പിക്കാച്ചുവിനെ തേടി കാനഡക്കാരായ സഹോദരന്മാര്‍ എത്തിയത് അതിര്‍ത്തി കടന്നു അമേരിക്കയില്‍

അപകടകരമായ രീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ് പോക്കിമോന്‍ അഡിക്ഷന്‍. രാത്രിയില്‍ പോക്കിമോന്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന രണ്ടുപേരെ പോലീസ് വെടിവെച്ച സംഭവം വരെ അമേരിക്കയിലുണ്ടായി

പിക്കാച്ചുവിനെ തേടി കാനഡക്കാരായ സഹോദരന്മാര്‍ എത്തിയത് അതിര്‍ത്തി കടന്നു അമേരിക്കയില്‍

ലോകത്തെ ഏറ്റവും പുതിയ തരംഗമാണ് 'പോക്കിമോന്‍ ഗോ' എന്ന സ്മാര്‍ട്ട് ഫോണ്‍ ഗെയിം. റിയാലിറ്റി ലോകം ഫോണിലേക്ക് കൊണ്ടുവന്നു എന്നതാണ് മറ്റു ഗെയിമുകളില്‍ നിന്നും പോക്കിമോന്‍ ഗോയെ വ്യത്യസതമാക്കുന്നത്. ജിപിഎസ് സംവിധാനമുള്ള സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമേ ഇത് ലഭ്യമാക്കുകയുള്ളൂ. സ്ക്രീനില്‍ കാണുന്ന പോക്കിമോനെ തേടിയുള്ള യാത്രയാണ് ഗെയിം.സാധാരണ ഗെയിമുകളില്‍ നിന്ന് വ്യത്യസ്തമായി കളിക്കുന്നയാളുടെ പരിസരത്തു തന്നെ നടക്കുന്ന രീതിയിലാണ് പോക്കിമോന്‍ ഗോ ഗെയിം പ്രവര്‍ത്തിക്കുന്നത്.


പോക്കിമോന്‍ കഥാപാത്രങ്ങളില്‍ ഏറ്റവും പ്രശസ്തനാണ് പിക്കാച്ചു എന്ന ജാപ്പനീസ് രാക്ഷസന്‍. ഈ പിക്കാച്ചുവിനെ തേടി പിടിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ചില പോക്കിമോന്‍ ആരാധകര്‍ സമൂഹത്തിനു ശല്യമായി മാറിക്കൊണ്ടിരിക്കുകയാണ്. പോക്കിമോനെ തേടി നടന്നു അപകടങ്ങളില്‍ ചാടുന്ന യുവാക്കളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുകൊണ്ടിരിക്കുന്നു.

ഏറ്റവും പുതിയ വാര്‍ത്ത കാനഡക്കാരായ രണ്ടു സഹോദരന്മാര്‍ പോക്കിമോനെ തേടി അതിര്‍ത്തി കടന്നു അമേരിക്കയിലെത്തിയെന്നതാണ്. കാനഡയിലെ ആല്ബര്‍ട്ട പ്രവിശ്യയില്‍ നിന്നും പിക്കാച്ചുവിനെ തേടിയിറങ്ങിയ ഇരുവരും അമേരിക്കയിലെ മോന്‍ടാന പ്രവിശ്യയിലാണ് ചെന്നെത്തിയത്. പോക്കിമോന്റെ പിന്നാലെ പോയി വഴി തെറ്റിയതാണ് ഇരുവര്‍ക്കും വിനയായത്. ഇരുവരെയും അമേരിക്കയിലെ അതിര്‍ത്തി രക്ഷ സേന പിടികൂടി ചോദ്യം ചെയ്തു കൈയ്യോടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

കേള്‍ക്കുമ്പോള്‍ തമാശ എന്ന് തോന്നാമെങ്കിലും അപകടകരമായ രീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ് പോക്കിമോന്‍ അഡിക്ഷന്‍. ലോകത്ത് പല ഭാഗങ്ങളിലും കോടതികളിലും പോലീസ് സ്റ്റെഷനുകളിലും വരെ പോക്കിമോന്‍ വേട്ടക്കാര്‍ ഇരച്ചുകയറുന്നു എന്നും  പോക്കിമോന്റെ പേരില്‍ കവര്‍ച്ചയും പിടിച്ചുപറിയും വരെ നടക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. രാത്രിയില്‍ പോക്കിമോന്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന രണ്ടുപേരെ പോലീസ് വെടിവെച്ച സംഭവും അമേരിക്കയിലുണ്ടായി. ഇതിന്റെയൊക്കെ ഫലമായി പല ഗള്‍ഫ്‌ രാജ്യങ്ങളിലും പോക്കിമോന്‍ നിരോധിച്ചുകഴിഞ്ഞു.

Read More >>