കാര്യമറിയാതെ ബഹളം വച്ചതിന് പിണറായിയോട് മാപ്പ് പറയുകയല്ലേ വേണ്ടത്

മാധ്യമമോ നിയമമോ പോയിട്ട് ആസ്‌ട്രോ ഫിസിക്‌സില്‍പ്പോലും എന്തെങ്കിലും ഉപദേശം ആവശ്യമുളള ആളല്ല പിണറായി വിജയന്‍. അപ്പോള്‍ ബ്രിട്ടാസിന്റേയും ദാമോദരന്റേയും ദൗത്യമെന്താണ്? മാധ്യമ സംബന്ധമായ വിഷയങ്ങളില്‍ അത്യാവശ്യം ശങ്ക തീര്‍ക്കാന്‍ തൊട്ടടുത്ത് ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്ന പ്രഭാവര്‍മ്മയുണ്ട്. കണ്ണപ്പച്ചേകവര്‍ ജീവിച്ചിരിക്കുമ്പോള്‍ ആറ്റുമ്മണമ്മേല്‍ കുഞ്ഞിരാമനെന്തുപദേശിക്കാന്‍?

കാര്യമറിയാതെ ബഹളം വച്ചതിന് പിണറായിയോട് മാപ്പ് പറയുകയല്ലേ വേണ്ടത്

നമ്മളൊക്കെ വിചാരിച്ചതുപോലെയാണോ കാര്യങ്ങള്‍?  അല്ല. നിയമോപദേഷ്ടാവിന്റേയും മാധ്യമ ഉപദേഷ്ടാവിന്റേയും നിയമനോത്തരവുകളിലാണ് കാര്യങ്ങളുടെ ക്ലൂ കിടക്കുന്നത്. അതു ശ്രദ്ധിച്ചു വായിക്കാന്‍ ശ്രമിക്കാത്തവരാണ് യഥാര്‍ത്ഥ വിഡ്ഢികള്‍. പിണറായി വിജയന്‍ ഇങ്ങനെ കടുംപിടി പിടിക്കുമ്പോഴേ മറുവശം ശ്രദ്ധിക്കേണ്ടതായിരുന്നു. പോയ ബുദ്ധി പോയി. ഇനി പറഞ്ഞിട്ടെന്തു കാര്യം.

ബ്രിട്ടാസിന്റെ നിയമന ഉത്തരവ് ഇങ്ങനെ ആരംഭിക്കുന്നു -  മാധ്യമസംബന്ധമായ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതിനായി മുഖ്യമന്ത്രിയുടെ മീഡിയാ അഡ്വൈസര്‍ എന്ന തസ്തിക. നിയമസംബന്ധമായ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതിനായി എന്നാണ് എംകെഡിയെ നിയമിച്ച ഉത്തരവ് ആരംഭിക്കുന്നത്. ഈ വാചകങ്ങള്‍ രണ്ടിലും ആരെയാണ് ഇവര്‍ ഉപദേശിക്കുന്നത് എന്നു പറയുന്നില്ല. നോട്ട് ദിസ് പോയിന്റ്.


john-brittasമാധ്യമമോ നിയമമോ പോയിട്ട് ആസ്‌ട്രോ ഫിസിക്‌സില്‍പ്പോലും എന്തെങ്കിലും ഉപദേശം ആവശ്യമുളള ആളല്ല പിണറായി വിജയന്‍. അപ്പോള്‍ ബ്രിട്ടാസിന്റേയും ദാമോദരന്റേയും ദൗത്യമെന്താണ്. മാധ്യമ സംബന്ധമായ വിഷയങ്ങളില്‍ അത്യാവശ്യം ശങ്ക തീര്‍ക്കാന്‍ തൊട്ടടുത്ത്  ദേശാഭിമാനി റസിഡന്റ്  എഡിറ്ററായിരുന്ന പ്രഭാവര്‍മ്മയുണ്ട്.  കണ്ണപ്പച്ചേകവര്‍ ജീവിച്ചിരിക്കുമ്പോള്‍ ആറ്റുമ്മണമ്മേല്‍ കുഞ്ഞിരാമനെന്തുപദേശിക്കാന്‍?

നിയമസംബന്ധമായ വിഷയങ്ങളിലും ഉത്തരവ് തഥൈവ. മുഖ്യമന്ത്രിയ്ക്കാണ് ദാമോദരന്‍ ഉപദേശം നല്‍കേണ്ടത് എന്ന് എവിടെയും പറയുന്നില്ല.  തസ്തികയുടെ പേര് മുഖ്യമന്ത്രിയുടെ ലീഗല്‍ അഡ്വൈസര്‍ എന്നാണ്. അതു ശരി തന്നെ. പക്ഷേ, ഇവിടെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഉപദേശമൊന്നും കേള്‍ക്കുന്ന ശീലം അദ്ദേഹത്തിനില്ല. അതിനി ജസ്റ്റിസ് പി. സദാശിവത്തിന്റെ ഒപ്പിട്ട് ഒരു സര്‍ക്കാര്‍ ഉത്തരവു പുറത്തിറങ്ങിയെന്നുവച്ച് മാറുന്ന ശീലമല്ല.  ഉപദേശമായിട്ടല്ലെങ്കിലും നിയമസംബന്ധിയായി മറ്റു വല്ലതും അറിയണമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു തൊട്ടു കീഴെ നിയമവകുപ്പുണ്ട്. പിണറായിയുടെ ഗുഡ് ബുക്കിലാണ് എ കെ ബാലന്റെ  സ്ഥാനം. പ്രൈവറ്റ് സെക്രട്ടറി സി പി പ്രമോദ് പാലക്കാട്ടെ അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകനും. അതും പോരെങ്കില്‍ നിയമവകുപ്പ് സെക്രട്ടേറിയറ്റിലുണ്ട്. ജില്ലാ ജഡ്ജിയെയാണ് നിയമസെക്രട്ടറിയായി നിയമിക്കുക. വക്കീലിനെക്കാള്‍ നല്ല ഉപദേശം ജഡ്ജി തരും.

mk-damodaranഇനിയതൊന്നുമല്ല, നിയമത്തിന്റെ  ദര്‍ശനവും സിദ്ധാന്തവും സംബന്ധിയായ സംശയങ്ങളാണെങ്കില്‍ ഡോ. എന്‍ കെ ജയകുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. നിയമസര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ചുറ്റുവട്ടത്ത് ഇത്രയും പേരുള്ളപ്പോള്‍ അദ്ദേഹത്തിനു നിയമം ഉപദേശിക്കാന്‍ എറണാകുളത്ത് ഓഫീസും തുറന്നിരിക്കുന്ന എം കെ ദാമോദരന്റെ ആവശ്യമില്ല. മുഖ്യമന്ത്രിയ്ക്കു വേണ്ടി മറ്റു മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കൈരളിയിലെയും പീപ്പിളിലെയും സഹപ്രവര്‍ത്തകരെയും ഉപദേശിക്കുകയാകുന്നു ബ്രിട്ടാസിന്റെ ജോലി. ദാമോദരനാണെങ്കില്‍ നിയമമേഖലയിലെ മറ്റുളളവരെ മുഖ്യമന്ത്രിയ്ക്കു വേണ്ടി ഉപദേശിക്കും.

ഉദാഹരണത്തിന് റിപ്പോര്‍ട്ടര്‍ ചാനലില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ഒരു വാര്‍ത്ത വന്നുവെന്നു വെയ്ക്കുക. ഉടന്‍ ബ്രിട്ടാസ് ഫോണെടുത്ത് നികേഷിനെ വിളിക്കും. എന്നിട്ട് ഇപ്രകാരം ഉപദേശമാരംഭിക്കും. ... ഡേയ് നികേഷേ.. നീ ഈ ചെയ്യുന്നത് ശരിയാണോ.. ഒന്നുമില്ലേലും നിന്റെ അച്ഛന്റെയൊപ്പം രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയതല്ലേ. അതെങ്കിലും നീ ഓര്‍ക്കേണ്ടേ. അതൊക്കെപ്പോട്ട്. അഴീക്കോട്ട് നിനക്ക് മത്സരിക്കാന്‍ സീറ്റു തന്നതാരാ? ജയിക്കാത്തത് നിന്റെ കൈയിലിരിപ്പുകൊണ്ടല്ലേ?  ആ മനുഷ്യനെതിരെ നിന്റെ ചാനലില്‍ ഇങ്ങനെ വാര്‍ത്ത വരുന്നത് ഉചിതമാണോ?  നിനക്ക് മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടോ... ഞാന്‍ വിജയേട്ടനോട് സംസാരിക്കണോ... ഇങ്ങനെ പോകും സംസാരം.

ഇനി മറ്റേ സര്‍ക്കാര്‍ ഉത്തരവിന്റെ  ആദ്യ വാചകം വായിക്കുക. മാധ്യമസംബന്ധമായ വിഷയങ്ങളില്‍ (എം വി നികേഷ് കുമാറിന്) ഉപദേശം നല്‍കുന്നതിനായി മുഖ്യമന്ത്രിയുടെ മീഡിയാ അഡ്വൈസര്‍ എന്ന തസ്തിക ... വാചകത്തിന് എന്തെങ്കിലും ഗ്രാമര്‍ മിസ്റ്റേക്കുണ്ടോ... ഇല്ലാലോ.. അതാണ് കാര്യം.

ഇനി, എം കെ ദാമോദരന്‍ വക ഉപദേശം. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയുമൊക്കെ കിട്ടുന്ന താപ്പിന് കേറി വിമര്‍ശിക്കുന്ന ചില ജഡ്ജിമാരുണ്ട്. അങ്ങനെയൊക്കെ വരുമ്പോള്‍, വല്ല വിരുന്നു സല്‍ക്കാരത്തിനോ കല്യാണപ്പാര്‍ട്ടിയ്‌ക്കോ ഇടയില്‍ മേപ്പടി ജഡ്ജി എം കെ ദാമോദരന്റെ മുന്നില്‍ വന്നു പെടും. അല്ല, പെടണം.

അപ്പോ ഇങ്ങനെ ചോദിക്കണം.. നിങ്ങളിങ്ങനെയൊക്കെ ചെയ്യാമോ.. നാളേം നമ്മള്‍ കാണേണ്ടേ... റിട്ടയര്‍മെന്റ് കഴിഞ്ഞാലും തമ്മില്‍ത്തമ്മില്‍ കാണേണ്ടേ..

ഇനി പറയൂ...  ഇവരെങ്ങനെ സെക്രട്ടേറിയറ്റിലെ ഫയലു കാണും.. കോണ്‍ഫ്‌ളിക്ട് ഓഫ് ഇന്ററസ്റ്റുമായി ബന്ധപ്പെട്ട വാദവിവാദങ്ങളുടെ സാംഗത്യമെന്ത്... കാര്യമറിയാതെ ബഹളം വെച്ചതിന് പിണറായിയോട് മാപ്പുപറയുകയല്ലേ ചെയ്യേണ്ടത്..

Read More >>