എസ്ബി കോളേജിലെ സദാചാര ക്ലാസ്സുകള്‍: ഒരു വിദ്യാര്‍ത്ഥി തുറന്ന് പറയുന്നു

എസ്ബി കോളേജിൽ മാനേജ്മെന്‍റ് നടത്തുന്ന സദാചാര ക്ലാസ്സുകളെക്കുറിച്ച് ഒരു വിദ്യാര്‍ത്ഥി തുറന്നെഴുതുന്നു. ക്യാമ്പസില്‍ പള്ളി സ്ഥാപിച്ച് കുട്ടികള്‍ക്ക് സദാചാര ക്ലാസ്സെടുക്കാനാണ് കോളേജ് മാനേജ്മെന്‍റ് ശ്രമിക്കുന്നതെന്ന് റോജിന്‍ ജോബി ആരോപിക്കുന്നു.

എസ്ബി കോളേജിലെ സദാചാര ക്ലാസ്സുകള്‍: ഒരു വിദ്യാര്‍ത്ഥി  തുറന്ന് പറയുന്നു

റോജിന്‍ ജോബി

ഇന്ത്യയിലെ ക്യാംപസുകൾ പലതരത്തിലുള്ള സ്വാതന്ത്ര്യശബ്ദങ്ങൾ ഉയർത്തുന്ന സമയത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിരോധശബ്ദങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്. ഫാറൂഖ് കോളേജിലെ പ്രതിഷേധങ്ങൾ ഇതിന് ഉദാഹരണമാണ്. മുമ്പ് എം ജി യൂണിവേഴ്സിറ്റിക്ക് കീഴിലായിരുന്ന, ഇപ്പോ സ്വയം ഭരണാവകാശം നേടിയ എസ് ബി കോളേജിനെ ചുറ്റിപ്പറ്റി ചില ഓൺലൈൻ ന്യൂസ് പോർട്ടലുകൾ റിപ്പോർട്ട് ചെയ്ത അവകാശ നിഷേധത്തിന്‍റെയും, സദാചാര പോലീസിങ്ങിന്‍റെയും വാർത്തകൾ മാനേജ്മെന്‍റിന്‍റെ പിന്തിരിപ്പൻ നയങ്ങളിൽ മതിലുകൾ തകർത്ത് പുറത്തുവന്ന ഒരെണ്ണം മാത്രമാണ്.


നമ്മുടെ നാട്ടിലെ മാനേജ്മെന്‍റ് കോളേജുകളിൽ, പ്രത്യേകിച്ച് സ്വയംഭരണത്തിന്‍റെ കാലത്ത് എന്തൊക്കെ നടത്തപ്പെടുന്നു എന്നതിനെക്കുറിച്ച് സമൂഹം കൂടുതൽ ജാഗ്രത കാട്ടണമെന്ന് ഇത്തരം സംഭവങ്ങൾ ഓർമിപ്പിക്കുന്നു. JNU, HCU, EFLU പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്നുവരുന്ന അവകാശനിഷേധങ്ങളോട് ഇവയും ചേർത്ത് വച്ച് വളരെ ഗൗരവതരമായ ചർച്ചകൾക്ക് തുടക്കമിടേണ്ടതുണ്ട്.

എസ്ബി കോളേജിൽ മാനേജ്മെന്‍റ് നടത്തുന്ന സദാചാര ക്ലാസ്സുകളെക്കുറിച്ചാണ് ഈ എഴുത്ത്. പലരും പലപ്പോഴായി ഫേസ്ബുക്ക് കുറിപ്പുകളിൽ വിമർശനങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും ഇത് ഒരിക്കലും മുഖ്യധാരാമാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. കോളേജിനുള്ളിൽ സ്റ്റൈലൻ ഒരു പള്ളി പണിഞ്ഞുവച്ചിട്ട് പിള്ളേരെ സദാചാരം പഠിപ്പിച്ചില്ലെങ്കിൽ എന്ത് നേട്ടം എന്നുള്ള മട്ടിലാണ് കാര്യങ്ങൾ. അദ്ധ്യാപകരുടെ ഒരു സദാചാര കമ്മറ്റി രൂപീകരിച്ച് പാഠപുസ്തകങ്ങൾ കെട്ടിചമച്ച് തിരക്കുപിടിച്ച ഷെഡ്യൂളിനിടയിൽ പിരിയഡുകൾക്ക് സമയമുണ്ടാക്കി 'കുഞ്ഞാടുകളെ' നല്ലവഴിതെളിക്കാനുള്ള, മാനേജ്മെന്‍റ് വ്യഗ്രത കാലഹരണപ്പെട്ട മൂല്യങ്ങളിലാണ് അടിത്തറയിട്ടിരിക്കുന്നത്.

എംപി ഫണ്ട് ഉപയോഗിച്ച് എസ്ബി കോളേജില്‍ ലിംഗ വിവേചനം; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ആദ്യത്തെ വർഷം ക്രിസ്ത്യാനികളെയും മറ്റുമതക്കാരെയും വേർതിരിച്ചു നടത്തുന്ന ക്ലാസ്സുകളും പിന്നീട് ഒരുമിച്ചിരുത്തിയുള്ള സദാചാര പ്രബോധനങ്ങളുമടങ്ങിയതാണ് അദ്ധ്യാപനരീതി. വർഷാവസാനം അറിവുസമ്പാദനത്തിന്‍റെ തോതളക്കാൻ പരീക്ഷ നടത്തി മികച്ചവർക്ക് പുരസ്കാരങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്. അങ്ങനെ ആത്മീയതയെ വലിയ മത്സരമാക്കി മാറ്റാനും സാധിച്ചിട്ടുണ്ട്. വിശ്വാസവും സദാചാരപാലനവും വലിയ മത്സരമുള്ള മേഖലയായതിനാൽ കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ അത്യാവശ്യമാണെന്ന് മാനേജുമെന്റുകൾ കരുതുന്നുണ്ടാവണം.

sb-college-1പള്ളികളും അമ്പലങ്ങളും ക്യാംപസുകളിൽ കെട്ടിപ്പൊക്കി മതാധിഷ്ഠിത മൂല്യങ്ങൾ ഒരു തലമുറയുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് തീർച്ചയായും തടയപ്പെടേണ്ടതുണ്ട്. ആഴമുള്ള ചിന്തകളിലേക്കും അറിവനുഭൂതികളിലേക്കും വിദ്യാർത്ഥികൾ പടർന്നുപോകേണ്ട കോളേജ് കാലത്ത് ശരി തെറ്റുകളുടെ ക്രിസ്ത്യൻ ബൈനറി പഠിപ്പിക്കലാണ് ഈ ക്ലാസ് റൂമുകളിൽ നടക്കുന്നത്. ഗവൺമെന്‍റുകളും, പൊതുസമൂഹവും എന്തിന് യാഥാസ്ഥിതികമെന്ന് ചീത്തപ്പേരുള്ള ക്രിസ്ത്യൻ സഭയുടെ തലവൻ (ഫ്രാൻസിസ് മാർപാപ്പ ) പോലും പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്ന വ്യത്യസ്ത ലൈംഗിക അഭിരുചിയുള്ളവരെ അംഗീകരിച്ച് തുടങ്ങിയിട്ടും എസ് ബി കോളേജിൽ ഇവ പ്രകൃതിവിരുദ്ധവും, ലൈംഗിക അരാജകത്വവുമാണ്.

എംപി ഫണ്ട് ഉപയോഗിച്ച് എസ്ബി കോളേജില്‍ ലിംഗ വിവേചനം; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

സ്വവർഗ്ഗപ്രണയത്തെക്കുറിച്ചും, ട്രാൻസ്ജെൻഡറുകളെപ്പറ്റിയും സമൂഹം സ്വയം പരിവർത്തനത്തിന് തയ്യാറാകുന്ന വേളയിൽ സദാചാര പാഠാവലികൾ സമൂഹത്തിലെ ഒരു വിഭാഗത്തിന് നേർക്ക് മതമൂല്യങ്ങൾ തുടരുന്ന അസഹിഷ്ണുതയുടെ  തെളിവാണ്. വ്യക്തിസ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും തടസം നിൽക്കുന്ന ഭരണകൂട സംവിധാനത്തോടൊപ്പം മാനേജ്മെന്‍റുകളുടെ തോന്നിയവാസങ്ങളുമാകുമ്പോൾ സ്വതന്ത്ര ലിബറൽ സ്വപ്നങ്ങളൊക്കെ വെറുതേയാവും. ഇത്തരത്തിലുള്ള പാഠ്യപദ്ധതികൾ/വിഷപ്രയോഗം തടയാൻ സാക്ഷരസമൂഹത്തിനാവുന്നില്ല എന്നതാണ് അപലപനീയം.

പ്രണയത്തെയും സൗഹൃദത്തെയും വളച്ചൊടിച്ച് വിദ്യാർത്ഥികളുടെ മനസ്സിൽ പാപഭാരം കുത്തി നിറയ്ക്കാനുള്ള 'ദൈവിക' അജണ്ട ഒരെതിർപ്പും കൂടാതെ നടപ്പിലാക്കപ്പെടുന്നു. പ്രണയത്തിനെ മതങ്ങൾ ഇന്നും ഭയപ്പെടുന്നുവെന്നതാണ് ഈ ക്ലാസ്മുറികൾ നമുക്ക് പറഞ്ഞുതരുന്നത്. പല ജാതിമത പിന്നാമ്പുറങ്ങളുള്ളവർ ഒരുമിച്ച് വരിക വഴി മതങ്ങൾ കെട്ടിയുണ്ടാക്കിയ അതിർവരമ്പുകൾ പൊളിഞ്ഞു വീഴുമെന്നതാണ് ഈ ഭയത്തിന് കാരണം. മതങ്ങളുടെ ചിട്ടവട്ടങ്ങളെയാണ് ഈ പാഠപുസ്തകങ്ങൾ പകർത്തുന്നതും.  വിമർശനങ്ങൾക്കിടമില്ലാത്ത സദാചാര ക്ലാസ്സിൽ കയറാത്തവരെ അറ്റൻഡൻസ് ഷോർട്ടേജിൽ കുരുക്കാൻ അധികൃതർ കൃത്യമായി വലകളൊരുക്കിയിരിക്കുന്നു, ക്ലാസ്സിൽ കയറാത്തവരെ തപ്പിയിറങ്ങുന്ന അധികാരികളും ക്യാംപസിലെ ഒഴിഞ്ഞിടങ്ങളിൽ ഇരിക്കുന്നവരെ ഓടിക്കാൻ പാഞ്ഞുവരുന്ന സെക്യൂരിറ്റിയും എസ് ബിയിലെ സ്ഥിരം കാഴ്ചയാണ്.

എംപി ഫണ്ട് ഉപയോഗിച്ച് എസ്ബി കോളേജില്‍ ലിംഗ വിവേചനം; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

മേൽപറഞ്ഞ കാര്യങ്ങളുടെ തുടർച്ചയായിവേണം ആണിനും പെണ്ണിനും വെവ്വേറെ കെട്ടിയ ഊണുമുറികളെ കാണാൻ. സ്വന്തം ശരീരത്തെക്കുറിച്ചും വിശ്വാസങ്ങളെപ്പറ്റിയും യുവാക്കൾ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കുന്ന കാലത്ത് അവരെ മതത്തിന്‍റെയും, കപടമായ ആത്മീയതയുടെയും പരിമിതവൃത്തത്തിലേക്ക്   ഒതുക്കാനാണ് ഈ ക്ലാസ്മുറികൾ ഉപയോഗപ്പെടുത്തുന്നത്.

sb-college--2ദൈവം, ലൈംഗികത, ശരീരം, പ്രണയം , ആൺ-പെൺ സൗഹൃദം തുടങ്ങിയവയെപ്പറ്റി ഏകപക്ഷീയവും സങ്കുചിതവുമായ പാഠങ്ങളാണ് പകർത്താൻ കിണഞ്ഞ് പരിശ്രമിക്കുന്നത്. ഈ പഠനക്ലാസുകൾക്ക് തുടർച്ചയെന്നോണം നിർബന്ധിത ധ്യാനങ്ങളും എസ് ബി കരിക്കുലത്തിന്‍റെ ഭാഗമാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യമാണ് പെൺവസ്ത്രങ്ങൾക്കുമേലുള്ള അപ്രഖ്യാപിത വിലക്കുകൾ. മാന്യമായി വസ്ത്രം ധരിക്കണം എന്ന് പറയുക വഴി ജീൻസും ലെഗ്ഗിൻസും മാന്യതയ്ക്ക് ചേന്നതല്ലെന്നും, ഷാൾ നിർബന്ധമാണെന്നും അടിവരയിടുകയാണ് അധികാരികൾ.

രസകരമെന്ന് പറയട്ടെ, ആൺകുട്ടികളെ കോളർലെസ്സ് ബെനിയൻ ഇടുന്നതിൽ നിന്ന് വിലക്കിയിരിക്കുന്ന കോളേജാണ് എസ് ബി. അതുപോലെ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കപ്പെട്ടിരിക്കുന്ന ക്യാംപസിലാണ് ജീസസ് യൂത്തെന്ന ക്രിസ്ത്യൻ മത സംഘടന സ്വതന്ത്ര്യമായി പ്രവർത്തിക്കുന്നത്. അങ്ങനെ, ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്ന സംഘടനയ്ക്ക് പ്രവർത്തനാനുമതി കൊടുക്കുമ്പോൾ മറ്റ് ജാതിമതരാഷ്ട്രീയ സംഘടനകൾക്കും ക്യാംപസിൽ പ്രവർത്തിക്കാൻ അനുമതി നൽകേണ്ടതല്ലേ? ജീസസ് യൂത്തിന് പ്രാർത്ഥനായോഗം കൂടാനും മീറ്റിങ്ങുകൾ നടത്താനും ഇടമുള്ള ക്യാംപസിൽ എന്തുകൊണ്ട് മറ്റ് സംഘടനകൾ വിലക്കപ്പെടുന്നുെ ?

എംപി ഫണ്ട് ഉപയോഗിച്ച് എസ്ബി കോളേജില്‍ ലിംഗ വിവേചനം; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

സമരങ്ങൾക്കോ പ്രതിഷേധങ്ങൾക്കോ യാതൊരു സാധ്യതയുമില്ലാത്ത ക്യാംപസിൽ വിദ്യാർത്ഥി  യൂണിയൻ കേവല പ്രഹസനമാണ്. മെരുക്കപ്പെടുന്ന, മാനിപ്പുലേറ്റ് ചെയ്യപ്പെടുന്ന യുവത്വം കപടസദാചാരത്തിന്‍റെയും, പൊതുസ്ഥലത്തെ തുറിച്ചുനോട്ടങ്ങളുടെയും വക്താക്കളാകുന്നിടത്ത് ഈ പാഠ്യപദ്ധതി  ഭീകരമായവിധത്തിൽ പ്രാവർത്തികമാകുന്നു. ഉത്തരാധുനികാനന്തരം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന സമൂഹത്തിൽ ഇങ്ങനെയൊരു പ്രതിലോമകരമായ നിലപാടുള്ള കലാലയം എന്താണ് പ്രദാനം ചെയ്യുന്നത്? ഇനിയെങ്കിലും പ്രബുദ്ധമായ പൊതുസമൂഹം ഈ ചോദ്യങ്ങളെ നേരിടുമെന്ന് പ്രതീക്ഷിക്കാം.