താനൂരില്‍ പോലീസുകർക്ക് നേരെ ലീഗ് പ്രവർത്തകരുടെ ആക്രമണം; നാല് പോലീസുകാർക്ക് പരിക്ക്

ഇന്നലെ രാത്രിയോടെ താനൂര്‍ ചാത്തപ്പടിയിലാണ് അക്രമം ഉണ്ടായത്. രാത്രി പത്ത് മണിയോടെ സിപിഐഎം - ലീഗ് സംഘര്‍ഷം നടക്കുന്നു എന്നറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. മുന്നൂറോളം വരുന്ന ലീഗ് പ്രവർത്തകരാണ് അക്രമിച്ചതെന്ന് എസ് ഐ പറഞ്ഞു. കല്ലും ഇരുമ്പുവടിയും മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം

താനൂരില്‍ പോലീസുകർക്ക് നേരെ ലീഗ് പ്രവർത്തകരുടെ ആക്രമണം; നാല് പോലീസുകാർക്ക് പരിക്ക്

താനൂര്‍:  മലപ്പുറം താനൂരില്‍ പൊലീസുകാർക്ക് നേരെ മുസ്ലീം ലീഗ് പ്രവർത്തകർ നടത്തിയ അക്രമത്തിൽ എസ് ഐ അടക്കം നാലു പോലീസുകാര്‍ക്ക് പരിക്ക്. താനൂര്‍ എസ് ഐ സുമേഷ് സുധാകരന്‍, അഡീഷണല്‍ എസ് ഐ അഭിലാഷ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അഭിലാഷ്, ജിനേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണിന് പരിക്കേറ്റ അഭിലാഷ് ഉള്‍പ്പടെയുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. അഡീഷണല്‍ എസ് ഐ അഭിലാഷിന്റെ തലയ്ക്കാണ്  പരിക്കേറ്റത്. എസ് ഐ സുമേഷിന് കാലില്‍ മുട്ടിലും കൈയ്ക്കും പരിക്കുണ്ട്.


ഇന്നലെ രാത്രിയോടെ താനൂര്‍ ചാത്തപ്പടിയിലാണ് അക്രമം ഉണ്ടായത്. രാത്രി പത്ത് മണിയോടെ സിപിഐഎം - ലീഗ് സംഘര്‍ഷം നടക്കുന്നു എന്നറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്.   മുന്നൂറോളം വരുന്ന ലീഗ് പ്രവർത്തകരാണ്  അക്രമിച്ചതെന്ന് എസ് ഐ പറഞ്ഞു. കല്ലും ഇരുമ്പുവടിയും മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം.  പ്രാദേശിക ലീഗ് പ്രവർത്തകരെ  കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ്  ലീഗുകാര്‍ ആക്രമിച്ചത്. കസ്റ്റഡിയിൽ എടുത്തവരെ ലീഗ് പ്രവർത്തകർ പൊലീസിനെ ആക്രമിച്ച് ബലം പ്രയോഗിച്ച് മോചിപ്പിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം മാസങ്ങളായി ഈ മേഖലയില്‍ ലീഗ്- സിപിഐ(എം) സംഘര്‍ഷം നടന്നു വരികയാണ്. താനൂരില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാര്‍ത്ഥി  തോറ്റിരുന്നു. തുടർന്ന് ഒരു സംഘം ലീഗ് പ്രവർത്തകർ  സിപിഐഎമ്മില്‍ ചേർന്നിരുന്നു. അതിന് ശേഷമാണ് പ്രദേശത്ത് സംഘർഷം ആരംഭിച്ചത്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്ണ്യാലില്‍ രാഷട്രീയ അക്രമങ്ങള്‍ സ്ഥിരം സംഭവമാണ്.  സിപിഐ(എം) പ്രവര്‍ത്തകരുടെ ഓട്ടോയും ബൈക്കും ഒരു സംഘം ആളുകൾ  കഴിഞ്ഞ ദിവസം രാത്രി തകർത്തിരുന്നു. സിപിഐ(എം) പ്രവര്‍ത്തകനായ കുഞ്ഞാലകത്ത് ജാഫറിന്റെ ഓട്ടോ ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെ വീട്ട് മുറ്റത്ത് നിന്ന് കാണാതാവുകയും  പിന്നീട് തകര്‍ത്ത നിലയില്‍ സമീപത്തെ തോട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ റഫീക്കിന്റെ ബൈക്കും സമാനമായി രീതിയിൽ തകർത്തിരുന്നു. വെള്ളിയാഴ്ച്ച സിറാജ് എന്ന സിപിഐഎം പ്രവര്‍ത്തകനെ കാറിടിച്ച് കൊല്ലാന്‍ ലീഗ് പ്രവർത്തകർ  ശ്രമിച്ചതായി പരാതിയുണ്ടായിരുന്നു. പരിക്കേറ്റ സിറാജ് ഇപ്പോള്‍ ചികിത്സയിലാണ്. രാഷട്രീയ ക്വട്ടേഷന്‍ സംഘങ്ങളാണ് ഇതിനു പിന്നിലെന്നായിരുന്നു സിപിഐഎം ആരോപണം.

സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാന്പ് ചെയ്തിട്ടുണ്ട്.