കബാലിയുടെ ക്ലൈമാക്സിന് മാറ്റമില്ല

രജനിയുടെ അഭാവത്തില്‍ ചിത്രം അദ്ദേഹത്തിന്റെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രദര്‍ശിപ്പിച്ചു

കബാലിയുടെ ക്ലൈമാക്സിന് മാറ്റമില്ല

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആരാധകര്‍ ഇത്രത്തോളം കാത്തിരുന്ന മറ്റൊരു ചിത്രമുണ്ടാവില്ല. റിലീസ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ 'ലാഭം' ഉണ്ടാക്കി തുടങ്ങിയ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ചിത്രം കബാലി നാളെ തീയറ്ററുകളില്‍ എത്തുന്നു.

ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ കഴിയുന്നതിന്റെ മുന്‍പ് തന്നെ രജനി ചികത്സയുടെ ഭാഗമായി അമേരിക്കയില്‍ പോയി. പിന്നീട് രജനിയുടെ അഭാവത്തില്‍ ചിത്രം  അദ്ദേഹത്തിന്റെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രദര്‍ശിപ്പിച്ചു. ചിത്രം കണ്ട രജനിയുടെ മകളും സംവിധായകയുമായ ഐശ്വര്യയടക്കമുള്ളവര്‍ ചിത്രത്തെ പറ്റി ഏറെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. രജനി ആരാധകരെ കൂടുതല്‍ സംതൃപ്തിപ്പെടുത്തുന്ന രീതിയില്‍ ക്ലൈമാക്സില്‍ ചില മാറ്റങ്ങള്‍ വരുത്താനും ഐശ്വര്യ ചിത്രത്തിന്റെ സംവിധായകാനായ പാ. രഞ്ജിത്തിനോട്  നിര്‍ദ്ദേശിച്ചു. ഇനി എങ്ങനെ ക്ലൈമാക്സ് മാറ്റും എന്ന ചിന്തയില്‍ ഉറക്കം നഷ്ടപ്പെട്ട രഞ്ജിത്തിനെ തേടി അമേരിക്കയില്‍ നിന്നും രജനിയുടെ വിളി എത്തി. കബാലിയെന്നത് രഞ്ജിത്തിന്റെ മാത്രം സൃഷ്ടിയാണെന്നും അത് നല്ല രീതിയില്‍ തന്നെ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട് എന്നും രജനി പറഞ്ഞു. അതില്‍ ഇനി മാറ്റങ്ങള്‍ വേണ്ടയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.


ഒന്നും രണ്ടും സിനിമയില്‍ അഭിനയിച്ചവര്‍ തന്നെ തിരക്കഥയില്‍ കത്തി വയ്ക്കുന്ന കാലത്താണ് രജനീകാന്തിനെ പോലെ ഇത്ര മുതിര്‍ന്ന ഒരു നടന്‍ എല്ലാം സംവിധായകന്റെ ഇഷ്ടത്തിന് വിട്ടു കൊടുക്കുന്നത്. ഇത് ഇന്നത്തെ പുതുതലമുറ നടന്മാര്‍ കണ്ടു പഠിക്കണം.

സാറ്റലൈറ്റ്- റീമേക്ക് വകുപ്പുകളില്‍ 300 കോടിയിലധികം നേടി കഴിഞ്ഞ ചിത്രം സംസ്ഥാനത്തെ 300ല്‍ അധികം തീയറ്ററുകളിലാണ് നാളെ റിലീസ് ചെയ്യുന്നത്.