യോഗ്യത വെട്ടിത്തിരുത്തി അനധികൃത നിയമനം: ഉമ്മൻചാണ്ടിയുടെ മറ്റൊരഴിമതിയുടെ രേഖകൾ നാരദാ ന്യൂസിന്

ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കര്‍ശനമായും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ നിയമനം നല്‍കാവൂ എന്ന ചട്ടം അവഗണിച്ചാണ് ഉമ്മൻചാണ്ടി അനധികൃത നിയമനം നടത്തിയത്

യോഗ്യത വെട്ടിത്തിരുത്തി അനധികൃത നിയമനം: ഉമ്മൻചാണ്ടിയുടെ മറ്റൊരഴിമതിയുടെ രേഖകൾ നാരദാ ന്യൂസിന്

തസ്തികയ്ക്ക് ആവശ്യമായ യോഗ്യത ഇല്ലാത്ത ആളെ, തസ്തികയുടെ യോഗ്യത വെട്ടിത്തിരുത്തി ഉമ്മൻചാണ്ടി സ്ഥിരം നിയമനം നൽകിയതിന്റെ രേഖകൾ നാരദാ ന്യൂസിന്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുളള ഗവേഷണ സ്ഥാപനമായ നാറ്റ്പാക്കിലായിരുന്നു ഉമ്മൻചാണ്ടിയുടെ വഴിവിട്ട ഇടപെടൽ. നാറ്റ്പാക്ക് ഡയറക്ടറുടെ ശക്തമായ വിയോജിപ്പ് മറികടന്നാണ് ദീപാ രാധാകൃഷ്ണൻ എന്ന താൽക്കാലിക ജീവനക്കാരിക്ക് ടെക്നിക്കല്‍ ഓഫീസര്‍ ഗ്രേഡ്-1 ല്‍ സ്ഥിര നിയമനം നൽകിയത്. നാറ്റ്പാക്കില്‍ പ്രൊജക്റ്റ്‌ എഞ്ചിനീയര്‍ തസ്തികയില്‍ താല്‍കാലിക ജീവനക്കാരിയായിരുന്നു ദീപ. ആലപ്പുഴയിലെ ചുനക്കര കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റായ അച്ചന്‍ കുഞ്ഞിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് യോഗ്യതാ മാനദണ്ഡങ്ങൾ തിരുത്തി ഇവർക്ക് സ്ഥിര നിയമനം നല്‍കിയത്.   എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രം നിയമനം നടത്താവുന്ന തസ്തികയാണിത്. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെ അധ്യക്ഷൻ എന്ന അധികാരം ഉപയോഗിച്ചായിരുന്നു ഉമ്മൻചാണ്ടിയുടെ വഴിവിട്ട ഇടപെടൽ.


oomman-chandi-02

ടെക്നിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നേടാനുളള യോഗ്യത ദീപയ്ക്ക് ഇല്ല എന്നു കാണിച്ച് 24-12-2012 നാണ് നാറ്റ്പാക്ക് ഡയറക്ടർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വിദ്യാഭ്യാസ യോഗ്യത മാറ്റിവെച്ചാല്‍ തന്നെ നിയമനം നല്‍കാന്‍ വേണ്ട പ്രായപരിധിയായ 25 വയസ്സ് വര്‍ഷങ്ങള്‍ക്കു മുന്നേ ദീപ പിന്നിട്ടുവെന്നും ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കര്‍ശനമായും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ നിയമനം നല്‍കാവൂ എന്നാണു ചട്ടമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത് അവഗണിച്ചാണ് ഉമ്മൻചാണ്ടി തീരുമാനമെടുത്തത്.oomman-chandi-03

രണ്ടു വർഷത്തോളം നീണ്ട നിരന്തരമായ ശ്രമങ്ങൾക്കൊടുവിലാണ് ദീപയെ നിയമിക്കാൻ ഉമ്മൻചാണ്ടി പഴുതു കണ്ടെത്തിയത്. 2012 ഡിസംബർ 9 നാണ് ദീപയ്ക്കു വേണ്ടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ശുപാർശ നൽകിയത്. തൊട്ടടുത്ത ദിവസം ദീപയുടെ വക അപേക്ഷ.അനുകൂല തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം പ്രസിഡന്റിന്റെ കത്ത് ഉമ്മൻചാണ്ടി ഡിസംബർ 15ന് നാറ്റ്പാക്കിനു കൈമാറി. വിഷയം ഗൗരവമായി പഠിച്ച് ഡയറക്ടർ ഒരാഴ്ചയ്ക്കകം റിപ്പോർട്ടു നൽകി.

സമ്മർദ്ദം ശക്തമായപ്പോൾ സർക്കാർ ഉത്തരവുണ്ടെങ്കിൽ ദീപയ്ക്ക് നിയമനം നൽകാമെന്ന നിലപാട് ഡയറക്ടർ സ്വീകരിച്ചു. 2013 ജൂൺ 19നാണ് ഇക്കാര്യം വ്യക്തമാക്കി ഡയറക്ടർ കത്തു നൽകിയത്.

ഒടുവിൽ വിഷയം നാറ്റ് പാക്കിന്റെ മാനേജിംഗ് കമ്മിറ്റി മീറ്റിംഗിൽ അജണ്ടയായി ഉൾപ്പെടുത്തി. 2014 ഫെബ്രുവരി 26ന് ചേർന്ന കമ്മിറ്റിയുടെ  25.7 ഇനമായാണ് പ്രസ്തുത വിഷയം ഉൾപ്പെടുത്തിയത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി ഇക്കാര്യം 18-02-2014 നു അംഗീകരിച്ചതായി യോഗത്തിൽ റിപ്പോര്‍ട്ട് ചെയ്തു. തുടർന്ന് 13900-24040 ശമ്പള സ്കെയിലില്‍ ടെക്നിക്കല്‍ ഓഫീസര്‍ ഗ്രേഡ്-1 നിയമനം നല്‍കാന്‍ താരുമാനിക്കുകയായിരുന്നു.

oomman-chandi-01

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രം നിയമനം നടത്താന്‍ കഴിയുന്ന തസ്തികയാണ് എന്ന് പല പ്രാവശ്യം രേഖാമൂലം മുഖ്യമന്ത്രിയേയും വിവിധ ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടും ഫലമുണ്ടായില്ല. തന്നിഷ്ടപ്രകാരം തീരുമാനം നടപ്പാക്കാൻ വേണ്ടി ഉദ്യോഗാർത്ഥിയുടെ യോഗ്യതയ്ക്ക് അനുസരിച്ച് തസ്തികയുടെ യോഗ്യത പുനർനിർണയിക്കുക എന്ന പ്രതിഭാസവും നടന്നു. ഇതൊക്കെ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണെന്ന് നാറ്റ്പാക്ക് ജീവനക്കാർ പ്രതികരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഒട്ടേറെ അനധികൃത നിയമനങ്ങളിൽ ഒന്നു മാത്രമാണിത്.

Read More >>