നിമിഷ മതം മാറിയത് തിരുവനന്തപുരത്തെ സലഫി സെന്ററില്‍

ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന നിമിഷയെ കാസര്‍കോട്ട് പഠിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ നവംബറില്‍ കാണാതായിരുന്നു.

നിമിഷ മതം മാറിയത് തിരുവനന്തപുരത്തെ സലഫി സെന്ററില്‍

തിരുവനന്തപുരം: അടുത്തിടെ കാണാതായ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി നിമിഷ, ഇസ്ലാം മതത്തിലേക്കു മാറിയത്, മൂന്നുവര്‍ഷം മുമ്പ് സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററില്‍ വച്ചാണെന്ന് പോലീസിന്റെ സ്ഥിരീകരണം. ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന നിമിഷയെ കാസര്‍കോട്ട് പഠിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ നവംബറില്‍ കാണാതായിരുന്നു.

കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെ, 2013 സെപ്റ്റംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചതെന്ന് പോലീസ് പറയുന്നു.


കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായിയെന്നും ഇയാള്‍ കേരള നദ്‌വത്തുല്‍ മുജാഹിദീനിലെ സജീവ അംഗമായിരുന്നുവെന്നും പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അസ്വാഭാവിക സാഹചര്യത്തില്‍ കാണാതായ നിമിഷയുമായി കഴിഞ്ഞ ജൂണ്‍ 4ന് ശേഷം വീട്ടുകാര്‍ക്കു ബന്ധപ്പെടാനായിട്ടില്ല. നിമിഷയുടെ മതംമാറ്റം നടന്ന സലഫി സെന്റര്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് നാലുവര്‍ഷം മുമ്പ് പാറശ്ശാല സ്വദേശിയായ ഒരു യുവാവ് ദുരൂഹസാഹചര്യത്തില്‍ വീണു മരിച്ചിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച അന്വേഷണം ഇപ്പോള്‍ മരവിച്ച മട്ടാണ്.

Read More >>