മോഹന്‍ദാസുമാരെ വാര്‍ത്തെടുക്കുന്ന 'അന്തിചര്‍ച്ചകള്‍'

ടിജി മോഹന്‍ദാസ്‌ സത്യത്തില്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് ഒരു അസറ്റാണ്. കാരണം മറ്റൊന്നല്ല ഒട്ടു മിക്ക മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളും ഈ രീതിയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വക്താക്കളെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യും. സംഘപരിവാറുകാരെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു സാമാന്യയുക്തി ഇല്ലാത്തത് കൊണ്ട് തന്നെ അവരെ തൃപ്തിപ്പെടുത്താന്‍ ഏറ്റവും നന്നായി ഉതകുന്ന വ്യക്തി തന്നെയാണ് ടിജി മോഹന്‍ദാസ്‌. പി കെ ശ്രീകാന്ത് എഴുതുന്നു.

മോഹന്‍ദാസുമാരെ വാര്‍ത്തെടുക്കുന്ന

പി കെ ശ്രീകാന്ത് 

കാലങ്ങളായുള്ള പൊതു പ്രവര്‍ത്തന പാരമ്പര്യവും, ഏറ്റെടുത്തു  നടപ്പിലാക്കുന്ന സമര പ്രക്ഷോഭങ്ങളും, താന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ആശയം പ്രാബല്യത്തില്‍ വരുത്താനുള്ള കഴിവും, ഇച്ഛാശേഷിയുമൊക്കെയാണ് ഒരു നേതാവിനെ വാര്‍ത്തെടുക്കുന്നത്. ഇത് ഒരു അഞ്ചാറു വര്‍ഷം പിന്നിലെ കാര്യമാണ് പറഞ്ഞത്. ഇന്ന് അങ്ങനെ അല്ലേ എന്ന്  ചോദിച്ചാല്‍  മുഴുവനായും  അങ്ങനെ അല്ല എന്ന് തന്നെ പറയാം. വാര്‍ത്താ ചാനലുകള്‍ നേതാവിനെ രൂപപ്പെടുത്തുന്നതില്‍  വലിയൊരളവില്‍  പങ്കു വഹിക്കുന്നുണ്ട്. അഥവാ വാര്‍ത്താ ചാനലുകളില്‍ കൂടി നേതാവായ ഒരു പറ്റം രാഷ്ട്രീയ നേതാക്കള്‍ നമ്മുടെ ചുറ്റുവട്ടത്തുമുണ്ട്. അവരെ ഒട്ടുമിക്ക എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും കാണുവാനും കഴിയും.


പി സി ജോര്‍ജ്ജ് എന്ന ഒറ്റയാനായിരുന്നു സമീപ കാലത്ത് വാര്‍ത്താ ചാനലുകളിലൂടെ കൊച്ചു കുട്ടികളുടെ മനസ്സില്‍ പോലും കേറി പറ്റിയ നേതാവ്. സുപ്രസിദ്ധിയോ  കുപ്രസിദ്ധിയോ പി സിയുടെ സമീപകാല രാഷ്ട്രീയ വളര്‍ച്ചയില്‍ ദൃശ്യമാധ്യമങ്ങളുടെ പങ്കു ഒഴിച്ചു നിര്‍ത്താനേ കഴിയാത്തതാണ്. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളെയും തറ പറ്റിച്ച് സ്വതന്ത്രനായി നിയമ സഭയിലേക്ക് ജയിച്ചു കേറിയ പിസി യെ, ആ ഒരു ശേഷിയിലേക്ക് മാര്‍ക്കറ്റ് ചെയ്തതില്‍ ഇവിടുള്ള മാധ്യമങ്ങള്‍, വിശിഷ്യാ ദൃശ്യമാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. പിസി ജോര്‍ജ്ജിനെ മാറ്റി നിര്‍ത്തിയാല്‍ വാര്‍ത്താ ചാനലുകളും അവരുടെ ന്യൂസ് നൈറ്റ് ചര്‍ച്ചകളും കൊണ്ട് ഏറ്റവും അധികം ഗുണം ലഭിച്ച രാഷ്ട്രീയപാര്‍ട്ടി ബിജെപി ആണെന്ന് പറയാം. ഇത് കേള്‍ക്കുമ്പോള്‍  ഗുണമല്ലല്ലോ ദോഷമല്ലേ ലഭിച്ചത് എന്ന്  സംശയമുയരാം. പക്ഷേ  ഞാന്‍ പറയും ഗുണം തന്നെയാണെന്ന്. കാരണം ഇന്ന് ബിജെപി യുടെ വക്താക്കളായി ഒരു സാധാരണക്കാരനോടു ചോദിച്ചാല്‍ ലഭിക്കുന്ന ഉത്തരത്തില്‍ അഞ്ചു പേരില്‍ നാല് പേര്‍ ദൃശ്യമാധ്യമങ്ങളിലൂടെ പൊതുജന സമക്ഷം അവതരിച്ചതാണെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്.

ഇന്ന് ബിജെപി എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ യുവ നേതാക്കളായി നമ്മള്‍ അറിയപ്പെടുന്ന കെ സുരേന്ദ്രന്‍, വി വി രാജേഷ്, ജോര്‍ജ്ജ് കുര്യന്‍, ടിജി മോഹന്‍ദാസ്‌, ഗോപാലകൃഷ്ണന്‍, സജീവന്‍ തുടങ്ങിയവരൊക്കെ സംഘപരിവാര്‍ നേതാക്കളാണെന്ന് എപ്പോള്‍ മുതലാണ്‌ നമ്മളൊക്കെ അറിയാന്‍ തുടങ്ങിയത്. സംഘപരിവാറുകാര്‍ മറുവാദം പറയാന്‍ ഇവരുടെ ഒക്കെ രാഷ്ട്രീയചരിത്രം കൊണ്ട് വന്നേക്കാം, പക്ഷേ സംഘപരിവാരുകാരെ കേരള രാഷ്ട്രീയ സമസ്യകളില്‍ നിന്ന് മാറ്റി നിര്‍ത്തപെട്ട കാലത്തുനിന്നും ഇന്ന് കാണുന്ന വളര്‍ച്ചയിലേക്കുള്ള പാതയില്‍ പല നേതാക്കന്മാരെയും സൃഷ്ടിച്ചത് വാര്‍ത്താ ചാനലുകള്‍ തന്നെയാണു. ബിജെപി മാത്രമല്ല മറ്റു ചില രാഷ്ട്രീയ, രാഷ്ട്രീയേതര സംഘടനാ നേതാക്കളും ഈ രീതിയില്‍ വളര്‍ന്നിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും ഗുണം ലഭിച്ചത് സംഘപരിവാര്‍ സംഘടനകള്‍ക്ക് തന്നെയാണെന്ന് പറയാം.

ഇതൊക്കെ അവിടെ നില്‍ക്കട്ടെ. വിഷയത്തിലേക്ക് വരാം. വിഷയം ഇതല്ല, ഇതേ ചാനല്‍ ചര്‍ച്ചകളില്‍ ഒരു സംഘപരിവാര്‍ വക്താവിന്‍റെ ശരീര ഭാഷയും, പെരുമാറ്റവുമാണ് പറയാനാഗ്രഹിക്കുന്നത്. ആ കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒരു വ്യക്തിയാണ് ടി ജി മോഹന്‍ദാസ്‌.

മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒട്ടു മിക്ക വക്താക്കളും  ചാനലുകളില്‍ രോഷാകുലനായി  മറുതലയ്ക്കുള്ളവരിന്‍മേല്‍ അധീശത്വം സ്ഥാപിച്ച് തന്‍റെ വാദം മുന്നോട്ട് കൊണ്ട് പോകുന്ന രീതി തന്നെയാണ് അവലംബിക്കാറുള്ളത്. ഒരു പക്ഷേ അത് തന്നെയാകണം ഇന്നിന്‍റെ സംവാദങ്ങളുടെ നീതി ശാസ്ത്രവും. പക്ഷേ സംഘപരിവാര്‍ നേതാക്കന്മാര്‍ ഇതില്‍ നിന്നും അല്‍പ്പം വിഭിന്നമാണ്. വിഭിന്നം എന്നത് കൊണ്ട് ഉദ്ദേശിച്ചത് അവര്‍  അഗ്രസീവല്ല എന്നല്ല. പകരം പരിഹാസവും പുച്ഛവും ദേഷ്യവും പ്രകോപനവും കൂടികലര്‍ന്നുകൊണ്ടുള്ള ഒരു തരം സ്ഥായീ ഭാവത്തിലായിരിക്കും അവര്‍ ചര്‍ച്ചയെ അഭിമുഖീകരിക്കുക. അതുകൊണ്ട് തന്നെ ടിജി മോഹന്‍ദാസ്‌ ഈ കൂട്ടത്തിന്‍റെ അപ്പോസ്തല പദവി അലങ്കരിക്കുന്നുണ്ട്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പലവിധ സ്വഭാവ വിശേഷങ്ങള്‍ ഉള്ള നേതാക്കന്മാരും അണികളുമുണ്ട്. പക്ഷേ സംഘപരിവാറിനു മാത്രം അവരുടെ ദേശീയ അധ്യക്ഷന്‍ മുതല്‍ ഫേസ്ബുക്കില്‍ ഹിന്ദുവിനെ ഉദ്ധരിക്കാന്‍ നടക്കുന്ന സാദാ സംഘപരിവാറുകാരന്‍ വരെ ഒരേ രാഷ്ട്രീയ നിലവാരത്തിലായിരിക്കുമെന്നു ഞാന്‍ മുന്നേ അഭിപ്രായപ്പെട്ടിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് ടിജി മോഹന്‍ദാസ് അടക്കമുള്ള സംഘപരിവാര്‍ വക്താക്കള്‍.

നമുക്കറിയാം, കെ സുരേന്ദ്രന്‍ എന്ന ബിജെപി നേതാവ് ഉയര്‍ന്നു വന്നത് സോളാര്‍ കേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളിലൂടെയാണ്. വി വി രാജേഷും ഏതാണ്ട് അത് പോലെ തന്നെ. ഇവരൊക്കെ തന്നെ ചര്‍ച്ചകളില്‍ സ്വീകരിക്കുന്ന ശരീര ഭാഷയെകുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷേ എനിക്ക് തോന്നുന്നത്, സംഘപരിവാര്‍ വക്താക്കളില്‍ അല്‍പ്പമെങ്കിലും മാന്യമായി സംസാരിക്കുന്നത് ഇവരാകണം. കൂട്ടത്തില്‍ ശ്രീധരന്‍ പിള്ളയെയും ഉള്‍പ്പെടുത്താം.

ഒരു വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യനെറ്റ് ചാനലിനെ ബിജെപി ബഹിഷ്കരിച്ച കാലത്താണ് ടിജി മോഹന്‍ദാസിനെ ജനങ്ങള്‍ ടിവി സ്ക്രീനിലൂടെ കണ്ടു തുടങ്ങുന്നത്. ആദ്യം ഭാരതീയ വിചാര കേന്ദ്രത്തിന്‍റെ വക്താവും പിന്നെ ആര്‍എസ്എസ് വക്താവുമായി അവതരിച്ച ഇദ്ദേഹം ഇപ്പോള്‍ ബിജെപിയുടെ സ്ഥിരവക്താവായി തന്നെയാണ് ചാനലുകളില്‍  കാണപ്പെടുന്നത്. ടിജി മോഹന്‍ദാസ്‌ സത്യത്തില്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് ഒരു അസറ്റാണ്. കാരണം മറ്റൊന്നല്ല ഒട്ടു മിക്ക മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളും ഈ രീതിയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വക്താക്കളെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യും. സംഘപരിവാറുകാരെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു സാമാന്യയുക്തി ഇല്ലാത്തത് കൊണ്ട് തന്നെ അവരെ തൃപ്തിപ്പെടുത്താന്‍ ഏറ്റവും നന്നായി ഉതകുന്ന വ്യക്തി തന്നെയാണ് ടിജി മോഹന്‍ദാസ്‌. ഫേസ്ബുക്കിലെ അദ്ദേഹത്തിന്‍റെ ഫാന്‍സ്‌ പേജ്  സന്ദര്‍ശിച്ചാല്‍ മതി ആരാധകരെ വിലയിരുത്താന്‍.

ബിജെപി യുടെ വക്താക്കള്‍ ന്യൂസ് നൈറ്റ് ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ട് അധികം നാളായില്ല. മുന്നേ സൂചിപ്പിച്ച പോലെ തന്നെ കെ സുരേന്ദ്രനും വി വി രാജേഷുമാണ് ഇതില്‍ ഏറ്റവും തിളങ്ങിയത്. അതിനിടയില്‍ അപ്രതീക്ഷമായി ചാനല്‍ ചര്‍ച്ചകളിലൂടെ രംഗത്ത് വന്ന വ്യക്തിയാണ് ടിജി മോഹന്‍ദാസ്‌. പെട്ടെന്ന് ചാനല്‍ ചര്‍ച്ചകളുടെ താരമായ ടിജി മോഹന്‍ദാസ്‌ ആരാണെന്ന് ബിജെപിക്കാര്‍ക്ക് പോലും വല്യ നിശ്ചയമില്ലെന്നുള്ളത് അനുഭവത്തില്‍ മനസ്സിലാക്കിയ യാഥാര്‍ത്ഥ്യമാണ്. മറ്റു ബിജെപി വക്താക്കളില്‍ നിന്ന് ടിജി മോഹന്‍ദാസിനെ വ്യത്യസ്തനാക്കുന്നത് തൊട്ടാല്‍ പൊട്ടാത്ത കണക്കുകളാണ്. കണക്കുകള്‍ എന്ന് മുഴുവനായി പറയാന്‍ പറ്റില്ല. ടിജി മോഹന്‍ദാസ്‌ പറയാത്ത കണക്കുകള്‍. അഥവാ ടിജി മോഹന്‍ദാസിനെ ഭാഷയില്‍ പറഞ്ഞാല്‍ ‘
എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കേണ്ടാ
’ത്ത കണക്കുകള്‍.

യാതൊരു പ്രതിപക്ഷ ബഹുമാനമോ ചര്‍ച്ചയില്‍ പാലിക്കേണ്ട മാന്യതയോ പാലിക്കാത്ത ഒരു വ്യക്തിയായിട്ടാണ്  ടിജി മോഹന്‍ദാസിനെ വിലയിരുത്തിയാലും തെറ്റില്ല. എതിരഭിപ്രായം പറയുന്നവരെ വ്യക്തി പരമായി അധിക്ഷേപിക്കുക, പുച്ഛത്തോടെ മറുവാദം പറയുക, പരിഹസിക്കുക, ആരെയും വിശ്വസിപ്പിക്കുന്ന കള്ളത്തരങ്ങള്‍ അവതരിപ്പിക്കുക തുടങ്ങിയതാണ്‌ ഇദ്ദേഹം ചര്‍ച്ചകളില്‍ ശീലിച്ചു പോരുന്ന മാതൃകകള്‍. അത് അദ്ദേഹത്തിന് മാത്രമല്ല ഫാസിസ്റ്റ് ശക്തികള്‍ എല്ലാകാലത്തും പുലര്‍ത്തിയിരുന്ന തന്ത്രമാണ്. പാട്രിയാര്‍ക്കിയില്‍ അധിഷ്ടിതമായ രാഷ്ട്രീയ ആശയവും മതാതിഷ്ടിത ദേശീയതാ സങ്കല്‍പ്പവും ഉള്ള ഏതരാളുടെയും പ്രതിനിധിയാണ് ടിജി മോഹന്‍ദാസ്‌.

സംഘപരിവാറിന്‍റെ ദളിത്‌ വിരോധം ഒരു പുത്തന്‍ സംഭവമൊന്നുമല്ല. ബ്രാഹ്മണ്യത്തിലൂന്നിയ ഹൈന്ദവ ദേശീയ ആശയം മനസാവരിച്ച മനുസ്മൃതി  ദേശീയ ഗ്രന്ഥമാക്കണമെന്നു വാദിക്കുന്ന, വിചാരധാര ദിവ്യ ഗ്രന്ഥമായി കൊണ്ട് നടക്കുന്ന, നാം അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു എന്ന പുസ്തകം വേദ വാക്യമാക്കുന്ന, ജനാധിപത്യം എന്ന ആശയത്തിന്‍റെ വൈവിധ്യം അംഗീകരിക്കാത്ത ഇക്കൂട്ടരെ ഒരു ജനാധിപത്യ സംവിധാനത്തിന്‍റെ ഭാഗമാക്കുന്നതിലെ നൈതികത തന്നെ ഒരു വിരോധാഭാസമാണ്, അല്ലെങ്കില്‍  അതായിരിക്കണം  ജനാധിപത്യത്തിന്‍റെ സൌന്ദര്യം. അതുകൊണ്ടാകുമല്ലോ അവര്‍ തന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ഭരിക്കുന്നത്. അവിടങ്ങളിലാണ് ടിജി മോഹന്‍ദാസിനെ പോലുള്ളവര്‍ പരസ്യമായി വന്നിരുന്നു  മനസ്സിലെ മനുസ്മൃതി ആശയങ്ങള്‍ ഭാഷയിലൂടെ പുറത്തെടുക്കുന്നത്.ഏറ്റവും ഒടുവില്‍ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിലെ, ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് ടിജി മോഹന്‍ദാസ്‌ തന്‍റെ രാഷ്ട്രീയ ആശയം അല്‍പ്പം കൂടി നന്നായി വ്യക്തമാക്കി തന്നത്. ഒന്നര ആഴ്ചകള്‍ക്ക് മുമ്പ്, ചത്ത പശുവിന്‍റെ തോലെടുത്തത്തതുമായി ബന്ധപ്പെട്ട് ഗോ രക്ഷ പ്രവര്‍ത്തകര്‍ എന്ന തീവ്ര ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ ദളിത്‌ യുവാക്കളെ കെട്ടിയിട്ട് ഇരുമ്പ് ദണ്ട് കൊണ്ട് മര്‍ദ്ധിക്കുന്ന സംഭവം നമ്മള്‍ എല്ലാവരും കണ്ടതാണ്. വിഷയവുമായി ബന്ധപ്പെട്ട് വലിയ പ്രക്ഷോഭങ്ങളാണ് ഗുജറാത്തില്‍ ദളിത്‌ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. സൌരാഷ്ട്രയിലെ സര്‍ക്കാര്‍ ഒഫീസികളില്‍ ചത്ത പശുക്കളെ കൊണ്ടിട്ട് ഗോ രക്ഷാപ്രവര്‍ത്തകരോട് തന്നെ ‘സ്വച്ച് ഭാരത്‌ നടത്തി കൊള്ളുവാന്‍’ പറഞ്ഞ ദളിത്‌ സംഘടകളുടെ പ്രക്ഷോഭം സമീപ കാലത്ത് ദൃശ്യമായ കരുത്തുറ്റ ദളിത്‌ മുന്നേറ്റങ്ങളില്‍ ഒന്നാണ്. കൂടാതെ ഉത്തര്‍പ്രദേശ് ബിജെപി ഉപാധ്യക്ഷന്‍ മായാവതിയെ വേശ്യയോട്  ഉപമിച്ചതിനെതിരെയും അവിടെ വലിയ ദളിത്‌ പ്രക്ഷോഭം നടന്നു വരുന്നു. ഈ വിഷയവുമായി ബന്ധപ്പെടായിരുന്നു ഇന്നലെയുള്ള ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് അവര്‍ ചര്‍ച്ച ചെയ്തത്. ദളിത്‌ ചിന്തകനും സാമൂഹിക പ്രവര്‍ത്തകനുമായ സണ്ണി എം കപിക്കാട്, ആംആദ്മി കണ്‍വീനര്‍ സിആര്‍ നീലകണ്ഠന്‍, മാധ്യമ പ്രവര്‍ത്തകന്‍ എഎം ജിഗീഷ് എന്നിവരായിരുന്നു ടിജി മോഹന്‍ദാസിന് പുറമേ  ചര്‍ച്ചിയല്‍ പങ്കെടുത്തവര്‍. മോഹന്‍ദാസിനോടുള്ള ആദ്യ ചോദ്യത്തെ തന്നെ അദ്ദേഹം നേരിട്ടത് ഇതൊന്നും ഒരു ‘ചുക്കുമല്ല’ എന്നു പറഞ്ഞു കൊണ്ടുള്ള സ്വത സിദ്ധമായ ശരീര ഭാഷയോടെ ആയിരുന്നു. സംഭവം ദളിത്‌-സംഘപരിവാര്‍ പ്രശ്നമല്ല,നദളിത്‌ ആയതു കൊണ്ടല്ല അവര്‍ക്ക് മര്‍ദ്ധനമേറ്റത്  എന്ന നിഷ്കളങ്ക വാദം മുന്നോട്ട് വയ്ക്കുന്ന രീതിയില്‍ അദ്ദേഹം സംഭവത്തെ നേരിട്ടത് ‘ഗുജറാത്തില്‍ രണ്ട് ദളിതരുടെ ചന്തിക്കടിച്ചതാണ് നിങ്ങള്‍ക്ക് വലിയ പ്രശ്‌നം’ എന്ന നിലവിട്ട പരാമര്‍ശവുമായാണ്. ദളിതര്‍ക്കെതിരെ ബിജെപിയും ആര്‍എസ്എസും നടത്തുന്ന അതിക്രമങ്ങളുടെ തീവ്രവത വിവരിക്കുന്നതായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ ഭാഗം വിശദീകരിച്ചത്. ഇതിന് വ്യക്തതയോടെ മറുപടി നല്‍കാന്‍ കഴിയാതെ വന്നപ്പോഴാണ് മോഹന്‍ദാസ് പ്രകോപന പരാമര്‍ശവുമായി വന്നത്. ടിജി മോഹന്‍ദാസ്‌ ദളിത്‌ ഇഷ്യൂവിനെ ഇത്ര അധികം പരിഹാസത്തോടെ ചെറുതാക്കി കണ്ടത്  അത്ഭുതമൊന്നും ഉളവാക്കുന്നില്ല.

”ലോകങ്ങളുടെ സമൃദ്ധിക്കായി (ദിവ്യനായ അവന്‍) ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവരെ യഥാക്രമം അവന്‍റെ വായ, കരം, തുടകള്‍, പാദങ്ങള്‍ എന്നിവയില്‍ നിന്നും സൃഷ്ടിച്ചു (മനുസ്മൃതി 1:31), വിനയപൂര്‍വ്വം ഈ (മറ്റ്) മൂന്നു ജാതികളെയും സേവിക്കുക എന്നത് മാത്രമാണ് ശൂദ്രന് വിധിച്ച കര്‍മ്മം(1:91). ഇങ്ങനെ എഴുതിവച്ച പുസ്തകം വേദ ഗ്രന്ഥമായി കരുതുന്ന ഒരു രാഷ്ട്രീയ ആശയത്തിന്‍റെ പിന്മുരക്കാരന്‍ മാത്രമാണ് ടിജി മോഹന്‍ദാസ്‌.

ഇത് ടിജി മോഹന്‍ദാസ്‌ ഈയൊരു ചര്‍ച്ചയില്‍ മാത്രം കൈക്കൊണ്ട രീതിയല്ല. അദ്ദേഹം പങ്കെടുക്കുന്ന എല്ലാ ചര്‍ച്ചകളിലും കൂടിയും കുറഞ്ഞും അളവില്‍ ഈയൊരു ശരീരഭാഷ തന്നെയാണ് പ്രകടിപ്പിക്കാറുള്ളത് .

ഒരു കള്ളത്തെ പല തവണ ആവര്‍ത്തിച്ച് സത്യമാണെന്ന് ധരിപ്പിക്കുന്ന നാസി കാലഘട്ടത്തിലെ  ഗീബല്‍സിയന്‍ തന്ത്രത്തെ കുറിച്ച് നമ്മളൊക്കെ വായിച്ചറിഞ്ഞിട്ടുണ്ടാകും. സംഘപരിവാരുകാര്‍ ഇന്ത്യയില്‍ കാലാകാലങ്ങളായി ഉപയോഗിക്കുന്ന ഒരു തന്ത്രം കൂടിയാണത്. ആയതുകൊണ്ട് തന്നെയാണ് ആധുനിക ഫാസിസത്തിന്‍റെ രചനകള്‍ ഇന്ത്യയില്‍ നിന്ന് തുടങ്ങണം എന്ന് പറയുന്നത്. ക്ഷേത്രങ്ങളിലെ സ്വത്തുക്കള്‍ സര്‍ക്കാര്‍ അടിച്ചു മാറ്റി എല്ലാ മതക്കാര്‍ക്ക് വേണ്ടിയും ചിലവാക്കുന്നു. മറ്റു മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അങ്ങോട്ട് പണം നല്‍കുന്ന എന്ന വാദത്തോടെ വര്‍ഗ്ഗീയ ചേരി സൃഷിട്ടിച്ച്  ഹിന്ദുക്കളെ ഉണര്‍ത്താന്‍ നടന്ന സംഘപരിവാര്‍ ശ്രമം അടുത്ത കാലത്താണ് വിഡി സതീശന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിക്കുക വഴി പൊതുജന മധ്യത്തില്‍ തകര്‍ന്നു വീണത്. ആ സമയത്ത് തന്‍റെ കള്ളത്തരം പിടിക്കപ്പെട്ട ശ്രീമതി ശശികലയുടെ വാദങ്ങളും ചാനലുകളില്‍ നമ്മള്‍ കണ്ടതാണ്. അപ്പോഴും പുത്തന്‍ ഗീബല്‍സിയന്‍ തന്ത്രങ്ങളുമായി പ്രത്യക്ഷപ്പെട്ട വ്യക്തിയാണ് ടിജി മോഹന്‍ദാസ്‌.

സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ പുസ്തക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ശിവ സേനക്കാര്‍ കരിയോയില്‍ ഒഴിച്ച സംഭവത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ മോഹന്‍ദാസ്‌ വാദിച്ചത് ഇത് ശിവസേനയും കുല്‍ക്കര്‍ണ്ണിയും തമ്മിലുള്ള അണ്ടര്‍സ്റ്റാന്‍റിംഗ് ആണെന്നാണ്‌.  “ഈ പെയ്ന്‍റ് അടിച്ചതിന്‍റെ തൊട്ടു തലേദിവസം മതോശ്രീയില്‍ വച്ച് ഉദ്ധവ് താക്കറയെ കുല്‍ക്കര്‍ണ്ണി  കണ്ടിരുന്നോ? കണ്ടിരുന്നോ ഇല്ലയോ എന്ന് സുധീന്ദ്ര കുല്‍ക്കര്‍ണി വെളിപ്പെടുത്തണം. അതറിയാന്‍ ടൈംസ്നൌ കാണണം എന്നായിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞത് തെറ്റാണെന്നും അങ്ങനെ ഒരു വാദം ടൈംസ്നൌവില്‍ പരാമര്‍ശിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. മാധ്യമ പ്രവര്‍ത്തകനായ കെ ജെ ജേക്കബ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നേ ടിജി
മോഹന്‍ദാസിന്‍റെ കള്ളത്തരങ്ങള്‍ തുറന്നു കാണിച്ചിട്ടുണ്ട്.


ചര്‍ച്ചകളില്‍ അവതാരകന്‍റെയും പാനലിസ്റ്റുകളുടെയും കാഴ്ചക്കാരുടെയും കണ്ണില്‍ പൊടിയിടാനുള്ള കണക്കുകള്‍ അവതരിപ്പിക്കുന്നത് ഇദ്ദേഹത്തിന്‍റെ സ്ഥിരം അടവാണ്. 1984 ലെ തിരഞ്ഞെടുപ്പ് കണക്കുകളുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു ചര്‍ച്ചയില്‍ കോണ്‍ഗ്രസ് എം പി എഐ ഷാനവാസ് ബിജെപിക്ക് 31ശതമാനം വോട്ടുകള്‍ മാത്രമേ കിട്ടിയിട്ടുള്ളൂ ബാക്കി  69ശതമാനം എതിര്‍പക്ഷതാണെന്ന് ഓര്‍ക്കണം എന്ന് പറഞ്ഞു. ഇതിനു മറുപടിയായി മോഹന്‍ദാസ്‌ 424 സീറ്റുകള്‍ ഉള്ളപ്പോള്‍ രാജീവ് ഗാന്ധിക്ക് 30ശതമാനം വോട്ടുകളാണ് കിട്ടിയത് എന്ന് പറയുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ഈ കണക്കുകളും തെറ്റാണ്. രാജീവ് ഗാന്ധിക്ക് കിട്ടിയത് 49.1 ശതമാനം വോട്ടുകളും 404 സീറ്റുകളുമായിരുന്നു. ഇതിന്‍റെ മറ്റൊരു രസമെന്തെന്നാല്‍ ഷാനവാസ് തന്നെ പിറ്റേ ദിവസത്തെ ചര്‍ച്ചയില്‍ ടിജി മോഹന്‍ദാസിനെ കുറിച്ച് പറയുകയുണ്ടായി, ഇന്നത്തെ ചര്‍ച്ചയില്‍ ഇദ്ദേഹത്തിന്‍റെ കണക്കുകള്‍ കേട്ട് ഞാന്‍വരെ വിശ്വസിച്ചു, പിന്നീട് പരിശോധിച്ചപോഴാണ് യഥാര്‍ത്ഥ കണക്കുകള്‍ ബോധ്യമായതെന്നു. വര്‍ഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള മുന്‍നിര നേതാക്കന്മാരെ പോലും ഇദ്ദേഹത്തെ പോലുള്ളവര്‍ക്ക് കബളിപ്പിക്കാന്‍ പാറ്റുന്നുണ്ടെങ്കില്‍ ഒരു ശരാശരിക്കാരനെ കുറിച്ച് പറയേണ്ടതുണ്ടോ?

t-g-mohandas_mediaone_news-nightമീഡിയാ വണ്‍ ചാനലില്‍ ജെഎന്‍യു  വിഷയുമായി ബന്ധപ്പെട്ട സനീഷ് നയിച്ച ചര്‍ച്ചയില്‍ വച്ച് ടിജി മോഹന്‍ദാസ്‌ ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകനായ സച്ചിന്‍ നാരായണനെ വ്യക്തിപരമായി അധിക്ഷേപിക്കുകയുണ്ടായി.’സച്ചിന്‍  നാരായണന്‍ ചുമ്മാ ജോലിയൊന്നും ചെയ്യാതെ ഒന്നൊന്നര ലക്ഷം രൂപാ ശമ്പളം വാങ്ങി പിള്ളേരെ ഇളക്കി വിടുന്ന പണി ചെയ്യലാണെന്ന് മനസ്സിലായി’ തുടങ്ങുന്ന അധിക്ഷേപകരമായ വാക്കുകളിലൂടെയായിരുന്നു നേരിട്ടത്. ചര്‍ച്ച നയിച്ച സനീഷ് കൃത്യമായി ഇടപെടുകയും സച്ചിന്‍ നാരായണന്‍ ഞാന്‍ വിളിച്ചിട്ട്‌ വന്ന അതിഥിയാണ്, അദ്ദേഹത്തിനു കിട്ടുന്ന ശമ്പളം പഠിച്ച് കഴിവ് തെളിയിച്ച് ജോലി നേടി ഉണ്ടാക്കുന്നതാണ് എന്നും  അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ താങ്കള്‍ക്ക് അവകാശമില്ല എന്നും പറയുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ ഇത് പോലെ ചുരുക്കം ചില അവതാരകരെ ഒഴിച്ചു നിര്‍ത്തിയാല്‍ മിക്കവാറും ഇത്തരം ടിജി മോഹന്‍ദാസുമാരുടെ ഭാഷയ്ക്ക് മുന്നില്‍ മുട്ടുവിറച്ചു നില്‍ക്കുകയാണ് പതിവ്. മാത്രവുമല്ല സംഘപരിവാറുമായി നേരിട്ട്  ബന്ധമില്ലെന്ന് തോന്നിക്കുന്ന ഹിന്ദു സേന, ഹനുമാന്‍ സേന തുടങ്ങിയ സംഘടനകളെ അതി വിദഗ്ദമായി അദ്ദേഹം തള്ളിപ്പറയും. അവര്‍ക്കൊന്നും സംഘപരിവാറുമായി  ബന്ധമില്ലെന്നും അവരൊക്കെ ഊളന്മാര്‍ ആണെന്നൊക്കെ അദ്ദേഹം പറഞ്ഞു വെക്കും. പരോക്ഷമായി ബാലന്‍സിഗ് തിയറിയിലൂടെ അവരെ ന്യായീകരിക്കുകയും എന്നാല്‍ അതുയര്‍ത്തുന്ന ചോദ്യങ്ങള്‍ തനിക്ക് ബാധിക്കുന്നതല്ലെന്നുമുള്ള രീതിയില്‍ അവതാരകനില്‍ നിന്ന് ഒഴിഞ്ഞു മാറും. പ്രധാനമന്ത്രിക്കെതിരെ ഗൂഡാലോചനയണെന്നുള്ള രീതിയില്‍ ഇദ്ദേഹത്തിന്‍റെ ചില വാദങ്ങള്‍ കേട്ടാല്‍ തലയില്‍ കൈ വെച്ചു പോകും.

ദാദ്രി സംഭവം, ദളിത്‌ ഇഷ്യൂ, ജെഎന്‍യു സംഭവം, രോഹിത് വെമുല സംഭവം, കനയ്യ കുമാര്‍ ഇഷ്യൂ തുടങ്ങി  ഇത്തരത്തില്‍ പല വിഷയങ്ങളിലും സംഘപരിവാര്‍ മുഖമായി അവതരിക്കുകയും മ്ലേച്ചമായ ശരീര ഭാഷകൊണ്ട് എതിര്‍വാദം പറയുന്നവരെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. SNDP, മെത്രാന്‍ വിഷയ സമയത്തെ ചര്‍ച്ചകളില്‍ വച്ച് ഒരു ഫാദറിന് നേരെയും മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ഗവേഷണ വിദ്യാര്‍ഥി അരുന്ധതിക്ക് നേരെയുമൊക്കെ ഇദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ സൈബര്‍ ലോകം ഏറെ ചര്‍ച്ച ചെയ്തതാണ്. സ്ത്രീ സംവാദകരോട്  പാട്രിയാര്‍ക്കിയുടെ മൂര്‍ദ്ധന്യ ഭാവമാണ് ദൃശ്യമാക്കുക. സംഘപരിവാര്‍ ചാനലായ ജനം ടിവിയില്‍ ടിജി മോഹന്‍ദാസ്‌ അവതാരകനായെത്തുന്ന ’പൊളിച്ചെഴുത്ത്’ എന്ന ഒരു പടിപാടിയുണ്ട്. ആ പരിപാടി ഒറ്റ എപ്പിസോഡ് വീക്ഷിച്ചാല്‍ മനസ്സിലാകും ദൃശ്യ-ശ്രവ്യ വിവര സാങ്കേതിക മികവോടെ ചരിത്രത്തെ എങ്ങനെയൊക്കെ വളച്ചൊടിക്കാം എന്നും, പുത്തന്‍ അജണ്ടകള്‍ എങ്ങനെയൊക്കെ സെറ്റ് ചെയ്യാം എന്നും.

ടിജി മോഹന്‍ദാസ്‌ ഒരു ബിംബമാണ്. സവര്‍ണ്ണ ഹൈന്ദവ ദേശീയതയില്‍ മുന്നോട്ട് പോകുന്ന വിദ്വേഷത്തിന്‍റെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ആണധീശ്വത്തത്തിന്‍റെ മനു ഭാഷ്യത്തിലാണ്ട് ജീവിക്കുന്ന ഒരു പറ്റത്തിന്‍റെ ബിംബം. ഈ പറ്റത്തിന്‍റെ ആരാധനാമൂര്‍ത്തിയുമാണ് മോഹന്‍ദാസ്‌. സംശയമില്ല ഇനിയും ഫാന്‍സ് പേജുകള്‍ ഉയര്‍ന്നുകൊണ്ടേ ഇരിക്കും. ഫാസിസത്തിലേക്ക്  നടന്നു കൊണ്ടിരിക്കുന്ന വര്‍ത്തമാന ഇന്ത്യയിലെ രാജാക്കന്മാര്‍ക്ക് സംസ്ഥാനം തോറും ഗീബല്സുകള്‍ ഉണ്ടെന്നുള്ളത് വലിയൊരു ഗുണമാണ്. എന്തുകൊണ്ടും കേരള സംസ്ഥാനത്തെ സംഘപരിവാര്‍ ശക്തികള്‍ക്ക്  മറൊരു ഗീബല്‍സിനെ അന്വേഷിച്ച് നടക്കേണ്ട ആവശ്യമില്ല എന്നുള്ളതും മറ്റൊരു ആശ്വാസമായിരിക്കും.