സാമ്പത്തിക നയത്തില്‍ ഇടപെടാത്ത സാമ്പത്തിക ഉപദേഷ്ടാവ്

കേരള സര്‍ക്കാറിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പദവി അംഗീകാരമായി കാണുന്നുവെന്ന് സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ്

സാമ്പത്തിക നയത്തില്‍ ഇടപെടാത്ത സാമ്പത്തിക ഉപദേഷ്ടാവ്

തിരുവനന്തപുരം: കേരള സര്‍ക്കാറിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പദവി അംഗീകാരമായി കാണുന്നുവെന്ന് സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ്. 

സര്‍ക്കാറിന്റെ സാമ്പത്തിക നയരൂപീകരണത്തില്‍ ഇടപെടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലയെന്നും   അവശ്യ സാഹചര്യങ്ങളില്‍ അഭിപ്രായങ്ങള്‍ പറയുക മാത്രമാണ് തന്റെ ജോലിയെന്നും അവര്‍ വ്യക്തമാക്കി. ഈ അഭിപ്രായങ്ങള്‍ തള്ളാനും കൊള്ളാനുമുള്ള  സ്വാതന്ത്യം സര്‍ക്കാറിനുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഫലം കൂടാതെയാണ് തന്‍ ഈ പദവി വഹിക്കുന്നത് എന്നും താന്‍ കേരളത്തിലേക്ക് വരികയോ സര്‍ക്കാറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ ചെയ്യില്ലയെന്നും പറഞ്ഞ ഗീതഗോപിനാഥ് ഹാവാര്‍ഡ് സര്‍വകലാശാലയില്‍ തന്നെ തുടരുമെന്നും വ്യക്തമാക്കി.


നവഉദാരവൽക്കരണ നയങ്ങളുടെ വക്താവായ ഗീതാ ഗോപിനാഥിനെ ഉപദേഷ്ടാവാക്കിയതിന്റെ ഒൗചിത്യമാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഈ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. സാമ്പത്തിക വിദഗ്ധനായ ധനകാര്യമന്ത്രിയുള്ള സംസ്ഥാനത്തു പുറത്തുനിന്നൊരു ഉപദേഷ്ടാവ് എന്തിനെന്ന ചോദ്യവും സജീവമാണ്.

അതുപോലെ തന്നെ, ഇന്ത്യൻ സമ്പദ്ഘടനയെ തകർച്ചയിൽനിന്നു രക്ഷിച്ചത് നരേന്ദ്ര മോദിയാണെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങളിലാണു പ്രതീക്ഷയെന്നും വിവിധ അഭിമുഖങ്ങളിൽ ഗീതാ ഗോപിനാഥ് പറഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കൽ ബില്ലിനെതിരെ ഇടതുപക്ഷം ശക്തമായ പോരാട്ടം നടത്തിയപ്പോൾ ബിൽ പാസാക്കണം എന്ന നിലപാടിലായിരുന്നു അവർ.

എന്നാല്‍, അറിവും അനുഭവ പരിചയവും പ്രയോജനപ്പെടുത്തുന്നതു തെറ്റല്ലെന്നും, ഉള്‍ക്കൊള്ളാവുന്ന ഉപദേശം മാത്രമാണു സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിവാദങ്ങളെ കുറിച്ച് പ്രതികരിച്ചു. 

Read More >>