അടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിനു അമേരിക്കൻ പോലീസിന്റെ മധുര പ്രതികാരം

ആത്യന്തികമായി ഞങ്ങൾ നൽകാൻ ആഗ്രഹിച്ച സന്ദേശമിതാണ്: പോലീസ് ജനങ്ങൾക്കെതിരല്ല. ഞങ്ങൾ നിങ്ങളെ സേവിക്കാനുള്ളവരാണ്.

അടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിനു അമേരിക്കൻ പോലീസിന്റെ മധുര പ്രതികാരം

അടുത്തിരുന്നു ഭക്ഷണം കഴിക്കുവാൻ വിസമ്മതിച്ച ദമ്പതികളുടെ ഹോട്ടൽ ബിൽ സ്വന്തം പോക്കറ്റിൽ നിന്നും ചെലവാക്കി അമേരിക്കൻ പോലീസിന്റെ വ്യത്യസ്തമായ ഒരു ശിക്ഷാരീതി. പോലീസ് എന്നാൽ ശിക്ഷകരല്ല, രക്ഷകരാണ് എന്ന സന്ദേശം നൽകാനും അമേരിക്കൻ പോലീസിന്റെ ഈ മധുര പ്രതികാരം സഹായകരമായി.

പെൻസിൽവാനിയ പോലീസാംഗങ്ങളായ ചക്ക് തോമസും മറ്റു മൂന്ന് സഹപ്രവർത്തകരും കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിക്കുവാൻ ഒരു ഹോട്ടലിലെത്തി. ഡാലസിൽ പോലീസിന് നേരെ വെടിവയ്പ്പുണ്ടായതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അത്.


കറുത്ത വർഗ്ഗക്കാരെ പോലീസ് വെടിവച്ചു കൊന്നതിൽ പ്രതിഷേധിച്ച് രാജ്യമെമ്പാടും നടന്ന പ്രതിഷേധ സമരത്തിനിടയിൽ ഡാലസിൽ, പോലീസിനു നേരെ വെടിവയ്പ്പ് നടന്നിരുന്നു. ആക്രമണത്തിൽ 6 പോലീസുകാർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


"ഞങ്ങൾ ഇരുന്ന അഭിമുഖമായുള്ള ടേബിളിൽ ഒരു ദമ്പതികൾ വന്നിരിക്കുകയും, എന്നാൽ തങ്ങൾക്കിവിടെ ഇരിക്കേണ്ടതില്ലായെന്നു പറഞ്ഞു അവർ ടേബിൽ ഒഴിഞ്ഞപ്പോഴാണ് ഞങ്ങൾ അവരെ ശ്രദ്ധിച്ചതെന്നും" ചക്ക് തോമസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

"ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കുകയില്ല.. നിങ്ങൾക്ക് അവിടെത്തന്നെ ഇരിക്കാം" എന്നു പറഞ്ഞിട്ടും, അപ്രിയ മുഖഭാവത്തോടെ അവർ ഞങ്ങളിൽ നിന്നും ദൂരെ മാറിയിരുന്നു.

നിലവിലെ പൊതു സാഹചര്യങ്ങളിൽ പോലീസിനും, ജനങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന വിടവാണ് ദമ്പതികളുടെ ഈ ഒഴിഞ്ഞു മാറ്റത്തിനു കാരണമെന്നു മനസ്സിലാക്കിയ പോലീസ്, ഈ സാഹചര്യത്തെ മുൻനിർത്തി ജനങ്ങൾക്ക് ഒരു സന്ദേശം നൽകാൻ തീരുമാനിച്ചു. ദമ്പതികളുടെ ഹോട്ടൽ ബിൽ തുക ഒടുക്കിയായിരുന്നു അവർ ഈ സന്ദേശം നൽകിയത്.

"സർ, താങ്കൾ ഒപ്പമിരിക്കുവാൻ വിസമ്മതിച്ച പോലീസുകാർ താങ്കളുടെ ഭക്ഷണത്തിന്റെ പണം ഒടുക്കിയിട്ടുണ്ട്. എല്ലാ പിന്തുണയ്ക്കും നന്ദി!"

160712_wtae_cops_pay_bill_MIX_16x9_992

ഹോട്ടൽ ബില്ലിൽ ഇങ്ങനെ കുറിച്ചുകൊണ്ട് അതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു ചക്ക് തോമസും കൂട്ടരും. ഒപ്പം ഒരു സെൽഫിയുമിടാൻ അവർ മറന്നില്ല.

"ആത്യന്തികമായി ഞങ്ങൾ നൽകാൻ ആഗ്രഹിച്ച സന്ദേശമിതാണ്: പോലീസ് ജനങ്ങൾക്കെതിരല്ല. ഞങ്ങൾ നിങ്ങളെ സേവിക്കാനുള്ളവരാണ്. പോലീസ്, സമൂഹത്തിനു വേണ്ടി ജോലി ചെയ്യുന്നവരാണ്. സമൂഹവും പോലീസും തമ്മിൽ നല്ല ബന്ധമുണ്ടാകണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. "ചക്ക് മാധ്യമങ്ങളോടു പ്രതികരിച്ചു.

തിരിച്ചറിവുകൾക്ക് ചില മധുര പ്രതികാരവും ഉതകുമെന്ന് അമേരിക്കൻ പോലീസ് തെളിയിച്ചതായി പറഞ്ഞുക്കൊണ്ട് സോഷ്യൽ മീഡിയയിൽ പിന്തുണകളുമെത്തി.

പോലീസും ജനങ്ങളും തമ്മിലുള്ള അകൽച്ച കുറയ്ക്കാൻ മുൻകൈ എടുക്കേണ്ടത് പോലീസ് തന്നെയാണെന്ന അമേരിക്കൻ പോലീസിന്റെ ചിന്താഗതി മറ്റുള്ളവരും പിന്തുടരുന്നത് നന്നായിരിക്കും എന്നാണ് മറ്റു ചിലരുടെ പ്രതികരണം.Read More >>