ലാലിന്റെ സമ്മാനം വീണ്ടെടുക്കൂ; പിണറായിക്ക് അനർത്ഥമുണ്ടാവാതിരിക്കട്ടെ!

വിപ്ലവ വിരുദ്ധമായ ആശയവാദമെന്ന് സംശയലേശമില്ലാതെ പുസ്തകങ്ങൾ പുത്തലത്ത് ദിനേശൻ മുക്കിയേക്കും. പ്രഭാവർമ്മ, തന്റെ കുലത്തിന് പരമ്പരയാ കൈമാറിക്കിട്ടിയ ചില ജ്ഞാനപദ്ധതികൾ ഗ്രഹിക്കാൻ ശേഷിയില്ലാത്തവരിൽ ഇത്തരം അറിവുകൾ എത്തിയിട്ട് കാര്യമില്ലെന്ന സ്വബോധ്യത്താലും ഇപ്പുസ്തകങ്ങൾ സ്വന്തമായെടുത്തേക്കും.

ലാലിന്റെ സമ്മാനം വീണ്ടെടുക്കൂ; പിണറായിക്ക് അനർത്ഥമുണ്ടാവാതിരിക്കട്ടെ!

അനാഹതൻ


മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കയറിയിറങ്ങാൻ സ്വാതന്ത്ര്യമുള്ള സൽബുദ്ധികൾക്ക് ചെയ്യാവുന്ന ഒരു പരോപകാരം:


നാരായണ ഗുരുവിന്റെ സമ്പൂർണ്ണ കൃതികൾ രണ്ട് വാല്യങ്ങൾ മറ്റ് പല സമ്മാനങ്ങൾക്കിടയിൽ ഇരിപ്പുണ്ടവിടെ. മോഹൻലാൽ സമ്മാനിച്ചത്. അയാൾക്കോ, അയാളെ പിണറായിയിലേക്കെത്തിച്ച ബി. ഉണ്ണിക്കൃഷ്ണനോ ഉപകരിക്കാതെ പോയ ഒന്ന്.


അലങ്കാരമായിരിക്കലല്ലാതെ ആ പുസ്തകസഞ്ചികയ്ക്ക് പിണറായിയുടെ ഷെൽഫിൽ വേറെ സാധ്യത ഉണ്ടാവാനിടയില്ല. കാരണം, ഈ സഞ്ചിക പിണറായിക്ക് ഉപകാരപ്പെടണമെങ്കിൽ മുൻകയ്യെടുക്കേണ്ടത് രണ്ടു പേരാണ്.


മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പ്രഭാവർമ്മ. പിന്നെ, രാഷ്ട്രീയ കാര്യ സെക്രട്ടറി പുത്തലത്ത് ദിനേശൻ.


വിപ്ലവ വിരുദ്ധമായ ആശയവാദമെന്ന് സംശയലേശമില്ലാതെ പുസ്തകങ്ങൾ  പുത്തലത്ത് ദിനേശൻ മുക്കിയേക്കും.


പ്രഭാവർമ്മ, തന്റെ കുലത്തിന് പരമ്പരയാ കൈമാറിക്കിട്ടിയ ചില ജ്ഞാനപദ്ധതികൾ ഗ്രഹിക്കാൻ ശേഷിയില്ലാത്തവരിൽ  ഇത്തരം അറിവുകൾ എത്തിയിട്ട് കാര്യമില്ലെന്ന സ്വബോധ്യത്താലും ഇപ്പുസ്തകങ്ങൾ  സ്വന്തമായെടുത്തേക്കും.


ഇനി രണ്ടു പേരും ഒരുമിച്ച് പുസ്തകത്തിൽ കൈവെക്കുന്ന സ്ഥിതി വന്നാൽ, ഒത്തുതീർപ്പായി പുസ്തകങ്ങൾ എത്തിക്കാനിടയുള്ളത് രണ്ടിടത്താണ്. എകെജി സെന്റർ ലൈബ്രറിയിൽ, അല്ലെങ്കിൽ ഇഎംഎസ് അക്കാദമി ലൈബ്രറിയിൽ. രണ്ടിടത്തും ഈ പുസ്തകങ്ങൾക്ക് നേരിട്ട് അന്വേഷകരുണ്ടാവാൻ ഇപ്പോഴത്തെ നിലക്ക് സാധ്യത വിരളത്തിൽ വിരളം.


ഫലം, അവിടെ അലമാരകളിൽ അവ ആജന്മം കിടക്കും. കേരളത്തിൽ ബംഗാൾ ആവർത്തിച്ചാലും കണ്ടെടുക്കപ്പെടാനിടയില്ല, സമീപഭാവിയിലൊന്നും അവ.


എന്തിലും സാധ്യത കണ്ടെത്താനാവുന്നവരെങ്കിലും, ഉപദേഷ്ടാക്കളായ എം കെ ഡി വക്കീലും ബ്രിട്ടാസും ഈ പുസ്തകങ്ങളിൽ ഒരു സാധ്യതയും കണ്ടെത്താനിടയില്ലാത്തതിനാൽ അവർ പുസ്തകമെടുക്കില്ല. പിണറായിയിലേക്കെന്നല്ല, ആരിലേക്കും അവ എത്തിക്കില്ല.


എന്തായാലും മോഹൻലാലിന്റെ ഉദ്ദേശ്യലക്ഷ്യം സാധിച്ചല്ലോ.


സംഘബന്ധുത്വം നേടി കരിയറിന് പുതിയ ചക്രവാളങ്ങളുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു അടുത്ത നാൾകൾ വരെയും ലാൽ. ദക്ഷിണഭാരതഹൃദയം കവരാൻ സംഘപരിവാർ തെരഞ്ഞെടുത്ത മന്നൻ.  രജനിയെയും കമലിനെയും ശ്രമിച്ച് പരാജയപ്പെട്ടിടത്ത് അവർ തെളിയിച്ചെടുക്കുകയായിരുന്ന ഭാഗ്യതാരം.


എന്തോ, ലാലിനെ അത്ഭുതപ്പെടുത്തി കേരളം പിണറായി നേടി. കരിയറിന്റെ അന്ത്യകാലത്ത് ഭാഗ്യപരീക്ഷണങ്ങൾ കേരളത്തിൽത്തന്നെയുണ്ടെന്ന് സുഹൃത്ത് ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞിട്ടുണ്ടാവാം. അങ്ങനെയാവും നാരായണ ഗുരുവിന്റെ സമ്പൂർണ്ണ കൃതികൾ പിണറായിക്ക് സമ്മാനിക്കാനുള്ള നീക്കമുണ്ടായിക്കാണുക.


പുസ്തക തിരഞ്ഞെടുപ്പ് ഉണ്ണിക്കൃഷ്ണന്റെതല്ലാതെ മറ്റാരുടെതുമാവില്ല. ലാലാണ് തിരഞ്ഞെടുത്തതെങ്കിൽ ഓഷോ കൃതികളുടെ പരിഭാഷാ സെറ്റാകുമായിരുന്നു സമ്മാനം. ലാൽ തിരഞ്ഞെടുത്ത ഓഷോ ജോക്സ് അടങ്ങുന്ന സെറ്റ്.  ഉണ്ണിക്കൃഷ്ണനൊപ്പം ഓഷോ പ്രസാധകൻ പി. സി. ജോസിയെയും ലാൽ കൂടെക്കൂട്ടുമായിരുന്നു. പിണറായി ഇത്രക്ക് ഇംപ്രസ്ഡ് ആവാൻ ഒരു സാധ്യതയുമില്ലായിരുന്നു.


ഇതേതായാലും പിണറായി സഖാവിന്റെ ഉള്ളിൽ തട്ടുന്ന നീക്കം തന്നെയായി, സമ്മതിക്കണം. സംഘപരിവാറിന്റെ മടയിൽ ലാൽ തലയിട്ടെന്നു തോന്നിയത് സത്യത്തിൽ ഗുരുവിനെ ഇടതുപക്ഷത്തിന് വീണ്ടെടുത്തു തരാനായിരുന്നുവെന്ന് കൂടിക്കാഴ്ചക്ക് മുമ്പോ പിമ്പോ ബി. ഉണ്ണിക്കൃഷ്ണൻ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിക്കാണും. മുഖ്യമന്ത്രി ഒരു നടുക്കത്തോടെ ആ സത്യം ഉൾക്കൊണ്ടും കാണും.


അനർത്ഥങ്ങളേ ഉണ്ടാക്കൂ ആ  നടുക്കം. നായനാർ മുഖ്യമന്ത്രിയായിരിക്കെ  മാർപ്പാപ്പ ക്ക് ഭഗവദ് ഗീത കൊണ്ടു കൊടുത്ത പോലത്തെ, സന്ദർഭരഹിതമായ പുരസ്കാ രം നൽകലല്ല ലാലിന്റെത്. ഇതിന്റെ ടൈമിംഗ് കിറുകൃത്യമാണ്.


തന്റെ സ്വാർത്ഥ പൂരണമല്ലാതെ മറ്റൊന്നിനുമല്ലാത്ത സമ്മാനങ്ങൾ കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും വിചാരിക്കാനാവാത്ത അനർത്ഥങ്ങളുണ്ടാകും. അത്രക്കും ജ്ഞാനതേജസ്വികളായ രണ്ടു പേരുടെ ഹൃദയ നിമന്ത്രണങ്ങളാണ് ആ പുസ്തകദ്വയം.


ഒന്ന്, ഗുരു.


രണ്ടാമത്തേത് കേരളം അത്രയൊന്നും പരിചയിച്ചിട്ടില്ലാത്ത മറ്റൊരു ജ്ഞാനർഷി, പ്രഫ. ജി. ബാലകൃഷ്ണൻ നായർ. പ്രഫസറുടെ ഇന്നും അനുവാചകശ്രദ്ധ വേണ്ടത്ര കിട്ടാതെ കിടക്കുന്ന വ്യാഖ്യാന പരമ്പരകളിൽ പ്രധാനപ്പെട്ടതാണ് പിണറായിക്ക് ലാൽ കൊണ്ടു കൊടുത്തിരിക്കുന്നത്.


ഇതൊക്കെ ഏതാണ്ടറിഞ്ഞിട്ടും ലാലും ഉണ്ണികൃഷ്ണനും അപ്രവചനീയമായ ലക്ഷ്യങ്ങളോടെ ഈ പുസ്തകം സമ്മാനിക്കാൻ തിരഞ്ഞെടുത്തത് ഒരനർത്ഥം.


എടോ ലാലേ, നീ കമ്യൂണിസ്റ്റുകാരെ ഗുരുദർശനം പഠിപ്പിക്കണമെന്നു തോന്നിയതിനെക്കാൾ  നന്നാകുമായിരുന്നു  നിനക്കു പിന്നിൽ വലയിട്ടിരിക്കുന്ന സംഘ നേതൃപ്രമുഖനെങ്കിലും ഈ പുസ്തകമെത്തിക്കൽ  എന്നു പറയാൻ പിണറായിക്ക് തോന്നാതിരുന്നത് പിന്നെയുമനർത്ഥം.


ലാലിനെയും പിണറായിയെയും കേരളത്തിന് ഒരു നിശ്ചിത കാലത്തേക്കെങ്കിലും വേണം. ഇരുവർക്കും ഈ പുസ്തകങ്ങൾ കൊണ്ട്  അനർത്ഥമൊന്നും സംഭവിക്കരുത്.


അവ അവിടെ നിന്ന് എങ്ങനെയും വീണ്ടെടുക്കണം. ആവശ്യമുള്ള ഏതെങ്കിലും കയ്യിലെത്തിക്കണം.


സഹായിക്കണം.