"കേരള കോണ്ഗ്രസ്സ് പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു"; പി സി ജോര്‍ജ്ജ്

" കെ എം മാണിയേ കൂട്ടുപിടിച്ച് യുഡിഎഫിനെ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് പിണറായി വിജയന്‍"

"കേരള കോണ്ഗ്രസ്സ് പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു"; പി സി ജോര്‍ജ്ജ്

തിരുവനന്തപുരം: കേരള കോണ്ഗ്രസ്സ് പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവന്നു പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്.  28 എംഎല്‍എമാര്‍ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് ഇപ്പോള്‍ ആറില്‍ ഒതുങ്ങിയിരിക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാര്‍ അഴിമതി കേസില്‍ നിന്നും രക്ഷപ്പെടാനാണ് കെ എം മാണി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിക്കൊപ്പം പോയാല്‍ സിഎഫ് തോമസ്‌, റോഷി അഗസ്റ്റിന്‍, ജയരാജ് എന്നിവര്‍ അദ്ദേഹത്തോടൊപ്പം നിലകൊള്ളില്ലെന്നു പി സി ജോര്‍ജ്ജ് വ്യക്തമാക്കി. കെ എം മാണിയേ കൂട്ടുപിടിച്ച് യുഡിഎഫിനെ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് പിണറായി വിജയന്‍. ഇനിയുള്ള 10 വര്ഷം അധികാരത്തില്‍ തുടരുക എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.അതിനു കൂട്ടുനില്‍ക്കാന്‍ അദ്ദേഹം കെ എം മാണിയെ പ്രോല്‍സാഹിപ്പിക്കുന്നു എന്നും പി സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.


അതേസമയം താന്‍ യുഡിഎഫ് ബഹിഷ്കരിച്ചിട്ടില്ലെന്നു കെ എം മാണി വിശദീകരണം നല്‍കി. കേരള കോണ്ഗ്രസ്സും കോണ്ഗ്രസ്സും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ ഓഗസ്റ്റ് നാലിന് നടത്താനിരുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കെ എം മാണി അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ യോഗം പത്താം തീയതിയിലേക്ക് മാറ്റിവെച്ചു. ഇതെപ്പറ്റി ചോദിച്ചപ്പോള്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ സൗകര്യം ഉണ്ടെങ്കില്‍ പങ്കെടുക്കുമെന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും കെ എം മാണി മാധ്യമങ്ങളോട് പ്രതികരിച്ചു.കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കാനും കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ ആരും തന്നെ എത്തി ചേര്‍ന്നിരുന്നില്ല.ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം പരസ്യ നിലപാട് എടുത്തതാണ് കേരള കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.