പാഷാണം ഷാജിയിലേയ്ക്കുള്ള ദൂരം

മലയാളിയുടെ ഗൃഹാതുരതയുമായി ചേർന്ന് നിൽക്കുന്ന ഒന്നാണ് പാഷാണം ഷാജിയുടെ അലസജീവിതത്തിലും വികൃതികളിലുമുള്ളത്. നമുക്ക് ആകാൻ കഴിയാത്ത ഒരു സ്വത്വമാണ് അവനുള്ളത്. പാഷാണം ഷാജി അടിസ്ഥാന മലയാളിയാണ്. പായും ചുരുട്ടി അമ്പലപ്പറമ്പുകളിൽ തെണ്ടി, തിരികെ കരിമ്പും ബലൂണുമായി ചിന്തിക്കടയിലെ സാധനങ്ങളുമായി തിരികെ വരുന്ന ആ പഴയ മലയാളി. പുതിയ കാലത്തെ ഒരു ചെറുപ്പക്കാരൻ ആ മലയാളിയായി മാറുകയാണ് പാഷാണം ഷാജിയെന്ന കഥാപാത്രത്തിലൂടെ. ജോണി എം എൽ എഴുതുന്നു.

പാഷാണം ഷാജിയിലേയ്ക്കുള്ള ദൂരം

ജോണി എം എൽ

ചില കഥാപാത്രങ്ങൾ ചില മനുഷ്യരെ രക്ഷിക്കാറുണ്ട്, ജീവിതത്തിലും കലയിലും. ഡ്രാക്കുളയായി അഭിനയിച്ച ക്രിസ്റ്റഫർ ലീ, സൂപ്പർമാനായി അഭിനയിച്ച ക്രിസ്റ്റർഫർ റീവ് എന്നിവരും സാഹിത്യത്തിൽ കെ എന്ന കഥാപാത്രത്തെ ആത്മസ്വത്വമായി ആവിഷ്‌കരിച്ച കാഫ്ക, റോബർട്ട് ലാങ്ഡൺ എന്ന കഥാപാത്രമായി തിരിച്ചറിയപ്പെടുന്ന എഴുത്തുകാരൻ ഡാൻ ബ്രൗണും നാൻ ടോം ഹാങ്ക്‌സും, അത്രയേറെ ഉദാത്തമല്ലെങ്കിലും ചില സവിശേഷ കഥാപാത്രങ്ങളിലൂടെ മാത്രം അറിയപ്പെടുന്ന ചില നടന്മാരും മിമിക്രി ആർട്ടിസ്റ്റുകളും നമുക്കുണ്ട്. അല്പം കുസൃതിയും അശ്ലീലവുമൊക്കെ കയ്യിൽ വെച്ച് നിത്യജീവിതത്തിലെ ഏതൊരു പ്രശ്‌നത്തേയും നേരിടുന്ന മുസ്ലീം താത്തമാരുടെ വേഷത്തിൽ വന്ന എബിയും സാജു കൊടിയനുമാണ് പ്രാതഃസ്മരണീയർ. സാജു കൊടിയൻ വാജ്‌പേയി കൂടിയായി തിളങ്ങിയപ്പോൾ എബി അമിതാബ് ബച്ചനും മമ്മൂട്ടിയുമായി ഒക്കെ വേഷപ്പകർച്ച നടത്തി. എങ്കിലും അവർ ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടിയ്ക്കുന്നത് താത്തമാരായി വരുമ്പോൾത്തന്നെയാണ്.


കേരളത്തിലെ മദ്യപന്മാർക്ക് ഒരു കൃത്യമായ ശരീരഭാഷ സൃഷ്ടിച്ചുകൊണ്ടാണ് അയ്യപ്പ ബൈജു രംഗത്ത് വരുന്നത്. ബൈജുവിന്റെ യഥാർത്ഥപേര് എന്തെന്ന് അറിയാൻ വയ്യാത്തവിധം ആ കഥാപാത്രം വളർന്നു. ബൈജു സൃഷ്ടിച്ച മാനറിസങ്ങൾ നെൽസനും സുരാജ് വെഞ്ഞാറമൂടിനും മറ്റനേകം ചെറുകിട നടന്മാർക്കും പ്രചോദനമായി. അയ്യപ്പ ബൈജുവിനുശേഷം മലയാള വിനോദരംഗത്തെ ഏറ്റവുമധികം ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്ത മറ്റൊരു കഥാപാത്രമാണ് പാഷാണം ഷാജി. ഈ കഥാപാത്രത്തിന്റെ സ്വീകാര്യതയും ജനപ്രിയതയും പാഷാണം ഷാജിയെ അവതരിപ്പിച്ച സാജു നവോദയ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യനടന്മാരിൽ ഒരാളായി സാജു നവോദയ അഥവാ പാഷാണം ഷാജി വളർന്നിരിക്കുന്നു. എന്തായിരിക്കാം മലയാളികൾ ഈ കഥാപാത്രത്തെ നെഞ്ചോട് ചേർക്കാൻ കാരണം?

സാജു നവോദയ മലയാള സിനിമാ രംഗത്ത് ഒരു സജീവ സാന്നിധ്യമായതിനുശേഷം നടന്ന ഒരുടെലിവിഷൻ അഭിമുഖത്തിൽ അവതാരക സാജുവിനോട് ചോദിച്ചു, എങ്ങനെയാണ് പൊതുജനങ്ങൾക്കിടയിൽ സാജു അറിയപ്പെടുന്നത് എന്ന്. സ്വതസിദ്ധമായ ചിരിയോടെ സാജു പറഞ്ഞത് മിക്കവാറും ആളുകൾ തന്നെ പാഷാണമെന്നോ ഷാജിയെന്നോ പാഷാണം ഷാജിയെന്നോ ആണ് വിളിക്കാറുള്ളത് എന്നാണ്. സാജു എന്ന പേര് ഇപ്പോൾ അടുത്ത കൂട്ടുകാർക്കും വീട്ടുകാർക്കും മാത്രം അറിയപ്പെടുന്ന ഒന്നായി. അനേകം സിനിമകളിൽ മുൻനിര നായകന്മാർക്കൊപ്പം മുഴുനീള വേഷങ്ങളിൽ അഭിനയിക്കുമ്പോഴും ഏത് കഥാപാത്രത്തിലും ഒരു പാഷാണം ഷാജി ടച്ച് ഉണ്ടായിരിക്കുന്നത് ജനങ്ങൾ സ്വീകരിച്ചു എന്നുതന്നെ വേണം കരുതാൻ. പക്ഷേ ഒരു നടനെ സംബന്ധിച്ചിടത്തോളം ഇതൊരു മൈനസ് മാർക്കായി വന്നേക്കാം. പക്ഷേ വെനീസിനെക്കുറിച്ച് മാത്രം എഴുതാത്തതെന്തേ? മാർക്കോ പോളോയുടെ മറുപടി ഉടൻവന്നു: പ്രഭോ, ഞാൻ ഏത് നഗരത്തെക്കുറിച്ചെഴുതുമ്പോഴും അത് വെനീസിനെക്കുറിച്ച് തന്നെയാണ്.

സാജു നവോദയ നടന്മാരിലെ മാർക്കോ പോളോയാണെന്ന് പറയാം. ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും അയാൾ പാഷാണം ഷാജിയെത്തന്നെ പുതിയൊരു സന്ദർഭത്തിൽ പുനർനിർമ്മിക്കുകയാണ്. ഇത് വേഴ്‌സറ്റലിറ്റി അഥവാ വിവിധ പ്രതിഭാത്വത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യത്തിന് അടൂർ ഭാസിയുടെ ഉദാഹരണം എടുത്തുകൊണ്ട് ഉത്തരം കണ്ടെത്താം. അടൂർ ഭാസിയുടെ വേഴ്‌സറ്റൽ ആയ ഒരു നടനായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ എല്ലാ ഹാസ്യകഥാപാത്രങ്ങളിലും ഒരു ഭാസിത്വം ഉണ്ടായിരുന്നു. അതാണ് ആ കഥാപാത്രങ്ങളെ ആകർഷകമാക്കിയത്. അടൂർ ഭാസി ഗൗരവമുള്ള കഥാപാത്രങ്ങൾ ചെയ്തപ്പോൾ ഭാസിത്വം അപ്പാടെ അപ്രത്യക്ഷമായി. സാജു നവോദയയുടെ കാര്യത്തിലും നമുക്ക് അത്തരമൊരു കാത്തിരിപ്പ് നടത്തേണ്ടതുണ്ട്.സാജു നവോദയ എന്ന നടന്റെ വിജയത്തിന് പിന്നിൽ പ്രധാനമായും പ്രവർത്തിക്കുന്നത് രണ്ട് ഘടകങ്ങളാണ്. ഒന്ന് സാജു മിമിക്രി വേദിയിൽ അല്ലെങ്കിൽ കോമഡി സ്‌കിറ്റുകളിൽ മറ്റൊരു നടനേയും അനുകരിക്കുന്നില്ല എന്നുള്ളതാണ്. രണ്ടാമതായി, പാഷാണം ഷാജി എന്ന കഥാപാത്രത്തിന്റെ തെരഞ്ഞെടുപ്പ്. ഈ രണ്ട് കാര്യങ്ങളും വിശദീകരണം ആവശ്യപ്പെടുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നീ രണ്ട് പ്രമുഖ നടന്മാർ സിനിമാരംഗത്ത് 1980കളിൽ സജീവമായതിന് ശേഷം പിന്നീട് വന്ന നടന്മാരെല്ലാംതന്നെ അവരുടെ വിക്ഷേപണ വേദിയായി തെരഞ്ഞെടുത്തത് മിമിക്രി ആയിരുന്നു. ജയറാം മുതൽ ജയസൂര്യവരെ എന്നു വേണമെങ്കിൽ നമുക്ക് ചുരുക്കിപ്പറയാം. പൃഥ്വിരാജ്- ഇന്ദ്രജിത്ത്, ദുൽക്കർ സൽമാൻ, ഫഹദ് ഫാസിൽ തുടങ്ങിയ പുതിയ താരനിരയ്ക്ക് ഈ മിമിക്രി പാരമ്പര്യമില്ല. അതിനാൽത്തന്നെ വാർപ്പ് മാതൃകൾക്ക് പുറത്തുള്ള അഭിനയ രീതികൾ ഇവർക്ക് കാഴ്ചവെയ്ക്കാൻ കഴിയുന്നു. സാജു നവോദയ കോമഡി രംഗത്തുനിന്നും സ്‌റ്റേജ് പ്രോഗ്രാമുകളിൽനിന്നും വന്ന കലാകാരനാണെങ്കിലും സ്റ്റേജിൽ നവോദയ മോഹൻലാലിനെ അനുകരിക്കുന്നുണ്ട്.

ഒരു പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്ററുടെ വിടവാങ്ങൽ പരിപാടിയിൽ മുഖ്യ പാചകക്കാരനായി വരുമ്പോൾ സാജു പഞ്ചാഗ്നിയിലെ മീശയില്ലാത്ത മോഹൻലാലായി ഒരു നിമിഷത്തേയ്ക്ക് പ്രത്യക്ഷപ്പെടുന്നു. ഒരുചിരവ കൈയിൽ തൂക്കിപിടിച്ചാണ് മോഹൻലാലിന്റെ കയ്യിലെ ട്രാൻസിസ്റ്ററിനെ ഓർമ്മിപ്പിക്കുന്നുണ്ട്. കൊച്ചിയിലെ ക്വേട്ടേഷൻ ടീമിനെ കാണിക്കുന്ന സ്‌കിറ്റിൽ സെബാട്ടി എന്ന ഗുണ്ടയായി വരുന്ന സാജു ഛോട്ടോ മുംബൈ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ഫാനാണെന്ന് സ്വയം പറഞ്ഞ് ഹാസ്യമുളവാക്കുന്ന പിങ്ക് പാന്റും ഷർട്ടും ധരിച്ച് എത്തുന്നു. പക്ഷേ ഈ രണ്ട് കഥാപാത്രങ്ങളും രൂപസാദൃശ്യം കൊണ്ടല്ല കാണികളെ ആകർഷിക്കുന്നത്, ആകാൻ ശ്രമിച്ചിട്ടും ആകാത്ത ഒരു അവസ്ഥയുടെ സ്വയം വിമർശനപരമായ നിസഹായത കൊണ്ടാണ് സാജു കാണികളുടെ കയ്യടി നേടുന്നത്. എല്ലാ മലയാളി യുവാക്കളും മനസിൽ കൊണ്ടു നടക്കുകയും അനുകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന താരബിംബങ്ങളെ ഹാസ്യത്മാക സ്വയം വിമർശനത്തിലൂടെ സാജു അടിച്ചുടയ്ക്കുകയാണ്. ഈ വിഗ്രഹഭജ്ഞനത്തിന്റെ ആർജ്ജവം കേരളത്തിലെ ചെറുപ്പക്കാർക്ക് ഇഷ്ടപ്പെട്ടു എന്നുവേണം പറയാൻ.രണ്ടാമതായി, പാഷാണം ഷാജി എന്ന കഥാപാത്രം അടങ്ങുന്ന ഒരു സ്‌കിറ്റിന്റെ പിറവി എങ്ങനെ മറ്റെല്ലാ അർത്ഥത്തിലും സാജു നവോദയ എന്ന നടന്റെയും പാഷാണം ഷാജി എന്ന കഥാപാത്രത്തിന്റെയുംകൂടി പിറവിയായി എന്ന് പരിശോധിക്കാം. സാജു നവോദയയുടെ അനേകം അഭിമുഖങ്ങളിൽ അദ്ദേഹം പറയുന്നുണ്ട്, കോമഡി ഷോവിൽ അവതരിപ്പിക്കാൻ വച്ചിരുന്ന ഒരു സ്‌കിറ്റിന് സമാനമായ മറ്റൊരു സ്‌കിറ്റ് മത്സത്തിലുണ്ടായിരുന്ന മറ്റൊരു ടീം ആദ്യമെ അവതരിപ്പിച്ചതിനാൽ ചാനൽ അവസാന നിമിഷം പുതിയൊരു കഥ ശരിയാക്കാൻ സാജുവിന്റെ ടീമായ സ്റ്റാർ ഓഫ് കൊച്ചിൻ-നോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ്. അതെത്തുടർന്ന് അര മണിക്കൂർ കൊണ്ട് തട്ടിക്കൂട്ടിയ ഒരു കഥയിലായിരുന്നു പാഷാണം ഷാജി എന്ന കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കേരളത്തിൽ സർവ്വ സാധാരണമായി കാണുന്ന പേരുകളിൽ ഒന്നാണ് ഷാജി. ഈ പേര് ഒറ്റയ്ക്ക് നിൽക്കില്ല. ഒറ്റയ്ക്ക് നിന്നാൽ ഭാരം കുറഞ്ഞ് പറന്ന് പോകാനും ആർക്കും എടുത്തിട്ട് പന്ത് തട്ടാനും കഴിയുന്ന പേരാണിത്. ബൈജു, ശശി എന്നീ പേരുകളും ഒറ്റയ്ക്ക് നിന്നാൽ കളിയാക്കാൻ സാധ്യതയുള്ളതാണ്.

അതുകൊണ്ടുതന്നെയാകണം കുടിയാനാകാൻ വന്ന ഗൾഫ് റിട്ടേണിയോട് വികെഎൻ നങ്ങേമയെക്കൊണ്ട് ഒരു ചോദ്യം ചോദിപ്പിച്ചത്: എന്താ പേര്? കുടിയാൻ: ഷാജി. പൂർണ്ണമായ പേര് പറ. പി ഷാജി. വികെഎന്നെ വായിച്ചിട്ടാണോ സാജു നവോദയ പാഷാണം ഷാജി എന്ന പേര് കണ്ടെത്തിയതെന്നറിയില്ല. പക്ഷേ വി കെ എന്നിന്റെ ഹാസ്യഭാവനയോളം ഉയരുന്ന തികച്ചും ബഹുമാനമില്ലാത്ത ഹാസ്യം ഈ കഥാപാത്രത്തിന്റെ പേര് തയ്യാറാക്കുന്നതിൽ വന്ന് ചേർന്നിട്ടുണ്ട്.

പാഷാണം ഷാജി എന്ന കഥാപാത്രം എന്താണ് ഈ കഥകളിൽ ചെയ്യുന്നത്? ഗ്രാമങ്ങൾ ക്രമേണ മറഞ്ഞ് പോകുകയും കവലകളിൽ ബിടെക്കുകാരെ തട്ടി നടക്കാൻ കഴിയാത്ത സ്ഥിതി വിശേഷം സംജാതമാകുകയും ചെയ്ത ഈ നാളുകളിൽ പാഷാണം ഷാജി ഒരു പരിധിവരെ മലയാളികളിൽ ഗൃഹാതുരത്വം ഉണർത്തുന്നുണ്ട്. കാരണം പാഷാണം ഷാജി പ്രത്യേകിച്ച് ഒന്നും ചെയ്യാതെ കറങ്ങിനടക്കുകയോ ഒരിടത്ത് കുത്തിയിരിക്കുകയോ ചെയ്യുന്ന ഒരു യുവാവാണ്. നമ്മുടെ നാടോടിക്കഥകളിലൊക്കെ കാണുന്നത് പോലെയുള്ള ആടിനെ പട്ടിയാക്കുന്ന ഒരു വിരുതൻ. ആളുകലെ കളിയാക്കലും പറ്റിക്കലുമൊക്കെയാണ് അവന്റെ ജോലി. അവന്റെ പരപീഡനത്തോളം എത്തുന്ന വികൃതികൾക്ക് പലപ്പോഴും ഇരയാകുന്നത് അവന്റെ ഏറ്റവും അടുത്ത സുഹൃത്തുകൾ തന്നെയാണ്. അവശ്യം വേണ്ട ആസുരത എന്നൊക്കെ വേണമെങ്കിൽ നമുക്ക് പാഷാണത്തെക്കുറിച്ച് പറയാം.

നമുക്ക് ആകാൻ കഴിയാത്ത ഒരു സ്വത്വമാണ് അവനുള്ളത്. എല്ലാവരും പ്രത്യേക ലക്ഷ്യങ്ങളുമായി ജീവിക്കുന്ന ഈ കാലയളവിൽ ഒരു ലക്ഷ്യവുമില്ലാതെ തികച്ചും സന്തുഷ്ടനായി ജീവിക്കുന്ന ഒരാൾ കണ്ണാടിപ്പെട്ടിയ്ക്കുള്ളിലെ പലഹാരം പോലെ നമ്മിൽ കൊതിയുളവാക്കും. അതുകൊണ്ട് തന്നെയാണ് പാഷാണം ഷാജിയെ കാണികൾ ഏറ്റുവാങ്ങിയത്.

ഒരു നല്ല കലാകാരൻ ഏത് വസ്തുവിലും സന്ദർഭത്തിലും ആശയത്തിലും വ്യക്തിയിലും പ്രകൃതിയിലും അടങ്ങിയിരിക്കുന്ന കല കാണുന്നു ഒരു നല്ല ബിസ്‌നസുകാരന് ജയയും പരാജയവുമൊക്കെ പണമുണ്ടാക്കാനുള്ള തുറന്ന അവസരമാണ്. പാഷാണം ഷാജിയെ സംബന്ധിച്ചിടത്തഓളം എന്തും ഏതും ഒരു വികൃതി ഒപ്പിക്കാനുള്ള അവസരവും സാധ്യതയുമാണ്. ഒരു പലച്ചരക്കുകട നടത്തി മാനവും മര്യാദയുമായി ജീവിച്ച് പോകുന്ന കടയുടെ തൊട്ടപ്പുറത്തുള്ള ഒരു ആൽത്തറയിലാണ് പാഷാണം ഷാജി തന്റെ ജീവിതത്തിൽ ഏറിയപങ്കും ചെലവഴിക്കുന്നത്. വഴി ചോദിച്ച് വരുന്നവർക്ക് തെറ്റായ വഴിപറഞ്ഞു കൊടുക്കുക, കല്യാണ പാർട്ടിയെ വേറെ വഴിക്ക് പറഞ്ഞയ്ക്കുക. ഹാർമോണിയം വായിച്ച് പാടി പമം പിരിയ്ക്കുന്നവനെ വൈകുന്നേരം വരെ ആൽത്തറയിലിരുത്തി പാടിയ്ക്കുക, പോലീസിന്റെ കൈയിൽനിന്ന് കള്ളനെ വിടുവിക്കുക, തന്നെ അടിച്ച അമ്മാവനെ പോലീസിന് ഒറ്റിക്കൊടുക്കുക, പാസ്റ്ററായി വേഷം കെട്ടുന്ന ക്രിമിനലിനെ പോലീസിന് പിടിച്ച് കൊടുക്കുക, അതേപോലീസിനെക്കൊണ്ട് പന്തയക്കളി നടത്തിക്കുക തുടങ്ങി, പാവം രാജപ്പനെക്കൊണ്ട് ഒരു പെണ്ണിനോട് പ്രണയാഭ്യർത്ഥന നടത്തിച്ച് അടിവാങ്ങിക്കൊടുക്കുന്നതുവരെ പാഷാണം ഷാജി ചെയ്യുന്നു.രാജപ്പന്റെ കട പൂട്ടിക്കുകയും രാജപ്പൻ നാട് വിടുകയും ചെയ്യുന്നുണ്ട്. പക്ഷേ ഷാജിയ്ക്ക് യാതൊരു പ്രശ്‌നവുമില്ല. നാട്ടിലേതോ വീടിന് തീപിടിച്ചത് അണയ്ക്കായി എത്തുന്ന ഫയർ എഞ്ചിനെ പാഷാണം വഴിതെറ്റിച്ച് വിടുന്നു. കുറച്ച് കഴിയുമ്പോഴാണ് അറിയുന്നത് തീ പിടിച്ചത് തന്റെ വീടിന് തന്നെ ആയിരുന്നെന്ന്. അപ്പോഴും ഷാജിയ്ക്ക് ചിരിയാണ്. അത്ഭുതപ്പെട്ടിരിക്കുന്ന പ്രേക്ഷകർക്ക് മുൻപാകെ പാഷാണം പറയുകയാണ്: ജപ്തി ചെയ്യാൻ വരുന്ന ബാങ്ക് മാനേജരുടെ മുഖം ഇനിയൊന്ന് കാണേണ്ടതാണ്.

ബീർബലിനെയും തെന്നാലി രാമനെയും നാറാണത്ത് ഭ്രാന്തനെയും ഒരേസമയം അനുസ്മരിപ്പിക്കുന്ന പാഷാണം ഷാജി മലയാളിയെ ഇത്രയധികം വശീകരിച്ചെങ്കിൽ ആ കഥാപാത്രത്തിന് താത്വികമായി എന്തെങ്കിലും തരത്തിലുള്ള ആഴങ്ങൾ ഉണ്ടായിരിക്കണം. അന്വേഷിക്കുമ്പോൾ പാഷാണം ഷാജിയിൽ നിന്നുതന്നെ നാമത് അറിയുന്നു.
രാജപ്പൻ ചോദിക്കുകയാണ്: എടാ, ഷാജി നീ ആളുകളെയൊക്കെ പറ്റിച്ചിട്ട് എന്ത് നേടാനാണ്? അപ്പോൾ അതാ ഷാജിയുടെ ക്ലാസിക് ഉത്തരം: 'ഒരു സുഖം'.
അത് പറയുമ്പോൾ സാജു നവോദയയുടെ മുഖത്ത് വിടരുന്ന ലാഘവം നിറഞ്ഞ ചിരി അസൂയാവഹമാണ്. കാരണം ജീവിതത്തിലെ എല്ലാ ഭാരങ്ങളും ഇറക്കിവെച്ചവനും അല്ലെങ്കിൽ ഏറ്റവും വലിയ നിസംഗനും മാത്രമേ ആ ചിരി ചിരിക്കാൻ കഴിയൂ. അതു ബുദ്ധന്റെ ചിരി കൂടിയാണ്. ആ ബുദ്ധത്വത്തിന് വേണ്ടിയുള്ള മലയാളിയുടെ ആകാംക്ഷകളാണ് പാഷാണം ഷാജിയെ ഇത്രയധികം പ്രിയങ്കരമാക്കിയത്. രാജപ്പൻ ഷാജിയോട് ചോദിക്കുന്നു: എന്താണ് നിന്റെ ഏറ്റവും വലിയ ആഗ്രഹം?
ഷാജി പറയുന്നു: എനിയ്ക്ക് മേഘത്തിന്റെ മുകളിൽ കയറിയിരിക്കണം.
എന്തിനെന്ന രാജപ്പന്റെ ചോദ്യത്തിന് ഷാജിയുടെ മറുപടി ക്ലാസിക്കാണ്:
പൈലറ്റിന്റെ വഴി തെറ്റിയ്ക്കണം
. ഷാജി ഇരിക്കുന്ന ആൽമരത്തിന് കാക്കപോലും വരില്ല, കാരണം ഷാജി കാക്കയെപ്പോലും കളിയാക്കും.


പാഷാണം ഷാജി അടിസ്ഥാന മലയാളിയാണ്. പായും ചുരുട്ടി അമ്പലപ്പറമ്പുകളിൽ തെണ്ടി, തിരികെ കരിമ്പും ബലൂണുമായി തിരികെ വരുന്ന ആ പഴയ മലയാളി. പുതിയ കാലത്തെ ഒരു ചെറുപ്പക്കാരൻ ആ മലയാളിയായി മാറുകയാണ് പാഷാണം ഷാജിയെന്ന കഥാപാത്രത്തിലൂടെ. പാഷാണം ഷാജി പ്രേക്ഷക മലയാളിയുടെ ഭൂതകാലമാണ്. സാജു നവോദയ പ്രേക്ഷക മലയാളിയുടെ ഭാവിയും.