിഷ് ഓപ്പറേഷൻ അറിയപ്പെടുന്നു. സോവിയറ്റ് യൂണിയനെതിരെ പ്രവർത്തിക്കുന്നവർ എന്ന് കരുതപ്പെട്ട പോളിഷ് ചാരന്മാരിൽ തുടങ്ങി പോളിഷുകാരെന്ന് സംശയിക്കുന്നവരെയും എന്തിനു പോളിഷ് പേരുകാരായവരെപ്പോലും തിരഞുപിടിച്ച് അറസ്റ്റ് ചെയ്തു എന്നാണു പറയപ്പെടുന്നത്.

ഇതിനോടനുബന്ധിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ഭാര്യമാരെ കസാക്കിസ്ഥാനിലേക്കും റഷ്യയുടെ മറ്റ് കിഴക്കൻ പ്രദേശങ്ങളിലേക്കും നാടുകടത്തുകയും അവരുടെ കുട്ടികളെ അനാഥാലയങ്ങളിലേക്കേറ്റെടുത്ത് റഷ്യക്കാരാക്കി ഗവണ്മെന്റ് വളർത്തുകയും ചെയ്തു. തടവിലാക്കപ്പെട്ടവരുടെ സ്വത്ത് വകകൾ മുച്ചൂടും കണ്ടെടുത്ത് അവരുടെ മാതാപിതാക്കളെ തെരുവിലേക്കിറക്കി. പോളിഷ് ഓപ്പറേഷൻ മൂലം മൊത്തം ഒരു ലക്ഷത്തി നാൽപ്പതിനായിരം പേർ തടങ്കലിലാക്കപ്പെട്ടു അവരുമായി രക്തബന്ധമുള്ളവരെ ഒക്കെ തെരുവിലിറക്കുക കൂടി ചെയ്തത് കൊണ്ട് ഉദ്ധേശം രണ്ട് ലക്ഷത്തിൽ പരം പേർ ചരിത്രത്തിൽ നിന്നും തുടച്ച് നീക്കപ്പെട്ടു എന്നാണു അനുമാനിക്കപ്പെടുന്നത്. പോളിഷ് ഓപ്പറേഷനിലൂടെ ഉക്രൈനിൽ ഉണ്ടായിരുന്ന പോളിഷ് വംശജരിൽ 30% പേർ കൊല്ലപ്പെട്ടു, ബെലാറസ്സിലെ മുച്ചൂടും പോളിഷ് ജനത തുടച്ച് നീക്കപ്പെട്ടു. സോവിയറ്റ് റഷ്യയുടെ നേതൃത്ത്വത്തിൽ പിന്നീട് പല ദശകങ്ങളോളം പല വിധം വിവേചനത്തിനും ക്രൂരതകൾക്കും പോളിഷ് ജനത വിധേയരായി.
മൊളോടോവ്- റിബ്ബണ്ട്രോപ് പാക്റ്റ്

poland_11939ൽ സോവ്യറ്റ് റഷ്യ തടവുകാരായി പിടിച്ച പോളണ്ടുകാരെ പാർപ്പിച്ചിരുന്ന സൈബീരിയയിലേത് ഉൾപ്പെടെയുള്ള തടവറകൾ കാണിക്കുന്ന മാപ്പ്.

മൊളോടോവ്-റിബ്ബണ്ട്രോപ് പാക്റ്റ് എന്നറിയപ്പെട്ടിരുന്നതും പരസ്പരം തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളെ അക്രമിക്കില്ലെന്നും, പോളണ്ട്, ഫിൻലാന്റ്, ലിത്വാനിയ എസ്‌തോണിയ റൊമേനിയ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പങ്ക് വെച്ച് കൊണ്ടും ഉള്ള ഒരു രഹസ്യ കരാർനാസി ജർമ്മനിയും- സോവിയറ്റ് യൂണിയനും തമ്മിൽ1939 ആഗസ്റ്റ് 24ൽ ഒപ്പ് വെക്കപ്പെട്ടു(സോവിയറ്റ് യൂണിയൻ ഇതിനെ നിഷേധിച്ചിരുന്നു എങ്കിലും 1989ൽ ഇങ്ങനെയൊരു കരാർ ഉണ്ടായിരുന്നതായി അംഗീകരിച്ചു). ഈ പാക്റ്റിന്റെ ഏറ്റവും തിക്ത ഫലം അനുഭവിച്ചത് പോളണ്ട് ആയിരുന്നു, റഷ്യയുടെയും ജർമ്മനിയുടേയും സൈന്യങ്ങളുടെ ക്രൂരതക്ക് പോളിഷ് ജനത തുടർച്ചയായി ഇരയാക്കപ്പെട്ടു. സ്റ്റാലിന്റെ ഭരണകാലത്ത് സോവിയറ്റ് യൂണിയനിൽ ഗ്രേറ്റ് പർജ്ജുമായി ബന്ധപ്പെട്ട് നടന്ന കൂട്ടക്കൊലകളിലും, സൈബീരിയൻ ജയിലുകളിലേക്കുള്ള നാട് കടത്തലുകളിലും ഒക്കെയായി രണ്ട് ലക്ഷത്തിൽ പരം പോളിഷ് രാഷ്ട്രീയ- കലാ- സാഹിത്യവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ വേരോടെ പിഴുത് മാറ്റുകയുണ്ടായി. ഗവണ്മെന്റിനെതിരെയുള്ള പ്രതിവിപ്ലവങ്ങൾക്ക് നേതൃത്വം കൊടുത്തേക്കാം പങ്കെടുത്തേക്കാം എന്ന് സംശയമുള്ള എല്ലാവരെയും അറസ്റ്റ് ചെയ്ത് സൈബീരിയയിലെ കൊടും തണുപ്പ് പ്രദേശങ്ങളിലെ ജയിലുകളിലേക്ക് നാടുകടത്തി.

1939 സെപ്റ്റംബർ 1നു ജർമ്മനി പടിഞാറ് നിന്നും പോളണ്ടിനെ ആക്രമിക്കുകയും പല ഭാഗങ്ങളും കീഴ്‌പ്പെടുത്തുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മുപ്പതോളം പട്ടണങ്ങളെ പിടിച്ചെടുത്ത നാസികൾ അവിടങ്ങളിലെ ജ്യൂതരെയും പോളിഷ് ചെറുത്ത് നിൽപ്പുകാരെയും കൊന്നൊടുക്കി. വാർസോയെ രക്ഷിക്കാനായി പോളിഷ് സൈന്യം മികച്ച ചെറുത്ത് നിൽപ്പ് നടത്തുന്നതിനിടയ്ക്കാണു നേരത്തേ പറഞ രഹസ്യ ഉടമ്പടിപ്രകാരം സെപ്റ്റംബർ 16നു സോവിയറ്റ് യൂണിയൻ കിഴക്കു നിന്നും പോളണ്ടിനെ ആക്രമിക്കുന്നത്. വലിയ ചെറുത്ത് നിൽപ്പുകൾ ഒന്നും റഷ്യൻ സേനയ്ക്ക് നേരിടേണ്ടി വന്നില്ല തുടർച്ചയായ പിടിച്ചെടുക്കലും വിട്ട് കൊടുക്കലും നാടകത്തിലൂടെ ജർമ്മനിയും സോവിയറ്റ് റഷ്യയും ചേർന്ന് അക്കാലയളവിൽ തടവിലാക്കിയ അഭ്യസ്ഥവിദ്യരായ ആളുകളുടെ എണ്ണം മൂന്ന് ലക്ഷത്തിനും മുകളിലായാണു കണക്കാക്കപ്പെട്ടിരിക്കുന്നത് (ഒരു ദശലക്ഷത്തോളം വരും എന്ന വാദങ്ങളും ഉണ്ട്). ജർമ്മൻ എയർ ഫോർസിനെ മിൻസ്‌കിലെ റഷ്യൻ റേഡിയോ നിലയം സഹായിക്കുക പോലും ചെയ്തു എന്ന് കേൾക്കുമ്പോൾ അന്നത്തെ പാവം പോളിഷ് ജനതയുടെ അവസ്ഥ ശരിക്കും ചെകുത്താനും കടലിനുമിടയ്ക്കാണു എന്ന് നമുക്ക് കാണാം. റഷ്യൻ സൈന്യത്തിന്റെ തടവിലായ ലക്ഷങ്ങളിൽ പരം ആളുകളെ ചോദ്യം ചെയ്യലിലൂടെയും പീഡിപ്പിക്കലിലൂടെയും ഭാവിയിലെ പാവ ഗവണ്മെന്റിനെ ചോദ്യം ചെയ്‌തേക്കാം എന്ന് തോന്നുന്ന മിലിട്ടറി ഓഫീസർമാരെയും പത്രപ്രവർത്തകർ, ഡോക്ടർമാർ, എഞ്ചിനിയർമാർ യൂണിവേർസിറ്റി പ്രഫസർമ്മാർ ഉൾപ്പെടെ ഇരുപത്തി ഏഴായിരത്തിൽ പരം ആളുകളെ കട്ടിൻ കാട്ടിലേക്കെത്തിച്ച് കശാപ്പ് ചെയ്യുകയും ചെയ്തു, അതാണു കട്ടിൻ കൂട്ടക്കൊല എന്നപേരിൽ കുപ്രസിദ്ധിയാർജ്ജിച്ചത്.

കട്ടിൻ കൂട്ടക്കൊല

കൊല്ലപ്പെട്ടവരുടെ എണ്ണം വെച്ച് ഇതിലും വലിയ കൂട്ടക്കൊലകൾ പോളണ്ടിൽ തന്നെയും നടന്നിട്ടുണ്ട് എങ്കിലും ഒരു പക്ഷെ യൂറോപ്യൻ വൻ കരയിൽ ഒട്ടാകെ നടന്ന കൂട്ടക്കൊലകളിൽ ഏറ്റവും പ്ലാൻഡ് ആയി ശത്രുവിനുമേൽ ആരോപിക്കപ്പെട്ടതും, പല ദശകങ്ങളോളം മറയ്ക്കപ്പെട്ടതും, ഒരു ജനതയുടെ കാവൽക്കാരായിരുന്ന മിലിട്ടറി ഓഫീസർമാരിൽ ഭൂരിഭാഗത്തേയും ഒരേ സ്ഥലത്തെത്തിച്ച് കൊന്നൊടുക്കുകയുംചെയ്ത ക്രൂരതയുടെ കഥയാണു കട്ടിൻ കാടുകൾക്ക് പറയാനുള്ളത് അത് എന്താണെന്ന് നോക്കാം.

നാസി ജർമ്മനിയും സോവിയറ്റ് യൂണിയനുമായുള്ള കരാർപ്രകാരം അവർ പോളണ്ടിനെ വീതം വെച്ച് എടുത്തു. സെപ്റ്റംബർ 17നു പോളണ്ട് ആക്രമിച്ച റഷ്യൻ സേനയുടെ പിടിയിലായ നാലു ലക്ഷത്തിൽ പരം സൈനികരെ തടവുകാരാക്കി, അവരിൽ ഉക്രൈനിൽ-ബെലാറസിൽ നിന്നുള്ളവരെ വിട്ടയക്കുകയും, ഒന്നേകാൽ ലക്ഷത്തോളം പേരെ റഷ്യൻ രഹസ്യപോലീസിനു വിട്ട് കൊടുക്കുകയും ചെയ്തു. ജർമ്മൻ അധീന പോളണ്ടിന്റെ ഭാഗമായിരുന്ന നാല്പതിനായിരം പോളിഷ് സൈനികരെ ജർമ്മനിക്ക് തടവുകാരായിക്കൊടുത്ത് പകരം ജർമ്മൻ പിടിയിലായിരുന്ന പന്ത്രണ്ടായിരത്തോളം പോളിഷ് സൈനികരെ റഷ്യ തടവുകാരായി ഏറ്റ് വാങ്ങി. പിന്നീട് തടവുകാരായ എല്ലാ സൈനീകരെയും ചോദ്യം ചെയ്യാനെന്ന മറവിൽ തരം തിരിച്ചു. സോവിയറ്റ് നയങ്ങളെ അനുകൂലിക്കുന്നവരെ തങ്ങൾക്കൊപ്പം ചേർക്കുകയും, പലരെയും ബ്രയിൻ വാഷിലൂടെ സോവിയറ്റ് നയങ്ങളെ അംഗീകരിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു. അത്യുത്സാഹമായി നടന്ന ഈ തരംതിരിക്കൽ ചോദ്യം ചെയ്യൽ പീഡനങ്ങൾക്ക് ശേഷം അവരിൽ ഭാവിയിൽ സോവിയറ്റ് റഷ്യക്ക് ഭീഷണിയായേക്കാം എന്ന് കരുതുന്ന എല്ലാവരെയും കൊന്നൊടുക്കാൻ തീരുമാനിക്കുകയുമായിരുന്നു.

സുശക്തമായ സോവിയറ്റ് യൂണിയനു എതിരെ പ്രതിവിപ്ലവം നടത്താൻ സാദ്ധ്യതയുള്ള ഒരു ജനതയായി ആണു സ്റ്റാലിൻ എന്നും പോളിഷ് ജനതയെ കണ്ടിരുന്നത്. അത് കൊണ്ട് തന്നെ ഭാവിയിൽ തങ്ങളുടെ വരുതിയിൽ രൂപപ്പെടാവുന്ന പോളണ്ട് ഒരിക്കലും ഒരു ആഭ്യന്തരയുദ്ധത്തിൽ തങ്ങൾക്ക് ഭീഷണിയാവരുത് എന്ന് അദ്ധേഹത്തിനും രഹസ്യപോലീസിലെ മറ്റ് ഉന്നതർക്കും നിർബന്ധമുണ്ടായിരുന്നു. അതിൽ നിന്നും അവർ രൂപപ്പെടുത്തിയ പോളിഷ് ഓപ്പറേഷനിലൂടെ പോളിഷ് ഇന്റലിജൻഷ്യയിലെ ഭൂരിഭാഗത്തെയും തങ്ങളുടെ വരുതിയിലാക്കാനോ, നാടുകടത്താനോ അല്ലെങ്കിൽ കൊന്നു കളയാൻ തന്നെയോ തീരുമാനമുണ്ടായി. അതിനോടനുബന്ധിച്ച് നടന്ന ക്രൂരതകളിൽ ഒന്നായിരുന്നു തങ്ങളെ എതിർക്കാൻ സാദ്ധ്യതയുള്ള മിലിട്ടറി ഓഫീസർമാരെ ഒന്നടങ്കം കൊന്ന് കളയുക എന്ന ദൗത്യം. ഓഫീസർമാരില്ലെങ്കിൽ നാഥനില്ലാ കളരിയായി മാറുന്ന ബാക്കി സൈനികരെ എളുപ്പം നിയന്ത്രിക്കാം എന്നൊരു ചിന്തയും ഇതിനു പിറകിൽ ഉണ്ടായിരിക്കാം എന്ന് പോളിഷ് ജനത വിശ്വസിക്കുന്നു.

1940 മാർച്ച് 5നു റഷ്യൻ പോളിറ്റ് ബ്യൂറോ ഇരുപത്തി അയ്യായിരത്തില്പരം വരുന്ന പോളിഷ് ദേശീയവാദികളെയും, പ്രതിവിപ്ലവകാരികളെയും വധിക്കാനുള്ള തീരുമാനത്തിൽ ഒപ്പ് വെച്ചു അവരിൽ ഭൂരിഭാഗത്തെയും കൊന്നത് കട്ടിൻ കാട്ടിൽ വെച്ചായിരുന്നു. മൊത്തം 22000 ആളുകളെയാണു കട്ടിൻ കാടുകളിലേക്കെത്തിച്ച് കൊന്നത്. ഏപ്രിൽ മാസത്തിലെ28 നാളുകളിലായി നടന്നെന്ന് പറയപ്പെടുന്ന ഈ കൂട്ടക്കൊലയിൽ മുപ്പതോളം രഹസ്യപോലീസുകാർ പങ്കെടുത്തു. യുദ്ധത്തടവുകാരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചുറപ്പ് വരുത്താനും, കൊല നടത്തുന്ന ബങ്കറുകളിലേക്ക് അവരെ നയിക്കാനും കൊലക്ക് ശേഷംശവശരീരങ്ങളെ ട്രക്കുകളിലൂടെ കുഴിച്ചിടാനുള്ള ട്രഞ്ചുകളിലേക്കെത്തിക്കാനുമായി അവർ നിയോഗിക്കപ്പെട്ടു. അതിൽ ഏഴായിരത്തോളം പേരെ കൊലപ്പെടുത്തിയത് ഒരൊറ്റ നരാധമനായിരുന്നുവത്രേ, റഷ്യൻ രഹസ്യപോലീസിന്റെ വധശിക്ഷാ വിഭാഗത്തെ നയിച്ചിരുന്ന വാസിൽ മിഖായോവിച്ച് ബ്വോക്കിൻ എന്ന നരാധമൻ. ഈ ഒരൊറ്റ സംഭവം കൊണ്ട് ഇങ്ങേർ കുപ്രസിദ്ധിയാർജ്ജിച്ചു, സ്റ്റാലിന്റെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനായി വർത്തിച്ച മിഖായേലിനു വിധി കാത്ത് വെച്ചതും മറ്റൊന്നായിരുന്നില്ല, സ്റ്റാലിന്റെ മരണ ശേഷം വിചാരണത്തടവുകാരനായി പിടിക്കപ്പെട്ട മിഖായേൽ ആത്മഹത്യ ചെയ്തു എന്നാണു രേഖകൾ പറയുന്നത്.കാട്ടിനിലെ ഈ നരനായാട്ടിൽ പോളിഷ് മിലിറ്ററിയിലെ പകുതിയിലധികം ഓഫീസർമാരെ ഒറ്റ സ്ഥലത്ത് വെച്ച് കൊന്ന് തള്ളി. പിന്നീട് ലോകത്തിനു മുന്നിൽ ഈ പ്രവൃത്തി നാസി ജർമ്മനിയുടെ തലയ്ക്ക് കെട്ടിവെക്കാനുള്ള ശ്രമത്തിൽ ഒരു പരിധിവരെ സോവിയറ്റ് യൂണിയൻ വിജയിച്ചു എങ്കിലും പോളിഷ് ജനത സംശയാലുക്കളായിത്തന്നെ തുടർന്നു 1989ൽ ഔദ്യോഗികമായി തന്നെ കട്ടിൻ കൂട്ടക്കൊലയെ പറ്റിയ വിശദാംശങ്ങൾ പുറത്ത് വന്നപ്പോൾ അവരുടെ സംശയം സാധൂകരിക്കപ്പെട്ടു.

പക്ഷെ കട്ടിൻ കാടുകൾ പോളണ്ടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വീണ്ടുമൊരു കറുത്ത അദ്ധ്യായം എഴുതിച്ചേർത്തു. കട്ടിൻ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവർക്ക് അഞ്ജലിയർപ്പിക്കാനായി പോളിഷ് പ്രസിഡണ്ടും ഉന്നത സൈനിക ഉദ്യോഗസ്ഥരും 18 പാർലമെന്റ് അംഗങ്ങളും ഉൾപ്പെടെ 96 പേർ സഞ്ചരിച്ച എയർഫോർസ് വിമാനം സ്‌മൊളാങ്ക്‌സ് സൈനീക വിമാനത്താവളത്തിനു സമീപം 2010 ഏപ്രിൽ 10നു തകർന്ന് വീഴുകയായിരുന്നു, അങ്ങനെ പോളണ്ടിന്റെ ചരിത്രത്തിൽ മറ്റൊരു കറുത്ത ഏപ്രിൽ കൂടി കട്ടിൻ എഴുതിച്ചേർത്തു.

രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള പോളണ്ട്

അമേരിക്ക ഉൾപ്പെട്ട സഖ്യശക്തികളുടെ രണ്ടാം ലോകയുദ്ധ വിജയത്തിനു ശേഷം പോളണ്ട് സാമൂഹ്യപരമായും, രാജ്യാതിർത്തിയുടെകാര്യത്തിലും പുനക്രമീകരിക്കപ്പെട്ടു. കിഴക്കൻ ജർമ്മനിയുടെ ഭാഗമായിരുന്ന വ്രോസ്ലാ നഗരവും, സിലേഷ്യൻ ഭാഗങ്ങളും പോളിഷ് അതിർത്തിക്കുള്ളിൽ പെട്ടു. പോളണ്ടിൽ ഉണ്ടായിരുന്ന ഉക്രേനിയൻ, ബെലാറസ് വംശജരെ കിഴക്കോട്ട് മാറ്റിത്താമസിപ്പിച്ചു. മറ്റ് സോവ്യറ്റ് നിയന്ത്രിത സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ ഉണ്ടായിരുന്ന പോളണ്ടിലേക്ക് പുനരധിവസിപ്പിക്കുകയും ചെയ്തു. അങ്ങനെ പതിനൊന്നാം നൂറ്റാണ്ടിൽ രൂപീകൃതമായതിനു ശേഷം ചരിത്രത്തിൽ ആദ്യമായി പോളണ്ട് എന്ന ഭൂപ്രകൃതിയിൽ പോളിഷ് വംശജർ മാത്രമുള്ള മറ്റ് ന്യൂനപക്ഷങ്ങൾ ഇല്ലാത്ത ഒരു നില നിലവിൽ വന്നു (വെംകോവ്‌സ് ഇംഗ്ലീഷിൽ ലെംകോവ്‌സ് എന്ന ഓർത്തഡോക്‌സ് വിശ്വാസികൾ ഒഴികെ).

സോവിയറ്റ് റഷ്യയുടെ നിയന്ത്രണത്തിൽ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് പോളണ്ടിൽ നിലവിൽ വന്നു. പിന്നീട് രണ്ട് ദശകത്തിലധികം ഭൗതീക സൗകര്യങ്ങൾ മെച്ചപ്പെട്ട ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിലേക്ക് ജനങ്ങൾ കഠിനാദ്ധ്വാനം ചെയ്തു. പോളണ്ടിൽ വ്യാവസായിക ശാലകളും, മറ്റ് തൊഴിൽ കേന്ദ്രങ്ങളും നിറഞു. ജനങ്ങൾക്ക് എല്ലാവർക്കും തൊഴിൽ ലഭിച്ചു, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ നിലവാരം ഉയർന്നു. എല്ലാം ഗവണ്മെന്റിന്റെ മേൽ നോട്ടത്തിൽ മാത്രമായിരുന്നു നടത്തപ്പെട്ടിരുന്നത്. സ്റ്റാലിന്റെ മരണശേഷം സോവിയറ്റിന്റെ ഉരുക്കുമുഷ്ടിയിൽ വന്ന അയവ് പോളണ്ടിൽ ശരിക്കും കാണപ്പെട്ടു. ഈ കാലയളവിലും വ്യാപകമായ മനുഷ്യാവകാശലംഘനങ്ങളും, ഗവണ്മെന്റിനു വിരുദ്ധർ എന്ന് കാണപ്പെട്ട പൊതുജനങ്ങളെ, ഗോമുൽക്ക ഉൾപ്പെടെയുള്ള മുൻ പാർട്ടി നേതാക്കളെ ഒക്കെവലതുപക്ഷ ചായ് വിന്റെയും ദേശീയ വാദത്തിന്റെയും പേരിൽ തുറുങ്കിലടക്കുന്ന സ്ഥിതിവിശേഷങ്ങൾ ഒരു ഭാഗത്ത് തുടർന്നു.

കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനു ഏറ്റവും വലിയ തലവേദന സൃഷ്ടിച്ചത് കാത്തലിക് മതപുരോഹിതരും, വിശ്വാസികളുമായിരുന്നു. എഴുപതുകൾക്കൊടുക്കം വന്ന സാമ്പത്തിക ഞെരുക്കം പോളണ്ടിനെ പടിഞാറൻ രാജ്യങ്ങളിൽ നിന്നും കടം മേടിക്കേണ്ട അവസ്ഥയിലേക്കെത്തിച്ചു, മതസ്വാതന്ത്ര്യം നൽകാം എന്ന ഉറപ്പിന്മേൽ കൂടിയാണു വായ്പകൾ നൽകപ്പെട്ടത്. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയായി തിരഞെടുക്കപ്പെട്ടതോടെ പോളണ്ടിൽ മതവിശ്വാസികൾക്കിടയിൽ ഒരു പുത്തനുണർവ്വുണ്ടാവുകയും അവർ ഗവണ്മെന്റിനെതിരെ സംഘടിതരാവാൻ മാത്രം ധൈര്യശാലികളാകുകയും ചെയ്തു. അങ്ങനെ സ്റ്റാലിന്റെ മുൻ കരുതൽ ശരിവെയ്ക്കും വിധത്തിൽ പോളിഷ് ജനത സോവിയറ്റ് റഷ്യക്കെതിരെ ഒരു ജനമുന്നേറ്റത്തിനു സന്നദ്ധമായി, സോവിയറ്റ് യൂണിയന്റെ ചേരിയിലുള്ള ഒരു രാജ്യത്തിൽ ആദ്യമായി ഒരു സ്വതന്ത്ര തൊഴിലാളി യൂണിയൻ രൂപീകരിക്കപ്പെട്ടു ഗ്ദാൻസ്‌ക് നഗരത്തിലെ കപ്പൽ നിർമ്മാണ ശാലയിൽ വാവേസയുടെ നേതൃത്ത്വത്തിൽ സോളിഡാരിറ്റി എന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ തൊഴിലാളി സംഘടന രൂപീകരിക്കപ്പെട്ടു. ബെർലിൻ മതിലിന്റെ വീഴ്ച്ചക്ക് ശേഷം പോളണ്ടിൽ രൂപീകരിക്കപ്പെട്ട പാർലമെന്റിലെ പ്രസിഡണ്ട് ആയതും ഈ വാവേസ തന്നെയായിരുന്നു, ബാക്കിയെല്ലാം ചരിത്രം.

വിവരങ്ങൾക്ക് കടപ്പാട് വിക്കിപ്പീഡിയ

Story by