'മുഖ്യമന്ത്രി കസേര' അതായിരുന്നു മാണി കണ്ട സ്വപ്നം; രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ്

കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ കെ.എം മാണിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ് രംഗത്ത്.

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ കെ.എം മാണിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ് രംഗത്ത്.

യുഡിഎഫ് കേരളം ഭരിക്കുന്ന കാലത്ത് മുഖ്യമന്ത്രി പദം മോഹിച്ചു മാണി ഇടതു നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട് എന്നും ഈ ചര്‍ച്ചകള്‍ നടന്നത് മാണിയുടെ പാലായിലെ വീട്ടില്‍ വച്ചാണ് എന്നും പിസി ആരോപിക്കുന്നു. എന്നാല്‍ യുഡിഎഫ് മുഖ്യമന്ത്രിയാക്കമെന്നു ഉറപ്പ് നല്‍കി മാണിയെ പിടിച്ചു നിര്‍ത്തുകയായിരുന്നുവെന്നും മണിയുടെ  മകനും മകന്റെ ഭാര്യയും അദ്ദേഹം യുഡിഎഫില്‍ തുടരുന്നതാണ് നല്ലത് എന്നാ നിലപാട് എടുത്തുവെന്നും പിസി പറയുന്നു.


"മാണിയുടെ വീട്ടിൽ രാത്രി പതിനൊന്ന് മണിക്കു എൽഡിഎഫിലെ രണ്ടു സമുന്നതരായ നേതാക്കന്മാരും ഞാനും കൂടെച്ചെന്ന് ചർച്ച ചെയ്തതാണ്. ഈ നീക്കം തകർത്തത് ഇടതുപക്ഷമോ മാണിയോ അല്ല. മാണിയുടെ മകനും മകന്റെ ഭാര്യയുമാണ്. എന്നാൽ, മാണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാതിരിക്കണമെന്ന ആഗ്രഹമല്ല അവരെക്കൊണ്ട് അതു ചെയ്യിപ്പിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ജോസ് കെ. മാണിക്ക് സഹമന്ത്രിസ്ഥാനം കൊടുക്കാമെന്നും ഇരുമ്പുരുക്ക് വകുപ്പ് നൽകാമെന്നും രാഹുൽ ഗാന്ധി വാക്കുപറഞ്ഞതായി മാണിയെ പറഞ്ഞ് ബോധ്യപ്പെടുത്തി. അതുമാത്രമല്ല, ആറുമാസത്തേക്ക് മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും ഇവർ അറിയിച്ചു. ഇതേത്തുടർന്നാണ് ഇടതുപക്ഷത്തുചേർന്ന് മുഖ്യമന്ത്രി ആകേണ്ടെന്നും യുഡിഎഫ് സർക്കാരിൽ മുഖ്യമന്ത്രിയാകാമെന്നും മാണി തീരുമാനിച്ചത്." പിസി ജോര്‍ജ് കൂട്ടി ചേര്‍ത്തു.

മാണി ഇനി പിണറായി വിജയനെ കുറ്റം പറയത്തില്ലയെന്നും സാഹചര്യം അനുസരിച്ച് അദ്ദേഹം പിണറായിക്ക് അനുകൂലമായും വേണമെങ്കിൽ മോഡിക്ക് അനുകൂലമായും സംസാരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

Read More >>