സാന്റിയാഗോ മാര്‍ട്ടിന് വേണ്ടിയും ക്വാറി മാഫിയക്ക് വേണ്ടിയും എം കെ ദാമോദരൻ ഹാജരാകും; നിയമോപദേഷ്ടാവിനെ ന്യായീകരിച്ചു മുഖ്യമന്ത്രി സഭയിൽ

മുഖ്യമന്ത്രിയുടെ നിയമോപദേശകൻ അഡ്വ. എം കെ ദാമോദരൻ വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ വിഷയം സഭയെ പ്രക്ഷുബ്ധമാക്കി. ഇത് അതീവ ഗൗരവമേറിയ വിഷയമാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സഭയില്‍ പറഞ്ഞു. ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഡ്വ. എം കെ ദാമോദരനെ ന്യായീകരിച്ചു രംഗത്തെത്തി.

സാന്റിയാഗോ മാര്‍ട്ടിന് വേണ്ടിയും ക്വാറി മാഫിയക്ക് വേണ്ടിയും എം കെ ദാമോദരൻ  ഹാജരാകും; നിയമോപദേഷ്ടാവിനെ ന്യായീകരിച്ചു മുഖ്യമന്ത്രി സഭയിൽ

വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകൻ അഡ്വ. എം കെ ദാമോദരൻ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ ഹാജരാകും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്തു കണ്ടുകെട്ടല്‍ നോട്ടീസിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരാകുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സ്വത്ത് കണ്ടുകെട്ടുന്ന നടപടികൾ പൂർത്തിയായെന്നും മാർട്ടിന് പങ്കാളിത്തമുള്ള കമ്പനികൾക്കെതിരെയുള്ള കേസിൽ, വ്യക്തിപരമായ ഹർജി നിലനിൽക്കില്ലെന്നും എൻഫോഴ്സ്മെന്‍റ് വാദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാരന്‍ അപലേറ്റ് അതോറിറ്റിയെ ആണ് സമീപിക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കോടതിയ്ക്ക് ഇതിൽ ഇടപെടാൻ അധികാരമുണ്ടെന്നും വിശദമായ വാദം കേൾക്കണമെന്നുമായിരുന്നു എം കെ ദാമോദരന്‍റ വാദം.


അതിനിടെ ക്വാറി മാഫിയയ്ക്ക് എതിരെ സർക്കാർ നൽകിയ കേസിലും ക്വാറി ഉടമകൾക്ക് വേണ്ടി എംകെ ദാമോദരൻ ഹാജരാകും. പത്തനംതിട്ട ജില്ലയിലും മറ്റുമുള്ള ചില ക്വാറികൾ അനധികൃതമായാണ് പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ചു പൂട്ടിയിരുന്നു. ഇതിനെതിരെ ആണ് ക്വാറി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് ഹെക്ടറിന് മുകളിലുള്ള ക്വാറികൾക്ക് പ്രവർത്തിക്കാൻ പാരിസ്ഥികാനുമതി വേണമെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് ചോദ്യം ചെയ്താണ് ക്വാറി ഉടമകൾ ഹർജി നൽകിയത്. ഈ ഹർജി നാളെ കോടതി  പരിഗണിക്കുമ്പോള്‍ എംകെ ദാമോദരനാകും ക്വാറി ഉടമകൾക്ക് വേണ്ടി ഹാജരാവുക.

അതേസമയം മുഖ്യമന്ത്രിയുടെ നിയമോപദേശകൻ അഡ്വ. എം കെ ദാമോദരൻ   വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ വിഷയം സഭയെ പ്രക്ഷുബ്ധമാക്കി. ഇത് അതീവ ഗൗരവമേറിയ   വിഷയമാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സഭയില്‍  പറഞ്ഞു.  ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയന്‍  അഡ്വ. എം കെ ദാമോദരനെ ന്യായീകരിച്ചു രംഗത്തെത്തി.

നിയമോപദേശകനായി എം കെ ദാമോദരനെ വെച്ചത് പ്രതിഫലം നൽകിക്കൊണ്ടല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഏതെങ്കിലും കേസ് ഏറ്റെടുക്കുന്നതില്‍ യാതൊരു നിയമ തടസവും ഇല്ല . ഏതു കേസ്  ഏറ്റെടുക്കണം  എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനം ആണ് എന്നും അതിനു യാതൊരു തരത്തില്‍ ഉള്ള വിലക്കും ഇല്ല എന്നും പിണറായി സഭയെ അറിയിച്ചു.

അതേ സമയം എം കെ ദാമോദരൻ നിർദ്ദേശിച്ചയാളാണ് ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ സി പി സുധാകരപ്രസാദ് എന്ന വിവരം പരസ്യമായ രഹസ്യമാണ്. ദാമോദരന് ഏജിയാവാൻ താത്പര്യമില്ലെന്നു പറഞ്ഞൊഴിയുകയും പകരം സുധാകരപ്രസാദിനെ നിർദ്ദേശിക്കുകയുമായിരുന്നു എന്നാണ് ഉപശാലാ വർത്തമാനം. ചുരുക്കത്തിൽ സർക്കാർ അഭിഭാഷകനായി എം കെ ദാമോദരന്റെ നോമിനിയും സർക്കാരിനെതിരെ വാദിക്കാൻ മുൻ അഡ്വക്കേറ്റ് ജനറലും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവുമായ എം കെ ദാമോദരന്റെ ഓഫീസും ഹാജരാകുന്നു എന്നത് ഏതു നൈതികതയുടെ അളവുകോൽ ഉപയോഗിച്ചാലും ധാർമ്മികമായി അംഗീകരിക്കാൻ ആവുന്നതല്ല എന്ന വികാരം സോഷ്യൽ മീഡിയയിൽ ശക്തിപ്പെടുകയാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള സഭയിലെ വിശദീകരണം കാര്യങ്ങളെ കൂടുതൽ വഷളാക്കുകയേയുള്ളൂ എന്നത് നിസ്തർക്കം.

Read More >>