ഹെൽമെറ്റില്ലാത്തവരുടെ വണ്ടിയ്ക്കു പഞ്ചറൊട്ടിക്കുമോ, സാർ... ?

'നോ ഹെൽമെറ്റ് നോ പെട്രോൾ' കൽപന അത്തരമൊരു ബലപ്രയോഗമാണ്. ദുരധികാരമാണ് ആ കൽപ്പനയിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇങ്ങനെയൊരു ആജ്ഞ പുറപ്പെടുവിക്കാൻ ഒരു നിയമവും ട്രാൻസ്‌പോർട്ട് കമ്മിഷണറെ അധികാരപ്പെടുത്തുന്നില്ല. കെ ജി ബിജു എഴുതുന്നു.

ഹെൽമെറ്റില്ലാത്തവരുടെ വണ്ടിയ്ക്കു പഞ്ചറൊട്ടിക്കുമോ, സാർ... ?

കെ ജി ബിജു

ദുരധികാരത്തിന്റെ പത്തിവിരിക്കുന്ന ഉദ്യോഗസ്ഥ പ്രമാണിയ്ക്ക് മകുടിയൂതുന്ന മന്ത്രി ഇടതുപക്ഷ ഭരണത്തിലെ ഏറ്റവും അശ്ലീലമായ കാഴ്ചയാണ്. കല്ലുപിളർക്കുന്ന കൽപനകൾ പുറപ്പെടുവിച്ചു സ്വയമൊരു കിടിലമാകാൻ തുനിഞ്ഞിറങ്ങുന്നവർക്കു മൂക്കു കയറിടാനും കൂടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുവിധി. ബഹുമാന്യനായ ഗതാഗതമന്ത്രി അതു മറന്നുപോകരുത്. പറഞ്ഞുവരുമ്പോൾ ജേക്കബ് തോമസും ഋഷിരാജ് സിംഗുമൊക്കെ പോലീസാണ്, ടോമിൻ ജെ തച്ചങ്കരിയും. ആരെയും അസൂയപ്പെടുത്തുന്ന കൈയടിയും സ്വീകാര്യതയും ആദ്യം പറഞ്ഞവർക്കു കിട്ടുന്നുണ്ട്. ആ പട്ടികയിൽ ഒരിടമുണ്ടാക്കാൻ തച്ചങ്കരിയ്ക്കും ശ്രമിക്കാം. അതുപക്ഷേ, അമിതാധികാരം ചുവയ്ക്കുന്ന ബലപ്രയോഗത്തിലൂടെയാവരുത്.


'നോ ഹെൽമെറ്റ് നോ പെട്രോൾ' കൽപന അത്തരമൊരു ബലപ്രയോഗമാണ്. ദുരധികാരമാണ് ആ കൽപ്പനയിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇങ്ങനെയൊരു ആജ്ഞ പുറപ്പെടുവിക്കാൻ ഒരു നിയമവും ട്രാൻസ്‌പോർട്ട് കമ്മിഷണറെ അധികാരപ്പെടുത്തുന്നില്ല. കമ്മിഷണറുടെ അധികാരവും ചുമതലകളും 1976 ലെ കേരള മോട്ടോർ വെഹിക്കിൾസ് ടാക്‌സേഷൻ ആക്ടിലാണ് നിർവചിച്ചിരിക്കുന്നത്. അതിലെ ഏതു നിബന്ധന വലിച്ചു നീട്ടിയാലും പെട്രോൾ പമ്പുകളിലോ മെഡിക്കൽ സ്‌റ്റോറുകളിലോ മുറുക്കാൻ കടകളിലോ നടക്കുന്ന വ്യാപാര വിനിമയങ്ങളിൽ ട്രാൻസ്‌പോർട് കമ്മിഷണർക്ക് ഇടപെടാനുളള പഴുതുണ്ടാക്കാനാവില്ല.

ഹെൽമെറ്റില്ലാത്തവർക്ക് പെട്രോൾ വിൽക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ പമ്പുകളിൽ സിസിടിവി കാമറ വെയ്ക്കുമത്രേ. പരിശോധനയ്ക്ക് സ്‌ക്വാഡിനെ നിയോഗിക്കുമത്രേ. ലംഘനമൊന്നിന് നൂറു മുതൽ ആയിരം രൂപ വരെ പിഴയിടുമത്രേ. തുടർച്ചയായി കൽപന ലംഘിക്കപ്പെട്ടാൽ പമ്പുടമയുടെ ലൈസൻസ് റദ്ദാക്കുമത്രേ. ഹെൽമറ്റില്ലാതെ പെട്രോളടിക്കുന്നവർ പോലീസിൻറെ നോട്ടപ്പുളളിയാകും. പിഎസ് സി വെരിഫിക്കേഷനിലും പാസ്‌പോർട്ട് വെരിഫിക്കേഷനിലും വെളളം കുടിക്കും. ട്രാൻസ്‌പോർട് കമ്മിഷണറുടെ കൽപന മാനിക്കാത്തവർ നാട്ടിലോ വിദേശത്തോ പണിയെടുത്തു ജീവിക്കാമെന്ന് മോഹിക്കേണ്ട. No helmet, no petrol in three Kerala cities എന്ന തലക്കെട്ടിൽ ഭീഷണികളുടെ പട്ടിക ഡെക്കാൻ ഹെറാൾഡ് വിശദമായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

വളവിൽ പതുങ്ങിനിന്ന് വാഹന പരിശോധന നടത്തുന്ന ചില പോലീസുകാരുണ്ട് (നല്ല പോലീസുകാർ ക്ഷമിക്കുക, പറഞ്ഞുവരുന്നത് നിങ്ങളെക്കുറിച്ചല്ല). എല്ലാ രേഖകളുമുണ്ടെങ്കിലും മേപ്പടിയാന്മാരിൽ നിന്ന് രക്ഷപെടാനാവില്ല. ഹെഡ് ലൈറ്റിന്റെ വോൾട്ടേജ് വ്യതിയാനം അവർ പട്ടാപ്പകൽ മനക്കണക്കിൽ ഗണിച്ചെടുക്കും. ഹോണിന്റെ ശബ്ദവും തഥൈവ. ഒന്നും കിട്ടിയില്ലെങ്കിൽ ഫസ്റ്റ് എയിഡ് ബോക്‌സിൽ കൈയിടും. അവിടെ പച്ചീർക്കിലും തൊലി കളഞ്ഞ ചക്കക്കുരുവും കാലൻ കുടയും വീൽ ചെയറുമൊക്കെ തരാതരം പോലെ അനിവാര്യമാകും. ആർസി ബുക്കിനൊപ്പം ആരും മോട്ടോർ വാഹന നിയമവും ചട്ടവും കൊണ്ടുനടക്കാറില്ലല്ലോ. അതുകൊണ്ട്, ചെലവാകുന്ന എല്ലാ സ്ഥലത്തും ഭരതനെസ്സൈ പറയുന്നതാണ് നിയമം. No helmet, no petrol എന്ന കൽപനയുടെ ചുവട്ടിൽ ഒപ്പിട്ടതും ഐപിഎസ്സുളള ഭരതനെസ്സൈ തന്നെ.

no-helmetഹെൽമെറ്റില്ലാത്തവർക്ക് പെട്രോൾ മാത്രം നിഷേധിക്കുന്നതെന്തിന്? ടയറിൽ കാറ്റു നിറയ്ക്കാനും പഞ്ചറൊട്ടിക്കാനും വണ്ടി സർവീസു ചെയ്യാനുമൊക്കെ ഹെൽമറ്റ് ധരിച്ചേ തീരൂവെന്ന് ശഠിക്കാം. 'നോ ഹെൽമെറ്റ്, നോ പഞ്ചറൊട്ടിപ്പ്' എന്ന് ടയറു കടകളിൽ ബോർഡു തൂങ്ങട്ടെ. ഹെൽമെറ്റില്ലാത്തവർക്ക് പെട്രോളെന്നല്ല ഒരു സാധനവും വിൽക്കരുത് എന്ന് എക്‌സിക്യൂട്ടീവ് ഉത്തരവിറക്കുന്ന കാര്യവും ആലോചിക്കാവുന്നതാണ്. മുറുക്കാൻ കട മുതൽ ഷോപ്പിംഗ് മാളുവരെ അതിന്റെ പേരിൽ സിസിടിവി കാമറ വെയ്ക്കാം. സ്‌ക്വാഡിനെ കയറ്റാം. പിടിക്കപ്പെടുന്നവർക്ക് റേഷൻ കാർഡും ആധാറും നിഷേധിക്കാം. ഹെൽമെറ്റില്ലാതെ വരുന്നവർക്ക് ദാഹിച്ച പച്ചവെളളം കൊടുത്തുപോകരുത് എന്നു കൽപ്പിക്കാം. അത്തരക്കാരുടെ സ്ഥാവരജംഗമവസ്തുക്കൾ കണ്ടുകെട്ടാം. ഹെൽമെറ്റില്ലാതെ പത്തുതവണയിൽക്കൂടുതൽ യാത്ര ചെയ്തവരെ കണ്ടെത്തി വോട്ടർ പട്ടികയിൽ നിന്നു നീക്കം ചെയ്യാം. ആശുപത്രി മുതൽ ശ്മശാനം വരെ അവർക്കു മുന്നിൽ 'നോ എൻട്രി' ബോഡു വെയ്ക്കാം.

ഹെൽമെറ്റില്ലാത്തവർ പെട്രോളിനു മാത്രമല്ല, മണ്ണെണ്ണയ്ക്കും വെളിച്ചെണ്ണയ്ക്കും എന്തിന് ശവപ്പെട്ടിയ്ക്കു പോലും അർഹരല്ല എന്ന് തച്ചങ്കരി കൽപ്പിച്ചാലും, മന്ത്രിയ്ക്കു സമ്മതമാണ്. ജനത്തിന്റെ ബുദ്ധിമുട്ടുകൾ വഴിയേ പരിഹരിക്കാൻ അദ്ദേഹത്തിനറിയാം.

തങ്ങളുടെ കീഴിലുളള ഉദ്യോഗസ്ഥർ അവരുടെ അധികാരം ദുർവിനിയോഗം ചെയ്യുന്നില്ല എന്നുറപ്പുവരുത്താൻ മന്ത്രിമാർക്കു ചുമതലയുണ്ട്. പറഞ്ഞുവരുമ്പോൾ രണ്ടും നികുതിയാണ് എന്നു കരുതി, റോഡ് ടാക്‌സ് പിരിക്കാൻ സെയിൽസ് ടാക്‌സ് ഉദ്യോഗസ്ഥർക്ക് അധികാരമില്ല. വാറ്റു പിരിക്കാൻ ട്രാൻസ്‌പോർട് കമ്മിഷണർക്കും. പെട്രോൾ പമ്പിലെ വിനിമയങ്ങൾ പരിശോധിക്കാൻ വേറെ വകുപ്പും ഉദ്യോഗസ്ഥരുമുണ്ട്. പെട്രോളും ഡീസലുമടിച്ചാലേ വണ്ടിയോടൂ എന്നു കരുതി ഗതാഗത വകുപ്പിന് പെട്രോൾ പമ്പുകളിൽ കാര്യമില്ല. മണ്ണെണ്ണ വിൽക്കുന്നുണ്ട് എന്ന പേരിൽ റേഷൻ കട പരിശോധിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും അധികാരമില്ല. ഇതൊക്കെ തിരിച്ചറിയാനുളള വിവേചനബുദ്ധി ഭരിക്കുന്നവർക്കുണ്ടാകണം.

deccan-chronicleഗതാഗതമന്ത്രി പദത്തിലിരിക്കുന്നത് ഒരിടതുപക്ഷ നേതാവാണ്. അധികാരദുരയുടെ കരിപുരണ്ട ഇത്തരമൊരു ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് അറുത്തു മുറിച്ചു പറയാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഈ ഉത്തരവ് പലരിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. അപ്പോൾത്തന്നെ പ്രശ്‌നത്തിലിടപെട്ട മന്ത്രിയിൽ നിന്ന് പ്രതീക്ഷിച്ചത് അങ്ങനെയൊരിടപെടലാണ്. പതിറ്റാണ്ടുകളുടെ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തനം അത്തരമൊരു ഇടപെടലിനുളള വിവേചനബുദ്ധിയിലേയ്ക്ക് എ കെ ശശീന്ദ്രനെ നയിക്കേണ്ടതാണ്. മറ്റു പല സംസ്ഥാനങ്ങളിലും No helmet, no petrol പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചു നടത്തുന്ന ബോധവത്കരണ കാമ്പയിനുകളാണ്. ആ ആശയത്തെ കോപ്പിയടിച്ച് നിർലജ്ജമായ അധികാരപ്രയോഗത്തിനിറങ്ങുകയാണ് തച്ചങ്കരി. അദ്ദേഹത്തോട് ഒരു വലിയ 'നോ' പറയാൻ എ കെ ശശീന്ദ്രൻ എന്ന ഇടതുപക്ഷ നേതാവിനു ബാധ്യതയുണ്ട്. എന്തധികാരത്തിലാണ് ഇത്തരമൊരുത്തരവ് പുറപ്പെടുവിച്ചത് എന്ന് അദ്ദേഹം അന്വേഷിക്കുക തന്നെ വേണം. കാരണം, കോടതി ഈ ഉത്തരവ് വലിച്ചുകീറിപ്പറത്തിയാൽ, നാണം കെടുന്നത് അദ്ദേഹം കൂടിയാണ്. സർക്കാരൊന്നടങ്കമാണ്.

വാളെടുത്തവരെല്ലാം വെളിച്ചപ്പാടല്ല എന്നു പലരും പറഞ്ഞ് നമുക്കറിയാം. പക്ഷേ, ഹെൽമെറ്റു ധരിച്ച് വാളെടുക്കുന്നവർ വെളിച്ചപ്പാടുകളാണ് എന്ന തച്ചങ്കരി ഉത്തരവിട്ടാൽ തർക്കിക്കാൻ ആർക്കുളളൂ ധൈര്യം...?