പ്രകൃതി ചികിത്സാ മാഫിയ!

പ്രകൃതിചികിത്സയുടെ അടിസ്ഥാന സിദ്ധാന്തങ്ങളുടെ വിവരണം ഒരു യക്ഷിക്കഥയുടെ തിരക്കഥയ്ക്ക് സമാനമാണ്. ശാസ്ത്രം ചവറ്റ് കുട്ടയിലിട്ട പകൽ സ്വപ്നങ്ങളുടെ അയ്യരുകളിയാണ് പ്രകൃതിചികിത്സയുടെ അടിസ്ഥാന തത്വങ്ങൾ. ജിതിൻ മോഹൻദാസ് എഴുതുന്നു.

പ്രകൃതി ചികിത്സാ മാഫിയ!

ജിതിൻ മോഹൻദാസ്

കാലാകാലങ്ങളായി ഭൂമുഖത്ത് പിറവി കൊണ്ട കപടചികിത്സകളിൽ ''എവർഗ്രീൻ'' ആയ തട്ടിപ്പ് വ്യവസായം ആണ് ''പ്രകൃതിചികിത്സ'' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നാച്ചുറോപ്പതി (Naturopathy). ഈ ചികിത്സാ രീതിയിൽ മനുഷ്യന്റെ ആരോഗ്യത്തെക്കുറിച്ചും രോഗനിദാനത്തെക്കുറിച്ചുമുള്ള അടിസ്ഥാന ദർശനങ്ങൾ ''പ്രകൃതിതത്വങ്ങളിൽ'' ഊന്നി ഉള്ളതാണെന്ന് അതിന്റെ വക്താക്കൾ അവകാശപ്പെടുന്നു. പ്രകൃതിയോട് സമരസപ്പെടുകയെന്ന കപട സമീപനം കൊണ്ടും ''സാത്വികമായ രീതികൾ''(!) കൊണ്ടും ഒക്കെ ഈ തട്ടിപ്പിന് പ്രുത്യേകമായ ഒരു അസ്ഥിത്വം ലഭിക്കുന്നുണ്ട്.


പ്രകൃതിചികിത്സയുടെ അടിസ്ഥാന സിദ്ധാന്തങ്ങളുടെ വിവരണം ഒരു യക്ഷിക്കഥയുടെ തിരക്കഥയ്ക്ക് സമാനമാണ്. ശാസ്ത്രം ചവറ്റ് കുട്ടയിലിട്ട പകൽ സ്വപ്നങ്ങളുടെ അയ്യരുകളിയാണ് പ്രകൃതിചികിത്സയുടെ അടിസ്ഥാന തത്വങ്ങൾ. പ്രപഞ്ചസൃഷ്ടി നടത്തിയിരിക്കുന്ന പഞ്ചഭൂതങ്ങൾ കൊണ്ടാണ് മനുഷ്യശരീരവും നിർമ്മിക്കപ്പെട്ടെതെന്നും, മനുഷ്യജീവന് നിദാനം പ്രാണശക്തി (Vital Force) ആണെന്നും ഈ കൂട്ടർ വിശ്വസിക്കുന്നു. രോഗാണു സിദ്ധാന്തം എതിർക്കുന്ന ഇവർ, പ്രകൃതി തത്വങ്ങളുടെ (!) ലംഘനം ആണ് രോഗങ്ങൾ വരുത്തുന്നത് എന്ന് പ്രചരിപ്പിക്കുന്നു. ഇനി രോഗമുക്തി നേടണമെങ്കിലോ, ശരീരത്തിലുള്ള ''മാലിന്യങ്ങൾ'' പുറംതള്ളണമത്രേ!

ചുരുക്കി പറഞ്ഞാൽ, നാച്ചുറോപ്പതി രോഗശമനത്തിനായി മൂന്നു കാര്യങ്ങളിൽ ആണ് ഊന്നൽ നൽകുന്നത് :

പ്രാണശക്തിയെ സംരക്ഷിച്ചു നിർത്തുക.
ശരീരത്തിലെ മാലിന്യങ്ങൾ അടിയുന്നത് കുറയ്ക്കുക.

ഉള്ള മാലിന്യങ്ങൾ ഫലപ്രദമായി പുറംതള്ളുക.

ഡാക്കിട്ടറുമാർ അഥവാ പാഷാണത്തിലെ കൃമികൾ

സമാന്തര ചികിത്സ രംഗത്തെ മുറിവൈദ്യന്മാരുടെ വേരോട്ടം ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലുടനീളം തകൃതിയായി പ്രകൃതിചികിത്സ നടത്തുന്ന എഴുപതിൽപ്പരം സ്വകാര്യ കേന്ദ്രങ്ങൾ ഉണ്ട്. ഇവക്കൊന്നിനും കേന്ദ്ര കൗൺസിലോ (CCRYN) സംസ്ഥാന സർക്കാരോ രോഗികളെ ചികിത്സിക്കാൻ അംഗീകാരം നൽകിയിട്ടില്ല. ഇവിടങ്ങളിൽ ഡോക്ടർമാർ എന്ന് സ്വയം വിശേഷിപ്പിച്ച് ചികിത്സ നടത്തുന്ന ഡിപ്ലോമാക്കാർ CCRYN നിർവചനപ്രകാരം വ്യാജന്മാർ ആണ്.
അതായത്, കപടവൈദ്യമായ നാച്ചുറോപ്പതിയിലെ വ്യാജന്മാർ!
വ്യാജ 'ഡാക്കിട്ടറു'മാർക്കിടയിൽ തലയെടുപ്പ് 'ND' പട്ടം നേടിയവർക്കാണ്. പത്താം ക്ലാസ്സ് അടിസ്ഥാന യോഗ്യതയിൽ ഒരു വർഷത്തെ പരിശീലനത്തിന്റെ ബലത്തിൽ ലഭിക്കുന്ന ഡിപ്ലോമയാണിത്. പത്താം ക്ലാസ്സുകാർക്ക് എളുപ്പത്തിൽ പ്രകൃതിചികിത്സകൻ ചമയാൻ നല്ലത് നാച്ചുറോപ്പതി ആൻഡ് യോഗ തെറാപ്പിയിൽ സർട്ടിഫിക്കറ്റ് (CNYT) നേടൽ ആണ്- വെറും ആറു മാസത്തെ സമയം മതി! പ്ലസ്ടു പൂർത്തിയാക്കാൻ മാത്രം ബുദ്ധി വൈഭവവും ഒരു വർഷം സമയവും ഉണ്ടെങ്കിൽ ഇതേ വിഷയത്തിൽ ഡിപ്ലോമ (DNYT) കിട്ടും. ഇനി ഇതുക്കും മേലെ വേണമെങ്കിൽ PGDNYT, DNYS, BYNS എന്നിവ യഥേഷ്ടം കിടപ്പുണ്ട്. എന്നാൽ ഇതൊന്നും ചികിത്സ നടത്താൻ വേണ്ട യോഗ്യത ഉള്ള ബിരുദങ്ങൾ അല്ലതാനും!

ചികിത്സ മാറി ചെയിൻ ബിസിനസ് ആയി പിടിമുറുക്കുമ്പോൾ

ഏതു പത്താം ക്ലാസ്സുകാരനും ''ഡോക്ടർ'' ആകാമെന്ന് വന്നതോടെ കേരളത്തിൽ പ്രകൃതിചികിത്സ ഒരു കുടിൽ വ്യവസായമായി മാറി എന്ന് പറയുന്നതാവും ശരി. കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ ആണ് ഈ പ്രവണത പടിപടിയായി ഉയർന്നു വന്നത്. ''പ്രകൃതി'' എന്ന പദത്തോട് സാധാരണക്കാർക്കുള്ള മമതയും ചികിത്സാ സമ്പ്രദായങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും നാച്ചുറോപതിക്കാർ ചൂഷണം ചെയ്യുമ്പോൾ, 'ആയുഷ്' ഡിപാർട്ട്‌മെന്റിന്റെ കീഴിൽ CCRYN നാച്ചുറോപ്പതിയുടെ ''ശാസ്ത്രീയത'' കണ്ടത്താൻ ഉള്ള ശ്രമങ്ങളും ആരംഭിച്ചതോടെ ഈ തട്ടിപ്പ് തഴച്ചു വളർന്നു വന്നു.

ആദ്യഘട്ടത്തിൽ തന്നെ പ്രകൃതിചികിത്സാ പ്രചാരണങ്ങൾക്ക് ആരംഭിച്ച കേന്ദ്രങ്ങളൊക്കെ തന്നെ രോഗികളെ ചികിത്സിക്കുന്ന 'ആശുപത്രികൾ'' ആയി രൂപാന്തരപ്പെട്ടു! ജേക്കബ് വടക്കുംചേരിയെ പോലെ ഉള്ള ''ഡാക്കിട്ടറു''മാർ അവസരം മുതലാക്കി പ്രകൃതിജീവനത്തിന്റെ വൻ ശൃംഖലകൾ തന്നെ സ്ഥാപിച്ചു. നാച്ചുറോപ്പതിയുടെ പ്രചാരണം, പരിശീലനം, ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെ ട്രസ്റ്റുകൾ രൂപീകരിക്കുക ആയിരുന്നു പിന്നത്തെ പ്രവണത. സൊസൈറ്റി ആക്റ്റ് പ്രകാരം സംഘടന രജിസ്റ്റർ ചെയ്യുകയും അതിന്റെ ബലത്തിൽ ചികിത്സക്കും ചികിത്സക പരിശീലനത്തിനും നിയമാംഗീകാരം ഉണ്ടെന്നു വരുത്തി തീർക്കുകയുമായിരുന്നു തന്ത്രം. ഈ രംഗത്ത് പ്രവർത്തിക്കുന്നവരൊക്കെ ചേർന്ന് അഖില കേരളാടിസ്ഥാനത്തിൽ ഒരു ഫെഡറേഷൻ രൂപീകരിക്കുകയും ചെയ്തു.

കുത്തക മുതലാളിത്തെ നിലംപരിശാക്കാൻ അവതാരപ്പിറവിയെടുത്ത ജേക്കബ് വടക്കുംചേരിയുടെ കള്ളക്കളികൾ ഇയ്യിടെ നാരദ ന്യൂസ് പുറത്ത് കൊണ്ടുവന്നിരുന്നു (
ചെയിൻ ബിസിനസിലൂടെ വടക്കഞ്ചേരി പടുത്തുയർത്തിയത് കോടികളുടെ സാമ്രാജ്യം
).

ആധുനിക വൈദ്യം ജനങ്ങളുടെ പോക്കറ്റ് കീറുന്നു എന്ന് ഇടയ്ക്കിടെ അലമുറയിടുന്ന പ്രകൃതിജീവനക്കാർ സംഘടിപ്പിക്കുന്ന ഒരു ആഴ്ചത്തെ യോഗ ക്യാമ്പിന്റെ ( 8 Days Nature Cure Self-Healing Yoga Retreat in Bali ) പ്രവേശന ഫീസ് ലക്ഷങ്ങൾ ആണ്!

പൊങ്കാലയും തിങ്കളാഴ്ച  വ്രതവും ഒക്കെ ഫലിക്കുമെങ്കിൽ നാച്ചുറോപ്പതിക്കും ''ഫലസിദ്ധി'' ഉണ്ടാകണം! ഇനി അത് ഫലിക്കുന്നതായി പലർക്കും അനുഭവപ്പെടുന്നത് എന്തുകൊണ്ട് എന്ന് ചോദ്യം പുനക്രമീകരിച്ചാൽ അതിനു വ്യക്തമായ മറുപടി ഉണ്ട് താനും ( വായിക്കുക:
എന്തുകൊണ്ട് ആണ് കപടചികിത്സ ഫലിക്കുന്നതായി അനുഭവപ്പെടുന്നത്?
)

ക്യാൻസർ ഉൾപ്പടെ ഏത് മാരക രോഗങ്ങളും സരളമായി മാറ്റാൻ കഴിയും എന്ന അവകാശവാദത്തോടെ ആളെക്കൂട്ടാൻ പ്രകൃതി ജീവനക്കാർ ആദ്യം മുതലേ വിവിധ ക്യാമ്പുകൾ നടത്തി പോന്നിരുന്നു. ചികിത്സാ ബിസിനസ് നടക്കണമെങ്കിൽ രോഗികൾ വേണമല്ലോ! പ്രഭാഷണങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും പ്രസിദ്ധിയാർജ്ജിച്ച ഈ കൈവിട്ട കളി കാര്യം ആകുന്നത് പ്രകൃതിജീവന മാഫിയയുടെ ഇരയായ ഒരു രോഗി പരാതി കൊടുത്തപ്പോഴാണ്. കാലിക്കറ്റ് യുണിവേഴ്‌സിറ്റിയിലെ ഒരു സൈക്കൊളജി പ്രോഫസ്സർ സ്വന്തം നിലയിൽ നടത്തി പോന്ന പ്രകൃതിചികിത്സാ കേന്ദ്രത്തിലേക്ക് ക്യാമ്പസ്സിലെ സ്തനാർബുദം ബാധിച്ച ഒരു വിദ്യാർത്ഥിനിയെ ക്യാൻവാസ് ചെയ്തു കൊണ്ടുവന്ന് ചികിത്സിക്കുകയായിരുന്നു (''അലോപ്പതി''യെ പേടിച്ച നിർമ്മല ആദ്യം പരീക്ഷിച്ചത് ഹോമിയോ ചികിത്സയെ ആയിരുന്നു). അഞ്ചു മാസം കഴിഞ്ഞപ്പോഴേക്കും നെഞ്ചിൽ നീര് വന്നതോടെ പ്രോഫെസ്സറെ സമീപിക്കുകയായിരുന്നു. പഴങ്ങൾ മാത്രം കഴിച്ചുള്ള ഉപവാസത്തിലൂടെ (ഫ്രൂട്ടെറിയൻ തെറാപ്പി) രോഗം മാറ്റാമോ എന്ന് പരീക്ഷിച്ച് അവർ ഗുരുതരാവസ്ഥയിലെത്തി. മരണവുമായി മല്ലടിക്കവേ പാലിയേറ്റീവ് കെയറിലേക്ക് തള്ളിയ രോഗിക്ക് ആധുനിക ചികിത്സ വഴി അല്പകാല ജീവിതം നീട്ടി കിട്ടുകയും, അവർ പ്രോഫസ്സറിനെ പ്രതിക്കൂട്ടിൽ കയറ്റുകയും ചെയ്തു. ഇതുപോലെ പ്രകൃതിജീവനം കവർന്ന ജീവിതങ്ങൾ അനേകമുണ്ട്.



പ്രകൃതിഭോജനം!

'പ്രകൃതിദത്ത'മെന്ന് നാച്ചുറോപ്പതി ആചാര്യന്മാർ സാക്ഷ്യപ്പെടുത്തുന്ന ഭക്ഷണ രീതിയുടെ കച്ചവടവൽക്കരണമാണ് ''പ്രകൃതിഭോജനം''. 'പ്രകൃതി ഭക്ഷണം' വിളമ്പുന്ന ഭോജനശാലകൾ പ്രമുഖ നഗരങ്ങളിൽ വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. പ്രകൃതിദത്ത'മെന്ന് കേട്ടാൽ ഉടനെ ആരോഗ്യകരമായത് എന്ന് തെറ്റിദ്ധരിക്കുന്ന പൊതുജനങ്ങൾക്കിടയിൽ ഈ ഭക്ഷണ തട്ടിപ്പിന് നല്ല പ്രചാരവും ലഭിച്ചിട്ടുണ്ട്.
പ്രകൃതിയോടുള്ള പ്രേമത്തേക്കാളുപരി 'ഷുഗറും' 'കൊളസ്‌ട്രോളും' കാരണം ഭക്ഷണം നിയന്ത്രിക്കേണ്ടി വന്ന ദയനീയാവസ്ഥയാണ് പലരെയും ഇതിലേക്ക് അടുപ്പിക്കുന്നത്. 'പ്രകൃതിഭോജനം' എന്ന പേരിൽ പ്രചരിപ്പിക്കുന്ന ഈ ഭക്ഷണ രീതി വാസ്തവത്തിൽ തീർത്തും ഗുണകരമല്ല. പച്ചക്കറികൾ (ചിലതൊഴികെ) പാകം ചെയ്യാതെ കഴിക്കുന്നത് മനുഷ്യന് ഒട്ടും ആരോഗ്യകരമല്ല. പലതും ദഹിപ്പിക്കാനുള്ള ശേഷി നമ്മുടെ ദഹനസംവിധാനത്തിന് ഇല്ല. സുപ്രധാനമായ പ്രകൃതി ഐറ്റങ്ങൾ ആയ ''ക്യാരറ്റും പാവക്കയും'' മിതമായ അളവിൽ കൂടുതൽ അകത്തു ചെന്നാൽ കിഡ്‌നി വരെ തകരാറിൽ ആയേക്കാം! പ്രകൃതി മാർഗ്ഗത്തിൽ നിഷിദ്ധമായ കാപ്പിയും ചായയും ഒഴിവാക്കി ഇവരുടെ ഉൽപ്പന്നം ആയ ''ജാപ്പി'' വാങ്ങി കുടിച്ചാൽ നിങ്ങൾ പ്രകൃതിയുടെ വഴിയിലാകുമത്രേ!

ജനങ്ങളുടെ പ്രകൃതിയാഭിമുഖ്യവിഭ്രമം (Naturalistic Fallacy) മുതലെടുത്ത് യുക്തിക്ക് നിരക്കാത്ത ഭക്ഷണ രീതികളും ക്രമങ്ങളും പ്രചരിപ്പിക്കുകയാണ് പ്രകൃതിജീവന ആചാര്യന്മാർ. ഇതിനൊപ്പം ആരോഗ്യ രംഗത്തെ അട്ടിമറിക്കും വിധം വാക്‌സിൻ വിരുദ്ധതയും മുറയ്ക്ക് പ്രചരിപ്പിക്കുന്നുണ്ട് ( വായിക്കുക:
വാക്‌സിൻ വിരുദ്ധ ഭീകരത
). ഇവരുടെ (കു)യുക്തി വെച്ച് നോക്കിയാൽ പ്രകൃതിയോടിണങ്ങി ഉപവാസം (പട്ടിണി) എടുത്ത് ജീവിക്കുന്ന ടാൻസാനിയിലെയും സോമാലിയയിലെയും ജനങ്ങൾ ആകണം ഏറ്റവും ആരോഗ്യവാന്മാർ! ഉപരിവർഗ്ഗത്തിൻറെ ഒരു തരം ''എല്ലിനിടയിലെ കുത്തൽ'' ആണ് ഈ പ്രകൃതിജീവനം. യോഗാഭ്യാസവും മണ്ണ് ചികിത്സയും ഒക്കെ നടത്തി ശിഷ്ടകാലം കഴിക്കുന്ന ഇക്കൂട്ടരുടെ അപശ്രുതിക്ക് താളം പിടിക്കുന്ന സാധാരണക്കാരുടെ ജീവിതം അധികം വൈകാതെ കട്ടപ്പുറത്ത് കയറും എന്നതിൽ സംശയം വേണ്ട !

Read More >>