പഴുക്കാനില വിളക്കുമരം മിഴി തുറക്കുമോ?

കോട്ടയം, സാംസ്കാരിക പൈതൃക സ്മാരകങ്ങളിൽ ചരിത്രപരമായ പ്രാധാന്യത്തോടെ ഇന്നും തല ഉയർത്തി നിൽക്കുന്നു കോട്ടയം പഴുക്കാനില വിളക്കുമരം.

പഴുക്കാനില വിളക്കുമരം മിഴി തുറക്കുമോ?

പ്രമോദ് ഒറ്റക്കണ്ടം

200 വർഷങ്ങൾക്കു മുൻപ് 1815ൽ മീനച്ചിലാറും കൊടൂരാരും ഒരുമിച്ചു ചേർന്ന് വേമ്പനാട്ടു കായലിൽ പതിക്കുന്ന പഴുക്കാനിലയിൽ ജല യാനങ്ങൾക്ക് വഴികാട്ടിയാവാൻ തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോ സ്ഥാപിച്ചതാണ് പഴുക്കാനില വിളക്കുമരം. കൊല്ലം, എടത്വാ, ചമ്പക്കുളം, കുട്ടനാട് തുടങ്ങിയ ദേശങ്ങളിൽ നിന്നും വരുന്ന ചരക്കുവഞ്ചികൾക്കും ബോട്ടുകൾക്കും കോട്ടയം, കാരാപ്പുഴ കോടിമത ജെട്ടികളിൽ അടുക്കുവാൻ പഴുക്കാനില വിളക്കുമരം സഹായിച്ചിരുന്നു. ചരിത്ര രേഖകളിൽ ഇതു മൺറോ ലൈറ്റ് എന്നും അറിയപ്പെടുന്നു. തിരുവിതാംകൂറിന്റെ തെക്കുംകൂർ ആക്രമണ കാലത്തു തിരുവിതാംകൂർ സൈന്യാധിപനായിരുന്ന ഡിലനായിയുടെ നേതൃത്വത്തിലുള്ള നാവിക സൈന്യം താവളമുറപ്പിച്ചതും തന്ത്രങ്ങൾ മെനഞ്ഞതും ഇവിടെ വച്ചായിരുന്നു.


[caption id="attachment_28833" align="alignright" width="350"]Pazhukkanila Light House പഴുക്കാനില വിളക്കുമരം[/caption]

വിറകു കത്തിച്ചായിരുന്നു ആദ്യ കാലങ്ങളിൽ ലൈറ്റ് ഹൗ‌സിൽ വെളിച്ചം പരത്തിയിരുന്നത്. പിന്നീട് തിരിയിട്ടു കത്തിക്കുന്ന വിളക്കായി. അതിനു ശേഷം പ്രിസവും ലെൻസും ഘടിപ്പിച്ചു കൂടുതൽ പ്രദേശത്തു വെളിച്ചം പരത്തുന്ന സ്ഥിതിയിലായി. അവസാനം പതിറ്റാണ്ടുകൾക്ക് മുൻപ് വൈദ്യുദീകരിക്കുകയും ചെയ്‌തു. വർഷങ്ങളായി വൈദ്യുതി ചാർജ് കുടിശിഖ ആയതോടെ ബോർഡ് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ജീവനക്കാർക്ക് താമസിക്കാൻ വെട്ടുകല്ലിൽ തീർത്ത കെട്ടിടവും കാലാന്തരത്തിൽ നിലം പൊത്തിയതോടെ ഇതു വിസ്‌മൃതിയിലേക്കു മറഞ്ഞു. ഇതിന്റെ കിഴക്കു ഭാഗം പള്ളവും തെക്കു കുറിച്ചിയും വടക്കു തിരുവാർപ്പ് പഞ്ചായത്തിലെ തിരുവായ്ക്കരി പാടശേഖരവുമാണ്.

2016 ഡിസംബർ 20ന് വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ മീനച്ചിലാർ സംരക്ഷണ സന്ദേശ യാത്രയോടെ വിളക്കുമരം വീണ്ടും സജീവ ചർച്ചയായി. ചരിത്ര ഗവേഷകനായ ശ്രീ രാജീവ് പള്ളിക്കോണം നേതൃത്വം കൊടുത്ത ജല യാത്രയുടെ സമാപനം ഈ വിളക്കുമര ചുവട്ടിലായിരുന്നു.

അടുത്ത ദിവസം തന്നെ അന്നത്തെ മന്ത്രിയും കോട്ടയം എംഎൽഎയുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇവിടം സന്ദർശിക്കുകയും സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഡിടിപിസിയുമായിച്ചേർന്നു പദ്ധതി തയ്യാറാക്കി ഉടനടി ഇതിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാൽ ഒന്നും നടന്നില്ല. ഇപ്പോൾ ഡിടിപിസി അധികൃതർക്ക് അതിനെ സംബന്ധിച്ചു ഒന്നും അറിവില്ലെന്നു പറയുന്നു. ഏതായാലും ഡിസ്കോവർ കോട്ടയം പദ്ധതിയിൽ പെടുത്തി പഴുക്കാനിലയെ ബന്ധിപ്പിച്ച ഒരു ബാക്ക് വാട്ടർ സർക്യൂട്ടിന് അവർക്കു താൽപ്പര്യമുണ്ട്.

pazhukkanila-light-houseഇന്ത്യയിലെ 78 ലൈറ്റ് ഹൗസുകൾ സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കുന്ന കേന്ദ്ര ഗവൺമെന്റ് പദ്ധതിയിൽ പഴുക്കാനില ലൈറ്റ് ഹൗസും ഉൾപ്പെടുത്താൻ നീക്കം നടത്തുന്നുണ്ട്. ഇത്തരം പദ്ധതികളുടെ മുൻകാല സ്വഭാവങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്തെ ഭൂമിയും നെൽപ്പാടങ്ങളും സ്വകാര്യ കുത്തകകൾ കയ്യടക്കി ഈ ചരിത്ര സ്മാരകത്തെയും ഇവിടുത്തെ അതിശയിപ്പിക്കുന്ന പ്രകൃതി ഭംഗിയേയും ചൂഷണം ചെയ്യുമോ എന്ന ആശങ്കകൾ നാട്ടുകാർ പങ്കു വയ്ക്കുന്നു.

ആദ്യമായി ഇവിടേക്ക് പള്ളം കരിമ്പുംകാല കടവിൽ നിന്നും വാഹന സഞ്ചാര യോഗ്യമായ ഒരു വഴിയാണുണ്ടാവേണ്ടത്. ഇപ്പോൾ ഒരു ഒറ്റയടിപ്പാത മാത്രമാണുള്ളത്. സ്മാരകവും ചുറ്റുമുള്ള ഭൂമിയും സർക്കാർ ഏറ്റെടുത്തു ഡിടിപിസിക്കു കൈമാറണം. ഇവിടുത്തെ വാട്ടർ സ്പോർട്സ് സാധ്യതകൾ പ്രയോജനപ്പെടുത്തണം. സായന്തനങ്ങളിൽ വേമ്പനാട് കായലിലെ കാറ്റേറ്റ് സാധാരണക്കാരായ സഞ്ചാരികൾക്കും നാട്ടുകാർക്കും കുറഞ്ഞ ചെലവിൽ നാടൻ മത്സ്യ വിഭവങ്ങൾ കൂട്ടിയുള്ള ഭക്ഷണം കഴിച്ചു ബോട്ടിൽ കായൽ സഞ്ചാരവും നടത്തി മടങ്ങിപ്പോകാൻ കഴിയണം. വിളക്കുമരത്തിന്റെ ദീപപ്രഭയിൽ അതിനായി യുക്തമായ പദ്ധതിയും തീരുമാനവുമാണ് ഉടനെ ഉണ്ടാവേണ്ടത്. അന്നത്തെ മന്ത്രി എംഎൽഎ ആയി ഇപ്പോഴുമിവിടുണ്ട്.