പി രാജന്റെ പോരാട്ടം: ഒമ്പതു വർഷം മുമ്പ് ദേശാഭിമാനിയ്ക്കു നൽകിയ അഭിമുഖം ഞങ്ങൾ പുനഃപ്രസിദ്ധീകരിക്കുന്നു...

മാതൃഭൂമി ദിനപ്പത്രത്തിന്റെ മുൻ അസിസ്റ്റന്റ് എഡിറ്ററും ഓഹരി ഉടമയുമായ പി രാജൻ ഉന്നയിച്ച പരാതിയിൽ എം പി വീരേന്ദ്രകുമാറിനും മകൻ ശ്രേയാംസ് കുമാറിനുമെതിരെ അന്വേഷണം നടത്താൻ തലശ്ശേരി വിജലൻസ് കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ പി രാജൻ ഒൻപതുവർഷം മുമ്പു ദേശാഭിമാനി ദിനപ്പത്രത്തിനു നൽകിയ അഭിമുഖം ഞങ്ങൾ പുനഃപ്രസിദ്ധീകരിക്കയാണ്.

പി രാജന്റെ പോരാട്ടം: ഒമ്പതു വർഷം മുമ്പ് ദേശാഭിമാനിയ്ക്കു നൽകിയ അഭിമുഖം ഞങ്ങൾ പുനഃപ്രസിദ്ധീകരിക്കുന്നു...

മുതലാളിയെ വെള്ളപൂശലോ പത്രധര്‍മം: മാതൃഭൂമി മുന്‍ എഡിറ്റര്‍

കൊച്ചി: 'സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ സ്വന്തം സഹോദരിയെ കൊലക്കേസില്‍ കുടുക്കാന്‍ പത്രത്തില്‍ കള്ളക്കഥ. സര്‍ക്കാര്‍ഭൂമി കൈയേറിയ വാര്‍ത്ത മുക്കാന്‍ മറ്റു പത്രങ്ങളെപ്പോലും സ്വാധീനിക്കല്‍. ഇതൊക്കെ ചെയ്ത് മാതൃഭൂമിയെ മഞ്ഞപ്പത്രമാക്കാന്‍ ശ്രമിക്കുന്ന എം പി വീരേന്ദ്രകുമാറിനെതിരെ സമരം ചെയ്യട്ടെ മാതൃഭൂമിക്കാര്‍. കാരണം, അയാളാണ് പത്രസ്വാതന്ത്ര്യത്തിന് ഭീഷണി. അതുചെയ്യാതെ മുതലാളിയുടെ ചെറ്റത്തരങ്ങള്‍ക്ക് വെള്ളപൂശാന്‍ ആട്ടിന്‍പറ്റത്തെപ്പോലെ ജാഥ നടത്തുന്നത് അസംബന്ധമല്ലേ?'- പൊള്ളുന്ന ചോദ്യമുതിര്‍ക്കുന്നത് അവരുടെ മുന്‍ സഹപ്രവര്‍ത്തകന്‍.


ദേശീയപ്രസ്ഥാനത്തിന്റെ പത്രത്തെ പിഴപ്പിക്കാനുള്ള മാനേജിങ് ഡയറക്ടറുടെയും കൂട്ടാളികളുടെയും ശ്രമത്തെ ചെറുത്തതിന് മാതൃഭൂമി ആട്ടിയിറക്കിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി രാജന്‍.

1961ല്‍ 'മാതൃഭൂമി'യില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി എത്തിയ പി രാജനെ അസിസ്റ്റന്റ് എഡിറ്ററായിരിക്കെ 1988ല്‍ പുറത്താക്കുകയായിരുന്നു. 'മാതൃഭൂമിയുടെ നിലവാരം ദിനംപ്രതി തകര്‍ക്കുന്നത് അതിനെ നയിക്കുന്നവര്‍ തന്നെ'- പി രാജന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു.

'തിരുവനന്തപുരം യൂണിറ്റില്‍ അസിസ്റ്റന്റ് എഡിറ്ററായിരിക്കെ പത്രത്തിന് കെട്ടിടം പണിയാനുള്ള കരാറില്‍ തിരിമറി നടത്തി പത്തുലക്ഷം രൂപ തട്ടിച്ചതാണ് മാതൃഭൂമിയിലിരിക്കെ എന്നെ ഞെട്ടിച്ച ആദ്യവെട്ടിപ്പ്. 13 ലക്ഷത്തിന് കെട്ടിടം പണിയാന്‍ കരാര്‍ കൊടുത്തു. പണി തീര്‍ന്നപ്പോള്‍ 23 ലക്ഷം ചെലവായെന്ന് കണക്കുണ്ടാക്കി. തേയ്മാനച്ചെലവെന്ന പേരില്‍ തട്ടിയെടുത്ത പണമാണ് അന്ന് തെരഞ്ഞെടുപ്പിനിറക്കിയത്. ഇതിനെ എതിര്‍ത്തതോടെ എന്നോട് വൈരാഗ്യം തുടങ്ങി'- രാജന്‍ ഓര്‍ക്കുന്നു.

മകന്റെ പേരില്‍ വീരന്‍ 35 ലക്ഷത്തിന് സ്ഥലം വാങ്ങി ഒന്നരക്കോടിക്ക് മാതൃഭൂമിക്ക് മറിച്ചുവിറ്റ സംഭവം പിന്നീടുണ്ടായി. വീരേന്ദ്രകുമാറിന്റെ സഹോദരി സുശീലക്കെതിരെ കല്‍പ്പറ്റ ലേഖകന്‍ മാതൃഭൂമിയില്‍ നല്‍കിയ വാര്‍ത്തകളുടെ പേരിലായിരുന്നു പിന്നത്തെ ഉടക്ക്.

വെറും രണ്ടര സെന്റ് ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ് സഹോദരിയെ കൊലക്കേസില്‍ കുടുക്കാന്‍ വീരേന്ദ്രകുമാര്‍ ശ്രമിച്ചത്. അവര്‍ വീരനെതിരെ മുഖ്യമന്ത്രിയായിരുന്ന നായനാര്‍ക്ക് പരാതി നല്‍കി. 'എന്റെ കുടുംബത്തെ നശിപ്പിക്കരുതേ' എന്ന തലക്കെട്ടില്‍ 'ചന്ദ്രിക' ദിനപ്പത്രം ഇത് വാര്‍ത്തയാക്കി. 'അദ്ദേഹത്തെ തേജോവധം ചെയ്യരുതേ' എന്ന തലക്കെട്ടില്‍ വീരനെ കളിയാക്കി രാജന്‍ പേരുവച്ചുതന്നെ 'ചന്ദ്രിക'യില്‍ കത്തെഴുതി. ഇക്കാലത്താണ് രാജനെ കൊച്ചിയിലേക്കു മാറ്റിയത്.

'എഡിറ്ററുടെ അധികാരം കവരാന്‍ വീരേന്ദ്രകുമാര്‍ ശ്രമിച്ചപ്പോള്‍ 1987ല്‍ ഞാന്‍ പ്രസ് കൌണ്‍സിലിന് പരാതി കൊടുത്തു. പ്ളാന്റര്‍ മുതല്‍ കരാറുകാര്‍വരെയുള്ള ഡയറക്ടര്‍ ബോര്‍ഡിന് എഡിറ്റോറിയലില്‍ ഇടപെടാന്‍ അവസരമൊരുക്കാന്‍ ഗൂഢനീക്കമാണ് അവര്‍ നടത്തിയത്. പ്രസ് കൌണ്‍സില്‍ എനിക്കനുകൂലമായി വിധിച്ചെങ്കിലും പി വി ചന്ദ്രനെ മാനേജിങ് എഡിറ്ററാക്കി വീരന്‍ വിധി മറികടന്നു. ഇതാണ് എന്നെ പിരിച്ചുവിടുന്നതില്‍ കലാശിച്ചത്'.

'എംഎല്‍എയായിരിക്കെ വയനാട് ജില്ലയിലെ മലന്തോട്ടത്തിലെ മരം മുഴുവന്‍ മുറിച്ചുവിറ്റതിനും ഈ 'പ്രകൃതി സ്നേഹിക്കെതിരെ' ഞാന്‍ കേസുകൊടുത്തു. മകന്‍ ശ്രേയാംസിന്റെ പേരില്‍ കൃഷ്ണഗിരി വില്ലേജിലുള്ള 14.44 ഏക്കര്‍ ഭൂമി കൈയേറിയതിനെതിരെയും കേസ് നല്‍കി. അന്നെങ്ങനെയോ തള്ളിപ്പോയ കേസ് ഇപ്പോള്‍ വീണ്ടും കോടതി പരിഗണിക്കുകയാണ്. അഴിമതി നടത്തിയതിന് മാനേജിങ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് മാതൃഭൂമിയുടെ ഓഹരിപങ്കാളിയെന്ന നിലയില്‍ കമ്പനി ലോ ബോര്‍ഡിലും ഞാന്‍ നല്‍കിയ കേസ് നിലവിലുണ്ട്.'

'എതിര്‍ക്കുന്നവരെ സ്ഥലംമാറ്റാന്‍ കൊല്‍ക്കത്തയിലും ഹൈദരാബാദിലും ബ്യൂറോ തുറന്ന സംഭവംപോലുമുണ്ടായി. ഓഫീസുള്ളിടത്തേക്കേ സ്ഥലംമാറ്റാവൂ എന്ന വ്യവസ്ഥയുള്ളതുകൊണ്ടായിരുന്നു ഇത്. ഒരിക്കല്‍ മാതൃഭൂമി ജീവനക്കാരെക്കൊണ്ട് എനിക്കെതിരെ നോട്ടീസടിപ്പിച്ച് വിതരണം ചെയ്യിച്ചു. ഞാന്‍ മാനനഷ്ടത്തിന് കേസ് കൊടുത്തു. ജീവനക്കാര്‍ സ്വമേധയാ അച്ചടിച്ചതാണെന്ന് നിര്‍ബന്ധപൂര്‍വം എഴുതിവാങ്ങി അന്ന് വീരന്‍ രക്ഷപ്പെട്ടു.'

ഇരുപതുകൊല്ലം മുമ്പ് ആരംഭിച്ച പോരാട്ടം ഇന്നും രാജന്‍ തുടരുന്നു. 'സത്യമാണ് എന്റെ ശക്തി. കെ മാധവന്‍നായരെപ്പോലുള്ളവര്‍ ഇരുന്ന കസേര ദുരുപയോഗിക്കുന്നതിനെതിരായ പോരാട്ടത്തെ കാലം ശരിവയ്ക്കും'- രാജന് ഉറച്ച വിശ്വാസം.

(വായിക്കുക: വീരേന്ദ്രകുമാറിനെതിരെ വിജിലൻസ് അന്വേഷണം; പരാതി നൽകിയത് മാതൃഭൂമി മുൻ അസിസ്റ്റൻറ് എഡിറ്റർ)

Read More >>