വാർത്തയിലെ സദാചാരം

സാധാരണഗതിയിൽ വാർത്താചാനലുകൾക്ക് വേണ്ട ഘടകങ്ങളെല്ലാം മലപ്പുറം സംഭവത്തിലുമുണ്ടായിരുന്നു. പിന്നെ എന്തുകൊണ്ട് അധികപ്രാധാന്യമുള്ള വാർത്തയായി ഇത് ഇടംപിടിച്ചില്ല എന്നതാണ് പ്രശ്‌നം? ഇവിടെയാണ് മാധ്യമങ്ങളുടെ സദാചാരത്തെക്കുറിച്ചും വാര്‍ത്തയിലെ സദാചാരത്തെക്കുറിച്ചും ആലോചിക്കേണ്ടത്. എ എ റഹിം എഴുതുന്നു.

വാർത്തയിലെ സദാചാരം

എ.എ.റഹീം

മലപ്പുറത്തു നടന്ന സദാചാര കൊലപാതകം എന്തുകൊണ്ട് വലിയ വാർത്തയായി മാധ്യമങ്ങളിൽ ഇടംപിടിച്ചില്ല. വർഷങ്ങൾക്കു മുമ്പ് നടന്ന അരീൽ ഷുക്കൂർ കൊലപാതകവും ഒടുവിൽ നടന്ന തലശ്ശേരി സംഭവവുമെല്ലാം ഇപ്പോഴും മാധ്യമങ്ങളിൽ ചർച്ച ചെയ്തു തീർന്നിട്ടില്ല. തലശ്ശേരി സംഭവം ദളിത് വിരുദ്ധവും മനുഷ്യാവകാശ ധ്വംസനമാണെന്നും ന്യൂസ് റൂമുകൾ വിധിപറഞ്ഞ ദിവസങ്ങളിൽ തന്നെയാണ് മലപ്പുറത്ത് സമാനതകളില്ലാത്ത സദാചാര വേട്ട നടന്നത്. സാധാരണഗതിയിൽ വാർത്താചാനലുകൾക്ക് വേണ്ട ഘടകങ്ങളെല്ലാം മലപ്പുറം സംഭവത്തിലുമുണ്ടായിരുന്നു. പിന്നെ എന്തുകൊണ്ട് അധികപ്രാധാന്യമുള്ള വാർത്തയായി ഇത് ഇടംപിടിച്ചില്ല എന്നതാണ് പ്രശ്‌നം?


വാർത്തകൾ കടന്നുവരുന്ന അരിപ്പകളെകുറിച്ച് നോം ചോംസ്‌കി മുൻപ് രേഖപ്പെടുത്തിയിട്ടുണ്ട്. മാധ്യമ മുതലാളിയുടെ മൂലധനതാൽപര്യം മുതൽ കമ്യൂണിസ്റ്റ് വിരുദ്ധതവരെ അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. കമ്യൂണിസ്റ്റു വിരുദ്ധത വാർത്താമൂല്യത്തെ നിശ്ചയിക്കുന്നുണ്ട് എന്നത് കേരളത്തിന്റെ മാധ്യമ അനുഭവത്തിൽ പ്രകടമായ വസ്തുതയാണ്. മേൽസൂചിപ്പിച്ച മലപ്പുറം സംഭവത്തിൽ ലീഗുകാരാണ് പ്രതിസ്ഥാനത്ത്. ഇര കമ്യൂണിസ്റ്റു അനുഭാവിയും. സംഭവത്തിലെ കക്ഷികൾ വേറെയായിരുന്നുവെങ്കിലോ? ദൃശ്യമാധ്യമങ്ങളുടെ പ്രത്യേക വാർത്താ ബ്യൂറോകൾ തന്നെ സംഭവസ്ഥലത്തിനു സമീപം തുടങ്ങി 'മാധ്യമധർമ്മം' പരിപാലിച്ചേനെ. ഇടതടവില്ലാത്ത നിറംപിടിപ്പിച്ച വാർത്തകളും അന്വേഷണാത്മക കഥകളും തുടർന്ന് നിയമസഭയിൽ അടിയന്തിരപ്രമേയവും കേന്ദ്ര ഏജൻസികളുടെ സന്ദർശനവും പ്രസ്താവനയും തുടങ്ങി മാധ്യമപരിസരമാകെ സജീവമാകുമായിരുന്നു. തലശ്ശേരി കുട്ടിമാക്കൂൽ സംഭവത്തിൽ ദളിത് വിരുദ്ധ പ്രശ്‌നമേ ഉണ്ടായിരുന്നില്ല. പർവ്വതീകരിച്ച വാർത്തകളാണ് മാധ്യമങ്ങൾ വിളമ്പിയത്. പ്രധാന വാർത്താവിഭവമായി കുട്ടിമാക്കൂൽ മാറിയതിന്റെ പിന്നിൽ നേരത്തെ സൂചിപ്പിച്ച കമ്യൂണിസ്റ്റ് വിരുദ്ധത എന്ന ഘടകം മാത്രമാണ്.

അരീൽ ഷുക്കൂർ ഇപ്പോഴും ന്യൂസ് റൂമുകൾ വിട്ടുപോയിട്ടില്ല. 'പാർടി കോടതിയിലെ വിചാരണയായിരുന്നു' ഷുക്കൂർ വധത്തിലെ സെൻസേഷണൽ എലമെന്റ്. (അതുതന്നെ പച്ചകള്ളമായിരുന്നുവെന്ന് കുറ്റപത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നു.) എന്നാൽ അതിനെക്കാൾ ക്രൂരമായ സാഹചര്യവും മാധ്യമങ്ങൾക്ക് 'വിൽക്കുവാൻ' കഴിയുന്ന എലമെന്റും മലപ്പുറം സംഭവത്തിൽ സ്വാഭാവികമായിതന്നെയുണ്ട്. എന്നിട്ടും ഈ സദാചാര കൊലപാതകത്തിന് വാർത്താമൂല്യം കുറഞ്ഞതിന്റെ കാരണം അതിൽ കമ്യൂണിസ്റ്റ് വിരുദ്ധതയില്ല എന്നതുമാത്രമാണ്. ഇതിനകം തന്നെ സദാചാര കൊലപാതകം പ്രധാന വാർത്തകളിൽനിന്നും മാധ്യമ സ്ഥാപനങ്ങൾ പിൻവലിച്ചു കഴിഞ്ഞു.

മലപ്പുറം സംഭവത്തിലെ കുറ്റവാളികൾ നിയമനടപടികൾക്ക് വിധേയമാകട്ടെ. നാളെയൊരിക്കൽ അവർക്ക് നീതിപീഠം ശിക്ഷയും വിധിക്കട്ടെ. എന്നാൽ കുറ്റകരമായ ഈ മാധ്യമ നിശബ്ദതയെ ആരാണ് വിചാരണ ചെയ്യുക?.

മാധ്യമ മുതലാളിമാരുടെ മൂലധന - രാഷ്ട്രീയ താൽപര്യങ്ങൾക്കുമാത്രം വാർത്തകൾ നിർമ്മിക്കാൻ കഴിയാത്തവിധം സാമൂഹ്യമാധ്യമങ്ങൾക്ക് ഇന്ന് ആധിപത്യമുണ്ട്. പൊതുമാധ്യമങ്ങളുടെ നിലപാടുകൾ, സമീപനങ്ങൾ പുനർവായന നടത്തുകതന്നെ വേണം. കേരളം പോലെ പരിഷ്‌കൃതമായ ഒരു സമൂഹത്തെയാകെ നിക്ഷിപ്തതാൽപര്യങ്ങൾ മുൻനിർത്തി തെറ്റിദ്ധരിപ്പിക്കാനും വാർത്തകൾ തമസ്‌കരിക്കാനും ഒരു മാധ്യമസ്ഥാപനത്തിനും അവകാശമില്ല. പൊതുബോധനിർമ്മിതിയുടെ കുത്തക ഇന്ന് മുഖ്യധാരാ മാധ്യമങ്ങൾക്കു മാത്രമല്ല, പക്ഷെ മാധ്യമവിചാരണ നിർഭയം നാം ഏറ്റെടുക്കണം. വിമർശനങ്ങൾക്കതീതമായ വിശുദ്ധ പശുവല്ല മാധ്യമങ്ങൾ.