ആടുജീവിതത്തിന് ഒരു കന്നടപ്പതിപ്പ്: ഒരു കുടുംബം 'പന്നിജീവിതം' നയിച്ചത് ഒൻപത് വർഷം; പീഡനം കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ

കര്‍ണാടകയിലെ മടിക്കേരിക്ക് സമീപം കണ്ണഗങ്ങള ഗ്രാമത്തിലാണ് നാടിനെ നാണിപ്പിക്കുന്ന സംഭവം ഉണ്ടായത്. ഒന്‍പത് വര്‍ഷമായി പ്രാദേശിക കോണ്‍ഗ്രസ് നേതാവും എസ്റ്റേറ്റ് ഉടമയുമായ കെഎസ് ഗോപാലകൃഷ്ണയുടെ തോട്ടത്തില്‍ നിര്‍ബന്ധിത അടിമപ്പണിക്ക് ഇരയായ ആദിവാസി യുവതി എരവറ ഈശ്വരിയുടെയും കുടുംബത്തിന്റെയും കഥ ഏതൊരു ആടുജീവിതത്തെയും വെല്ലും.

ആടുജീവിതത്തിന് ഒരു കന്നടപ്പതിപ്പ്: ഒരു കുടുംബം

മടിക്കേരി: ഒന്‍പത് വര്‍ഷത്തെ അടിമപ്പണിക്കൊടുവില്‍ ആദിവാസി യുവതിയായ പഞ്ചായത്ത് പ്രസിഡന്റിന് മോചനം. കര്‍ണാടകയിലെ മടിക്കേരിക്ക് സമീപം കണ്ണഗങ്ങള ഗ്രാമത്തിലാണ് നാടിനെ നാണിപ്പിക്കുന്ന സംഭവം ഉണ്ടായത്. ഒന്‍പത് വര്‍ഷമായി പ്രാദേശിക കോണ്‍ഗ്രസ് നേതാവും എസ്റ്റേറ്റ് ഉടമയുമായ കെഎസ് ഗോപാലകൃഷ്ണയുടെ തോട്ടത്തില്‍ നിര്‍ബന്ധിത അടിമപ്പണിക്ക് ഇരയായ ആദിവാസി യുവതി എരവറ ഈശ്വരിയുടെയും കുടുംബത്തിന്റെയും കഥ ഏതൊരു ആടുജീവിതത്തെയും വെല്ലും.


ഗോപാലകൃഷ്ണയുടെ തോട്ടത്തില്‍ കുടുംബത്തോടെ അടക്കപ്പെടുകയായിരുന്നു ഈശ്വരി. തോട്ടത്തില്‍ തന്നെ ചെറിയൊരു കൂര വച്ച് കൊടുത്തു. ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും അടിമപ്പണി തന്നെ. തോട്ടത്തിലെ പന്നിക്കൂടിലാണ് ജോലി. മക്കളെ സ്‌കൂളില്‍ അയക്കാന്‍ ഗോപാലകൃഷ്ണ സമ്മതിച്ചില്ല. ഒരു ദിവസത്തേക്ക് 125 രൂപയായിരുന്നു കൂലി.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ഇലക്ഷനില്‍ സംവരണ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഈശ്വരി മത്സരിച്ചു വിജയിച്ചു. പിന്നില്‍ നിന്നത് ഗോപാലകൃഷ്ണ തന്നെ. തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ കോണ്‍ഗ്രസ്സും നാല് സീറ്റുകള്‍ ബിജെപിയും നേടി. ഗോപാലകൃഷ്ണയുടെ കളികള്‍ ഈശ്വരിയെ പഞ്ചായത്ത് പ്രസിഡന്റ് ആക്കി.
പഞ്ചായത്ത് പ്രസിഡന്റ് ആയിട്ടും ഈശ്വരിയുടെ ജീവിതത്തിന് മാറ്റമൊന്നും ഉണ്ടായില്ല. ഈശ്വരിയെ പന്നിക്കൂട്ടിലേക്ക് അയച്ച് ഗോപാലകൃഷ്ണ പഞ്ചായത്ത് ഭരിച്ചു. പഞ്ചായത്ത് ഓഫീസിലേക്കോ യോഗങ്ങളിലേക്കോ വരാന്‍ ഈശ്വരിക്ക് അനുവാദമുണ്ടായില്ല. പഞ്ചായത്ത് പ്രസിഡന്റ് ആയി വിലസിയ ഗോപാലകൃഷ്ണ ഓണറേറിയം ഉള്‍പ്പെടെ പ്രസിഡന്റിന് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ എല്ലാം തട്ടിയെടുത്തു.

കഴിഞ്ഞ ജൂണ്‍ 24ന് ഈശ്വരിയും കുടുംബവും ഗോപാലകൃഷ്ണയുടെ കണ്ണുവെട്ടിച്ച് പന്നിക്കൂട്ടില്‍ നിന്നും രക്ഷപ്പെട്ടു. സിദ്ദാപ്പൂരിന് സമീപമുള്ള ബരദി ഗ്രാമത്തിലെ ഈശ്വരിയുടെ അമ്മായിയുടെ വീട്ടില്‍ എത്തി. തുടര്‍ന്നാണ് സംഭവങ്ങള്‍ പുറംലോകം അറിയുന്നത്. സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള നിരവധിപ്പേര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.

തുടര്‍ന്ന് ഈശ്വരി നല്‍കിയ പരാതിയില്‍ വിവിധ ക്രിമിനല്‍ വകുപ്പുകളും എസ്ടി ആക്ടും ചുമത്തി പോലീസ് ഗോപാലകൃഷ്ണക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏതായാലും ഇനിയൊരു സുന്ദര ജീവിതം സ്വപ്നം കാണുകയാണ് ഈ യുവ പഞ്ചായത്ത് പ്രസിഡന്റ്.