കാമുകിയുടെ കൊലപാതകം: പാരലിമ്പിക്‌സ് താരം ഓസ്‌കാര്‍ പിസ്റ്റോറിയസിന് ആറ് വര്‍ഷം തടവ്

വിധി പ്രസ്താവത്തിന് ശേഷം പിസ്റ്റോറിയസിനെ മമ്പാരു ജയിലിലേക്ക് കൊണ്ടു പോയി. കേസില്‍ ഒരു വര്‍ഷത്തെ തടവ് ശിക്ഷ പിസ്‌റ്റോറിയസ് അനുഭവിച്ചിട്ടുണ്ട്. വിധി പ്രസ്താവന കേള്‍ക്കാന്‍ റീവയുടെ മാതാപിതാക്കള്‍ കോടതിയില്‍ എത്തിയിരുന്നു.

കാമുകിയുടെ കൊലപാതകം: പാരലിമ്പിക്‌സ് താരം ഓസ്‌കാര്‍ പിസ്റ്റോറിയസിന് ആറ് വര്‍ഷം തടവ്

ജോഹന്നാസ്ബര്‍ഗ്: കാമുകി റീവ സ്റ്റീന്‍കാംപിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പാരലിമ്പിക്‌സ് താരം ഓസ്‌കാര്‍ പിസ്റ്റോറിയസിന് ആറ് വര്‍ഷം തടവ് ശിക്ഷ. പ്രിട്ടോറിയയിലെ സുപ്രീം കോര്‍ട്ട് ഓഫ് അപ്പീലിന്റേതാണ് വിധി. കേസില്‍ നേരത്തെ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ആയിരുന്നു വിചാരണ കോടതി വിധിച്ചിരുന്നത്. തുടര്‍ന്ന് റീവയുടെ മാതാപിതാക്കള്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. കൊലപാതക കേസുകളില്‍ 15 വര്‍ഷം തടവാണ് ദക്ഷിഫാഫ്രിക്കയില്‍ നല്‍കുന്ന ശിക്ഷ. എന്നാല്‍ പിസ്റ്റോറിയസിന് ശിക്ഷാ ഇളവ് നല്‍കാനുള്ള മതിയായ കാരണങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

വിധി പ്രസ്താവത്തിന് ശേഷം പിസ്റ്റോറിയസിനെ മമ്പാരു ജയിലിലേക്ക് കൊണ്ടു പോയി. കേസില്‍ ഒരു വര്‍ഷത്തെ തടവ് ശിക്ഷ പിസ്‌റ്റോറിയസ് അനുഭവിച്ചിട്ടുണ്ട്. വിധി പ്രസ്താവന കേള്‍ക്കാന്‍ റീവയുടെ മാതാപിതാക്കള്‍ കോടതിയില്‍ എത്തിയിരുന്നു.

2013 വാലന്റൈന്‍സ് ദിനത്തിലാണ് കാമുകിയെ പിസ്റ്റോറിയസ് സ്വന്തം വീട്ടിലെ കുളിമുറിയില്‍ വച്ച് വെടിവെച്ച് കൊലപ്പെടുത്തുന്നത്. എന്നാല്‍ കള്ളനാണെന്ന് കരുതി അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണെന്നാണ് താരം ആദ്യം നല്‍കിയ മൊഴി. വിചാരണ കോടതി ഈ വാദം അംഗീകരിച്ചു. എന്നാല്‍ റീവയുടെ മാതാപിതാക്കളും മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിസ്റ്റോറിയസിന് വീട്ടു തടങ്കലിലേക്ക് മാറ്റി. 2015 ഡിസംബറിലാണ് കോടതി പിസ്റ്റോറിയസിന് എതിരെ കൊലപാതക കുറ്റം ചുമത്തുന്നത്.

കൃത്രിമ കാലുകളുമായി 2012 ഒളിമ്പിക്‌സില്‍ പങ്കെടുത്താണ് പിസ്റ്റോറിയസ് ശ്രദ്ധാ കേന്ദ്രമാകുന്നത്. അതേ വര്‍ഷം നടന്ന പാരലിമ്പിക്‌സില്‍ 400 മീറ്ററിലും 4 * 400 മീറ്റര്‍ റിലെയിലും അദ്ദേഹം സ്വര്‍ണം നേടി.