ദാമോദരൻ തുഴയുന്ന വഞ്ചിയുടെ അണിയം പിടിക്കരുത് മുഖ്യമന്ത്രീ; ഉപദേശകന്റെ കുപ്പായം ഊരിവെപ്പിക്കാൻ നേരമായി

ലോട്ടറി കേസിലെന്നല്ല ഏതു കേസിലായാലും സർക്കാരിന്റെ താൽപര്യത്തിനെതിരെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് കോടതിയിലെത്തുന്നത് അനൗചിത്യം തന്നെയാണ്. ഒന്നുകിൽ അദ്ദേഹം നിയമോപദേഷ്ടാവിന്റെ പദവി ഒഴിയണം. അല്ലെങ്കിൽ സംസ്ഥാന സർക്കാരിനെതിരെയുളള വക്കാലത്തുകൾ ഉപേക്ഷിക്കണം.

ദാമോദരൻ തുഴയുന്ന വഞ്ചിയുടെ അണിയം പിടിക്കരുത് മുഖ്യമന്ത്രീ; ഉപദേശകന്റെ കുപ്പായം ഊരിവെപ്പിക്കാൻ നേരമായി

2006ലെ എൽഡിഎഫ് സർക്കാർ അന്യസംസ്ഥാന ലോട്ടറി നിരോധിച്ചകാലം. അന്ന് ഭൂട്ടാൻ ലോട്ടറിയുടെ കേരളത്തിലെ അംഗീകൃത വിതരണക്കാരനായിരുന്നു ടി. ജോൺ റോസ്. വലിയ ഡെക്കറേഷനൊന്നുമില്ലാതെ പറഞ്ഞാൽ വേറൊരു സാന്റിയാഗോ മാർട്ടിൻ. സർക്കാർ തീരുമാനത്തിനെതിരെ ജോൺ റോസ് കേരള ഹൈക്കോടതിയെ സമീപിച്ചു. മേപ്പടിയാനുവേണ്ടി വാദിക്കാനെത്തിയത് അഡ്വ. നളിനി ചിദംബരം (റിട്ട് അപ്പീൽ നമ്പർ 88/2007). നളിനിയുടെ ഭർത്താവ് പി ചിദംബരം അന്ന് കേന്ദ്രമന്ത്രിയാണ്.


ആ സർക്കാരിന്റെ കാലത്ത് ലോട്ടറി മാഫിയയ്ക്കു വേണ്ടി കേരള ഹൈക്കോടതിയിലെത്തിയത് ചില്ലറക്കാരായിരുന്നില്ല. ചിദംബരത്തിന്റെ മകൻ കാർത്തിക് ചിദംബരം മുതൽ തമിഴ്നാട് എജിയായിരിക്കെ പി എസ് രാമനും കോൺഗ്രസിന്റെ ഔദ്യോഗിക വക്താവായിരിക്കെ മനു അഭിഷേക് സിംഗ്വിയും സാന്റിയാഗോ മാർട്ടിനും സംഘത്തിനും വേണ്ടി കേരള ഹൈക്കോടതിയിൽ ഘോരമായ വാദമുഖങ്ങളുയർത്തി.

2010 സെപ്തംബർ 29ന് അഭിഷേക് സിംഗ്വി കേരളത്തിൽ വിമാനമിറങ്ങുമ്പോൾ പ്രതിഷേധം കൊടുമ്പിരി കൊള്ളുകയായിരുന്നു. യൂത്ത് കോൺഗ്രസും വിഡി സതീശനും സിംഗ്വിയ്ക്കെതിരെ ആഞ്ഞടിച്ചു. സിംഗ്വിയ്ക്കെതിരെ എഐസിസി നേതൃത്വത്തിന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പരാതിയും നൽകി.

അന്നുന്നയിക്കപ്പെട്ട പ്രശ്നം താൽപര്യങ്ങളുടെ വൈരുദ്ധ്യമാണ് (conflict of interest). തങ്ങളെ സമീപിക്കുന്ന കക്ഷികൾക്കു വേണ്ടി വാദിക്കേണ്ടവരാണ് അഭിഭാഷകർ. അതവരുടെ തൊഴിലാണ്. ആരുടെ കേസു വാദിക്കണം, ആരുടേത് വാദിക്കരുത് എന്നൊക്കെ അവർ തന്നെയാണ് തീരുമാനിക്കേണ്ടത്. ആ സ്വാതന്ത്ര്യത്തിൽ ഇടപെടേണ്ട കാര്യമില്ല.

എന്നാൽ അഭിഭാഷകർ അറിയപ്പെടുന്ന പൊതുപ്രവർത്തകരോ രാഷ്ട്രീയ പാർടികളുടെ നേതാക്കളോ ആകുമ്പോൾ പ്രശ്നം സങ്കീർണമാകും. ഇക്കാര്യം കൃത്യമായി തിരിച്ചറിഞ്ഞതുകൊണ്ടാവണം, പ്രാക്ടീസു ചെയ്യുന്ന വക്കീലന്മാർ പാർട്ടി ഏരിയാ സെക്രട്ടറി തലം മുതൽ മുകളിലേയ്ക്കുള്ള ചുമതലകൾ ഏറ്റെടുക്കേണ്ടതില്ല എന്ന് സിപിഎം കഴിഞ്ഞ സമ്മേളനകാലത്ത് തീരുമാനിച്ചത്.

സാന്റിയാഗോ മാർടിനും സംഘത്തിനുമെതിരെ തങ്ങൾ തെരുവിലിറങ്ങിയ സമയത്ത് കോൺഗ്രസിന്റെ ദേശീയ നേതാവ് മാർടിനു വേണ്ടി കോടതിയിലെത്തിയത് അക്ഷരാർത്ഥത്തിൽ കേരളത്തിലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി. ഒരു ന്യായീകരണവുമില്ലാതെ അന്നവർ നാണംകെട്ടു. സിംഗ്വിയ്ക്കെതിരെ എഐസിസിയ്ക്കു പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല.

അതിനെക്കാൾ സങ്കീർണമായിരുന്നു പി. ചിദംബരത്തിനെതിരെ ഉയർന്ന വിമർശനം. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിക്കസേരയിലിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യയും മകനും രാജ്യവ്യാപകമായി ലോട്ടറി മാഫിയയ്ക്കു വേണ്ടി കോടതികളിൽ സംരക്ഷണ കവചം തീർത്തത്.

ലോട്ടറി മാഫിയ നടത്തിയ നിയമലംഘനങ്ങൾ അക്കാലത്ത് കേരള സർക്കാർ നിരന്തരം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കേരള മുഖ്യമന്ത്രി തന്നെ രണ്ടു തവണ കത്തുകളയച്ചു. ഒന്ന് പ്രധാനമന്ത്രിയ്ക്കും മറ്റൊന്ന് ആഭ്യന്തരമന്ത്രിയ്ക്കും. ഒരു സംസ്ഥാന ഭരണത്തലവൻ രണ്ടു കത്തുകളെഴുതിയിട്ടും വിഷയത്തിൽ ഇടപെടാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തത് ഫെഡറൽ
തത്ത്വങ്ങളുടെ ലംഘനമാണെന്ന് ഒരു ഘട്ടത്തിൽ കേരള ഹൈക്കോടതിയ്ക്കു തുറന്നു പറയേണ്ടി വന്നു. പക്ഷേ, ഒരു ഫലവുമുണ്ടായില്ല. ലോട്ടറി മാഫിയയെ നിലയ്ക്കു നിർത്താൻ ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചില്ല. പി ചിദംബരം ആഭ്യന്തരമന്ത്രിയുടെ കസേരയിലിരുന്ന് സംരക്ഷിച്ചത് തന്റെ വക്കീൽ സ്ഥാപനത്തിന്റെ താൽപര്യങ്ങളായിരുന്നു.

ഇപ്പോൾ കേരള മുഖ്യമന്ത്രിയുടെ നിയമോപദേഷ്ഠാവാണ് എം കെ ദാമോദരൻ. അദ്ദേഹം ഇക്കഴിഞ്ഞ ദിവസം അന്യസംസ്ഥാന ലോട്ടറിക്കാർക്കു വേണ്ടി കേരള ഹൈക്കോടതിയിൽ ഹാജരാകുമ്പോഴും ഉയർന്നു വരുന്ന പ്രശ്നം താൽപര്യങ്ങളുടെ വൈരുദ്ധ്യമാണ്. ഏറെക്കാലമായി ഈ ലോട്ടറിക്കാരുടെ വക്കാലത്ത് എം കെ ദാമോദരൻ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിനാണ്. നളിനി ചിദംബരം ഹാജരായ കേസിലും വക്കാലത്ത് എം കെ ഡിയ്ക്കായിരുന്നു എന്നാണ് ഓർമ്മ. എംകെഡി ആരുടെ കേസോ ഏറ്റെടുക്കട്ടെ. അതല്ല പ്രശ്നം.

ലോട്ടറി മാഫിയയ്ക്കെതിരെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ നിലപാട് വ്യക്തമാണ്. കുറ്റകൃത്യങ്ങളുടെ നീണ്ട പട്ടികയാണ് ആ സർക്കാർ ലോട്ടറി മാഫിയയ്ക്കെതിരെ നിരത്തിയത്. അന്നു മുതൽ അവർക്കു വേണ്ടി ഹാജരാകുന്ന എം കെ ദാമോദരനോട് ലോട്ടറിക്കാര്യത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉപദേശം ചോദിക്കുന്നുവെന്നിരിക്കട്ടെ. ആർക്ക് അനുകൂലമായിരിക്കും ദാമോദരന്റെ നിലപാട് എന്നറിയാൻ പാഴൂർ പടി സന്ദർശിക്കണോ? പിണറായി അതു ചോദിക്കുമോ ഇല്ലയോ എന്നത് തൽക്കാലം പ്രസക്തമല്ല.

സർക്കാരിന് നിയമോപദേശം കൊടുക്കാൻ അഡ്വക്കേറ്റ് ജനറലുണ്ട്. ആ സാഹചര്യത്തിൽ മുഖ്യമന്ത്രിയ്ക്ക് പ്രത്യേക നിയമോപദേഷ്ടാവിന്റെ ആവശ്യമെന്ത് എന്നു ചിന്തിക്കുന്നവരെ കുറ്റം പറയാനാവില്ല. നിലവിൽ അഡ്വക്കേറ്റ് ജനറൽ എന്ന ഭരണഘടനാസ്ഥാപനത്തിനു മുകളിലാണ് എംകെ ദാമോദരൻ എന്ന പ്രത്യേക ഉപദേഷ്ടാവിന്റെ സ്ഥാനം.

ലോട്ടറി കേസിലെന്നല്ല ഏതു കേസിലായാലും ഇനി സർക്കാരിന്റെ താൽപര്യത്തിനെതിരെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് കോടതിയിലെത്തുന്നത് അനൗചിത്യം തന്നെയാണ്. ഒന്നുകിൽ അദ്ദേഹം നിയമോപദേഷ്ടാവിന്റെ പദവി ഒഴിയണം. അല്ലെങ്കിൽ സംസ്ഥാന സർക്കാരിനെതിരെയുളള വക്കാലത്തുകൾ ഉപേക്ഷിക്കണം. എം കെ ദാമോദരന്റെ കാലുകൾ രണ്ടു വഞ്ചിയിലാകുന്നതിന്റെ ചീത്തപ്പേര് പിണറായി വിജയനാണ്. അത് പിണറായി വിജയൻ അറിഞ്ഞുകൊണ്ടു തന്നെയാണെങ്കിൽ പ്രശ്നം ദാമോദരന്റേതല്ല എന്നു വരുന്നു.

ദാമോദരനെ വച്ചപ്പോഴേ പലരും പറഞ്ഞതാണ്, ഇയാളാകും മന്ത്രിസഭയുടെ പേരു ചീത്തയാക്കുന്നതിൽ പ്രമുഖനെന്ന്. അതിനെ ശരിവയ്ക്കുന്ന തരത്തിലാണ്, ഇപ്പോൾ കാര്യങ്ങൾ. ദാമോദരൻ സ്വയം ഒഴിയാൻ തയ്യാറായില്ലെങ്കിൽ ആ സ്ഥാനത്തു നിന്നു മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം. അല്ലാതെ ഇത്തരം പ്രധാനപ്പെട്ട  കേസുകളിൽ സർക്കാരിന്റെ നിലപാടിനെ തന്നെ കൊഞ്ഞനം കുത്തുന്ന മട്ടിൽ പൂണ്ടുവിളയാടാൻ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവു തയ്യാറാവുക എന്നത് എൽഡിഎഫ് വരും, എല്ലാം ശരിയാക്കും എന്ന പാരഡി മുദ്രാവാക്യത്തെയാണ് ഓർമ്മിപ്പിക്കുക.

Read More >>