വിജയനും (യൂ)ദാസരും

മുഖ്യമന്ത്രിയുടെ നിയമ ഉപദേശകൻ എന്ന ഔദ്യോഗിക പദവി കയ്യാളുന്ന അദ്ദേഹത്തിന്റെ ചെയ്തികൾ എൽഡിഎഫ് സർക്കാരിന്റെ മികച്ച തുടക്കത്തിനു മങ്ങലേൽപ്പിച്ചിരിക്കുകയാണ്. ദാമോദരന്റെ ചെയ്തികളെക്കുറിച്ചും അതേക്കുറിച്ച് മുഖ്യമന്ത്രി പുലർത്തുന്ന മൗനത്തെ സംബന്ധിച്ചും ഇടതുപക്ഷ അനുഭാവികൾക്ക് ആശങ്കയുണ്ട്. കരുത്തൻ എന്ന് പരക്കെ പോസിറ്റിവ് ആയി ഉപയോഗിക്കുന്ന സംജ്ഞ ഏകാധിപതി എന്ന വിശേഷണത്തിലേക്കാണോ വഴി മാറുന്നത്? പ്രശാന്ത് എം എഴുതുന്നു

വിജയനും (യൂ)ദാസരും

പ്രശാന്ത് എം

ഏറെ പ്രതീക്ഷയോടെയാണ് കേരളജനത എൽഡിഎഫിനെ അധികാരത്തിലെത്തിച്ചത്. വോട്ടു ചെയ്തത്, എല്ലാം ശരിയാകുമെന്ന വാഗ്ദാനത്തിൽ കാലു വഴുതി വീണുപോയവരൊന്നുമല്ല. എങ്കിലും ചില കാര്യങ്ങളൊക്കെ ശരിയായില്ലെങ്കിൽ കേരള സമൂഹത്തിന് ഒരടി പോലും മുന്നോട്ട് പോകാൻകഴിയില്ലെന്ന് അവർ സ്വാഭാവികമായി ചിന്തിച്ചിരുന്നു എന്ന് സുവ്യക്തമാണ്.

അഴിമതി, അധികാരകൂട്ടിക്കൊടുപ്പ്, സ്വജനപക്ഷപാതം തുടങ്ങി രാഷ്ട്രീയ സദാചാരത്തിന്റെ സകലസീമകളെയും ലംഘിച്ചുകൊണ്ടായിരുന്നു ഉമ്മൻചാണ്ടിയുടെയും കൂട്ടരുടെയും ഭരണം. ജനങ്ങൾക്ക് വെറുപ്പും അമർഷവും പതഞ്ഞു പൊങ്ങിയത് സ്വാഭാവികം. വിലക്കയറ്റമോ വളർച്ചാമുരടിപ്പോ അല്ല യുഡിഎഫിനെ പടിയിറക്കിവിടാൻ ജനങ്ങളെ പ്രേരിപ്പിച്ചത്. മറിച്ച് ജനങ്ങളെ കൊഞ്ഞനം കുത്തി നടത്തിയ തീവെട്ടിക്കൊള്ളയും അവയെ വെള്ളപൂശാൻ സകല നിയമസംവിധാനങ്ങളെയും ചവിട്ടിയരച്ച് നടത്തിയ ആഭാസനാടകത്തോടുള്ള എതിർപ്പും ആയിരുന്നു.


അങ്ങനെ മാറി വന്ന പുതിയ സർക്കാരിൽ പഴയ അശ്ലീലനാടകത്തിന്റെ തനിയാവർത്തനമോ തുടർച്ചയോ ഉണ്ടാകില്ലെന്നു ജനം ന്യായമായും പ്രതീക്ഷിക്കും. അതൊരു അത്യാഗ്രഹമാണെന്ന് പറയാനാവില്ല. പക്ഷെ ആ പ്രതീക്ഷകളെ നിഷ്‌ക്കരുണം നിരാകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് എന്ന് പറയേണ്ടി വന്നതിൽ ഖേദമുണ്ട്

ഭരണത്തിന്റെ ഇടനാഴികളിൽ പ്രത്യക്ഷപ്പെടുന്ന അവതാരങ്ങളെ കുറിച്ച് ശരിയായ മുന്നറിയിപ്പ് നൽകി കൊണ്ടാണ് പിണറായി വിജയൻ ഭരണം ആരംഭിച്ചത്. എന്നാൽ എല്ലാ അവതാരപ്പിറവികളെയും ഒരേ മൂർത്തിയിൽ ആവാഹിച്ച് മുഖ്യമന്ത്രി സ്വന്തം മടിയിൽ കൊണ്ടു നടക്കുന്നുണ്ടെന്ന വിവരം ജനം ഒരു മാസത്തിനുള്ളിൽ തന്നെ അറിഞ്ഞു. ആ ഉഗ്രമൂർത്തിയാണത്രേ അഡ്വ. എം കെ ദാമോദരൻ.

മുഖ്യമന്ത്രിയുടെ നിയമ ഉപദേശകൻ എന്ന ഔദ്യോഗിക പദവി കയ്യാളുന്ന അദ്ദേഹത്തിന്റെ ചെയ്തികൾ എൽഡിഎഫ് സർക്കാരിന്റെ മികച്ച തുടക്കത്തിനു മങ്ങലേൽപ്പിച്ചിരിക്കുകയാണ്. ദാമോദരന്റെ ചെയ്തികളെക്കുറിച്ചും അതേക്കുറിച്ച് മുഖ്യമന്ത്രി പുലർത്തുന്ന മൗനത്തെ സംബന്ധിച്ചും ഇടതുപക്ഷ അനുഭാവികൾക്ക് ആശങ്കയുണ്ട്. കരുത്തൻ എന്ന് പരക്കെ പോസിറ്റിവ് ആയി ഉപയോഗിക്കുന്ന സംജ്ഞ ഏകാധിപതി എന്ന വിശേഷണത്തിലേക്കാണോ വഴി മാറുന്നത്? അങ്ങനെ ചിന്തിക്കുന്നവരെ എങ്ങനെ കുറ്റം പറയും?

സംസ്ഥാനത്തെ അഭിഭാഷകരിൽ പ്രമുഖൻ, സിപിഎമ്മിന്റെ സഹയാത്രികൻ, അടിയന്തരാവസ്ഥയുടെ നാളുകളിൽ പരസ്യമായ ഇടതുപക്ഷ ആഭിമുഖ്യത്തിന്റെ പേരിൽ അല്പകാലം അനുഷ്ടിച്ച ജയിൽവാസം, 1996 കാലത്തെ അഡ്വക്കറ്റ് ജനറൽ എന്നിങ്ങനെ പലകാലത്തും എം കെ ദാമോദരൻ വാർത്ത സൃഷ്ടിച്ചിട്ടുണ്ട്. ഐസ്‌ക്രീം കേസു വന്നപ്പോൾ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചതിന്റെ പേരിലാണ് ദാമോദരൻ (കു)പ്രസിദ്ധനാകുന്നത്, മറ്റേയാൾ പി ശശി, ഒരു നാറ്റക്കേസിൽ സിപിഎമ്മിൽ നിന്നു പുറത്തായെങ്കിലും പാർട്ടി ആപ്പീസിന്റെ പര്യമ്പ്രത്ത് ചുറ്റി തിരിയുന്നു എന്നാണ് വാർത്തകൾ. ശശിയുടെ തിരിച്ചു വരവോടെയാകും ഈ പരിവൃത്തം പൂർത്തിയാവുക എന്ന് അടക്കം പറയുന്നവരും ഉണ്ട്.

എങ്കിലും അടുത്ത കാലത്ത് ലാവ്ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയാണ് ദാമോദരൻ വക്കീലിന്റെ തൊപ്പിയിലെ പൊൻതൂവൽ. മുഖ്യമന്ത്രി ജുഗുപ്‌സാവഹമായ മൗനത്തിലൂടെ ഇപ്പോൾ നൽകുന്ന പിന്തുണ പോലും അതിന്റെ പ്രത്യുപകാരമാണെന്ന് വായിച്ചെടുക്കാം. അങ്ങനെയെങ്കിൽ അത് അനാവശ്യമായ ഒരു നന്ദിപ്രകടനമാണ്. കേസ് വിധിച്ച ജഡ്ജി പറഞ്ഞതേ, ഈ കേസ് അല്പം മെനക്കെട്ട് പഠിച്ചയാൾ എന്ന നിലയിൽ എനിക്കും പറയാനുള്ളൂ. നീതിബോധത്തിന്റെ കണികയെങ്കിലും തലക്കുള്ളിലുള്ള ആരും തളളിക്കളയുന്ന ഒരു കുറ്റപത്രമായിരുന്നു താങ്കളുടെ പേരിൽ ചാർത്തി തന്നത്. വ്യവഹാരങ്ങളിൽ സാമാന്യതഴക്കമുളള ഏതു വക്കീലു വിചാരിച്ചാലും ഇതേ വിധി തന്നെയേ വരുമായിരുന്നുളളൂ. അല്ലെങ്കിൽ വിലയ്‌ക്കെടുക്കപ്പെട്ട ജഡ്ജിയായിരിക്കണം കേസു കേൾക്കുന്നത്. അതുപോകട്ടെ, മാധ്യമങ്ങളാലും സ്വന്തം പാർടിയിലെ ഒരു വിഭാഗത്തിനാലും ഏറെ വേട്ടയാടാപ്പെട്ട ഒരാൾ എന്ന നിലയിൽ താങ്കൾ ഒരു ഉപകാരസ്മരണ കാണിച്ചെങ്കിൽ തെറ്റൊന്നും പറയാനാകില്ല. പക്ഷേ, പ്രശ്‌നം അതിനേക്കാൾ വളർന്നു കഴിഞ്ഞു.

പ്രതിഫലം കൂടാതെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പ്രവർത്തിക്കുന്നത്, അതൊരു ഓഫീസ് ഓഫ് ഓത്തല്ല, തുടങ്ങിയ ദുർബലമായ പ്രതിരോധങ്ങൾ അന്തരീക്ഷത്തിൽ പ്രതിധ്വനിക്കുന്നുണ്ട്. ഭരണഘടനാബാഹ്യമായ ഒരു പദവിയായി അതു മാറുമെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. മുഖ്യമന്ത്രിക്ക് ഏറ്റവും മികച്ച ഉപദേശം നൽകാനെന്ന പേരിൽ നിയമോപദേഷ്ടാവിന് ഏത് ഫയലും കാണാൻ കഴിയും അല്ലെങ്കിൽ ജനത്തിന് അങ്ങനെ കരുതാൻ പഴുതുണ്ടാകുന്നു.

മുഖ്യമന്ത്രിയുടെ കീഴിലാണ് പോലീസുമൊക്കെ വിജിലൻസും വകുപ്പ്. അവരുടെ അന്വേഷണം നേരിടുന്ന ഒരു പ്രതിക്ക് വേണ്ടി ഹാജരാകുന്ന വക്കീലിനു, ഇതു സംബന്ധിച്ച ഫയൽ കാണാനും കൈകാര്യം ചെയ്യാനും കഴിയുന്ന അവസ്ഥ, ഫലത്തിൽ നീതിന്യായവ്യവസ്ഥയെ പാടെ അട്ടിമറിക്കാൻ മാത്രമേ ഉപകരിക്കൂ. പൊതുമുതൽ കൊള്ളയടിക്കുന്ന കള്ളക്കൂട്ടങ്ങൾ ഒരു തവണയെങ്കിലും ശിക്ഷിക്കപ്പെടണം എന്ന് ആഗ്രഹിച്ച് ആവേശപൂർവ്വം പ്രചരണം നടത്തുകയും വോട്ട് ചെയ്യുകയും ചെയ്ത ഇടതുമുന്നണി പ്രവർത്തകരുടെ മുഖത്താണ്, ഇത്തരമൊരു സാഹചര്യം ഉണ്ടാക്കി വെയ്ക്കുക വഴി കേരളമുഖ്യമന്ത്രി പുറങ്കാലിനു തൊഴിച്ചത്.

സത്യത്തിൽ ഇത്തരമൊരു പദവി തന്നെ അനാവശ്യമാണ്. സർക്കാരിനെ ഉപദേശിക്കാൻ ഏജിയുണ്ട്, അഡീഷണൽ എജിയുണ്ട്, പ്രൊസിക്യൂഷൻ ഡയറക്ടർ ഉണ്ട്, വക്കീൽ പരീക്ഷ പാസായ നിയമമന്ത്രിയുണ്ട്, നിയമവകുപ്പും ജില്ലാ ജഡ്ജിയായ നിയമസെക്രട്ടറിയുമുണ്ട്. ഇവരെയൊന്നിനെയും വിശ്വാസമില്ലെങ്കിൽ ദാമോദരൻ വക്കീലിനെയോ അതിലും കൊമ്പും തുമ്പിക്കൈയും ഉള്ള ഏതെങ്കിലും സുപ്രീം കോടതി വക്കീലിനെയോ തരാതരം പോലെ സമീപിക്കാം. എല്ലാവരുടെയും തലയ്ക്കൂ മീതെ നിയമോപദേഷ്ടാവ് എന്നൊരു സൂപ്പർ വിദഗ്ധനെ പ്രതിഷ്ഠിക്കാതെതന്നെ അതൊക്കെ ചെയ്യാവുന്നതേയുളളൂ.

ഇത് പിണറായിക്ക് അറിയാതെ ആവില്ല. പക്ഷേ അദ്ദേഹം ഒരു കൂസലില്ലായ്മ പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നു. നീയൊക്കെ എന്ത് പറഞ്ഞാലും എനിക്ക് ഒന്നുമില്ല എന്ന ഒരു സന്ദേശം സ്വന്തം പാർട്ടിയിലെയും മുന്നണിയിലെയും ആദർശസൂക്കേടുകാർക്ക് മാത്രമല്ല പ്രതിപക്ഷത്തിരിക്കുന്നവർക്കും പത്രക്കാർക്കും സാധാരണ ജനത്തിനും നൽകാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നു.

ഈ വിഷയത്തിൽ ധനമന്ത്രിയുടെയും നിയമമന്ത്രിയുടെയും ആർജ്ജവമില്ലായ്മയും ചർച്ച ചെയ്യണം. സാൻറിയാഗോ മാർട്ടിൻറെ വക്കാലത്തുളള ആൾ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാകുന്നതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കാൻ ഡോ. തോമസ് ഐസക്കിനു കഴിഞ്ഞിട്ടില്ല. ഇത്തരം ധാർമ്മിക- നിയമ പ്രശ്‌നസാധ്യതകൾ മുൻകൂട്ടി തടയാൻ നിയമമന്ത്രിക്കും കഴിഞ്ഞില്ല. ഇവ വിരൽ ചൂണ്ടുന്നത് 20 വർഷത്തെ ഗ്രൂപ്പ് വഴക്ക് പാടെ തകർത്ത സിപിഎമ്മിന്റെ ഉൾപാർട്ടി സംവിധാനത്തെയും വിമർശന- സ്വയം വിമർശന പ്രക്രിയയെയുമാണ്. എല്ലാ വിമർശനങ്ങളും ഗ്രൂപ്പ് വൈരത്തിന്റെ പേരിൽ അക്കൗണ്ട് ചെയ്യപ്പെട്ട 20 വർഷങ്ങൾക്കൊടുവിൽ ഈ ജഢത്വം ഒരു സ്വഭാവിക പരിണതി ആയി കാണാം.

കാനം രാജേന്ദ്രനും സി പി ഐ നേതൃത്യവും നടത്തുന്ന ഒളിച്ചു കളിയുമാണ് ഇതിലും അസഹ്യം. ഒരു വലിയ പാർട്ടി എന്ന നിലയിൽ സിപിഎം പലപ്പോഴും പുറത്തെടുക്കുന്ന അഥോറിറ്റേറിയൻ ശൈലിക്ക് ഒരു ചെക്ക് & ബാലൻസ് എന്ന നിലയ്ക്കാണ് ഇടതു മുന്നണിയിലെ സിപിഐയുടെ രാഷ്ട്രീയ പ്രാധാന്യം. സിപിഎമ്മിന്റെ റാങ്ക് ആൻഡ് ഫയലിനു പലപ്പോഴും അസ്വസ്ഥതയും അസ്വാരസ്യവും ഉണ്ടാക്കിയിട്ടുണ്ട് എങ്കിലും പൊതുസമൂഹത്തിനു ഒരു പരിധിവരെ ഈ സംഘർഷം ഗുണപരമായിട്ടാണ് ഭവിച്ചത്. അതുകൊണ്ട് തന്നെ ഇത്തരമൊരു സാഹചര്യത്തിൽ സിപിഐയിൽ നിന്നും ഒരു പ്രതികരണമെങ്കിലും ഉണ്ടാകുമെന്ന് ജനത്തിനു പ്രതീക്ഷ ഉണ്ടായിരുന്നു. പിണറായി വിജയനിൽ ഇതിനകം തന്നെ ആരോപിതമായ സർവ്വാധിപത്യ ശൈലിക്ക് വിധേയമായി പ്രവർത്തിക്കുവാനാണ് സിപിഐ തീരുമാനിച്ചിരിക്കുന്നതെങ്കിൽ അത് ആ പാർട്ടിക്കും കേരള സമൂഹത്തിനും ഒരപോലെ ദുരന്തമായിരിക്കും. മണ്ണാങ്കട്ടയും കരിയിലയും പോയ പോലെ കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്ണനും കാശിക്ക് പോയി എന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.

കഴിഞ്ഞ 10-12 വർഷങ്ങളായി സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കുന്ന ഒരാൾ എന്ന നിലയിൽ പറയട്ടെ, ഇടതും വലതും തമ്മിൽ ഭേദമില്ല, അവർ തമ്മിൽ ഒത്തുകളിയാണ് എന്ന പ്രചരണമാണ് ഇടതു പ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇടതു പക്ഷത്തിന്റെ നിലപാടുകളും അജണ്ടകളും നിരത്തി ശക്തമായ പ്രതിരോധം ഉയർത്താൻ ഇടതു പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ലാവ്‌ലിൻ കാലത്ത് പോലും ഏറ്റവും ശക്തമായ പ്രതിരോധം ഉയർന്നത് സാമൂഹിക മാധ്യമങ്ങളിലാണ്. പക്ഷെ നിലവിലെ സംഭവവികാസങ്ങളിൽ അവരാകെ നിരാശരാണ്. വള്ളത്തിന്റെ അമരക്കാരൻ തന്നെ വള്ളം മുക്കിയാൽ യാത്രികർ എന്തു ചെയ്യുമെന്നർത്ഥമുളള പഴയ ഒരു ഹിന്ദി സിനിമാഗാനശകലമുണ്ട്. ഇന്നേ ദിവസം വരെ ഈ വിഷയം ഒരു അടിയന്തിര പ്രമേയമായോ സബ്മിഷനായോ എന്തിനു ചോദ്യമായി പോലും ഉയർത്താൻ പ്രതിപക്ഷം തയ്യാറായിട്ടില്ല എന്നത് ഒത്തുകളി ആരോപണങ്ങളെ ശക്തിപ്പെടുത്തും. ഫലത്തിൽ ഇതിന്റെ ഗുണഭോക്താവ് ബിജെപി മാത്രമാകും.

ഇടതുപക്ഷ മുന്നണിയുടെ ജയത്തിൽ ദാമോദരനോ ചാക്ക് രാധാകൃഷ്ണനോ സാൻറിയാഗോ മാർട്ടിനോ കുഞ്ഞാലിക്കുട്ടിക്കോ ഒരു അവകാശവും ഇല്ല. പക്ഷെ അതിനു അവകാശികളായ ജനകോടികൾ ഇവിടെയുണ്ട്. ഈ വിഷയത്തെക്കുറിച്ച് ഒരു വിശദീകരണത്തിനും തയ്യാറാകാത്ത പിണറായി വിജയൻ പുച്ഛിച്ച് തള്ളുന്നത് ഈ ജനകോടികളെയാണ്. എത്ര മുകളിൽ കയറിയാലും താഴെ വന്നേ സമ്മാനമുള്ളൂ എന്ന് ഓർക്കുന്നത് നല്ലതാണ്.

വാൽ. മുൻ മുഖ്യമന്ത്രി ബബബഅടിക്കാനെങ്കിലും വാ പൊളിക്കുമായിരുന്നു .ഇപ്പോഴത്തെ മുഖ്യമന്ത്രി അതുമില്ലത്രേ..... ട്രെയിലർ കണ്ട് കസബ സിനിമ കണ്ടവരുടെ അവസ്ഥയാണത്രേ എല്ലാം ശരിയാകും എന്ന വാചകം കേട്ട് വോട്ട് ചെയ്തവർക്ക്