ധാക്ക ഭീകരാക്രമണത്തിന് പിന്നില്‍ ഐഎസ് അല്ലെന്ന് ബംഗ്ലാദേശ്; പാക് ചാര സംഘടനയ്ക്ക് പങ്കുണ്ടെന്ന് സൂചന

അതിനിടെ ആക്രമണത്തിന് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് പങ്കുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഐഎസ്‌ഐയും ജമായത്തുള്‍ മുജാഹിദീനുമായുള്ള ബന്ധം പരസ്യമാണെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഐഎസ്‌ഐയുടെ ശ്രമത്തിന്റെ ഭാഗമായാകാം അക്രമം നടത്തിയതെന്നും ഹൊസൈന്‍ തൗഫീഖ് പറഞ്ഞു.

ധാക്ക ഭീകരാക്രമണത്തിന് പിന്നില്‍ ഐഎസ് അല്ലെന്ന് ബംഗ്ലാദേശ്; പാക് ചാര സംഘടനയ്ക്ക് പങ്കുണ്ടെന്ന് സൂചന

ധാക്ക:  ബംഗ്ലാദേശിലെ ധാക്കയിലെ റസ്റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് അല്ലെന്ന് ബംഗ്ലാദേശ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് ഹൊസൈന്‍ തൗഫീഖിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണം നടത്തിയവരെല്ലാം നിരോധിത സംഘടനായ ജമായത്തുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകരാണെന്നും തൗഫീഖ് പറയുന്നു. ഇവരെല്ലാം തന്നെ ബംഗ്ലാദേശ് പൗരന്‍മാരാണ്. ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തിയിരുന്നു.

അതിനിടെ ആക്രമണത്തിന് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് പങ്കുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഐഎസ്‌ഐയും ജമായത്തുള്‍ മുജാഹിദീനുമായുള്ള ബന്ധം പരസ്യമാണെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഐഎസ്‌ഐയുടെ ശ്രമത്തിന്റെ ഭാഗമായാകാം അക്രമം നടത്തിയതെന്നും ഹൊസൈന്‍ തൗഫീഖ് പറഞ്ഞു.

അക്രമികളില്‍ എല്ലാവരും തന്നെ ഉന്നത വിദ്യാഭ്യാസം ലഭിച്ചവരാണെന്നും ഉന്നത കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും ആഭ്യന്തരമന്ത്രി അസദുസ്മാന്‍ പറഞ്ഞു. അക്രമത്തിന്റെ സ്വഭാവം പരിശോധിച്ചാല്‍ ജമായത്തുള്‍ മുജാഹിദീന്റെ പങ്ക് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ റസ്‌റ്റോറന്റില്‍ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരാളെ ജീവനോടെ പിടികൂടിയിട്ടുണ്ട്.

Read More >>