പെല്ലറ്റുകൾ പൂക്കളം തീർക്കുന്ന കാശ്മീർ താഴ്‌വര

തീവ്രവാദവും തീവ്രവാദത്തോളം പോരുന്ന തീവ്രദേശീയതയും തമ്മിലുള്ള ക്രൂരമായ വടംവലിയുടെ ഇരകളാണ് ഇപ്പോൾ കാശ്മീർ ജനത. തീവ്രവാദ ക്രൂരതകളെ പോലും നാണിപ്പിക്കുന്നതാണ് ഭരണകൂടത്തിന്റെ ചെയ്തികൾ. പി കെ ശ്രീകാന്ത് എഴുതുന്നു.

പെല്ലറ്റുകൾ പൂക്കളം തീർക്കുന്ന കാശ്മീർ താഴ്‌വര

പി കെ ശ്രീകാന്ത്

കശ്മീർ തർക്കം ഇന്ത്യാ-പാകിസ്താൻ വിഭജന കാലത്തോളം പഴക്കമുള്ളതാണ്. സ്വാതന്ത്ര്യാനന്തരം പാകിസ്ഥാൻ കശ്മീരിനുമേൽ ചരിത്രപരവും മതപരവുമായ കാരണങ്ങൾ നിരത്തി അവകാശം ഉന്നയിച്ചു പോരുന്നു. അതിന്മേൽ ഉണ്ടാകുന്ന സംഘർഷങ്ങളും കലാപങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും കാശ്മീർ ജനതയുടെ ജീവിതത്തിന്റെ ഭാഗമാണിന്ന്. ജമ്മു-കാശ്മീർ എന്ന സംസ്ഥാനം ബ്രിട്ടിഷ് ഇന്ത്യയുടെ പരമാധികാരത്തിന്റെ കീഴിൽ മഹാരാജാ ഹരി സിംഹ് ഭരിച്ചിരുന്ന ഒരു നാട്ടുരാജ്യമായിരുന്നു. സ്വാതന്ത്ര്യാനന്തരം ഭൂമിശാസ്ത്രപരമായോ നിയമപരമായോ മഹാരാജാവിന് ഇന്ത്യയോടോ പാകിസ്ഥാനോടോ ചേരാമായിരുന്നു. അന്നത്തെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റന്റെ നിർബന്ധത്തിനുമുപരിയായി സ്വന്തം രാജ്യത്തിന്റെ ഭാവിയെപ്പറ്റി രാജാവ് ചിന്താഗ്രസ്ഥനായിരുന്നു. 1947 ഒക്ടോബറിൽ നടന്ന പാക്ക് അധിനിവേശത്തോടെ രാജാവ് ഇന്ത്യയിലേക്കു ചേരുവാൻ തീരുമാനിച്ചു. പക്ഷേ യുദ്ധാനന്തരം രണ്ടു രാജ്യങ്ങൾക്കുമിടയിൽ വിഭജിക്കപ്പെട്ടു പോയതാണ് സമകാലീക കാശ്മീരിന്റെ ചരിത്രം.


കാശ്മീർ ജനതയ്ക്ക് തോക്കുകളും വെടിയുണ്ടകളും ഒരു പുത്തൻ സംഭവമല്ല. വെടിയൊച്ച ഒഴിഞ്ഞ ദിനങ്ങൾ കാശ്മീർ ജനതയ്ക്ക് അന്യമാണ്. ഭീതിയൊഴിഞ്ഞ മുഖങ്ങൾ കാഴ്മീർ താഴ്വരയിൽ കാണാനേ കഴിയില്ല. ഭീകരവാദത്തിനും പട്ടാളത്തിന്റെ ക്രൂരതകൾക്കും നടുവിൽ ചിതറി തെറിക്കുന്ന മനുഷ്യ ശരീരങ്ങൾ എണ്ണിക്കഴിയാൻ വിധിക്കപ്പെട്ടവരായി തീർന്നിരിക്കുന്നു ഇന്നത്തെ കാശ്മീർ ജനത.

ഏറ്റവുമൊടുവിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തെ തുടർന്ന് കശ്മീരിൽ ഉടലെടുത്ത സംഘർഷത്തിന്റെ വാർത്തകളാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്. തീവ്രവാദവും തീവ്രവാദത്തോളം പോരുന്ന തീവ്രദേശീയതയും തമ്മിലുള്ള ക്രൂരമായ വടംവലിയുടെ ഇരകളാണ് കാഴ്ച നഷ്ടപ്പെട്ടും, ചിതറിത്തെറിച്ച ഇറച്ചി കഷണങ്ങളായും, പൂക്കളമിട്ട രൂപത്തിൽ ശരീരത്തിലേറ്റ മുറിവുകളായും നമ്മുടെ മുന്നിൽ നിന്ന് പിടയുന്നത്.

മനുഷ്യ ശരീരങ്ങൾ കൊണ്ട് അതിർത്തികൾ പണിയുന്നവർ. അതിരുകളെ പൊലിപ്പിച്ച് ദേശസ്‌നേഹമൊഴുക്കുന്നവർ. തീവ്രവാദം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്നത് മതമാണ്. ദേശീയതയുടെ തീവ്രവാദത്തെ താരതമ്യപ്പെടുത്തുമ്പോൾ മതത്തിന്റെ തീവ്രവാദം എത്രയോ ചെറുതാണെന്ന് ഒരുപക്ഷെ നമ്മളറിയില്ല. നിരന്തരം അപരത്തത്തെ സൃഷ്ടിച്ച് ആ ശത്രുവിനെ മാർക്കറ്റ് ചെയ്ത് തങ്ങളുടെ ആധുനിക രാഷ്ട്രതന്ത്രവും അതിലൂന്നിയ രാഷ്ട്രീയവും കൈകാര്യം ചെയ്യുക എന്നത് എല്ലാ കാലത്തും  ഫാഷിസ്റ്റ് ഭരണാധികാരികൾ പുലർത്തിയ തന്ത്രമാണ്.

പെല്ലറ്റുകൾ, നമ്മൾ പലർക്കും പെല്ലറ്റുകൾ അന്യമാണ്. പലരും കേട്ടിട്ടു പോലുമുണ്ടാകില്ല. പക്ഷെ കാശ്മീരികൾക്ക് 2010 മുതൽ സുപരിചിതമാണ് ഈ വാക്ക്. വർഷങ്ങൾക്ക് മുന്നേ സിആർപിഎഫ് ഉപയോഗിച്ചു തുടങ്ങിയ പെല്ലറ്റ് ഇന്ന് കശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രിയ ആയുധമാണ്. എന്താണ് പെല്ലറ്റ് ഷെൽ? ഒരു തരം ഷോട്ട് ഗണ്ണിൽ നിന്ന് ഉതിർക്കപ്പെടുന്ന ചിതറി തെറിക്കുന്ന ഷെൽ ആണ് പെല്ലറ്റ് ഷെൽ.  ഒരു പെല്ലറ്റ് കാറ്ററിഡ്ജിൽ 600 ഓളം വെടിയുണ്ടകളാണ് ഉണ്ടാവുക. സാധാരണയായി ഈയം പൊതിഞ്ഞു ഉണ്ടാക്കുന്ന വെടിയുണ്ടയാണ് ഇതിലുണ്ടാവുക. ടംഗ്സ്റ്റൺ പോലുള്ള ലോഹങ്ങളും ഉപയോഗിക്കുമത്രേ.

സാധാരണ തോക്കിൻ കുഴലിലൂടെ പുറത്തുവരുന്ന വെടിയുണ്ട പോലെ വെടി കൊള്ളുന്നവന്റെ ശരീരത്തിലേക്ക് തുളച്ചു കയറി മരണം സംഭവിക്കുന്ന രീതിയല്ല പെല്ലറ്റ് ഷെല്ലുകളുടെ രൂപകല്പന. ഒറ്റവെടിക്ക് ആളെ കൊല്ലില്ല. കൊല്ലാതെ കൊല്ലും അതാണ് പെല്ലറ്റ്. പെല്ലറ്റിൽ നിറച്ച അപകടകരമായ ലോഹങ്ങളും വെടിച്ചീളുകളും എല്ലാം മനുഷ്യരുടെ ശരീരം മുഴുവൻ തുളച്ചു കയറും. ആയിരക്കണക്കിന് ലോഹച്ചീളുകൾ മനുഷ്യരുടെ കണ്ണിലും, മൂക്കിലും, മുഖത്തും, നെഞ്ചിലുമൊക്കെയായി തുളച്ചു കയറും. അതുകൊണ്ട് തന്നെ ഇത്തരം ലോഹച്ചീളുകൾ ശസ്ത്രക്രിയ വഴി പുറത്തെടുക്കാൻ സാധ്യമല്ല.

വെടിയേല്ക്കുന്ന മനുഷ്യൻ പുഴുത്ത് മരിക്കും. ശരീരത്തിൽ നൂറുകണക്കിന് ലോഹ ചീളുകളുമായി നരകിച്ചു ജീവിക്കും. തീവ്രവാദ ക്രൂരതകളെ പോലും നാണിപ്പിക്കുന്നതാണ് ഭരണകൂടത്തിന്റെ ചെയ്തികൾ.

പെല്ലറ്റ് ഷെല്ലുകൾ പൊതുമധ്യത്തിൽ കേട്ടുതുടങ്ങിയത്, ഇസ്രയേൽ പാലസ്തീൻ യുദ്ധസമയത്താണ്. ഇസ്രയേൽ സേന പലസ്തീൻ പ്രതിഷേധക്കാർക്ക് നേരെ നിരന്തരം പെല്ലറ്റ് ഷെല്ലുകൾ ഉപയോഗിച്ചിരുന്നു. ദേഹം മുഴുവൻ ചായം പൂശിയത് പോലുള്ള മുറിവുകളുമായുള്ള കുട്ടികളുടെ ചിത്രവുമൊക്കെ നാം കണ്ടതാണല്ലോ. പെല്ലറ്റ് ഷെല്ലുകൾ നിരോധിക്കണമെന്നും അവയുടെ ഉപയോഗം വിലക്കണമെന്നുമെന്നും ആംനെസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെ പല മനുഷ്യാവകാശ സംഘടനകളും പല തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ആംനസ്റ്റി ഇന്റർനാഷണൽ 2015ൽ ജമ്മു കാശ്മീർ ഗവർമെന്റിനോട് പെല്ലറ്റ് ഉപയോഗം ഒഴിവാക്കാൻ അഭ്യർത്ഥിച്ചിരുന്നു.
നേരത്തെ ഇന്ത്യയിൽ തന്നെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധക്കാർക്ക് നേരെ ഈ ആയുധം ഉപയോഗിച്ചിരുന്നു എന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്തു വന്നിരുന്നു. എങ്ങനെയൊക്കെ ആയാലും കാശ്മീരിലെ ആശുപത്രികളിൽ പെല്ലറ്റ് ഷെൽ ഇരകളുടെ എണ്ണം കൂടി വരികയാണ്. ബുർഹാൻ വാനിയുടെ കൊലപാതകത്തെ തുടർന്ന് ഉടലെടുത്ത സംഘർഷത്തിൽ മരണ സംഖ്യ 37 ആയി ഉയരുകയും പരിക്കേറ്റവരുടെ എണ്ണം 1500 കവിയുകയും ചെയ്തിരിക്കുന്നു. ശ്രീനഗറിലെ എസ്.എം.എച്.എസ് ആശുപത്രിയിലെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം കഴിഞ്ഞ മൂന്നു നാല് ദിവസങ്ങളിലായി ഇത്തരം അനേകം കേസുകൾ അവരുടെ അടുത്തെത്തുന്നുണ്ട്. പരിക്കേറ്റ നിലയിൽ കൊണ്ടുവന്ന 102 പേരിൽ രണ്ട് പേർക്ക് കാഴ്ച നഷ്ടപ്പെട്ട അവസ്ഥയായിരുന്നത്രെ. പോലീസിന്റെ പെല്ലറ്റ് കാറ്ററിഡ്ജ് ഉപയോഗം മൂലം മാത്രം 100 ന് മേലെ ആളുകൾ 6 ദിവസം കൊണ്ട് കണ്ണിന് ശസ്ത്രക്രിയക്ക് വിധേയരായി.

എത്രപേർക്ക് കാഴ്ച തിരിച്ചുകിട്ടുമെന്ന് പറയാൻ പോലും ഡോക്ടർമാർക്ക് സാധിക്കുന്നില്ല. ആശുപത്രിയിൽ കഴിയുന്ന 87 പേരിൽ 40 പേർക്കും പൂർണമായി കാഴ്ച ശക്തി വീണ്ടെടുക്കാൻ മൂന്നോ നാലോ ശസ്ത്രക്രിയ വേണ്ടിവരും. പെല്ലറ്റ് ഷെൽ പതിച്ചത് വളരെ അടുത്ത് നിന്നാണെന്ന് പരിക്കേറ്റവരുടെ മുറിവുകളിൽ നിന്നും വ്യക്തമാണെന്ന് ഡോക്ടർമാർ പറയുന്നു. കണ്ണിലും ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലും രോഗാണു ബാധയുണ്ടാക്കാൻ ഷെല്ലിന് കഴിയുമെന്നും നേത്രരോഗ വിഭാഗത്തിലെ ഡോക്ടർമാർ പറയുന്നു. തന്റെ ഒരുപാട് നാളത്തെ ജീവിതത്തിൽ ഇത്രയും ശസ്ത്രക്രിയകൾ ചെയ്തിട്ടില്ലെന്നാണ് മറ്റൊരു ഡോക്ടറുടെ സാക്ഷ്യം.

അഞ്ചു വയസ്സുള്ള കുഞ്ഞു മുതൽ അറുപത്തഞ്ചുകാരൻ വരെ പെല്ലറ്റ് ആക്രമണത്തിന്റെ ഇരകളാണ്. ദേഹത്ത് 12 പെല്ലെറ്റ് മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 5 വയസ്സുകാരി സൊഹ്‌റ സഹൂർ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് നേരെ ഫയർ ക്രാക്കർ ഉപയോഗിച്ചത് പോലീസ് ആണെന്ന് പറയുന്നു. 10 വയസുള്ള തമന്നയുടെ നേർക്ക് പോലീസ് വെടിയുതിർത്തത് വീടിനുള്ളിൽ ജനാലക്കരികിൽ ഇരിക്കുമ്പോഴായിരുന്നത്രേ. ഈ കുട്ടിയുടെ കാഴ്ച തിരിച്ചുകിട്ടുമോ എന്നത് സംശയമാണെന്നാണ് ഡോക്ടർ പറയുന്നത്. പന്ത്രണ്ടു വയസ്സുകാരൻ ഉമറിന്റെ 2 കണ്ണിലും പെല്ലറ്റ് തുളഞ്ഞ് കയറിയിരിക്കുകയാണ്. 14 വയസുകാരി ഇൻഷയുടെ മുഖമാകെ പെല്ലറ്റിൽ നിന്ന് തെറിച്ച ഉണ്ടകളാണ്. പെല്ലറ്റ് ആക്രമണത്തിന്റെ ഭീകരത വെളിവാക്കുന്ന നിരവധി ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഇരകളുടെ എക്‌സ്‌റേ ദൃശ്യങ്ങളിൽ തലയോട്ടിക്കരികിൽ പോലും പെല്ലറ്റ് തുളച്ചു കയറിയ ദൃശ്യങ്ങളുണ്ട്.

പെല്ലറ്റ് അക്രമണത്തിന്റെ ഭീകരത മനസ്സിലാകാത്തവർ ഇപ്പോൾ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന, ഡോക്ടർ ആകാൻ കൊതിച്ച പതിനാലുകാരി ഇൻഷാ മാലിക്കിന്റെ മുഖമൊന്നു നോക്കിയാൽ മതി.

ഇവിടെ എടുത്തുപറയേണ്ട മറ്റൊരു കാര്യം 2010 മുതൽ സായുധരല്ലാത്ത പ്രതിഷേധക്കാർക്കുനേരെ സൈന്യം പെല്ലറ്റ് ഷെൽ ഉപയോഗിക്കുന്നുണ്ടെന്നുള്ളതാണ്.
ബുർഹാൻ വാനിയുടെ ഖബറടക്കം കഴിഞ്ഞു തിരിച്ചു വരികയായിരുന്ന കൗമാരക്കാർക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ സൈന്യം പെല്ലറ്റ് ഷെൽ ഉപയോഗിച്ചതായി ആശുപത്രിയിൽ കഴിയുന്ന ആൺകുട്ടി സാക്ഷ്യപ്പെടുത്തുന്നു. 'ഞാൻ പ്രതിഷേധിക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. പെട്ടെന്ന് സൈന്യം തങ്ങളുടെ നേർക്ക് ഷെൽ വർഷിച്ചു. എന്റെ ശരീരത്തിന്റെ പകുതിഭാഗത്ത് വേദന അനുഭവപ്പെടുകയും വലതു കണ്ണിന് അസഹ്യമായ വേദനയുണ്ടാവുകയും ചെയ്തു'. പത്തു മീറ്റർ അകലെ നിന്ന് ഷെൽ പ്രയോഗിച്ചതെന്നാണ് 14 വയസുകാരനായ കുട്ടി ആശുപത്രിക്കിടക്കയിൽ വെച്ച് പറഞ്ഞത്.
ഞെട്ടിപ്പിക്കുന്നത് അതൊന്നുമല്ല, ഇത്രയും ക്രൂര കൃത്യങ്ങൾ കൺമുന്നിൽ നടമാടിയിട്ടും അഭിനവ രാജ്യസ്‌നേഹികൾ പറയുന്നത് അതൊക്കെ അനിവാര്യമാണെന്നാണ്. തീവ്രവാദികളെ തുരത്താൻ സൈന്യത്തിന്റെ അനിവാര്യ ചെറുത്തു നില്പാണത്രേ ഇതൊക്കെ.

തലയോട്ടിക്കുള്ളിൽ ലോഹ ചീളുമായി കിടക്കുന്ന പിഞ്ചു കുഞ്ഞിന്റെ ചിത്രം പോലും നിങ്ങളുടെ മനസാക്ഷിയെ മരവിപ്പിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ദേശീയത ഒരു ഭ്രാന്തായി മാറിക്കഴിഞ്ഞിരിക്കുന്നു. 370ആം വകുപ്പിലെ പല സ്വയംഭരണ വ്യവസ്ഥകളും എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടികളാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾക്കൊക്കെ കാരണം. ഒരു ജനതയെ കുരുതി കൊടുത്ത് കൊണ്ട് മുന്നോട്ട് പോകുന്ന BJP-PDP സർക്കാരിനെ വാഷിങ്ങ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ വിമർശിച്ച് തുടങ്ങി. ചിതറി തെറിച്ച മനുഷ്യ ശരീരങ്ങൾക്ക് മുകളിൽ കയറിയിരുന്നു നിങ്ങൾ എത്ര ഭാരത് മാതാ കീ ജയ് മുഴക്കിയാലും അതൊരു ഭീതിയുടെ ശബ്ദമായേ പുറത്തു വരികയുള്ളൂ. ഭരണകൂടത്തെ നിലക്ക് നിർത്താൻ ജനങ്ങൾ തെരുവിലിറങ്ങി ഭരണം പിടിച്ച ചരിത്രങ്ങളുണ്ട്, ഇവിടെ. സ്വന്തം സിവിലിയന്മാരെ കൊലക്ക് കൊടുത്തുകൊണ്ട് ഒരു സ്റ്റേറ്റിനും ഒരു ഭരണകൂടത്തിനും നിലനിൽപ്പില്ല. ക്രൂരതകളെ വിനോദമാക്കിയ ഫാഷിസ്റ്റുകൾക്ക് ചരിത്രം മാപ്പ് നൽകിയിട്ടില്ല.