എവിടെയായാലും മക്കൾ തിരിച്ചു വരും; പ്രതീക്ഷയോടെ പാലക്കാട് നിന്ന് കാണാതായ സഹോദരങ്ങളുടെ പിതാവ്

ഞങ്ങൾ വിന്‍സന്റിന്റെ വീട്ടിൽ എത്തിയപ്പോള്‍ നിറയെ നിര്‍മാണ തൊഴിലാളികള്‍. അതിന്റെ കാരണവും വിന്‍സന്റ് പറഞ്ഞു. 'വീടിന്റെ മുകളില്‍ മക്കള്‍ക്ക് വേണ്ടി പുതിയ നില കെട്ടാന്‍ തുടങ്ങിയതാണ്. പണി തുടങ്ങിയതിന്റെ പിറ്റേന്നാണ് അവര്‍ പോയത്. പക്ഷെ വീട് പണി നിര്‍ത്തിയില്ല. പിന്നെ ഇപ്പോള്‍ ഇതൊക്കയറിഞ്ഞു. പക്ഷെ പണി മുടങ്ങാതെ നടത്തുന്നു.'

എവിടെയായാലും മക്കൾ തിരിച്ചു വരും; പ്രതീക്ഷയോടെ പാലക്കാട് നിന്ന് കാണാതായ സഹോദരങ്ങളുടെ പിതാവ്

പാലക്കാട്:  ' എവിടെയായാലും എന്തായാലും മക്കള്‍ തിരിച്ചു വരും, പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.' ഐ എസിന്റെ ക്യാമ്പില്‍ എത്തിയെന്ന് സംശയിക്കുന്ന സഹോദരങ്ങളായ യഹിയയുടേയും ഈസയുടേയും പിതാവ് വിന്‍സന്റും ഭാര്യയും പ്രതീക്ഷയിലാണ്. വീട്ടില്‍ ഇരുന്ന് വാര്‍ത്താ ചാനലുകള്‍ മാറി മാറി നോക്കി  മക്കളെ കുറിച്ച് പുതിയ വിവരങ്ങൾ ലഭിച്ചോ എന്ന്  ജാഗ്രതയോടെ കാത്തിരിക്കുകയാണ് ഇവര്‍. പാലക്കാട് യാക്കരക്കടുത്താണ് വിന്‍സന്റിന്റെ വീട്. പാലക്കാട് ടൗണില്‍ എയര്‍കണ്ടീഷന്റേയും മറ്റും സ്‌പെയര്‍പാര്‍ട്ട്‌സ് വില്‍ക്കുന്ന കടയുണ്ട്. 32 വര്‍ഷം ഗള്‍ഫിലായിരുന്ന വിന്‍സന്റ്  അഞ്ചു വര്‍ഷം മുമ്പാണ് നാട്ടില്‍ സ്ഥിരമാക്കിയത്. അതിന് മുമ്പു തന്നെ ടൗണില്‍ കട തുടങ്ങിയിരുന്നു.


ഞങ്ങൾ വിന്‍സന്റിന്റെ വീട്ടിൽ എത്തിയപ്പോള്‍ നിറയെ നിര്‍മാണ തൊഴിലാളികള്‍. അതിന്റെ കാരണവും വിന്‍സന്റ് പറഞ്ഞു.
"വീടിന്റെ മുകളില്‍ മക്കള്‍ക്ക് വേണ്ടി പുതിയ നില കെട്ടാന്‍ തുടങ്ങിയതാണ്. പണി തുടങ്ങിയതിന്റെ പിറ്റേന്നാണ് അവര്‍ പോയത്. പക്ഷെ വീട് പണി നിര്‍ത്തിയില്ല. പിന്നെ ഇപ്പോള്‍ ഇതൊക്കയറിഞ്ഞു. പക്ഷെ പണി മുടങ്ങാതെ നടത്തുന്നു."

രണ്ട് മക്കളുടേയും കൂടെ പോയ ഭാര്യമാരായ ഫാത്തിമ ( നിമിഷ),  മറിയം (മെറിന്‍ ജേക്കബ്) എന്നിവർ ഗര്‍ഭിണികളാണ്. മൂത്ത മകനായ ഈസയുടെ ഭാര്യ ഫാത്തിമയുടെ പ്രസവ തീയതി ആഗസ്റ്റ് 31 നാണ്. പ്രസവം നോക്കുന്നതിന് വേണ്ടി ഹോം നേഴ്‌സിനെ ഏര്‍പ്പാടാക്കിയിരുന്നു.
"അവളുടെ മുന്നില്‍ ഇരുത്തിയാണ് നേഴ്‌സിന്റെ റേറ്റും മറ്റും തീരുമാനിച്ചത്. പ്രസവത്തിനും അതിനു ശേഷം കുഞ്ഞിനും വേണ്ടി എല്ലാ സൗകര്യങ്ങളും ഇപ്പോഴേ ഒരുക്കിയിരുന്നു. അപ്പോഴാണ് ഒന്നും പറയാതെ അവര്‍ പോയത്,"

വിന്‍സന്റിന്റെ ഭാര്യ എല്‍സി പറഞ്ഞു.

തുടര്‍ന്ന് രണ്ട് മക്കളും മതം മറിയതിത് ശേഷം കാണാതാകുന്നത് വരെയുള്ള കാര്യങ്ങള്‍ അവര്‍ നാരദ ന്യൂസിനോട് പങ്കു വെച്ചു.

[caption id="attachment_29680" align="alignleft" width="427"]esa ഈസ[/caption]

"2013 ലാണ് മക്കളില്‍ ഒരാള്‍ ആദ്യം മുസ്ലീമായത്. ചെറിയ മകന്‍ ബെറ്റ്‌സണ്‍ (23) ആണ് ആദ്യം മതം മാറിയത്. തുടര്‍ന്ന് പേര് മാറ്റി യഹിയ എന്നാക്കി. 2014 ലാണ് ചേട്ടന്‍ ബെക്‌സണ്‍ (31) മതം മാറി ഈസ എന്ന പേര് സ്വീകരിക്കുന്നത്. മൂത്തവന്‍ ബാംഗ്ലൂരില്‍ ആണ് പഠിച്ചത്. ആ സമയത്ത് കാസര്‍ഗോഡ് നിന്ന് കാണാതായ ചിലര്‍ അവന്റെ റൂംമേറ്റ്‌സ് ആയി ബാംഗ്ലൂര്‍ ഉണ്ടായിരുന്നു. അങ്ങിനെ ആയിരിക്കാം മതം മാറാനുള്ള മനസ് വന്നത്. ബിബിഎം കോഴ്‌സായിരുന്നു മൂത്തവനായ ബെക്‌സണ്‍ പഠിച്ചിരുന്നത്. ആ സമയത്ത് ഒരു ക്യാമ്പസ് ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. അതില്‍ അവന് സെലക്ഷന്‍ കിട്ടി. പിന്നെ മൂന്നുമാസത്തോളം അവന്‍ ബോംബെയില്‍ ജോലി ചെയ്തു. 2014 - അവസാനം 2015 ജനുവരി മാസം വരെ അവിടെ ജോലി ചെയ്തിരുന്നു. ബോംബെയില്‍ നിന്നു വന്നപ്പോഴായിരുന്നു അവന്‍ ഇസ്ലാം സ്വീകരിച്ചതായി ബോധ്യപ്പെട്ടത്.

അവന്‍ മുസ്ലീമായി എന്ന് അവന്റെ രൂപത്തില്‍ നിന്നു തന്നെ ബോധ്യമായി.  നീട്ടി വളര്‍ത്തിയ താടി, മുട്ടിനു താഴെ ഞെരിയാണിക്കു മീതെയുള്ള പാന്റ്, നിസ്‌കാര തഴമ്പും മറ്റുമുണ്ടായിരുന്നു. ഡാഡിക്ക് വിഷമം തോന്നേണ്ട, ഞാന്‍ മുസ്ലീമായി എന്നവന്‍ തുറന്നു പറഞ്ഞിരുന്നു.

പക്ഷെ മൂത്തവന്‍ മതം മാറിയ കാര്യം പറയുന്നതിന് മുമ്പ് തന്നെ ചെറിയവന്‍ മുസ്ലീമായിരുന്നു.  മൂത്ത മകന്‍ ഈസ പിന്നെ കൊച്ചി വൈറ്റിലയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ജോലി ചെയ്തു. ഹൈടെക് ക്ലാസ് റൂമുകളെ പറ്റിയും ആ വിധത്തില്‍ ക്ലാസ് എടുക്കുന്നതിനെ കുറിച്ചും ടീച്ചര്‍മാര്‍ക്ക് പരിശീലനം നൽകുകയായിരുന്നു ജോലി.  കഴിഞ്ഞ ജൂണിലായിരുന്നു യഹിയ വിവാഹം കഴിച്ചത്. നോമ്പിന്റെ സമയത്തായിരുന്നു കല്യാണം.  ഇസ്ലാം ആയതിന് ശേഷം അവന്‍ വന്നു പറഞ്ഞാണ് കല്യാണ കാര്യം ഞങ്ങൾ അറിയുന്നത്. 'ഞാന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു, പെട്ടെന്ന് കല്യാണം ഉണ്ടാവും. എനിക്ക് നേരത്തെ അറിയുന്ന കുട്ടിയാണ്, അവള്‍ എറണാകുളത്താണ്, പേര് മെറിന്‍. അവളും മതം മാറി മറിയം എന്ന പേര് സ്വീകരിച്ചു. വീട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അവള്‍ ഇറങ്ങി വരും, അവള്‍ ഇങ്ങോട്ടാവും വരിക ' എന്നു പറഞ്ഞു. രണ്ടു പേരും പ്രായപൂര്‍ത്തിയായതിനാല്‍ ഞങ്ങള്‍ തിരുത്താന്‍ പോയില്ല.

[caption id="attachment_29678" align="aligncenter" width="639"]യഹിയ യഹിയ[/caption]

അങ്ങിനെ കഴിഞ്ഞ നോമ്പിന്റെ സമയത്ത് അവളെ കൂട്ടി വരുന്നു. കൂടെ അവന്റെ സുഹ്യത്തുക്കളായ ഷിഹാസ്, റാഷിദ്, അവന്റെ ഭാര്യ, ഒരു കൈ കുഞ്ഞ്, പിന്നെ ഒരു കൊച്ചുകുട്ടി, ഫായിസ് എന്നിവരാണ് വന്നത്. അവര്‍ നോമ്പ് തുറക്കാനായിട്ടാണ് വന്നത്. ഗള്‍ഫില്‍ 32 വര്‍ഷം കഴിഞ്ഞതിനാല്‍  വിന്‍സന്റിനും നോമ്പ് എടുക്കുന്ന ശീലമുണ്ട്.  അന്ന് നോമ്പ് തുറയ്ക്ക് ശേഷം അവർ  പോയി. പിന്നെ ഇടക്കിടെ വരുമായിരുന്നു. ഞങ്ങളുടെ ഈ വീടിനോട് ചേര്‍ന്നു തന്നെ മറ്റൊരു വീടുണ്ട്. അവിടെയാണ് മക്കള്‍ താമസിച്ചിരുന്നത്. സുഹൃത്തുക്കളെല്ലാം അവിടെയാണ് വന്നു താമസിച്ചിരുന്നത്.

കഴിഞ്ഞ ഡിസംബറില്‍ ഞാനും ഭാര്യയും ശ്രീലങ്കയില്‍ ഇസ്ലം മതത്തെ കുറിച്ച് പഠിക്കാന്‍ പോകുകയാണ് എന്നു പറഞ്ഞ്  ആ വെള്ളപ്പൊക്കത്തിന്റെ സമയത്ത് യഹിയയും ഭാര്യയും  ശ്രീലങ്കക്ക് പോയി. ഒരാള്‍ ശ്രീലങ്കക്കു പോയപ്പോള്‍ മറ്റെയാള്‍ നാട്ടില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യണം എന്നു പറഞ്ഞു വന്നു. അങ്ങിനെ വളാഞ്ചേരി കാവുമ്പുറം എന്ന സ്ഥലത്ത് കുറച്ച് സ്ഥലവും വീടുമെടുത്ത് അവര്‍ താമസം തുടങ്ങി. കാവുമ്പുറത്തേക്ക് അവര്‍ കാറിലാണ് പോയത്. പിന്നെ ഇടക്കിടക്ക് വരുമായിരുന്നു. പിന്നെ ഒന്നരമാസം കഴിഞ്ഞപ്പോള്‍ ഭാര്യ ഗര്‍ഭിണിയാണ് എന്നു പറഞ്ഞു. ഇനിയവിടെ നില്‍ക്കേണ്ട, ഇവിടെ വീട്ടില്‍ നിന്നാല്‍ മതിയെന്നു ഞങ്ങള്‍ പറഞ്ഞു. പക്ഷെ ഇവര്‍ തനിച്ചായിരുന്നില്ല കാവുമ്പുറത്ത് താമസിച്ചിരുന്നത് എന്ന് അപ്പോഴാണ് മനസിലായത്. അവരുടെ കൂടെ മറ്റൊരു കുടുംബം കൂടി താമസിച്ചിരുന്നു. അത് ഷിഹാസും ഭാര്യയുമാണെന്നു തോന്നുന്നു. പിന്നെ അവര്‍ ഇങ്ങോട്ടു പോന്നു. ഇവിടെയാണ് താമസിച്ചിരുന്നത്. ശ്രീലങ്കയില്‍ പോയവര്‍ ഇടക്കിടെ വിളിക്കുമായിരുന്നു. അവരുടെ കാള്‍ ഡീറ്റയില്‍സില്‍ നിന്ന് അവര്‍ ശ്രീലങ്കയില്‍ തന്നെയാണ് താമസിച്ചിരുന്നതെന്ന് വ്യക്തമാണ്.

ഒരു ദിവസം വിളിച്ച് ഒരാഴ്ച്ചക്കകം ഞങ്ങള്‍ അങ്ങോട്ടു വരുമെന്നു പറഞ്ഞു. പക്ഷെ രണ്ടു ദിവസത്തിനകം അവര്‍ എത്തി. പിന്നെ കൂട്ടുകാരുടെ വീട്ടില്‍ പോയി. കൂട്ടുകാരുടെ വീട്ടില്‍ പോയ ശേഷം മരുമകള്‍ വീട്ടിലേക്ക് വന്നില്ല. ഒരാഴച്ചക്കു ശേഷം വന്നപ്പോള്‍ വയ്യായിരുന്നുവെന്നും വീട്ടിലായിരുന്നുവെന്നും പറഞ്ഞു. പിന്നെ ശ്രീലങ്കയിലേക്ക് തന്നെ ഞങ്ങള്‍ക്ക് തിരിച്ചു പോകണം, അവിടെ ബിസിനസ് ചെയ്യണം, എന്നു പറഞ്ഞു. നിമിഷ ഈ സമയം കൊണ്ട് ഫാത്തിമയെന്ന പേരില്‍ തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടുമൊക്കെ എടുത്തിരുന്നു. ശ്രീലങ്കയില്‍ കാര്‍പെറ്റ് കച്ചവടം ചെയ്യാം, ബോംബെയില്‍ നിന്നും ഇറാനില്‍ നിന്നും കാര്‍പെറ്റ് ശ്രീലങ്കയിലെത്തിച്ച് മുസ്ലീം പളളികളിലേക്ക് കച്ചവടം ചെയ്യാമെന്നും നല്ല ലാഭമുള്ള കച്ചവടമാണെന്നും പറഞ്ഞു. അതുകൊണ്ട് ഡാഡി എനിക്ക് ഷെയര്‍ വല്ലതുമുണ്ടെങ്കില്‍ തരണം എന്ന് ഇളയ മകന്‍ പറഞ്ഞു.

മൂത്തമകന് ഒരു വര്‍ഷം മുമ്പ് ഷെയര്‍ കൊടുത്തതാണ്. ആ പ്രോപ്പര്‍ട്ടി വിറ്റ വകയില്‍ അവന്റെ കയ്യില്‍ 60 ലക്ഷം രൂപ ഉണ്ട്. രണ്ടാമത്തെ മകന്  ഒന്നും കൊടുത്തിട്ടില്ല. അതുകൊണ്ട് പോകുന്നതിന് രണ്ട് ദിവസം മുമ്പ് രണ്ടാമത്തെ മകന് അഞ്ചു ലക്ഷം രൂപ കൊടുത്തു. ആ പണം വാങ്ങുന്നതിന് മുമ്പ് അവന്‍ ബോംബെയിലും ഹൈദരാബാദിലും എല്ലാം പോയിരുന്നു. പിന്നെ പണം കിട്ടിയ ശേഷം ഒരു ദിവസം രാവിലെ വന്ന് മരുമകള്‍ എന്നെ വിളിച്ചുണര്‍ത്തി. 'ആന്റി എഴുന്നേറ്റില്ലെ..എന്ന്'  ഞാന്‍ അവരുടെ പിതാവിന്റെ രണ്ടാമത്തെ ഭാര്യയായതിനാല്‍ മക്കളും മരുമക്കളും ആന്റി എന്നാണ് വിളിച്ചിരുന്നത്. ഞാന്‍ ഇത്ര നേരത്തെ വിളിക്കുന്നത് പള്ളിയിലേക്ക് പോകാനായിരിക്കുമെന്നു കരുതി എണീറ്റപ്പോള്‍ ഞങ്ങള്‍ പോകുകയാണ് എന്ന് അവള്‍ പറഞ്ഞു.  മുന്നറിയിപ്പില്ലാതെ ഇത്ര രാവിലെ എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ മരുമകള്‍ പറഞ്ഞു, എല്ലാം പെട്ടെന്നായിരുന്നു, രാവിലെ എട്ടെ മുക്കാലിന് കോയമ്പത്തൂരില്‍ നിന്ന് ബാംഗ്ലൂരിലേക്ക് ഫ്‌ളൈറ്റ് ഉണ്ട്. അതില്‍ പോയി വൈകുന്നേരം അവിടെ നിന്ന് ശ്രീലങ്കയിലേക്കു പോകും എന്നു പറഞ്ഞു. ചേട്ടന്റെ കാര്യം ഉടനെ ശരിയാകും, ശരിയായാല്‍ ചേട്ടനും പോകും എന്നും പറഞ്ഞ് പെട്ടെന്നു തന്നെ അവര്‍ പോകുകയും ചെയ്തു.

മെയ് 15 ന് രാവിലെയാണ് ഇളയ മകനും ഭാര്യയും പോയത്. ഇത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മെയ് പതിനേഴിന് രാത്രി ഭക്ഷണം കഴിഞ്ഞ് ടിവി കണ്ടു കൊണ്ടിരിക്കുമ്പോള്‍ മൂത്ത മരുമകളും വന്നു പറഞ്ഞു. ' തുണിയെല്ലാം വാഷ് ചെയ്തിടാന്‍ പോകുകയാണ്, രാവിലെ ഞങ്ങളും പോകുമെന്ന്.  അന്ന് പുലര്‍ച്ചെ അഞ്ചു മണിക്കു തന്നെ  വയനാട് ഒരു കല്യാണത്തിന് പോകുന്നതിന് വേണ്ടി ഞങ്ങള്‍ പോയി. പക്ഷെ ഞങ്ങള്‍ ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവര്‍ പോയിരുന്നു. പിന്നെ വിളിച്ചിട്ടില്ല. അങ്ങോട്ടു വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നെ ഒരു വിവരവും ഉണ്ടായില്ല. പിന്നെ ഇക്കഴിഞ്ഞ അഞ്ചിന് എന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു വാട്‌സപ്പ് മെസ്സേജ് വന്നു. ' ഡാഡി, ഞങ്ങള്‍ പോയി, സോറി, ഇവിടെ നിന്ന് വിളിക്കാന്‍ അത്ര ഈസിയല്ല. ഞങ്ങള്‍ ശ്രീലങ്കയില്‍ അല്ല. ആരെങ്കിലും ചോദിച്ചാല്‍ ശ്രീലങ്കയിലെന്നു പറഞ്ഞാല്‍ മതി. അഥവാ ആരെങ്കിലും ചോദിച്ചാലും പറയണം എന്നില്ല. ഞങ്ങള്‍ കോണ്‍ടാക്റ്റ് ചെയ്യുന്നുണ്ടെന്ന് ആരോടും പറയേണ്ട. ഞങ്ങള്‍ സേഫ് ആണ്. എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാം. ഞങ്ങള്‍ ഉള്ള സ്ഥലം പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവില്ല.'  ഈ സന്ദേശം കണ്ടപ്പോള്‍ അത്ര പന്തിയായി തോന്നിയില്ല. പോലീസില്‍ പരാതി നല്‍കണമെന്നു കരുതി. അതിന് മുമ്പ് നിമിഷയുടെ അമ്മയും വന്നിരുന്നു. നമുക്ക് കേസ് കൊടുക്കാം, നിങ്ങള്‍ സഹകരിക്കണമെന്ന് അവര്‍ പറഞ്ഞിരുന്നു. പിന്നെ പെരുന്നാള്‍ കഴിഞ്ഞ് പരാതി കൊടുക്കാം എന്ന് കരുതിയപ്പോഴാണ് ടി വിയില്‍ കാണാതായ യുവാക്കളുടെ വാര്‍ത്ത വന്നത്. പിറ്റേന്ന് പത്രം എടുത്ത് നോക്കിയപ്പോള്‍ അതില്‍ ഞങ്ങളുടെ മക്കളുടെ പേരുമുണ്ട്. ഞങ്ങള്‍ ഞെട്ടിപ്പോയി, ആ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. ബാക്കിയെല്ലാം നിങ്ങള്‍ക്കും അറിയാം. മീഡിയ വഴി എല്ലാം വരുന്നുണ്ട്."

[caption id="attachment_29710" align="aligncenter" width="640"]വിൻസെന്റിന്റെ വീട്. മുകൾ നിലയിൽ മക്കൾക്കായി മുറികൾ പണിയുകയായിരുന്നു, വിൻസെന്റ്. വിൻസെന്റിന്റെ വീട്. മുകൾ നിലയിൽ മക്കൾക്കായി മുറികൾ പണിയുകയായിരുന്നു, വിൻസെന്റ്.[/caption]

വിന്‍സന്റിന്റെ കൂടെ ഇപ്പോള്‍ താമസിക്കുന്നത് രണ്ടാമത്തെ ഭാര്യ എല്‍സിയാണ്. എല്‍സിയെ മക്കള്‍ അംഗീകരിച്ചിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. പത്ത് വര്‍ഷത്തോളം മക്കള്‍ രണ്ടു പേരും മിണ്ടിയിട്ടില്ല. മതം മാറിയ ശേഷമാണ് മിണ്ടാനും ശരിക്കും സ്‌നേഹത്തിൽ പെരുമാറാനും തുടങ്ങിയത്. ഗള്‍ഫില്‍ 32 വര്‍ഷത്തോളം ജീവിച്ച വിന്‍സന്റിന് നോമ്പെടുക്കുന്ന ശീലമുണ്ട്. ഇസ്ലാം മതത്തെ കുറിച്ച് നന്നാക്കി മനസിലാക്കിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ മക്കള്‍ മതം മാറിയത് വേദനയോടെങ്കിലും അംഗീകരിച്ചിരുന്നു. പക്ഷെ അവര്‍ ഇത്തരത്തില്‍ ഒരു കാര്യത്തിലേക്ക് നീങ്ങുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല.

മക്കള്‍ പോകുന്നതിന് മുമ്പ് എല്‍സിക്ക് അയച്ചു കൊടുത്ത വാട്‌സപ്പ് ചിത്രം മാത്രമേ ഇപ്പോള്‍ കയ്യിലുള്ളു. ബാക്കിയുള്ള മരുമക്കളുടേത് ഉൾപ്പെടെയുള്ള ഫോട്ടോകൾ പോലീസ് കൊണ്ടു പോയി. മക്കളെ തിരിച്ചു കൊണ്ടു വരണം, മറ്റാര്‍ക്കും ഈ ഗതി വരരുത്, അതിന് വേണ്ടി ഏതു തരത്തിലുള്ള അന്വേഷണത്തിനും ആരോടും സഹകരിക്കാനും ഇവര്‍ തയ്യാറാണ്.

Read More >>