നൈതികതയില്ലാത്തയാള്‍ നിയമോപദേഷ്ടാവായി തുടരണോ എന്നത് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി

എംകെ ദാമോദരന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവായി തുടരുമ്പോള്‍ അദ്ദേഹം ഒരു രൂപയെങ്കിലും സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റുന്നുണ്ടെങ്കില്‍ സര്‍ക്കാരിനെതിരായ കേസില്‍ അദ്ദേഹത്തിന് ഹൈക്കോടതിയില്‍ ഹാജരാകാന്‍ കഴിയില്ല.

നൈതികതയില്ലാത്തയാള്‍ നിയമോപദേഷ്ടാവായി തുടരണോ എന്നത് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി

അഡ്വ. ഹരീഷ് വാസുദേവന്‍

എംകെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി തുടരുമ്പോള്‍ സാന്റിയാഗോ മാര്‍ട്ടിന്റെ കേസെടുക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ നൈതികതയാണെന്ന് പ്രമുഖ അഭിഭാഷകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍. എംകെ ദാമോദരന്‍ ഉമ്മന്‍ചാണ്ടിയുടെ നിയമോപദേഷ്ടാവായ ദണ്ഡപാണിയേക്കാള്‍ നൈതികതയില്‍ താഴെയാണ് എന്നാണ് ചരിത്രം തെളിയിക്കുന്നതെന്നും ഹരീഷ് വാസുദേവന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഇത്തരമൊരാള്‍ ഉപദേശകനായി വേണോ എന്നത് പരിശോധിക്കേണ്ടതും തീരുമാനമെടുക്കേണ്ടതും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയാണ്.  എംകെ ദാമോദരന് പൊതു ജനങ്ങളോട് ഉത്തരവാദിത്തമില്ല, പക്ഷേ, പിണറായി വിജയന്‍ അങ്ങനെയല്ല. അദ്ദേഹത്തിന് പൊതു ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്.


സംസ്ഥാന സര്‍ക്കാരിന് ഏതൊക്കെ പദവികളില്‍ ആരെയൊക്കെ നിയമിക്കാമെന്ന് വ്യക്തമാക്കുന്ന നിയമങ്ങളും ചട്ടങ്ങളുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പദവികള്‍ രൂപീകരിച്ചതിനകത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എന്ന പദവിയില്ല. ഇത്തരം പദവികള്‍ താത്കാലികമായി രൂപീകരിക്കപ്പെട്ടവയാണ്. പല സര്‍ക്കാരുകള്‍ വരുമ്പോള്‍ നിയമ ഉപദേഷ്ടാവ്, ഐടി ഉപദേഷ്ടാവ് തുടങ്ങി ഭരണഘടനാ സാധുതയില്ലാത്ത പല പദവികളും സര്‍ക്കാര്‍ രൂപീകരിക്കാറുണ്ട്. ഇങ്ങനെ രൂപീകരിക്കുന്ന പദവികള്‍ക്ക് പ്രതിഫലം നല്‍കണോ വേണ്ടയോ എന്നതും സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണ്. പലപ്പോഴും ഇത്തരം ഉപദേശകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കാത്തതുകൊണ്ടാണ് ആരും അത് ചോദ്യം ചെയ്യാത്തതും നിലനില്‍ക്കുന്നതും.

എംകെ ദാമോദരന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവായി തുടരുമ്പോള്‍ അദ്ദേഹം ഒരു രൂപയെങ്കിലും സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റുന്നുണ്ടെങ്കില്‍ സര്‍ക്കാരിനെതിരായ കേസില്‍ അദ്ദേഹത്തിന് ഹൈക്കോടതിയില്‍ ഹാജരാകാന്‍ കഴിയില്ല. ഇത് കോണ്‍ഫ്ളിക്ട് ഓഫ് ഇന്‍ട്രസ്റ്റ്(താത്പര്യ സംഘര്‍ഷം) ആണ്. ഈ കോണ്‍ഫ്ളിക്ട് ഓഫ് ഇന്‍ട്രസ്റ്റ് ഉണ്ടാകാതിരിക്കാനാണ് എംകെ ദാമോദരന്‍ സര്‍ക്കാരില്‍ നിന്ന് പ്രതിഫലം വാങ്ങാത്തത്. പണം സ്വീകരിക്കുന്നില്ല എന്നതുകൊണ്ട് മാത്രം അദ്ദേഹം സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി സര്‍ക്കാരിനെതിരായ കേസില്‍ ഹാജരാവുകയും അദ്ദേഹത്തേക്കാള്‍ വളരെ താഴെയുള്ള സാധാരണ സര്‍ക്കാര്‍ അഭിഭാഷകര്‍ സര്‍ക്കാരിന് വേണ്ടി കേസില്‍ ഹാജരാവുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും വാദത്തില്‍ മേല്‍കൈ എംകെ ദാമോദരനായിരിക്കും.

പണം വാങ്ങുമായിരുന്നെങ്കില്‍ കോണ്‍ഫ്ളിക്ട് ഓഫ് ഇന്‍ട്രസ്റ്റിന്റെ പേരില്‍ എടുക്കാന്‍ കഴിയാതിരിക്കുന്ന കേസുകള്‍ പണം വാങ്ങുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ട് സര്‍ക്കാരിന് നഷ്ടം സംഭവിക്കുകയാണ്.

മാത്രമല്ല, ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന നിയമോപദേശം മുഖ്യമന്ത്രിക്ക് നല്‍കുക നിയമോപദേശകനായിരിക്കും. സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായ നിയമോപദേശം മുഖ്യമന്ത്രിക്ക് എംകെ ദാമോദരന്‍ നല്‍കിയിട്ടുണ്ടോ എന്ന കാര്യം ഒരു തരത്തിലും പരിശോധിക്കാന്‍ കഴിയില്ല. കാരണം അഭിഭാഷകന്‍ തന്റെ കക്ഷിക്ക് നല്‍കുന്ന നിയമോപദേശം വിവരാവാകശത്തിന്റെ പരിധിയില്‍ വരുന്നതല്ല. അതുകൊണ്ട് തന്നെ സ്വകാര്യ കേസുകളില്‍ സര്‍ക്കാരിനെതിരായി എംകെ ദാമോദരന്‍ ഹാജരാകുമ്പോള്‍ സര്‍ക്കാരിന്റെ നിലപാട് ദുര്‍ബലമാവുകയും സര്‍ക്കാരിന് ഫലത്തില്‍ നഷ്ടമുണ്ടാവുകയും ചെയ്യും.

വ്യക്തിപരമായി സത്യസന്ധതയുള്ള ആളുകള്‍ സാധാരണ ഇത്തരം പ്രവര്‍ത്തി ചെയ്യാറില്ല. എംകെ ദാമോദരന്‍ ഒരുകാലത്തും വ്യക്തിപരമായി സത്യസന്ധതയുള്ളയാളായിരുന്നില്ലെന്ന് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ വിവാദം സൂചിപ്പിക്കുന്നു. ഒപ്പം ജനാര്‍ദ്ദന കുറുപ്പിന്റെ ആത്മകഥയിലെ അദ്ദേഹത്തിന്റെ ഐസ്‌ക്രീം പാര്‍ലര്‍ കേസ് സംബന്ധിച്ച ഇടപാടുകളും പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന് ധാര്‍മികതയുടെ പേരില്‍ ഇതിനകത്ത് നിന്ന് മാറി നില്‍ക്കുന്ന സ്വഭാവമില്ലെന്ന് മനസ്സിലാകും. എംകെ ദാമോദരന്‍ ഉമ്മന്‍ചാണ്ടിയുടെ നിയമോപദേഷ്ടാവായ കെഎന്‍ ദണ്ഡപാണിയുടെ നൈതികയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയുടെ നിലവാരമാണോ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നത് എന്നാണ് കേരളം ഉറ്റു നോക്കുന്നത്.

Read More >>