കളക്ടര്‍ എന്‍ പ്രശാന്ത് അവിവേകിയും അപക്വമതിയും അധാര്‍മ്മികനുമെന്ന് എംകെ രാഘവന്‍

പ്രശാന്തിനെ പിന്തുണക്കുന്ന സിപിഐ(എം) നിലാപാട് തിരുത്തേണ്ടി വരുമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനന്‍ വൈകാതെ കാര്യങ്ങള്‍ മനസ്സിലാക്കുമെന്നാണ് വിശ്വാസമെന്നും രാഘവന്‍ പറഞ്ഞു.

കളക്ടര്‍ എന്‍ പ്രശാന്ത് അവിവേകിയും അപക്വമതിയും അധാര്‍മ്മികനുമെന്ന് എംകെ രാഘവന്‍

കോഴിക്കോട്: എംകെ രാഘവന്‍ എംപിയും കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തും തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. കളക്ടര്‍ മാപ്പ് പറയണമെന്ന എംപിയുടെ ആവശ്യത്തിന് പിന്നാലെ കുന്നംകുളത്തിന്റെ 'മാപ്പ്' ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രശാന്ത് രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ കളക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് എംകെ രാഘവന്‍. പ്രശാന്ത് അവിവേകിയും അപക്വമതിയും അധാര്‍മ്മികനുമാണെന്നും ജില്ലാ കളക്ടര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും എംകെ രാഘവന്‍ ആരോപിച്ചു.


പ്രശാന്തിനെ പിന്തുണക്കുന്ന സിപിഐ(എം) നിലാപാട് തിരുത്തേണ്ടി വരുമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനന്‍ വൈകാതെ കാര്യങ്ങള്‍ മനസ്സിലാക്കുമെന്നാണ് വിശ്വാസമെന്നും രാഘവന്‍ പറഞ്ഞു.

എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് കളക്ടറും എംകെ രാഘവനും തമ്മില്‍ പോര് ആരംഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് പ്രശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പത്ര സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെ കുന്നംകുളത്തിന്റെ 'മാപ്പ്' പോസ്റ്റ് ചെയ്തായിരുന്നു കളക്ടറിന്റെ മറുപടി.

ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എം പിക്കെതിരെയുള്ള കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദം സൃഷ്ടിച്ചിരുന്നു.

തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പി ആര്‍ ഡി വഴി കലക്ടര്‍ മാധ്യമങ്ങള്‍ക്കും നല്‍കിയെന്നും, ഇതിനെതിരെ സൈബര്‍ സെല്ലില്‍ കേസുമായും പാര്‍ലന്ററി നടപടികളുമായും മുന്നോട്ടു പോകുമെന്നും എം കെ രാഘവന്‍ എം പി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Read More >>