സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ വീണ്ടും കോടതിയില്‍ ഹാജരായി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടു കെട്ടല്‍ നോട്ടീസിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത്. കഴിഞ്ഞ ആഴ്ച ഇതേ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ എം കെ ദാമോദരന്‍ ഹാജരായത് വിവാദമായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ദാമോദരന്‍ രാജിവെക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ വീണ്ടും കോടതിയില്‍ ഹാജരായി

കൊച്ചി: വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ വീണ്ടും കോടതിയില്‍ ഹാജരായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടു കെട്ടല്‍ നോട്ടീസിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത്. കഴിഞ്ഞ ആഴ്ച ഇതേ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ എം കെ ദാമോദരന്‍ ഹാജരായത് വിവാദമായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ദാമോദരന്‍ രാജിവെക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.


അന്യസംസ്ഥാന ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ മാർട്ടിന് എതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. മാത്രമല്ല എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മാർട്ടിന് എതിരെ നടപടി സ്വീകരിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ്  ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചത്.  ഇതുമായി ബന്ധപ്പെട്ട് 123 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ നോട്ടീസ് ചോദ്യം ചെയ്താണ് മാർട്ടിന് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് എംകെ ദാമോദരൻ ഹാജരായത്.

ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട 23 കേസുകള്‍ സിബിഐ എഴുതി തള്ളിയതിന് എതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നു. സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി മറ്റൊരു ബഞ്ച് പരിഗണിക്കാനിരിക്കെ ആണ് മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എംകെ ദാമോദരൻ കോടതിയിൽ ഹാജരായത്.  സർക്കാർ നൽകിയ ഹർജി നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തന്നെ മാർട്ടിന് വേണ്ടി ഹാജരായതാണ് ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എംകെ ദാമോദരന്‍ ഹാജരായതിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.