നോര്‍ക്ക കൊണ്ട് മലയാളിക്ക് എന്ത് ഗുണം?

കേരളത്തിന്‌ പുറത്തു താമസിക്കുന്ന മലയാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വകുപ്പ്. അതാണ്‌ നോര്‍ക്ക(department of Non-resident Keralaites Affairs). എന്നാല്‍ ഉപഭോക്താക്കള്‍ക്ക് നോര്‍ക്ക എത്രത്തോളം ഫലപ്രദമാണ്?

നോര്‍ക്ക കൊണ്ട് മലയാളിക്ക് എന്ത് ഗുണം?

പ്രവാസികളായ മലയാളികള്‍ക്ക് വേണ്ടി മാറി മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ വകയിരുത്താറുണ്ട്.എന്നാല്‍  ഇതില്‍ എത്രമാത്രം പണം അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്? പ്രവാസികളായ മലയാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട നോര്‍ക്ക പരാജയമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കഴിഞ്ഞ ദിവസം വിമര്‍ശിച്ചു.

1996 ഡിസംബര്‍ 6നാണ് നോര്‍ക്ക സ്ഥാപിതമാകുന്നത്. വിദേശ യാത്രകള്‍ പതിവായി നടത്തുന്ന 100ല്‍ അധികം ജീവനക്കാരും നോര്‍ക്കയിലുണ്ട്. വിദേശത്തുള്ള മലയാളികളുടെ ദുരിതങ്ങളെ കുറിച്ച് പഠിക്കാനാണ് പലപ്പോഴും ഈ യാത്രകള്‍ നടത്തിയിട്ടുള്ളത് എന്ന് അവകാശവാദം ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട് എങ്കിലും, പേരിനു പോലും ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു 'പഠന റിപ്പോര്‍ട്ട്' പോലും പുറത്തു വന്നിട്ടില്ല.


നോര്‍ക്ക കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത് പ്രവാസികള്‍ക്ക് ഒരു കൈസഹായമാണ്. അടിയന്തരമായി നാട്ടില്‍ എത്തേണ്ടവര്‍ക്ക് വിമാന ടിക്കറ്റ്, അത്യാവശ്യ ഘട്ടങ്ങളില്‍ വൈദ്യ സഹായം, വിദേശത്ത് മരിച്ചവരെ നാട്ടില്‍ എത്തിക്കാന്‍ വേണ്ടിയുള്ള ത്വരിത നടപടികള്‍,ഇവയൊക്കെയാണ് നോര്‍ക്ക ചെയ്യും എന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.

പക്ഷെ വീട്ട് ജോലിക്കാര്‍, ദിവസകൂലിക്കാര്‍, തുടങ്ങി വിദേശ രാജ്യങ്ങളില്‍ പട്ടിണിയും ദാരിദ്യവും യജമാനന്മാരുടെ ക്രൂരതയും അനുഭവിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി  നോര്‍ക്ക ഒന്നും ചെയ്യുന്നില്ല. വിസ തട്ടിപ്പ്കേസുകളില്‍ പോലും മുഖം തിരിച്ചു നില്‍ക്കുന്ന സമീപനമാണ് നോര്‍ക്ക സ്വീകരിക്കുന്നത്. ഇത്തരം അവസരങ്ങളില്‍ ചില പ്രവാസി കൂട്ടായ്മകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് കൊണ്ട് മാത്രമാണ് വലിയ ദുരന്തങ്ങള്‍ ഒഴിവാകുന്നത്.

സാധാരണ ജനം കൊടുക്കുന്ന നികുതി കൊണ്ട് സര്‍ക്കാര്‍ കോടികള്‍ മുടക്കി പ്രവര്‍ത്തിപിക്കുന്ന ഒരു വകുപ്പ് കൊണ്ട് അതെ ജനത്തിന് ഉപകാരമില്ലെങ്കില്‍ പിന്നെ എന്തിനാണ് അങ്ങനെ ഒരു വകുപ്പ്? സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സാധിക്കാത്ത പട്ടു മെത്തയില്‍ കിടന്നാല്‍ മാത്രം ഉറക്കം വരുന്ന ഒരു കൂട്ടം ആള്‍ക്കാരാണ് നോര്‍ക്കയുടെ തലപ്പത്ത്.ഇവരുടെ നേതൃത്വത്തില്‍ ഒരിക്കലും ഈ സംഘടന അതിന്റെ പ്രഖ്യാപിത ലക്‌ഷ്യത്തില്‍ എത്തി ചേരുകയില്ല.

2015ന്‍റെ തുടക്കത്തില്‍ യുഎഇ സര്‍ക്കാര്‍ നമ്മുടെ തലസ്ഥാന നഗരമായ തിരുവനന്തപരത്ത് യുഎഇയില്‍ ജോലി അനുഷ്ടിക്കുന്ന മലയാളികള്‍ക്ക് വേണ്ടി അവരുടെ ചിലവില്‍ ഒരു ഓഫീസ് തുടങ്ങണം എന്ന് നോര്‍ക്കയ്ക്ക് ഒരു കത്തയച്ചിരുന്നു.എന്നാല്‍ കത്ത് വന്നു ഒരു വര്‍ഷത്തില്‍ അധികം കഴിഞ്ഞിട്ടും അതിന്റെ സീല്‍ പൊട്ടിച്ചു നോക്കാന്‍ പോലും നോര്‍ക്ക അധികൃതര്‍ തയ്യാറായിട്ടില്ല. ഈ വിവരം അറിഞ്ഞ മുഖ്യ മന്ത്രി പിണറായി വിജയന്‍റെ ശാസനയ്ക്കും നോര്‍ക്ക ഉദ്യോഗസ്ഥര്‍ പാത്രമായി.

മറ്റൊരു സംഭവത്തില്‍, യുഎഇയിലെ മലയാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പത്തനാപുരം പ്രവാസി അസോസിയേഷന്‍ പ്രവാസികളുടെ വിഷയങ്ങളില്‍ നിരന്തരം ഇടപ്പെടുന്നു. ഇതേ ഉദ്ദേശ ലക്ഷ്യത്തോട് കൂടി ആരംഭിച്ച നോര്‍ക്ക ഒരുലക്ഷ്യബോധവുമില്ലാതെ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പത്തനാപുരം പ്രവാസി അസോസിയേഷന്‍ എന്ന സംഘടന പ്രവാസിയുടെ കണ്ണും കരളുമായി മാറുന്നത് എന്നതും ശ്രദ്ധേയം.

"ജോലിയില്‍ വഞ്ചിതരായവര്‍, വിവാഹ തട്ടിപ്പിന് ഇരയായ സ്ത്രീകള്‍,തുടങ്ങി ഒട്ടനവധി പേരെ 2013ല്‍ ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചനാള്‍ മുതല്‍ ഞങ്ങള്‍ രക്ഷപ്പെടുത്തി വരുന്നു. ഈ വിഷയങ്ങളില്‍ ഗള്‍ഫ് മാധ്യമങ്ങളുടെ സഹായവും ഞങ്ങള്‍ക്ക് ഒരു മുതല്‍ കൂട്ടാണ്." ത്തനാപുരം പ്രവാസി അസോസിയേഷന്‍ സെക്രട്ടറി ദിലീപ് നാരദ ന്യൂസിനോട് പ്രതികരിച്ചു.

നോര്‍ക്കയും പിപിഎയുമായുള്ള ബന്ധം അത്ര സുഖകരമല്ലെന്നും ദിലീപ് പറയുന്നു. 2016 തുടക്കത്തില്‍ തങ്ങള്‍ നോര്‍ക്കയില്‍ അംഗത്വത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു. തങ്ങള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തികളെ കുറിച്ചെല്ലാം വ്യക്തമായ പഠനം നടത്തിയ ശേഷം അവര്‍ തങ്ങള്‍ക്ക് അംഗത്വവും നല്‍കി. എന്നാല്‍ പിന്നീട് രണ്ടു മാസങ്ങള്‍ക്ക് ശേഷം ചിലരുടെ ബാഹ്യ ഇടപെടലുകള്‍ കൊണ്ട്,തങ്ങള്‍ക്ക് നോര്‍ക്ക അംഗത്വം നഷ്ടമായി.

norka-small

പ്രവാസിയുടെ മനസ്സില്‍ പരാജയപ്പെട്ട മുഖമാണ് നോര്‍ക്ക. ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തങ്ങള്‍ എന്ന ചോദ്യം നോര്‍ക്ക തന്നെ സ്വയം ചോദിക്കുകയാണ്. ഉത്തരം നമ്മുടെ പക്കല്‍ ഉണ്ട്, പക്ഷെ അത് സ്വീകരിക്കാന്‍ അവര്‍ തയ്യാറല്ല...

Read More >>