കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം: കൊലപാതകമാണെന്ന് സഹോദരി

കോളേജ് ഹോസ്റ്റലില്‍ ഒരു അധ്യാപികയെയും വിദ്യാര്‍ത്ഥിനിയെയും അരുതാത്ത നിലയില്‍ കണ്ടതായ സംഭവത്തില്‍ ശ്രീലക്ഷ്മി സാക്ഷി പറഞ്ഞിരുന്നു. മരണപ്പെട്ട ദിവസം ശ്രീലക്ഷ്മി ഉച്ചകഴിഞ്ഞിട്ടും കോളേജില്‍ റിപ്പോര്‍ട് ചെയ്തില്ലെന്ന് കോളേജ് അധികൃതര്‍ അമ്മയെ വിവരം അറിയിക്കുകയായിരുന്നു. അമ്മ ഹോസ്റ്റലില്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കോളേജ് അധികൃതര്‍ അതിനു തയ്യാറാവുകയോ പോലീസില്‍ പരാതിപ്പെടുകയോ ഉണ്ടായില്ലെന്ന് ഐശ്വര്യ മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം:  കൊലപാതകമാണെന്ന് സഹോദരി

കോഴിക്കോട്: ബേബി മെമ്മോറിയല്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി സഹോദരി രംഗത്ത്. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് അത്തോളി സ്വദേശിനി ശ്രീലക്ഷ്മിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ നടന്ന അരുതാത്ത കാഴ്ചയ്ക്ക് ദൃക്സാക്ഷിയായതിന് ശേഷമാണ് ശ്രീലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സഹോദരി ഐശ്വര്യ ആരോപിച്ചു.

കോളേജ് ഹോസ്റ്റലില്‍ ഒരു അധ്യാപികയെയും വിദ്യാര്‍ത്ഥിനിയെയും അരുതാത്ത നിലയില്‍ കണ്ടതായ സംഭവത്തില്‍ ശ്രീലക്ഷ്മി സാക്ഷി പറഞ്ഞിരുന്നു. മരണപ്പെട്ട ദിവസം ശ്രീലക്ഷ്മി ഉച്ചകഴിഞ്ഞിട്ടും കോളേജില്‍ റിപ്പോര്‍ട് ചെയ്തില്ലെന്ന് കോളേജ് അധികൃതര്‍ അമ്മയെ വിവരം അറിയിക്കുകയായിരുന്നു. അമ്മ ഹോസ്റ്റലില്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കോളേജ് അധികൃതര്‍ അതിനു തയ്യാറാവുകയോ  പോലീസില്‍ പരാതിപ്പെടുകയോ ഉണ്ടായില്ലെന്ന് ഐശ്വര്യ മാധ്യമങ്ങളോട് പറഞ്ഞു.

ഹോസ്റ്റലിലെ മറ്റൊരു മുറിയിലാണ് ശ്രീലക്ഷ്മി തൂങ്ങിമരിച്ചത്. ഇതിന്റെ താക്കോല്‍ എങ്ങനെയാണ് ശ്രീലക്ഷ്മിയുടെ കയ്യിലെത്തിയതെന്ന് അറിയില്ല. വിവരം ലഭിച്ച് കുടുംബാംഗങ്ങളും പോലീസും എത്തുമ്പോള്‍ മൃതദേഹം തറയില്‍ കിടത്തിയ നിലയില്‍ ആയിരുന്നെന്ന് ഐശ്വര്യ പറയുന്നു. മരണശേഷം ശ്രീലക്ഷ്മിയുടെ സഹപാഠികള്‍ ഫോണ്‍ ചെയ്യുകയോ നേരിട്ട് വരികയോ ചെയ്യുന്നില്ലെന്നും കുട്ടികള്‍ ആരെയൊക്കെയോ ഭയപ്പെടുകയാണെന്നും ഐശ്വര്യ പറയുന്നു.
സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ശ്രീലക്ഷ്മിയുടെ ബന്ധുക്കള്‍ വിശദമായ പരാതി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പുണ്ടായിരുന്ന പ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആത്മഹത്യക്കു പിന്നിലെന്നാണ് കോളേജ് മാനേജ്മെന്റും പോലീസും പറയുന്നതെന്ന് ഐശ്വര്യ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട് ലഭിച്ചുകഴിഞ്ഞാല്‍ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കാനാണ് തീരുമാനം.

എന്നാല്‍ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കങ്ങള്‍ ആണ് നടക്കുന്നത് എന്ന് കോളേജ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കുട്ടിയെ ക്ലാസില്‍ കാണാതായ സാഹചര്യത്തില്‍ കോളേജില്‍ നിന്നും എല്ലാവിധ അന്വേഷണവും നടത്തുകയും കുട്ടിയുടെ അമ്മയെ കൃത്യമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ വാഹനത്തില്‍ വാര്‍ഡന്റെയും സൂപ്പര്‍വൈസറുടെയും ഒപ്പം പോയാണ് ശ്രീലക്ഷ്മിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. ഈ സാഹചര്യത്തിലാണ് സ്ഥാപനത്തില്‍ നിന്ന് പ്രത്യേക പരാതി നല്‍കാതിരുന്നതെന്നും പത്രക്കുറിപ്പ് പറയുന്നു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടു.

Read More >>