അപരിചിത തീർത്ഥാടകർ

മൂകാംബിക യാത്രാവിവരണം- എയ്ഞ്ചൽ മാത്യൂസ് എഴുതുന്നു

അപരിചിത തീർത്ഥാടകർ

എയ്ഞ്ചൽ മാത്യൂസ്

മഴ മേഘങ്ങൾ മംഗലാപുരം റെയിൽവേ സ്റ്റേഷനു മുന്നിൽ തമ്പടിച്ചിരിക്കുന്നു, നവംബറിനെ മഴത്തണുപ്പറിയിക്കാൻ. പ്ലാറ്റ്‌ഫോമിൽ മത്സ്യഗന്ധ എക്‌സ്പ്രസ്സ്, ജനറൽ കമ്പാർട്ട്‌മെന്റ് നിറയെ മലയാളി കുടുംബങ്ങൾ. എല്ലാവരും ഒരേ സ്ഥലത്തേക്ക്, മൂകാംബികയികലേക്ക്.

കാർമേഘങ്ങളിലേക്ക് എൻജിൻ കറുത്ത പുക തുപ്പി. അവ ഭയത്തോടെ തെന്നിമാറി. കൊങ്കൺ റെയിലിന്റെ ശാലീനതയിലൂടെ ട്രെയിൻ കുതിച്ച് തുടങ്ങി. അടുത്തിരുന്നവരും പരിചയപ്പട്ടവരും എന്നെ അത്ഭുതത്തൊടെ നോക്കി. ഒറ്റയ്ക്ക് പോകുമ്പോൾ ബോറടിക്കില്ലേ എന്നും വല്ലതും സംഭവിച്ചാൽ എന്തു ചെയ്യുമെന്നുമൊക്കെ അവർ ആവലാതിപ്പെട്ടു. ഒറ്റയ്‌ക്കൊന്നു യാത്ര ചെയ്തു നോക്കണം, ആ സുഖം ഒരിക്കൽ അറിഞ്ഞാൽ അപകടമാണ്.


മൂകാംബിക റോഡ് എന്നു പേര് മാറ്റിയ ബൈന്ദൂർ സ്റ്റേഷനിൽ ഇറങ്ങി. സായംസന്ധ്യ നല്ല ചുവന്ന പട്ടുടുത്ത് തുളസിക്കതിരും ചൂടി സുന്ദരിയായി നിന്നു. പുറത്ത് വിശ്വാസികളെ കാത്ത് പലതരം ടാക്‌സികൾ. തിരക്കിലൂടെ പതിയെ പുറത്തേക്ക് നടന്ന് ബസ് സ്റ്റോപ്പിലെത്തി. അരമണിക്കൂറിനുള്ളിൽ ബസ്സ് വരുമെന്ന് ചായക്കടക്കാരൻ പറഞ്ഞു. വഴിയോരങ്ങളിലെ തട്ടുകടക്കാർ എന്നും എന്റെ പ്രിയപ്പെട്ട വഴികാട്ടികളായിരുന്നു. ഒരു സ്‌ട്രോങ് കട്ടൻ ചായ തരുന്ന സ്‌നേഹവും ബന്ധുബലവും.

ഒരു മണിക്കൂർ കൊണ്ട് ബസ്സ് മൂകാംബികയിലെത്തി. റൂമെടുത്ത് കുളിച്ച് ക്ഷേത്രത്തിലേക്ക് നടന്നു. തണുത്ത കാറ്റും പൌർണമി നിലാവും ക്ഷേത്രത്തെ വലം വെക്കുന്നു. ക്ഷേത്രത്തിനകത്ത് ചെറിയ കരിമരുന്നു പ്രയോഗവും വാദ്യമേളവും തുടങ്ങി. വരി പതിയെ നീങ്ങി. അകത്ത് കയറിയപ്പോൾ അതാ ശ്രീകോവിലിന് പുറത്ത് കൺമുന്നിൽ ദേവി. സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കാഴ്ച. പച്ച പട്ടുടുത്ത് അഡിഗ. പല്ലക്കിലും തേരിലും ശ്രീകോവിൽ പ്രദക്ഷിണം വെച്ച് ദേവി പുറത്തേക്, ഇതാണ് പൌർണമി നാളിലെ അത്താഴ ശീവേലി. ശ്രീകോവിലിന്റെ പുറത്ത് പെട്ടന്ന് തന്നെ ഒരു വരി രൂപം കൊണ്ടു. എല്ലാവരുടെയും കൈയ്യിൽ കുഞ്ഞു കുപ്പികൾ. രാത്രിയിലെ കഷായതീർത്ഥത്തിനുള്ള വരി. ഞാനും ഒരു കുപ്പി സംഘടിപ്പിച്ചു വരിയിൽ നിന്നു. ദേവി തിരിച്ചെത്തി കഷായമംഗളാരതിക്കു ശേഷം നടയടച്ചു. കഷായവുമായി പൂജാരിമാർ വന്നു. കൈയ്യിലും പിന്നെ കുപ്പിയിലും കഷായം വാങ്ങി. എരിവുള്ള കഷായം. ശങ്കരാചാര്യർക്ക് ദേവി ഉണ്ടാക്കി കൊടുത്ത ദിവ്യ ഔഷധം. ഇനി അന്നദാനം. ഭക്ഷണം കഴിച്ച് വേഗം പുറത്തിറങ്ങി. ചുറ്റും നിലാവിന്റ പ്രഭ. ഇരച്ചു കയറുന്ന തണുത്ത കാറ്റ്. കുറച്ച് നേരം ഹോട്ടലിൻറെ പുറത്ത് നിന്നു. കാറ്റിൽ അലിഞ്ഞു ചേർന്നു.

mookambika_1നാളെ നേരത്തെ എണീക്കണം. ആദ്യം ക്ഷേത്രത്തിൽ, പിന്നെ സൌപർണികയും കുടജാദ്രിയും.

എല്ലാ ക്ഷേത്രങ്ങൾക്കും ഒരു മണമുണ്ട്. അജഞാതമായ ധ്യാനത്തിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഒരു 'മണക്കൂട്ട്'. എരിയുന്ന എണ്ണയുടെയും ചന്ദനത്തിന്റെയും പൂക്കളുടെയും മണം. ചുറ്റിലും നിറയുന്ന പ്രാർത്ഥനകളുടെ മണം. മനസ്സിലും ശരീരത്തിലും ഊർജ്ജം നിറക്കുന്ന മണം. എതോ മതിലിൽ ചാരി കണ്ണടച്ചിരുന്നു. നാഡികളിൽ ഒരു ഊർജ്ജ പ്രവാഹത്തിൻറെ അലയൊലികളുയർന്നു. തൊഴുത് പുറത്തിറങ്ങി നടക്കുമ്പോൾ ഒരു കടത്തിണ്ണയിൽ സംസാരിച്ചിരിക്കുന്ന രണ്ട് സ്വാമിമാരെ കണ്ടു. അവർ കാണിച്ച് തന്ന വഴിയിലൂടെ സൌപർണ്ണികയിലേക്ക് നടന്നു. തണുപ്പിൽ കാല് നനച്ചു. തിരിച്ചു പോന്നു. സ്വാമിമാർ അവിടെ തന്നെ ഉണ്ട്. അവരോട് കുടജാദ്രിയിലേക്കുള്ള വഴി ചോദിച്ചു. മുന്നിൽ നിരയായി നിൽക്കുന്ന ജീപ്പുകളിലേക്ക് അവർ കൈ ചൂണ്ടി. എനിക്ക് നടക്കാനിഷ്ടമെന്ന് പറഞ്ഞപ്പോൾ അവർ പരസ്പരം നോക്കി. അവരും കുടജാദ്രിയിലേക്കാണ്. പകുതി ദൂരം ബസ്സിലും പിന്നെ നടന്നും.

'ഞാനും നിങ്ങളുടെ കൂടെ വരട്ടെ'?
'വന്നോളൂ പക്ഷേ മുകളിൽ ഭക്ഷണം കിട്ടില്ല'
'കുഴപ്പമില്ല,വല്ലതും വാങ്ങി കൈയ്യിൽ വെക്കാം.'
'നല്ല തണുപ്പുണ്ടാകും'
'സാരമില്ല'
'ഞങ്ങളെന്ന് മടങ്ങുമെന്ന് നിശ്ചയിച്ചിട്ടില്ല.'
'ഞാനും'
'ഉറങ്ങാൻ സ്ഥലമൊന്നും ഉണ്ടാവില്ല'
ഞാൻ മറുപടി പറഞ്ഞില്ല.

ബസ്സ് വരാൻ 40 മിനിട്ട് കൂടി ബാക്കിയുണ്ട്. വേഗം റൂം വെക്കേറ്റ് ചെയ്തു. ആവശ്യമില്ലാത്ത സാധനങ്ങൾ സൌപർണ്ണികയിലേക്കുള്ള തിരിവിൽ കണ്ട ക്ലോക്ക് റൂമിൽ ഏൽപ്പിച്ചു. കൺകണ്ട ദൈവമായ ATM നെ തൊഴുത് കാശു വാങ്ങി. രണ്ടുമൂന്ന് പാക്കറ്റ് ബിസ്‌കറ്റും മൂന്ന് നേന്ത്രപ്പഴവും. തൂക്കം തികയ്ക്കാനയാൾ നാലാമതൊന്നു കൂടി വെച്ചു. വേഗം അവരുടെ അടുത്തെത്തി. ബസ്സും ഒപ്പമെത്തി. അമ്മയെ വിളിക്കാൻ മറന്നിരുന്നു. ഫോണിൽ നോക്കിയപ്പോൾ റേഞ്ചില്ല.

mookambika_2കോൺക്രീറ്റ് ചെയ്ത റോഡിലൂടെ വളഞ്ഞും തിരിഞ്ഞും ബസ് പാഞ്ഞു. ഒരു മണിക്കൂറിനു ശേഷം ഒരു കാട്ടുപാത തുടങ്ങുന്നിടത്ത് ഞങ്ങളിറങ്ങി. തൊട്ടടുത്തു കണ്ട കല്ലിൽ സ്വാമി തിരി കത്തിച്ച് പ്രാർത്ഥിച്ചു. പിന്നെ ഞങ്ങൾ നടക്കാൻ തുടങ്ങി. ജീപ്പ് പോകുന്ന വഴിയാണ്. നടത്തത്തിനിടയിൽ ഞങ്ങൾ വിശദമായി പരിചയപ്പെട്ടു. കൂട്ടത്തിൽ ജൂനിയറായ ആളുടെ പേര് ചന്ദ്രൻ എന്നാണ്. 41 ദിവസം വ്രതമിരിക്കാൻ വന്നതാണ്, സന്യാസിയല്ല. മറ്റേ ആള് ഒറിജിനൽ സന്യാസി ആണ്. നല്ല 916 തങ്കം. അതുകൊണ്ട് പേര് ചോദിച്ചില്ല. നടത്തത്തിനിടയിൽ ചന്ദ്രൻ സ്വാമിക്ക് ഞാൻ മൊബൈൽ ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങൾ പകർന്നു. പുള്ളി അത് വേഗം പഠിച്ചു.

ഒന്നര മണിക്കൂർ കൊണ്ടു ഞങ്ങൾ കാടിനു നടുവിലെ പ്രശസ്തമായ ആ മലയാളി ഹോട്ടലിൽ എത്തി. പുട്ടും കടലയും വീശി. ശേഷം വിശ്രമം. ഞാനിരുന്ന മരത്തിൻറെ ചുവട്ടിൽ നല്ല പാകത്തിന് വെട്ടിയെടുത്ത ഒരു വടി ഉണ്ടായിരുന്നു. അത് കൈയ്യിൽ വെക്കാൻ സീനിയർ സ്വാമി ഉത്തരവിട്ടു. അത് അങ്ങനെ എന്റെ Trekking Pole ആയി മാമ്മോദീസ മുങ്ങി. റോഡ് ഇവിടെ തീരുന്നു. ഇനി നല്ല അസ്സൽ കാട്ടുവഴി. കുറച്ചു നടന്നപ്പോൾ ഒരാൾ എതിരെ വന്നു. അയാൾ തന്റെ വടി സ്വാമിക്ക് നേരെ നീട്ടി വടിവൊത്ത English ൽ 'Please keep this. It will be helpful' എന്നു പറഞ്ഞു. സ്വാമി സന്തോഷപൂർവ്വം അത് വാങ്ങി.

കാടിൻറെ സൌന്ദര്യമറിഞ്ഞ് നിശബ്ദരായി ഞങ്ങൾ നടന്നു. കയറ്റത്തിന്റെ കാഠിന്യം കൂടിയും കുറഞ്ഞും വന്നു. പുൽമെത്തകൾ, കുഞ്ഞരുവികൾ, കിളികളുടെ ശബ്ദം മൌനത്തിന്റെ ആനന്ദം പങ്കുവെച്ച് ഞങ്ങൾ നടന്നു. ഇടക്കൊരു സ്ഥലത്ത് മരകഷ്ണങ്ങൾ കൂട്ടികെട്ടിയ ബെഞ്ച്. അവിടെ അൽപ്പം വിശ്രമം. വെറുതെ മൊബൈലിൽ നോക്കിയപ്പോൾ റെയ്ഞ്ചുണ്ട്. അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. സമാധാനമായി. വീണ്ടും നടത്തം തുടങ്ങി.

ജീപ്പുകൾ നിർത്തുന്ന സ്ഥലത്താണ് ഞങ്ങൾ ചെന്നു കയറിയത്. അവിടന്ന് സർവ്വജ്ഞപീഠം വരെ നടന്നേ തീരൂ. ഇവിടെയും ഒരു ക്ഷേത്രമുണ്ട്. ക്ഷീണത്തോടെ കുന്നിറങ്ങി വരുന്നവരും ആവേശത്തോടെ കുന്നു കയറുന്നവരും. മുന്നിൽ കാണുന്ന കുന്നിന്റെ മുകളിലാണ് സർവ്വജ്ഞപീഠം. അഗസ്ത്യമൂല വഴിയാണ് ഞങ്ങൾ കയറിയത്. സാധാരണ യാത്രക്കാർ അതിലെ വരില്ല. ഇടക്ക് ഒരു പാമ്പ് ദർശനം തന്നു. നേരെ കയറിയത് ഗണപതി ഗുഹയുടെ മുന്നിൽ. അവിടെയും ഒരു പ്രതിഷ്ഠയുണ്ട്. പൂജാരിയും അദ്ദേഹത്തിന്റെ ചിഹ്നമായ പണപ്പെട്ടിയും. ആ ഗുഹയുടെ അറ്റം ഇതുവരെയും ആരും കണ്ടെത്തിയിട്ടില്ല. ഇടുങ്ങിയ സ്ഥലങ്ങളിൽ മറ്റെ 'ഫോബിയ' ഉള്ളത് കൊണ്ട് ഞാനാ ഭാഗത്തേക്ക് നോക്കിയില്ല. മോരു വെളളവും സർബത്തുമൊക്കെ വിൽക്കുന്നവർ അവിടെ ഉണ്ട്. അവരെയും കടന്ന് ഞങ്ങൾ നടന്നു.
അൽപ്പമൊന്ന് മുന്നോട്ടു നടന്നപ്പോൾ അറുപതിനോടടത്ത് പ്രായമുളള ഒരു അമ്മ. ദൈവങ്ങളുടെ ചിത്രം വെച്ചു വിൽക്കലാണ് ജോലി. രണ്ടു സ്വാമിമാർക്കും അവരെ അറിയാം. എന്നെയും പരിചയപ്പെടുത്തി. അവർ അവിടെ എത്തിയിട്ട് രണ്ടാഴ്ചയായി.

'കൊറെ ദിവസം എന്നെയാ പീഠത്തിന്റെ ഉളളില് കെടത്തി. കൊടും തണുപ്പത്ത്. സഹി കെട്ടപ്പൊ ഞാനവളെ കൊറെ ചീത്ത പറഞ്ഞു. അപ്പ അവളെനിക്ക് വേറൊരു സ്ഥലം കാണിച്ച് തന്നു. അവടെ നല്ല സുഖാ'.

അവർ പുറകിലെ കാട്ടിലേക്ക് കൈ ചൂണ്ടി. ഞങ്ങൾ അതിശയത്തോടെ അങ്ങോട്ട് നടന്നു. നീണ്ടു വന്ന മുള്ളുകളെ വകഞ്ഞുമാറ്റി ഒരു വിധം ഞങ്ങളവിടെയെത്തി. ഒരു ഗുഹ, കവാടത്തിന് എന്റെ അരയോളം ഉയരമേ കാണു. നന്നായി കുനിഞ്ഞ് വേണം ഉള്ളിലേക്ക് കയറാൻ. ചെരിഞ്ഞിറങ്ങുന്ന മേലാപ്പ്. ഉള്ളിലെ മാറാലയും അഴുക്കുമെല്ലാം കത്തിച്ച് വൃത്തിയാക്കിയിട്ടുണ്ട്. നല്ല വിസ്താരമുള്ള ഉൾഭാഗം. കലങ്ങൾ, പഞ്ചസാര, ചായപ്പൊടി, അരി, അച്ചാർ, ഒരു മൂലയിൽ മൂന്ന് കല്ല് കൂട്ടി അടുപ്പ്. അത്യാവശ്യം വേണ്ട വിറക്, പായ, ഒരു സ്വെറ്റർ, പിന്നെ കുപ്പികളിൽ വെളളവും. ഒരു ബാഗും. നിലത്ത് പ്ലാസ്‌ററിക് ചാക്കുകൾ വിരിച്ചിരിക്കുന്നു. അതിന് മുകളിൽ ഒരു പായ മടക്കി വെച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും ഭംഗിയുള്ള വീട് ഇതായിരിക്കണം. ഞാൻ ചുറ്റിലും നോക്കി, നിറയെ മുൾചെടികളാണ്. പതിയെ പിടിച്ച് മുകളിൽ കയറി. താഴെ അഗാധമായ കൊക്ക. ഒന്നു കാല് തെന്നുന്നതിനപ്പുറം ഒരു ആർത്തനാദം മാത്രമാവും. സുന്ദരിയായ ഭൂമി. അറ്റം കാണാനാകാത്ത പച്ചപുടവ. മുന്താണിയിലെ കസവുതുന്നലായി ഏതോ പുഴ. തെളിഞ്ഞ വെയിൽ മലകളിൽ മേഘങ്ങളുടെ നിഴൽ വീഴ്ത്തി. ഇരുണ്ടതും തെളിഞ്ഞതുമായ മലനിരകൾ. ഞങ്ങൾ തിരിച്ചു നടന്നു. അമ്മ ചായ കുടിക്കാൻ ക്ഷണിച്ചു. തിരിച്ചു വരാമെന്ന് പറഞ്ഞു ബാഗ് അവരെ ഏൽപ്പിച്ച് ഞങ്ങൾ നടന്നു. ആരോക്കെയോ സീനിയർ സ്വാമിയോടൊപ്പം നിന്ന് പടമെടുത്തു. യാതൊരു സന്ദേഹവുമില്ലാതെ സ്വാമി പോസ് ചെയ്തു.

mookambika_5സർവ്വജ്ഞപീഠം, ഒരു ചെറിയ കരിങ്കൽമണ്ഡപം. വർഷങ്ങളായുള്ള ആഗ്രഹമാണ് ഇവിടെ പൂർത്തിയായത്. ഉള്ളിൽ ശങ്കരന്റെ പ്രതിമയും പൂജാരിയും, പതിവുപോലെ അദ്ദേഹത്തിന്റെ പണപ്പെട്ടിയും. മഴമേഘങ്ങൾ ദുരെ ഇരുട്ട് പരത്തി തുടങ്ങി. ഭൂമി നാണത്തോടെ അണിഞ്ഞൊരുങ്ങി നിന്നു. പുൽക്കൊടികൾ അവളെ കളിയാക്കി. ഇടിമുഴക്കങ്ങളോടൊപ്പം ഞങ്ങൾ ചിത്രമൂലയിലേക്ക് നടന്നു. ഇറക്കമാണ്. കാലിൻറെ മസിലുകൾ പിണങ്ങാൻ തുടങ്ങി.

ഒരു വലിയ പാറയുടെ പൊക്കിൾ പോലെ ചിത്രമൂല ഗുഹ. അരികിൽ ഒരു ജലധാരയും. ശിവലിംഗ പ്രതിഷ്ഠയും നന്ദിയും. താഴേക്ക് കെട്ടിതൂക്കിയിട്ട കയറിൽ പിടിച്ച് ഗുഹയിലേക്ക് കയറി. പാറയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ നേരെ പോയി നിന്നു. ചന്ദ്രൻ സ്വാമിയും വന്നു. തണുപ്പിൽ പല്ലു കൂട്ടിയിടിച്ചു. നല്ല വിശപ്പ്, തൊട്ടടുത്ത് കണ്ട ഒരു പ്ലാസ്‌ററിക് കവർ തുറന്ന് നോക്കി. മൂന്ന് പേരക്ക. ആരോ മറന്നു വെച്ചതാവണം. പേരയ്ക്കയുടെ മധുരം നുണഞ്ഞു തീരും മുൻപേ ദൂരെ നിന്ന് മഴയുടെ ആരവമെത്തി.

കാറ്റ് മരങ്ങളെ ഊഞ്ഞാലാട്ടി. സമ്മതം കാത്ത് നിന്ന കാർമേഘകീറുകൾ ആർത്തിയോടെ പൊട്ടിയടർന്നു വീണു. ഇലകൾ ജലസ്പർശമേറ്റ് കുനിഞ്ഞു. ചൊടികളിൽ നാണം പൂത്തു. മഴ ഭൂമിയെ വാരിപ്പുണർന്നു. ദന്തകഷ്തമേറ്റ മഴയുടെ ചുണ്ടുകൾ ഭൂമിയുടെ പിൻകഴുത്തിൽ പ്രതികാരം ചെയ്തു. ഉരയുന്ന ഉടലുകൾ അരണി കടഞ്ഞു. അഗ്‌നിയായി മിന്നലുകളുയർന്നു. മിഴികൾ തുറന്നടഞ്ഞു. സീൽക്കാരങ്ങൾ ദിക്കുകളേറ്റു വാങ്ങി. വിയർപ്പ് മരങ്ങളുടെ മണമായി. സുരതാവേശത്തിൽ മണ്ണും മഴയും സ്വയം മറന്നു. മഴ താളമായി മണ്ണ് ഗാനമായി. മലയിടുക്കുകളിലൂടെ ഒലിച്ചിറങ്ങിയ ബീജങ്ങളെ ഭൂമിയുടെ മാളങ്ങളേറ്റു വാങ്ങി. കിതപ്പുകൾ മന്ദസ്മിതങ്ങളായി. പണ്ടെന്നോ നിർത്താതെ പെയ്ത മഴയിൽ ഈ മണ്ണ് ഏറ്റുവാങ്ങിയ ജീവകണമാണ് ഞാൻ. നീയും അതു തന്നെ. ഈ 'ബൃഹദ്-ആരണക്യ'ത്തിൽ ഈ പ്രപഞ്ചവൃഷ്ടിയിൽ സ്വയമറിയുന്ന സത്യം.

നമ്മൾ ഒന്നാണ്. ഒരേ ചൈതന്യം ഒരേ പ്രകാശം. ഒരേ ജ്ഞാനം. ഒരേ പ്രണയത്തിന്റെ ഉണങ്ങാത്ത മുറിവ്.

mookambika_3മഴ ശമിച്ചു. കാറ്റ് യാത്ര പോലും പറയാതെ എങ്ങോട്ടോ പോയി. ഭൂമി തളർന്നു കിടന്നു. മരങ്ങൾ പെയ്തിറങ്ങി. ഇറ്റു വീഴുന്നതിന് മുൻപേ ഒരോ തുള്ളി ജലവും ഭൂമിയെ പ്രതിഫലിപ്പിച്ചു. ജലകണങ്ങളുടെ ലാളനത്തിൽ അവളുറങ്ങി.

രണ്ടു സ്വാമിമാരും ധ്യാനത്തിൽ നിന്നുണർന്നു. ഞങ്ങൾ തിരിച്ചു നടന്നു. ദൂരെ ഏഴു നിറങ്ങളുടെ ഇൻസ്റ്റലേഷൻ. ഞങ്ങളതിനെ മഴവില്ലെന്ന് പേര് വിളിച്ചു. അത് പിണങ്ങിപോയി. എന്തോ മറന്നു പോയിരിക്കുന്നു. അതേ എന്റെ Trekking Pole മറന്നിരിക്കുന്നു. തിരിച്ചു നടക്കാൻ തുനിഞ്ഞപ്പോൾ സ്വാമി തടഞ്ഞു.

'നിനക്കതിന്റെ ആവശ്യം കഴിഞ്ഞു'.

സർവ്വജ്ഞപീഠത്തിന് പുറകിൽ സൂര്യൻ തെളിഞ്ഞു. പുൽക്കൊടികൾ അഹങ്കാരത്തോടെ തലയുയർത്തി. ഞങ്ങൾ അമ്മയുടെ അടുത്തേക്ക് നടന്നു. അടുപ്പിൽ നിന്ന് പുക ഉയരുന്നു. തിളച്ച വെള്ളത്തിലേക്ക് അമ്മ ചായപ്പൊടി ഇട്ടു. നിറമായും മണമായും സ്‌നേഹമായും ഓരൊ കുഞ്ഞു കണവും കർമ്മകാണ്ഡം പൂർത്തിയാക്കി. ഞാൻ ബാഗ് തുറന്നു. കൈയ്യിൽ കരുതിയിരുന്ന ഭക്ഷണം ഞങ്ങൾ പങ്കുവെച്ചു. 'തൂക്കം തികയ്കാനായി വന്നതല്ല ഞാൻ' എന്ന ഭാവത്തോടെ നലാമത്തെ നേന്ത്രപ്പഴം എന്നെ നോക്കി. ഞാൻ ഗ്ലാസ്സിലെ ചൂടുചായയിലേക്ക് ഊതി. വിശപ്പു മാറി നേരെ ഗുഹയുടെ മുകളിൽ കയറി ഇരുന്നു. അടുപ്പ് വീണ്ടും പുകഞ്ഞു. രാത്രിയിലേക്കുള്ള കഞ്ഞിയാണ്. സ്വാമിമാർ വെള്ളമെടുക്കാൻ പോയി. അമ്മ യാത്രകളുടെ കഥ പറഞ്ഞു. കൊതിയോടെ ഞാനത് കേട്ടിരുന്നു. ദൈവങ്ങൾ ചിലപ്പോൾ അവരുടെ മക്കളായി. ചിലപ്പോൾ അവരുടെ അമ്മയായി. സുഹൃത്തായി. പക്ഷെ ഒരിക്കലും ഒന്നിനെയും അവർ കുറ്റം പറഞ്ഞില്ല, പരാതിപ്പെട്ടില്ല. ഇന്ന് ഈ ഘോരവനത്തിലെ ഗുഹയിൽ നാളെ മറ്റെവിടെയോ. തുടക്കവും ഒടുക്കവുമില്ലാത്ത ഒരു ഗാനം ഉറക്കം സർവ്വജ്ഞപീഠത്തിന്റെ ഉള്ളിലാകാമെന്ന് ഞങ്ങൾ തീരുമാനിച്ചു. അധികം ഇരുട്ടുന്നതിന് മുൻപെ അങ്ങോട്ട് നടന്നു. പുറകിൽ നാമജപമുയർന്നു. നല്ല കാറ്റുണ്ട്. പൂജാരി പണി തീർത്ത് പോയിരുന്നു. തെലുങ്ക് സംസാരിക്കുന്ന നാലു പേർ ഞങ്ങളെക്കടന്ന് പോയി. രാത്രി അങ്ങോട്ട് നടക്കുന്ന ഞങ്ങളെ പറ്റിയാണ് അവരുടെ സംസാരം എന്ന് മനസ്സിലായി. സൂര്യൻ അസ്തമിച്ചിരുന്നു. നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചന്ദ്രൻ സ്വാമി സഞ്ചിയിൽ നിന്ന് മൺചെരാതും എണ്ണയും എടുത്തു. കാറ്റിൽ തിരി കത്തിക്കാൻ ഞങ്ങൾ കഷ്ടപ്പട്ടു. നിലാവ് കിഴക്ക് തല കാണിച്ചു. രണ്ട് പേരും കണ്ണുകളടച്ച് പ്രാർത്ഥനാനിരതരായി. കാറ്റും തണുപ്പും ഇരച്ചു കയറി. ഞാൻ കയ്യിൽ കരുതിയ രണ്ട് ഷർട്ടും എടുത്തിട്ടു. മങ്കി ക്യാപ്പ് കൊണ്ട് ചെവിയടച്ചു.

മൊബൈൽ ടോർച്ച് ഓണാക്കി ഞാൻ പീഠത്തിന്റെ ഉളളിൽ കയറി. കണ്ണ് നിറഞ്ഞു പോയി. പുറത്തു നിന്ന് നമ്മൾ കാഴ്ച കാണുന്ന ഭാഗമൊഴികെ എല്ലാം വൃത്തികേടാണ്. പ്ലാസ്‌ററിക്ക് കവറുകളും ഉപയോഗശൂന്യമായ ഒരു അലുമിനിയം പാത്രവും. അതിൽ എന്തിനോ വെള്ളം നിറച്ച് വെച്ചിരിക്കുന്നു. ചീഞ്ഞ പൂക്കൾ മൂലയിൽ കൂട്ടിയിട്ടിരിക്കുന്നു. മറ്റേ മൂലയിൽ ഒരു ചാക്ക് കെട്ടി വെച്ചിരിക്കുന്നു. തൊട്ടടുത്ത് ചൂലും. മുകളിൽ നീല ടാർപോളിൻ ഷീറ്റ് വലിച്ച് കെട്ടിയിട്ടുണ്ട്. വെളിച്ചമടിച്ചപ്പോൾ ഷീറ്റിനകത്ത് ആളനക്കം. എലികളാവണം. അമ്മ തന്ന ചാക്കും കാർഡ് ബോർഡും നിലത്ത് വിരിച്ച് ശങ്കരന്റെ ചുറ്റിലും ആയി മൂന്ന് പേർക്ക് കിടക്കാനുള്ള സ്ഥലം റെഡിയാക്കി ഞാൻ പുറത്തിറങ്ങി.

നിലാവ് സർവ്വജ്ഞപീഠത്തെ സ്വർഗ്ഗീയമാക്കി. കുറച്ച് താഴേക്ക് മാറി നിന്ന് ഒന്നു കൂടി നോക്കി. ധ്യാനനിരതരായ രണ്ട് മനുഷ്യരുടെ നടുവിൽ ആദിശങ്കരൻ. കാറ്റ് എന്നെ എടുത്ത് കൊണ്ട് പോകുമെന്ന് തോന്നി. സീനിയർ സ്വാമി പ്രാർത്ഥന കഴിഞ്ഞു എന്റടുത്തേക്ക് വന്നു. ഞങ്ങളിതുവരെ കാര്യമായൊന്നും സംസാരിച്ചിരുന്നില്ല. സ്വാമി എന്നോട് താഴേക്ക് നോക്കാൻ പറഞ്ഞു. മനുഷ്യർ തെളിച്ച വിളക്കുകൾ. പിന്നെ ആകാശത്തേക്ക് കൈ ചൂണ്ടി. നക്ഷത്രകൂട്ടങ്ങൾ. രണ്ടും ഏതാണ്ടൊരേ കാഴ്ച. ഞങ്ങളൊരു പാറപ്പുറത്ത് ഇരുന്നു. തണുപ്പ് അസ്ഥികളിൽ പടർന്നു കയറി. ഷർട്ടിടാതെ മഞ്ഞ നിറമുള്ള ഒരു ഷാൾ മാത്രം പുതച്ചിരിക്കുന്ന ഈ മനുഷ്യന് ഇതൊന്നും ബാധകമാവുന്നില്ലേ ആവോ...?

കുറച്ച് കഴിഞ്ഞപ്പോൾ ദൂരെനിന്നു അമിട്ടുകൾ പൊട്ടി വിരിയുന്നത് കണ്ടു. കുഞ്ഞു തീഗോളങ്ങളുയർന്നു. എവിടെയോ ഉത്സവമോ ആഘോഷമോ ആയിരിക്കകണം. കഴുത്ത് കഴക്കും വരെ മുകളിലേക്കു നോക്കി നിന്ന് എത്രയോ പൂരങ്ങളുടെ വെടിക്കെട്ടുകൾ കണ്ടിരിക്കുന്നു. മുകളിൽ നിന്ന് നോക്കിയാൽ കാഴ്ചകൾക്കെല്ലാം പുതിയ ഭംഗിയാണ്.

ഞങ്ങൾ ഉറങ്ങാൻ കിടന്നു. തൊട്ടരികിൽ 'മഹാജ്ഞാനത്തിന്റെ കൈലാസം' കയറിയ ആദിശങ്കരൻ. നടത്തത്തിൻറെ ക്ഷീണം കണ്ണുകളേറ്റു വാങ്ങി.

കാർഡ് ബോഡിനെയും ചാക്കിനെയും തോൽപ്പിച്ച് തണുപ്പ് ഇരച്ച് കയറി. എഴുന്നേറ്റിരുന്ന് ഫോൺ തപ്പിയെടുത്തു. സമയം മൂന്ന് മണി. സ്വാമിമാർ രണ്ടാളും നല്ല ഉറക്കമാണ്. പുറത്ത് കാറ്റിന്റെ വികൃതികൾ. ഘോരശബ്ദങ്ങളുതിർത്ത് അത് ഭയപ്പെടുത്തി. തലയിൽ മാത്രം ഇലയണിഞ്ഞ് ഒറ്റക്ക് വഴിയിൽ നിന്നിരുന്ന മരം, ഷാൾ പുതച്ച് കയറ്റം കയറി വരുന്ന മനുഷ്യനെപ്പോലെ തോന്നി. മേഘങ്ങൾ ആകാശത്ത് ചിത്രങ്ങൾ വരച്ചു. നിമിഷങ്ങൾക്കുള്ളിൽ ഓരൊ ചിത്രവും മാറി പുതിയത് തെളിഞ്ഞു. എന്തൊക്കെയോ പീഠത്തിലിടിച്ച് തകരുന്നു. വൈകീട്ട് കണ്ടത് പ്രണയത്തിന്റെ തീവ്രഭാവങ്ങൾ. പുലർച്ചെ സർവ്വം സംഹരിക്കാനുള്ള ശക്തിയോടെ കാറ്റിന്റെ താണ്ഡവം.

mookambika_6എന്തൊക്കെയാണ് രണ്ട് ദിവസം കൊണ്ടു സംഭവിച്ചത്! തികച്ചും അപരിചിതരായ മൂന്ന് പേർ, താങ്ങായും തണലായും ഊന്നുവടിയായും. ഞങ്ങൾക്ക് മതമില്ലായിരുന്നു, ജാതിയില്ലായിരുന്നു. ആചാരങ്ങളില്ലായിരുന്നു. ഞങ്ങളാരെയും ഭയന്നില്ല. ആരും ഞങ്ങളെ തടഞ്ഞില്ല. സ്‌നേഹവും ബഹുമാനവും ഭക്ഷണവും ഞങ്ങൾ പങ്കുവെച്ചു. തണുപ്പിനെയും വേദനയെയും ഞങ്ങളൊന്നിച്ച് തോൽപ്പിച്ചു.

കിഴക്ക് ചുവന്ന പരവതാനി നിവർന്നു. ഞങ്ങൾ പീഠത്തിന് മുന്നിൽ നിരന്നിരുന്നു. കാറ്റ് സൌഹൃദഭാവത്തിൽ ഞങ്ങളോടപ്പം സൂര്യോദയം കാണാനെത്തി. മലനിരകളേ തട്ടിയുണർത്തി സൂര്യകിരണങ്ങൾ പരന്നു. ഇരുട്ട് നീങ്ങി. പ്രകാശം പരന്നു. സർവ്വചരചരങ്ങളും ഉണർന്ന്, രാവിൻറെ ആലസ്യങ്ങളെ കുടഞ്ഞു കളഞ്ഞു. ഒരോ അണുവും പ്രകാശകിരണങ്ങളേറ്റ് വിളങ്ങി.

കട്ടൻ ചായയുമായി അമ്മ ഞങ്ങളെ കാത്തിരിക്കുന്നു. അമ്മയുടെ സാധനങ്ങൾ തിരികെയേൽപ്പിച്ചു. ചൂടു ചായ കടന്നു പോയ വഴികൾ കൃത്യമായി അറിഞ്ഞു. ഇനി മടക്കയാത്ര. ചന്ദ്രൻ സ്വാമി എന്നോടൊപ്പം മടങ്ങുകയാണ്. അമ്മയുടെ സ്‌നേഹത്തെ നന്ദിയുടെ ഔപചാരികത കൊണ്ട് വീർപ്പു മുട്ടിക്കാൻ നിന്നില്ല. കാൽ തൊടുമ്പോൾ നെറുകയിൽ വെച്ച കൈയ്യിൽ നിന്ന് അനുഗ്രഹങ്ങൾ പെയ്തു. ഗണപതി ഗുഹയിലേക്കുളള തിരിവിൽ സീനിയർ സ്വാമിയും പിരിഞ്ഞു. മുന്നിൽ കണ്ട ചെറിയ മലകളിലേക്കെല്ലാം ഞങ്ങൾ പാഞ്ഞു കയറി. വെറുതെ ഒരു രസം. അപ്പൂപ്പൻ താടികൾ പോലെ ഓരോ കുഞ്ഞികാറ്റിനോടും കൂട്ടുകൂടി അജ്ഞാതമായ എതോ മുജന്മ സൌഹൃദത്തിൽ ഞങ്ങൾ സ്വയം മറന്ന് പറന്നു.

ഓരോ യാത്രയും വർഷങ്ങൾക്കു മുന്നേ നിശ്ചയിക്കപ്പെടുന്നു. നമ്മൾ അതിലേക്ക് എത്തിപ്പെടുന്നു. ആ യാത്രയായി നമ്മൾ മാറുന്നു. ഓർമ്മയിൽ മധുരങ്ങൾ മാത്രം ബാക്കി വെച്ച് ആ യാത്രയും മടങ്ങുന്നു. ഐതരേയ ബ്രാഹ്മണത്തിൽ ഇന്ദ്രൻ രോഹിതനോട് പറയുന്നു.

'രോഹിതാ, സഞ്ചരിക്കാത്തവനു സന്തോഷമില്ല. ഈ മനുഷ്യസമൂഹത്തിൽപ്പെട്ടു സദാ ജീവിച്ചാൽ ഏറ്റവും ഉത്തമനായ മനുഷ്യനും പാപിയായിതീരും. അതുകൊണ്ട് സഞ്ചരിക്കുക..
സഞ്ചാരിയുടെ പാദങ്ങൾ പുഷ്പസമാനമാണ്. അവന്റെ ആത്മാവ് വളർച്ച പ്രാപിച്ചതും. അവൻറെ എല്ലാ പാപങ്ങളും യാത്രാക്ലേശങ്ങൾ കൊണ്ടു തന്നെ നശിപ്പിക്കപ്പെടുന്നു. അതുകൊണ്ട് സഞ്ചരിക്കുക'.

ഇതൊരു Informative ആയ വിവരണമല്ല, മിനുസപ്പെടുത്തിയ കുറെ ഓർമ്മകൾ.
ഒരു യാത്രാ അനുഭവം.

Date of Journey : 18-20 November 2013
Pics : Me and Chandran Svami
with my Samsung Galaxy Grand Quatro

Reference Books :

1. മൂകാബികദർശനം by Sukesh P.D
2. തത്വമസി by Dr. Sukumar Azheekode
3. Mathrubhumi Mookambika Suppliments
4. അംബാവനത്തിലെ പൌർണമി from ഇന്ത്യൻ യാത്രകൾ by Sreekanth Kottakkal
5. ഹിമവാൻറെ മുകൾത്തട്ടിൽ by Rajan Kakkanadan.
6. Title : Marquez ന്റെ Strange Pilgrims (അടിച്ചു മാറ്റിത്)