വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നത് ഗുരുതരമായ തെറ്റ്; കേരള ഹൈക്കോടതിയുടെ സദാചാര ക്ലാസുകള്‍

പ്രണയത്തിന്റെ പേരില്‍ അറ്റകൈ പ്രയോഗങ്ങൾക്കു മുതിരുന്നവർ അതിന്റെ ഫലവും അനുഭവിക്കേണ്ടി വരുമെന്ന് കേരള ഹൈക്കോടതി.

വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നത് ഗുരുതരമായ തെറ്റ്; കേരള ഹൈക്കോടതിയുടെ സദാചാര ക്ലാസുകള്‍

വിവാഹം കഴിക്കാതെ രണ്ടുപേര്‍ ഒന്നിച്ചു ജീവിക്കുന്നതിനെ സുപ്രീംകോടതി വരെ അംഗീകരിക്കുമ്പോഴും കേരളാ ഹൈക്കോടതിയുടെ സദാചാര ബോധത്തിന് ഇത് അംഗീകരിക്കാനാവുന്നതല്ല.  രണ്ട് വിദ്യാര്‍ത്ഥികള്‍ വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിച്ചതിനെ ഗുരുതരമായ പ്രശ്‌നമെന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്.

കൊല്ലം ചടയമംഗലം മാര്‍ തോമ കോളേജ് ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളാണ് വിവാഹം കഴിക്കാതെ  ഒന്നിച്ചുതാമസിച്ചതിന്റെ പേരില്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ടത്. ഇതിനെ തുടര്‍ന്ന്  തുടര്‍ പഠനത്തിന് അനുമതി ആവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോളേജ് മാനേജ്‌മെന്റിനെക്കാൾ വലിയ സദാചാരവാദികളായി കോടതി മാറിയത്.


സംഭവത്തിന്റെ തുടക്കം ഇങ്ങനെ: ഇരുപതു വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടിയും ആണ്‍കുട്ടിയും സഹപാഠികളാണ്. ഇരുവരും പ്രണയത്തിലുമായിരുന്നു. രക്ഷിതാക്കള്‍ നല്‍കിയ കാണാതായെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും തിരുവനന്തപുരത്തെ ലോഡ്ജില്‍ വച്ച് പോലീസ് പിടികൂടുകയും രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയുമായിരുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ നടപടി കോളേജിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും കോളേജിലെ മറ്റു കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും കാണിച്ച് വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് പുറത്താക്കിയതോടെ പെണ്‍കുട്ടി പഠനം തുടരുന്നതിനായി ഹൈക്കോടതിയെ സമപീച്ചു. കോളേജ് ഉള്‍ക്കൊള്ളുന്ന കേരള സര്‍വകലാശാല വിഷയത്തില്‍ മാനേജ്‌മെന്റിന്റെ നടപടിയില്‍ ഇടപെടാന്‍ തയ്യാറായതുമില്ല.

എന്നാല്‍ പഠനം തുടരുന്നതിനായി കോടതിയെ സമീപിച്ച പെണ്‍കുട്ടിക്ക് വീട്ടുകാരില്‍ നിന്നും കോളേജ് അധികൃതരില്‍ നിന്നും ലഭിച്ച സദാചാര ഉപദേശങ്ങളേക്കാള്‍ വലിയ സദാചാര ക്ലാസുകളാണ് കോടതിയില്‍ നിന്നും നേരിടേണ്ടി വന്നത്.

പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള പിന്തിരിപ്പന്‍ വാദങ്ങളാണ് കോടതി ഉത്തരവിലുള്ളത് എന്ന് മാത്രമല്ല, വിദ്യാര്‍ത്ഥികളെ പുറത്താക്കിയ മാനേജ്‌മെന്റ് നടപടിയെ ശരിവച്ച കോടതി പെണ്‍കുട്ടിയുടെ ഹര്‍ജി തള്ളുകയും ചെയ്തു.

രാജ്യത്തിനകത്തും പുറത്തും വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കുന്നത് സ്വീകാര്യമായിരിക്കേയാണ് കോടതിയുടെ സദാചാര ക്ലാസുകള്‍. പ്രണയത്തിന്റെ പേരില്‍ ഇത്തരം ഗുരുതരമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ അതിന്റെ ഫലവും അനുഭവിക്കാന്‍ തയ്യാറാകേണ്ടി വരുമെന്നാണ് കോടതി ഉത്തരവ്.

ഉത്തരവിലെ മറ്റൊരു ഭാഗം ഇങ്ങനെ, 'പ്രണയമായി ഇതിനെ കാണാന്‍ കഴിയില്ല. വിവാഹം കഴിക്കാതെ  രണ്ട് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച ഗുരുതരമായ വീഴ്ച്ചയാണിത്.'

സുപ്രീംകോടതി പോലും അനുകൂലമായി നിലപാടെടുത്ത വിഷയത്തിലാണ് ഹൈക്കോടതിയുടെ പിന്തിരിപ്പന്‍ നിലപാട്.

സംഭവത്തില്‍ മുഴുവന്‍ ഉത്തരവാദിത്തവും വിദ്യാർത്ഥികളുടെ ചുലിൽ വയ്ക്കുന്നതാണ് കോടതി ഉത്തരവ്. വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിന്ന് ടിസി വാങ്ങിക്കാന്‍ തയ്യാറാണെന്നു ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്കു മുന്നിൽ സ്വമേധയാ അറിയിച്ചതാണെന്നും ഇതിന് ശേഷമാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഉത്തരവില്‍ പറയുന്നു.

മാത്രമല്ല, വിദ്യാര്‍ത്ഥിനിക്കൊപ്പം പോയ ആണ്‍കുട്ടിക്ക് ഇരുപത് വയസ്സ് മാത്രമാണ് പ്രായമെന്നും ഇത് വിവാഹ പ്രായമല്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. പതിനെട്ടു വയസ്സ് കഴിഞ്ഞ പ്രായപൂര്‍ത്തിയായ രണ്ടുപേരാണ് ഒന്നിച്ചു താമസിച്ചതെന്ന കാര്യം പരിഗണിക്കാന്‍ കോടതി തയ്യാറായില്ല.

വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നത് കുറ്റകൃത്യമോ തെറ്റോ അല്ലെന്നും വിവാഹം കഴിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും
ഇന്ദ്ര ശര്‍മ വേഴ്സസ് വികെവി ശര്‍മ
 (2013) കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പ്രത്യക്ഷത്തില്‍ തന്നെ സുപ്രീംകോടതി വിധിക്കു ഘടകവിരുദ്ധമായ ഉത്തരവാണ് കേരളാ ഹൈക്കോടതി ഉത്തരവെന്ന് വ്യക്തമാണ്.

വിദ്യാര്‍ത്ഥികളുടെ നടപടി കോളേജിന്റെ അന്തസ്സിനെ ഹനിക്കുന്നതാണെന്ന മാനേജ്‌മെന്റു വാദം അംഗീകരിക്കുന്ന കോടതി പരസ്പരം പ്രണയിച്ച പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ വാദത്തെ പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു. വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന തരത്തിലാണ് ഉത്തരവില്‍ പറയുന്നത്.

Read More >>