സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതായി 52,000ൽ അധികം കുട്ടികൾ; കൂടുതലും മലപ്പുറം ജില്ലയില്‍

സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്ത 52000ൽ അധികം കുട്ടികളുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതായി 52,000ൽ അധികം കുട്ടികൾ; കൂടുതലും മലപ്പുറം ജില്ലയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്ത അമ്പത്തീരായിരത്തിൽ അധികം കുട്ടികളുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. കുത്തിവെപ്പ് എടുക്കാത്തതില്‍ കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയിലാണ്. 20,050 കുട്ടികളാണ് മലപ്പുറം ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരായുള്ളത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് ജില്ലയാണ്. 5237 പേരാണ് കോഴിക്കോട് ജില്ലയില്‍ കുത്തിവെപ്പ് എടുത്തിട്ടില്ലാത്തത്.


പാലക്കാട് ജില്ലയില്‍ 4455 പേരും,കണ്ണൂരില്‍ 3881 പേരും, തൃശൂരില്‍ 3180 പേരും എറണാകുളത്ത് 2974 പേരും, തിരുവനനന്തപുരത്ത് 2622 പേരുമാണ് കുത്തിവെപ്പ് എടുക്കാത്തതായിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് പേര്‍ കുത്തിവെപ്പ് എടുക്കാത്തതായിട്ടുള്ളത്.

അതേസമയം  സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഡിഫ്തീരിയ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഉന്നതതല പരിശോധനാ സംഘം രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. സ്ഥിതിഗതികൾ ഓരോ ദിവസവും വിലയിരുത്തി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണു പുതിയ സമിതിയെ നിയോഗിക്കുന്നത്. പ്രതിരോധ കുത്തിവയ്പുകളെ സാമൂഹിക മാധ്യമങ്ങളിലൂടെ എതിർക്കുന്നവർക്കു സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചു തന്നെ മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ  മറ്റു ചികിത്സാ ശാഖകളിലെ മരുന്നുകൾ ഔദ്യോഗികമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ ബോധവൽക്കരണം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More >>